Saturday, April 20, 2019 Last Updated 14 Min 21 Sec ago English Edition
Todays E paper
Sunday 12 Aug 2018 02.25 AM

എ.കെ. കുട്ടി ഓര്‍മയായി; നമ്പ്യാര്‍ക്ക്‌ ഓര്‍മ നഷ്‌ടപ്പെടുന്നു

uploads/news/2018/08/240750/s4.jpg

കൊസുകാ ഹഗിനോ എന്ന സര്‍വകലാശാലാ വിദ്യാര്‍ത്ഥി 2014-ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും മൂല്യമുള്ള താരമായി. ജപ്പാന്റെ ഈ ഇരുപതുകാരന്‍ നീന്തല്‍കുളത്തില്‍ വിസ്‌മയം തീര്‍ത്തു. ആറുദിവസങ്ങളില്‍ സ്വന്തമാക്കിയത്‌ നാലു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡല്‍. 200 മീ. 400 മീ. വ്യക്‌തിഗത മെഡ്‌ലെയിലെ വിജയം ഈ യുവാവിന്റെ ബഹുമുഖപാടവം വിളിച്ചറിയിച്ചു. 200 മീ. ഫ്രീസ്‌റ്റൈലിലും 4 -400 മീ. ഫ്രീസ്‌റ്റൈല്‍ റിലേയിലുമായിരുന്നു മറ്റു സ്വര്‍ണം. പിന്നെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളി. 100 മീ, 200 മീ. ബാക്ക്‌ സ്‌ട്രോക്കില്‍ വെങ്കലം.
ഏഷ്യന്‍ ഗെയിംസില്‍ ഒരു നീന്തല്‍ താരം മൂല്യമുള്ള താരമായത്‌ മൂന്നാം തവണ. ഇതിനു മുമ്പ്‌ 2002-ല്‍ കൗസുകേകി താജിമയും (ജപ്പാന്‍) 2006-ല്‍ തായ്‌ഹ്വാന്‍ പാര്‍ക്കും (ദക്ഷിണകൊറിയ) ഈ നേട്ടം കൈവരിച്ചു. 2010-ല്‍ ബാഡ്‌മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനായിരുന്നു പുരസ്‌കാരം. 1998-ല്‍ ഏറ്റവും മൂല്യമുള്ള താരമായ ജപ്പാന്റെ കോജി ഇറ്റോ മാത്രമാണ്‌ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡിന്റെ പ്രതിനിധിയായത്‌. ഇറ്റോയുടെ നേട്ടം സ്‌പ്രിന്റ്‌ ഡബിളും 4-400 മീ. റിലേ സ്വര്‍ണവും.
ഇതിനും മൂന്നു പതിപ്പുകള്‍ പിന്നോട്ടുപോകാം നമുക്ക്‌. 1986-ലെ സോള്‍ ഏഷ്യന്‍ ഗെയിംസിലേക്ക്‌... അവിടെ പി.ടി. ഉഷ നേടിയത്‌ നാലു സ്വര്‍ണവും ഒരു വെള്ളിയും. 200 മീ, 400 മീ, 400 മീ. ഹര്‍ഡില്‍സ്‌, 4-400 റിലേ എന്നിവയില്‍ സ്വര്‍ണം, 100 മീറ്ററില്‍ ഫിലിപ്പിന്‍സിന്റെ ലിഡിയ ഡിവേഗയ്‌ക്കു പിന്നില്‍ വെള്ളി.
പക്ഷേ, ഉഷയ്‌ക്ക് ഏറ്റവും മൂല്യമുള്ള (എം.വി.പി) താരത്തിനുള്ള ബഹുമതി കരസ്‌ഥമാക്കാന്‍ ഭാഗ്യമില്ലാതെ പോയി. ഈ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌ 1998-ല്‍ ബാങ്കോക്കില്‍ മാത്രം. ബാങ്കോക്കിലാകട്ടെ ഉഷ മെഡല്‍ ഇല്ലാതെ മടങ്ങി. വ്യക്‌തിഗത ഇനങ്ങളില്‍ പരാജയപ്പെട്ട ഉഷ 4-400 മീ. റിലേയില്‍ മെഡലോടെ വിടവാങ്ങാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഉഷയെ പിന്‍വലിച്ച്‌ ജിന്‍സി ഫിലിപ്പിന്‌ അവസരം നല്‍കിയതോടെ ആ ആഗ്രഹം നടക്കാതെ പോയി.
