Wednesday, November 21, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Monday 13 Aug 2018 02.23 AM

അദ്ധ്യാത്മ രാമായണം ഗംഗാനദി പോലെ

uploads/news/2018/08/240951/re6.jpg

പഞ്ചമവേദം രാമായണം-ശ്രീപരമേശ്വരനാകുന്ന ഹിമാലയത്തില്‍നിന്നു പുറപ്പെട്ട്‌ വാല്‌മീകി രാമായണമാകുന്ന സമുദ്രത്തില്‍ ചെന്നവസാനിക്കുന്ന അദ്ധ്യാത്മ രാമായണമാകുന്ന ഈ ഗംഗ മൂന്ന്‌ ലോകങ്ങളെയും ശുദ്ധീകരിക്കുന്നു എന്നാണു പ്രസ്‌തുത വാക്യത്തിനര്‍ത്ഥം.

വാല്‌മീകി രാമായണം സമുദ്രം പോലെയും അദ്ധ്യാത്മ രാമായണം ഗംഗാനദി പോലെയുമാണ്‌. ഉപ്പുജലത്താല്‍ നാടു മുഴുവന്‍ പരന്നുകിടക്കുന്നു സമുദ്രമെങ്കിലും അതിനു മധുര ശീതളമായ ഗംഗാജലത്തിന്റെ രുചിയോ ശുദ്ധിയോ ഇല്ലെന്നു ആ വാക്യം സൂചിപ്പിക്കുന്നു.

പരമേശ്വരന്റെ ത്രിപരാന്തകത്വംകൊണ്ട്‌ അദൈ്വത സിദ്ധാന്തത്തെ പരോക്ഷമായി സൂചിപ്പിച്ചിട്ടുമുണ്ട്‌. ഈ വീക്ഷണത്തില്‍ക്കൂടെ നോക്കുമ്പോള്‍ അദ്ധ്യാത്മ രാമായണ കവി തന്റെ കവിത വാല്‌മീകി കവിതയെക്കാള്‍ മെച്ചപ്പെട്ടതാണെന്നും പരിശുദ്ധിയും ദിവ്യത്വവും ഇതിനു കൂടുതലാണെന്നും സമര്‍ത്ഥിക്കുന്നു.

അദ്ധ്യാത്മ രാമായണമെഴുതിയ കവി അതിനെ ഒരു വിദ്വല്‍സദസില്‍ വായിക്കാന്‍ അവസരം കിട്ടാതെ നിരാശനായപ്പോള്‍ ഒരു ഗന്ധര്‍വനാണ്‌ അദ്ദേഹത്തിന്‌ അദ്ധ്യാത്മ രാമായണത്തെ വിദ്വല്‍സദസില്‍ കയറ്റാനുളള അവസരമുണ്ടാക്കിയത്‌. അതിന്റെ പശ്‌ചാത്തലത്തെ വാല്‌മീകി മഹര്‍ഷിയോടു കൂട്ടിയോജിപ്പിച്ചിട്ടുണ്ട്‌.

തുഞ്ചത്തെഴുത്തച്‌ഛന്‍ ഒരു ഗന്ധര്‍വന്റെ അവതാരമെന്ന്‌ ഒരു കിംവദന്തി ഉണ്ട്‌. ആ കിംവദന്തിയില്‍ സൂചിപ്പിക്കപ്പെട്ട ഗന്ധര്‍വന്‍ അദ്ധ്യാത്മരാമായണ കര്‍ത്താവിനു വിദ്വല്‍സദസില്‍ കയറാന്‍ അവസരമുണ്ടാക്കി കൊടുത്ത ഗന്ധര്‍വനെന്നു പറഞ്ഞു വരുന്നു.

വാല്‌മീകി മഹര്‍ഷിയുടെ ശാപം കൊണ്ടോ അനുഗ്രഹം കൊണ്ടോ ആണ്‌ ഗന്ധര്‍വന്‍ രാമാനുജാചാര്യനായി ജനിച്ച്‌ അദ്ധ്യാത്മ രാമായണത്തെ മലയാള ഭാഷയില്‍ വിവര്‍ത്തനം ചെയ്യാന്‍ ഇടയായത്‌. അദ്ധ്യാത്മ രാമായണം മൂലഗ്രന്ഥത്തിലെ ചില വരികള്‍ക്ക്‌ അര്‍ത്ഥം മാറ്റി എഴുതിയതാണ്‌ അദ്ദേഹം ഗന്ധര്‍വനായിരുന്നു എന്നതിനു തെളിവായി പറഞ്ഞിരുന്നത്‌.

''അഗ്രേയാസ്യാമ്യഹം പ ശ്‌ചാത്‌
ത്വമന്വേഹി ധനുദ്ധര
ആവയോമദ്ധ്യഗാ സീതാ
മായേവാത്മപരാത്മനോ''

എന്ന ശ്ലോകം മൂലഗ്രന്ഥത്തില്‍ ആരണ്യകാണ്ഡത്തിലുളളതാണ്‌. ശ്രീരാമന്‍ ലക്ഷമണനോടു പറയുന്നു ഞാന്‍ മുന്നില്‍ നടക്കാം, നീ പിന്നാലെ വരു നമുക്ക്‌ മദ്ധ്യത്തില്‍ ആത്മപരമാത്മാക്കളുടെ മധ്യത്തില്‍ മായയെന്നപോലെ സീതയും നടക്കട്ടെ.

ഇതിന്റെ തര്‍ജ്‌ജമ എഴുത്തച്‌ഛന്‍, മുന്നില്‍ നീ നടക്കണം, പിന്നാലെ ഞാനും നടന്നീടുവാന്‍... എന്നാക്കി അതിനെ മാറ്റി എഴുതാന്‍ ഒരു സാധാരണ മനുഷ്യനു ധൈര്യം വരാറില്ല. ഇങ്ങനെ വേറേയും ഭാഗങ്ങള്‍ രാമായണത്തിലുണ്ട്‌. ഇതൊക്കെ ചൂണ്ടിക്കാണിച്ചാണ്‌ എഴുത്തച്‌ഛന്‍ ഗന്ധര്‍വനെന്നു സമര്‍ത്ഥിക്കുന്നത്‌.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍

Ads by Google
Ads by Google
Loading...
TRENDING NOW