സൂര്യനെ തൊടാനുള്ള നാസയുടെ സ്വപ്നദൗത്യവുമായി "സോളാര്‍ പാര്‍ക്കര്‍ പ്രോബ്" പുറപ്പെട്ടതിന്റെ ആവേശം ശാസ്ത്രലോകം നെഞ്ചേറ്റുമ്പോള്‍ ഇന്ത്യന്‍വംശജനായ ഗോളോര്ജ ശാസ്ത്രജ്ഞനെ ആര്‍ക്കും മറക്കാനാകില്ല.
1983-ല്‍ വില്യം എഫ്. ഫൗളറിനൊപ്പം ഭൗതികശാസ്്രതത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ട സുബ്രഹ്മണ്യം ചന്ദ്രശേഖറിന്റെ ഇടപെടല്‍ തങ്കലിപിയില്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യന്റെ കൊറോണയില്‍നിന്നു പുറപ്പെടുന്ന വിനാശകരമായ സൗരവാതത്തിന്റെ പൊരുള്‍ തേടിയാണു ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞന്റെ പേരിലുള്ള ബഹിരാകാശപേടകം പുറപ്പെട്ടത്.
ഈ ആശയം നാമ്പിട്ട കാലത്തു തന്നെ അതിനെ അന്നു ശാസ്ത്രജ്ഞര്‍ തള്ളിപ്പറഞ്ഞിരുന്നു. ആറു പതിറ്റാണ്ടു മുമ്പു ഡോ. ഉജിന്‍ ന്യുമാന് പാര്‍ക്കര്‍ സൗരവാതകത്തെപ്പറ്റിയുള്ള ഗവേഷണപ്രബന്ധം തയാറാക്കിയിരുന്നു. 1958-ല്‍ സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ചുള്ള മുപ്പത്തിയൊന്നുകാരനായിരുന്ന പാര്‍ക്കറിന്റെ കണ്ടെത്തല്‍ ആരും വിശ്വസിച്ചില്ല. ഇതുസംബന്ധിച്ച പാര്‍ക്കറുടെ പഠനം ഏറ്റവും മുന്തിയ ആസ്ട്രോഫിസിക്കല്‍ പ്രസിദ്ധീകരണം രണ്ടുവട്ടം തിരസ്കരിച്ചു. ഇതു പരിശോധിച്ച വിദഗ്ധരുടെ അഭിപ്രായം മാനിച്ചായിരുന്നു ഇതെന്നു കൊല്‍ക്കത്ത ഐ.ഐ.എസ്.ഇ.ആറിലെ അസോസിയേറ്റ് പ്രഫസര്‍ ദിബിയേന്തു നാന്‍ഡി പറഞ്ഞു.
മുതിര്‍ന്ന എഡിറ്ററും വിഖ്യാതശാസ്ത്രജ്ഞനുമായിരുന്ന ചന്ദ്രശേഖര്‍ അവരുടെ നിലപാടുകള്‍ തള്ളി. പാര്‍ക്കറുടെ കണ്ടെത്തല്‍ അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് ഈദിശയില്‍ കൂടുതല്‍ പഠനം നടത്താന്‍ പാര്‍ക്കറിന് ഊര്‍ജം നല്കി. അദ്ദേഹം കാട്ടിയ വഴിയിലൂടെയാണു നാസ പിന്നീടു നീങ്ങിയത്. അതാണു പുതിയ ദൗത്യത്തിലെത്തി നില്‍ക്കുന്നത്.
നാസയുടെ ശാസ്ത്രജ്ഞനായിരുന്ന സുബ്രഹ്മണ്യം തന്നെ ഒട്ടേറെ വിഖ്യാത ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ചന്ദ്ര എക്സ്- റേ ഒബ്സര്‍വേട്ടറി എന്ന ദൗത്യം നാസ നടത്തിയതും അഭിമാനകരമായിരുന്നു. പ്രപഞ്ചത്തിലെ വെള്ളക്കുള്ളന്മാരെക്കുറിച്ചുള്ള പഠനത്തിന് ചന്ദ്രശേഖറിനു 1983 ലെ നോബല്‍ ലഭിച്ചിരുന്നു.
കാലം നമിക്കുന്ന ശാസ്ത്രപ്രതിഭ
1930-ല്‍ ഭൗതികശാസ്ത്രത്തിനു നെബേല്‍സമ്മാനം നേടിയ സി.വി. രാമന്റെ മരുമകനായിരുന്ന സുബ്രഹ്ണ്യം 1910 ലായിരുന്നു ജനിച്ചത്. മദ്രാസ് പ്രസിഡന്‍സി കോളജിലും കേംബ്രിഡ്ജ് സര്‍വകലാശാലയിലുമായിരുന്നു പഠനം. ദീര്‍ഘകാലം ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന അദ്ദേഹത്തെ 1968-ല്‍ പത്മവിഭൂഷന് നല്കി രാജ്യം ആദരിച്ചിരുന്നു. കുള്ളഗ്രഹത്തിന്റെ പിണ്ഡം സൂര്യന്റേതിനേക്കാള്‍ 1.44 മടങ്ങു കവിയില്ലെന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തം "ചന്ദ്രശേഖര്പരിധി" എന്നാണ് അറിയപ്പെടുന്നത്.
1995 ഓഗസ്റ്റ് 21 നു എന്‍പത്തിനാലാം വയസിലാണ് ഈ നൂറ്റാണ്ടിലെ വിഖ്യാതശാസ്ത്രപ്രതിഭകളിലൊരാളായിരുന്ന സുബ്രഹ്ണ്യം മരിച്ചത്. സഹപാഠിയായിരുന്ന ലളിത ദൊരൈസ്വാമിയായിരുന്നു ഭാര്യ. എഫ്.ആര്.എസ്, ആഡം തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സൂര്യന്റെ പൊരുളറിയാനുളള നാസയുടെ വലിയ ഉദ്യമത്തിനിടെ കാലയവനികയില്‍ മറഞ്ഞിട്ടും അദ്ദേഹത്തിന്റെ സൂര്യതേജസ് ഇന്നും തിളങ്ങുന്നു.
സ്റ്റീഫന്‍ അരീക്കര