ഉഷയുടെ ഏഷ്യാഡ്‌ വിടവാങ്ങല്‍ കണ്ണീരോടെയായി. എന്നാല്‍, ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ നേട്ടങ്ങളുടെ പട്ടികയില്‍ സോളില്‍ ഉഷ കാഴ്‌ചവച്ച പ്രകടനത്തിനു തുല്യമായി മറ്റൊന്നില്ല. ഒ.എം. നമ്പ്യാര്‍ എന്ന പരിശീലകനു തുടക്ക വര്‍ഷത്തില്‍ തന്നെ ദ്രോണാചാര്യ പുരസ്‌കാരം നേടിക്കൊടുത്ത മികവ്‌.
വീണ്ടുമൊരു ഏഷ്യന്‍ ഗെയിംസിന്‌ കേളികെട്ടുയരുമ്പോള്‍ ഓര്‍മപുതുക്കാനാണ്‌ ഒ.എം. നമ്പ്യാരെ ഫോണില്‍ വിളിച്ചത്‌. 'ഞാനിപ്പോള്‍ കണ്ണൂരിലാണ്‌.'' ഭാര്യ ഫോണ്‍ കൈമാറിയപ്പോള്‍ നമ്പ്യാര്‍ പറഞ്ഞു. കണ്ണൂരില്‍ ട്രാക്കില്‍ ആണെന്ന രീതിയില്‍ അദ്ദേഹം ഏതാനും വാക്കുകള്‍ പറഞ്ഞു. കൂടെ പറഞ്ഞു 'നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്‌.''
അല്‌പം കഴിഞ്ഞ്‌ മകന്‍ മുരളി വിളിച്ചിട്ടു പറഞ്ഞു. ''അച്‌ഛന്‌ ഇപ്പോള്‍ ഇടയ്‌ക്കിടെ ഓര്‍മ നഷ്‌ടപ്പെടും. ഇവിടെ വടകരയില്‍ വീട്ടിലുണ്ട്‌. നടക്കാനൊക്കെ ബുദ്ധിമുട്ടാണ്‌.''
ഒരുപക്ഷേ, ഞാന്‍ വിളിച്ചപ്പോള്‍ ആ ഓര്‍മ്മകള്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക്‌, താന്‍ പി.ടി. ഉഷയെന്ന ഇതിഹാസ താരത്തെ വളര്‍ത്തിയ ട്രാക്കിലേക്ക്‌ മടങ്ങിയോ? അങ്ങനെ ആഗ്രഹിച്ചുപോകുന്നു. ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ ടീ ഷര്‍ട്ടും സ്‌പോര്‍ട്‌സ് ഷൂവും ധരിച്ച്‌ ചുറുചുറുക്കോടെ നടക്കുന്ന ഒതയോത്ത്‌ മാധവന്‍ നമ്പ്യാരാണ്‌.
86-ലെ സോള്‍ ഏഷ്യാഡിലെ മലയാളി താരങ്ങള്‍ക്ക്‌ മംഗളം (അന്നു വാരിക മാത്രം) കോട്ടയത്ത്‌ സ്വീകരണം ഒരുക്കിയപ്പോള്‍ പാലക്കാട്ടുനിന്നു നമ്പ്യാരോടൊപ്പം കാറില്‍ ഞാനുമുണ്ടായിരുന്നു.
സ്വര്‍ണം നേടിയ റിലേ ടീമിലെ ഉഷയ്‌ക്കും വത്സമ്മയ്‌ക്കും ഷൈനിക്കും ഓരോ പവന്‍ സമ്മാനം കൊടുക്കുമ്പോള്‍ ടീമിലെ നാലാം അംഗം വന്ദ റാവുവിനും ഇതേ വേദിയില്‍ സ്വീകരണവും ഒരു പവനും കൊടുക്കണമെന്നു മംഗളം പത്രാധിപരോട്‌ ശിപാര്‍ശ ചെയ്യാന്‍ നമ്പ്യാര്‍ എന്നെയാണ്‌ ചുമതലപ്പെടുത്തിയത്‌.
മംഗലാപുരത്തുനിന്നു വന്ദനയും ചെന്നൈയില്‍ നിന്ന്‌ അണ്ണാവിയും കോട്ടയത്ത്‌ എത്തിയപ്പോള്‍ നമ്പ്യാര്‍ക്കു സന്തോഷമായി.
അന്നു വത്സമ്മയ്‌ക്കൊപ്പം സ്വീകരണം ഏറ്റുവാങ്ങിയ എ.കെ. കുട്ടി ഇന്ന്‌ ഓര്‍മ്മയായി. ഒ.എം. നമ്പ്യാരുടെ ഓര്‍മ്മകള്‍ മായുന്നു. പക്ഷേ, ഏഷ്യന്‍ ഗെയിംസ്‌ 18-ാം പതിപ്പില്‍നിന്ന്‌ എത്ര മുന്നോട്ടുപോയാലും കേരളത്തിലെ കായികപ്രേമികളുടെ ഓര്‍മ്മയില്‍ ഉഷയുടെ ഉജ്വല കുതിപ്പും ഒ.എം. നമ്പ്യാരെന്ന പരിശീലകനും എന്നും ഉണ്ടാകും. ഉണ്ടാകണം.

സനില്‍ പി. തോമസ്‌

Ads by Google
Sunday 12 Aug 2018 02.25 AM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW