Saturday, July 20, 2019 Last Updated 20 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.37 AM

അടിമയും സ്വതന്ത്രനും

uploads/news/2018/08/240763/re6.jpg

ഒരിക്കല്‍ തുര്‍ക്കി സുല്‍ത്താന്‍ തന്റെ ആധിപത്യം സ്‌ഥാപിക്കാനും ജനശ്രദ്ധ പിടിച്ചു പറ്റാനുമായി എല്ലാവിധ സന്നാഹങ്ങളോടും കൂടി രാജ്യത്തുടനീളം ഒരു യാത്ര നടത്തി. രാജാവിനെയും പരിവാരങ്ങളെയും കാണാനായി എല്ലായിടത്തും ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. കുതിരകളുടെയും പട്ടാളക്കാരുടെയും അകമ്പടിയോടെ രാജാവും രാജ്‌ഞിയും പ്രധാന നഗരമായ ഇസ്‌താംബൂളിലെ ഒരു വീഥിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ആരവങ്ങളും ആഹ്ലാദ പ്രകടനങ്ങളും കൊണ്ട്‌ വീഥികള്‍ കലങ്ങി മറിഞ്ഞിരുന്നു. കുതിരപ്പുറത്തു നിന്ന്‌ രാജാവും രാജ്‌ഞിയും എല്ലാവരെയും അഭിവാദ്യം ചെയ്‌തു. ഒരു മനുഷ്യന്‍ ആരവങ്ങളിലോ, ആഹ്ലാദ പ്രകടനങ്ങളിലോ ശ്രദ്ധിക്കാതെ ഒരറ്റത്തു കൂടി നടന്നു പോകുന്നതു രാജ്‌ഞിയുടെ ശ്രദ്ധയില്‍ പെട്ടു. രാജ്‌ഞി അയാളെ രാജാവിനു കാണിച്ചു കൊടുത്തു. രാജാവിന്‌ ദേഷ്യം വന്നു. ഉടനെ കിങ്കരന്മാരെ അയച്ച്‌ അയാളെ രഥത്തിനടുത്തേക്ക്‌ കൊണ്ടുവന്നു.
രാജാവ്‌ ചോദിച്ചു: ജനങ്ങള്‍ മുഴുവന്‍ എന്നെ ബഹുമാനിക്കുന്നതു നീ കാണുന്നില്ലേ? എന്തഹങ്കാരത്തിലാണ്‌ എന്നെയും രാജ്‌ഞിയെയും ശ്രദ്ധിക്കാതെ നീ തെരുവിലൂടെ നടക്കുന്നത്‌? ആരാണ്‌ നീ? ഞാന്‍ ദൈവത്തില്‍ മാത്രം വിശ്വസിക്കുകയും ദൈവാര്‍പ്പണത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ്‌.
ഒരു രാജാവിനെ ബഹുമാനിക്കരുത്‌ എന്നുണ്ടോ നിന്റെ നീതി ശാസ്‌ത്രത്തില്‍? രാജാവു ചോദിച്ചു.
അയാള്‍ പറഞ്ഞു: എല്ലാവരും താങ്കളെ വണങ്ങുന്നത്‌ അവര്‍ക്കൊക്കെ എന്തെങ്കിലും ലഭിക്കണം എന്ന ചിന്ത കൊണ്ടും വണങ്ങിയില്ലെങ്കില്‍ അവരുടെയൊക്കെ തലപോവും എന്ന ഭയംകൊണ്ടുമാണ്‌. രാജാധിരാജനായ ദൈവം എന്റെ കൂടെയുണ്ട്‌ എന്നെനിക്കുറപ്പുണ്ട്‌. പിന്നെന്തിന്‌ ഒരു രാജാവിന്‌ മുന്നില്‍ തലകുനിക്കണം?
അപ്പോള്‍ നീ എന്റെ മുന്നില്‍ തല കുനിക്കില്ലേ?
ഒരടിമയുടെ മുന്നില്‍ എന്തിനാണ്‌ ഒരു സ്വതന്ത്ര മനുഷ്യന്‍ തല കുനിക്കുന്നത്‌? രാജാവിന്‌ ദേഷ്യം ഇരട്ടിച്ചു. അദ്ദേഹം ചോദിച്ചു.
നീ ആരാണ്‌ ഇത്രയും പറയാന്‍?
ഞാനാരുമല്ല, ഒരു സൂഫി. ദൈവത്തിന്റെ ദാസന്‍.
ഞാന്‍ ഒരടിമയാണെന്ന്‌ എങ്ങനെയാണു നീ പറഞ്ഞത്‌? ഞാന്‍ രാജാവാണ്‌. എനക്കു നിരവധി അടിമകളുണ്ട്‌. സൂഫി പറഞ്ഞു,
താങ്കള്‍ അഹംഭാവത്തിന്റെയും പ്രസിദ്ധിയുടെയും ധനത്തിന്റെയും അടിമയാണ്‌. ഇതിനെയല്ലാം ഞാന്‍ അടിമകളാക്കി വച്ചിട്ട്‌ കാലം കുറെയായി. ഇനി ഒന്നിനുമെന്നെ അസ്വതന്ത്രനോ, അടിമയോ ആക്കാന്‍ പറ്റില്ല. അതിനാല്‍ എനിക്കു ഭയമില്ല. ഒന്നും വേണ്ടെന്നു തീരുമാനിക്കുന്ന ഒരാള്‍ക്ക്‌ ആരെയും ഭയപ്പെടാനില്ല. നിങ്ങളോ?
സത്യം മനസിലാക്കിയ രാജാവ്‌ സൂഫിയെ കെട്ടിപ്പിടിക്കാനായി കുതിരപ്പുറത്തു നിന്നിറങ്ങി.
അപ്പോഴേക്കും സൂഫി ആള്‍ക്കൂട്ടത്തിനിടയിലേക്കു കടന്നു കളഞ്ഞിരുന്നു.
സ്വാതന്ത്ര്യവും സമാധാനവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ദൈവികമായ സമാധാനം കൈവരിക്കാതെ സ്വാതന്ത്ര്യമില്ല. സമാധാനം എല്ലാവരും അഭിലഷിക്കുന്നുണ്ടെങ്കിലും സമാധാനമുണ്ടാക്കുന്ന കാര്യങ്ങള്‍ അഭിലഷിക്കുന്നവര്‍ വളരെ വിരളമാണ്‌ എന്ന്‌ തോമസ്‌ അകംപിസ്‌ പറയുകയുണ്ടായി. നിങ്ങളുടെ ഹൃദയത്തിനുള്ളില്‍ ശൂന്യത അവശേഷിക്കുന്നുണ്ട്‌. മനുഷ്യന്‍ പാപം ചെയ്‌ത് ദൈവത്തില്‍ നിന്ന്‌ അകന്നു പോയപ്പോള്‍, ദൈവത്തിന്റെ ജീവന്‍, ചൈതന്യം അവന്‌ നഷ്‌ടമായി. അതാണ്‌ ശൂന്യതയ്‌ക്കു കാരണം. ഉപ്പുവെള്ളം എത്രമാത്രം കുടിച്ചാലും ദാഹം ശമിക്കുമോ? ഇല്ല! അത്‌ കുടിക്കുന്തോറും വീണ്ടും ദാഹം വര്‍ധിപ്പിക്കുകയാണ്‌. ഒടുവില്‍ കുടിച്ച്‌, കുടിച്ച്‌ താങ്ങുവാന്‍ ശരീരത്തില്‍ കെല്‌പില്ലാതെ പിടഞ്ഞു വീണ്‌ മരിക്കുന്നു. ഇതുപോലെയാണ്‌ ഹൃദയത്തിന്റെ ശൂന്യത നികത്തുവാന്‍ വേണ്ടി ബുദ്ധി ഉപയോഗിച്ച്‌ മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍! ചിലര്‍ ധനം സമ്പാദിക്കുന്നു. അടുത്ത പത്തു തലമുറയ്‌ക്ക് ജീവിക്കാനുള്ള ധനം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. പക്ഷേ, ഹൃദയത്തിനുള്ളില്‍ സമാധാനം അനുഭവിക്കുന്നില്ല. വിശുദ്ധ അഗസ്‌റ്റിന്‍ ഇപ്രകാരം പറഞ്ഞു: ദൈവമേ, അങ്ങ്‌ ഞങ്ങളെ നിങ്ങള്‍ക്കായി സൃഷ്‌ടിച്ചു. നിന്നില്‍ ഞങ്ങള്‍ സമാധാനം കണ്ടെത്തും വരെ ഹൃദയത്തിന്‌ വിശ്രമം ലഭിക്കുകയില്ല
ഈശ്വരന്‍ ദാനമായി നല്‍കുന്ന സ്‌നേഹവും സമാധാനവും ഉള്ളില്‍ നിറയുന്നതും നിസ്വാര്‍ത്ഥമായി ജീവിക്കാന്‍ കഴിയുന്നതുമാണ്‌ സ്വാതന്ത്ര്യം. മറ്റെല്ലാം അടിമത്തമാണ്‌. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യമെന്നത്‌ ആന്തരിക സമാധാനമാണ്‌. സ്വാതന്ത്ര്യവും അധികാരവും ഉള്ള പലരും ഇന്ന്‌ അഹങ്കാരത്തിനും ധനത്തിനും ഭയത്തിനും അടിമകളാണ്‌.

Ads by Google
Sunday 12 Aug 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW