Thursday, June 20, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.12 AM

ലണ്ടന്‍ ആക്രമണപദ്ധതി: ബ്രിട്ടീഷ്‌ ഐ.എസ്‌. ഭീകരന്‍ കുറ്റംസമ്മതിച്ചു

uploads/news/2018/08/240683/in1.jpg

ലണ്ടന്‍: ഓക്‌സ്‌ഫഡ്‌ സ്‌ട്രീറ്റ്‌ വ്യാപാരകേന്ദ്രത്തിലും മദാം തുസാദ്‌ മെഴുക്‌ മ്യൂസിയത്തിലും ഭീകരാക്രമണത്തിനു പദ്ധതിയിട്ട ബ്രിട്ടീഷ്‌ പൗരന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. ലണ്ടനു സമീപം കെന്റിലെ തപാല്‍ ജീവനക്കാരനായിരുന്ന ലൂയിസ്‌ ലഡ്‌ലൗ (26) ഇസ്ലാമിലേക്കു മതംമാറി ഭീകരസംഘടനയായ ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു.
ലണ്ടനിലെ ഓക്‌സ്‌ഫഡ്‌ സ്‌ട്രീറ്റിലെ ഡിസ്‌നി സ്‌റ്റോര്‍ ഉള്‍പ്പെടെ ജനത്തിരക്കേറിയ കേന്ദ്രങ്ങളില്‍ വാഹനം ഇടിച്ചുകയറ്റി ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതിയെന്നു പ്രോസിക്യൂട്ടര്‍ മാര്‍ക്‌ ഡോസണ്‍ കോടതിയില്‍ വാദിച്ചു. ജയിലില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിങ്‌ മുഖേന ഓള്‍ഡ്‌ ബെയ്‌ലി കോടതിയില്‍ നടന്ന വിചാരണയില്‍ ലൂയിസ്‌ ഇക്കാര്യം ശരിവച്ചു. ഐ.എസിനോടുള്ള വിധേയത്വവും തുറന്നുസമ്മതിച്ചു.
വ്യാജവിലാസത്തില്‍ വാങ്ങിയ മൊബൈല്‍ ഫോണിലാണ്‌ ആക്രമണപദ്ധതിയുടെ വിശദമായ രൂപരേഖ ലൂയിസ്‌ തയാറാക്കിയത്‌. ഫോണ്‍ പിന്നീടു നശിപ്പിക്കപ്പെട്ട നിലയില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ കണ്ടെത്തുകയും സന്ദേശങ്ങള്‍ വീണ്ടെടുക്കുകയും ചെയ്‌തു. ഏറ്റവും അനുയോജ്യമായ ലക്ഷ്യം ഓക്‌സ്‌ഫഡ്‌ സ്‌ട്രീറ്റാണെന്നും അവിടെ ആക്രമണം നടത്തിയാല്‍ 100 പേരെങ്കിലും കൊല്ലപ്പെടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഫിലിപ്പീന്‍സിലേക്കു കടക്കാന്‍ ശ്രമിക്കവേ ഹീത്രൂ വിമാനത്താവളത്തില്‍ പോലീസ്‌ തടഞ്ഞ സംഭവത്തേത്തുടര്‍ന്നാണ്‌ ഇയാള്‍ ആക്രമണപദ്ധതി തയാറാക്കിയത്‌. ഏപ്രില്‍ 18-ന്‌ അറസ്‌റ്റിലായി. ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയെങ്കിലും താന്‍ അള്ളാഹുവിന്റെ കോടതിയിലേ വിശ്വാസമുള്ളു എന്നായിരുന്നു ലഡ്‌ലൗവിന്റെ നിലപാട്‌.
ലഡ്‌ലൗവിനെ പിടികൂടാന്‍ കഴിഞ്ഞതിലൂടെ ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നു പോലീസ്‌ ഭീകരവിരുദ്ധവിഭാഗത്തിലെ ഡിറ്റക്‌ടീവ്‌ ചീഫ്‌ സൂപ്രണ്ട്‌ കാത്‌ ബാണ്‍സ്‌ പറഞ്ഞു. രാജ്യത്ത്‌ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്‌തു, ഐ.എസ്‌. ഭീകരര്‍ക്കു ധനസഹായമെത്തിച്ചു എന്നീ കുറ്റങ്ങളാണ്‌ ഇയാള്‍ക്കുമേല്‍ ചുമത്തിയത്‌. ഏഷ്യയിലെ ഐ.എസ്‌. ഭീകരര്‍ക്കു പണം എത്തിച്ചുനല്‍കുന്നതിനു മറയായി ലൂയിസ്‌, ആന്റിക്‌ കളക്‌ഷന്‍സ്‌ (പുരാവസ്‌തുശേഖരം) എന്ന പേരില്‍ ഒരു ഫെയ്‌സ്‌ബുക്‌ അക്കൗണ്ട്‌ ആരംഭിച്ചിരുന്നു. നിരോധിതസംഘടനയായ അല്‍-മുഹാജിറോണ്‍ നേതാവ്‌ അന്‍ജെം ചൗധരിയുടെ ക്ലാസുകളില്‍ പങ്കെടുത്തതോടെ 2010-ലാണു ലൂയിസ്‌ ബ്രിട്ടീഷ്‌ പോലീസിന്റെ നോട്ടപ്പുള്ളിയായത്‌.
2015-ല്‍ അറസ്‌റ്റിലായ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന്‌ ഐ.എസ്‌. അനുകൂലരേഖകള്‍ പിടിച്ചെടുത്തെങ്കിലും കൂടുതല്‍ നടപടികളുണ്ടായില്ല. വിട്ടയയ്‌ക്കപ്പെട്ട ഇയാള്‍ പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. പിന്നീട്‌ ഈവര്‍ഷം ആദ്യം ഫിലിപ്പീന്‍സിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞുവയ്‌ക്കുകയും പാസ്‌പോര്‍ട്ട്‌ പിടിച്ചെടുക്കുകയും ചെയ്‌തു. ഫിലിപ്പീന്‍സില്‍ സെക്‌സ്‌ ടൂറിസത്തിനായി പോകുകയാണ്‌ എന്നായിരുന്നു ഇയാളുടെ വിശദീകരണം. ഇയാളുടെ വസതിയില്‍ പോലീസ്‌ നടത്തിയ തെരച്ചിലില്‍ ഐ.എസ്‌. ഭീകരന്‍ അബു യാഖീനുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചു.
നശിപ്പിക്കപ്പെട്ട നിലയില്‍ ഏപ്രില്‍ 13-ന്‌ കണ്ടെടുത്ത മൊബൈല്‍ ഫോണില്‍നിന്ന്‌ ഇയാള്‍ ഐ.എസ്‌. മേധാവി അബൂബക്കര്‍ അല്‍-ബാഗ്‌ദാദിയോടു വിധേയത്വം പ്രഖ്യാപിക്കുന്നതിന്റെയും പ്രതികാരപദ്ധതികളുടെയും വീഡിയോകള്‍ വീണ്ടെടുത്തു. ജനത്തിരക്കേറിയ പ്രദേശങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഫോണിലുണ്ടായിരുന്നു. ഈഗിള്‍ (കഴുകന്‍) എന്ന കോഡ്‌ നെയിമിലാണ്‌ ഇയാള്‍ ഐ.എസുമായി ബന്ധപ്പെട്ടിരുന്നത്‌. കേസില്‍ നവംബര്‍ രണ്ടിനു കോടതി വിധിപറയും.

Ads by Google
Sunday 12 Aug 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW