Wednesday, April 24, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.04 AM

മധുവസന്തം..!

uploads/news/2018/08/240678/sun2.jpg

ഓരോ നിറത്തിനും ഓരോ വികാരമാണ്‌. വരള്‍ച്ചയ്‌ക്കും മഴയ്‌ക്കും പഴയ സുഖകരമായ ഓര്‍മ്മകള്‍ക്കും ചുട്ടുപൊള്ളുന്ന വര്‍ത്തമാനകാലത്തിനും ഓരോ നിറങ്ങള്‍...
ആ നിറങ്ങളുടെ മേമ്പൊടി ചേര്‍ത്ത്‌ ജീവന്‍തുടിക്കുന്ന ദൃശ്യങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച ഒരു ഛായാഗ്രാഹകനുണ്ട്‌... മധു അമ്പാട്ട്‌. പാലക്കാട്‌ ചിറ്റൂരിലെ പ്രശസ്‌തമായ അമ്പാട്ട്‌ തറവാട്ടില്‍നിന്നും കഠിനപരിശ്രമത്തിലൂടെ ലോകസിനിമയുടെ നെറുകയിലെത്തിയ മധു അമ്പാട്ട്‌.
കാമറയ്‌ക്കു പിന്നില്‍ 44 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ 250 ാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്‌. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തനിക്കിഷ്‌ടപ്പെട്ട, സിനിമാസ്വാദകര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്ന്‌ ഉറപ്പുള്ള ഒരു ചിത്രത്തിന്റെ പണിപ്പുരയില്‍.
1975 ല്‍ ലവ്‌ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ മധു അമ്പാട്ട്‌ മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആറുതവണ സംസ്‌ഥാന പുരസ്‌കാരവും നേടി. ആദി ശങ്കരാചാര്യ (സംസ്‌കൃതം-1984), ശൃംഗാരം (തമിഴ്‌-2006), ആദാമിന്റെ മകന്‍ അബു (മലയാളം-2010) എന്നീ സിനിമകള്‍ ദേശീയാംഗീകാരവും അശ്വത്ഥാമാവ്‌, സൂര്യന്റെ മരണം, യാരോ ഒരാള്‍, പുരുഷാര്‍ത്ഥം, സ്വാതി തിരുനാള്‍, അമരം എന്നിവ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.
ഹോളിവുഡ്‌ സിനിമയുള്‍പ്പെടെ ഒന്‍പതു ഭാഷകളിലെ സിനിമകള്‍ക്കുവേണ്ടി മധു അമ്പാട്ട്‌ കാമറ ചലിപ്പിച്ചിട്ടുണ്ട്‌. സിക്‌സ്ത്‌ സെന്‍സ്‌ സംവിധാനം ചെയ്‌ത് ഹോളിവുഡില്‍ പ്രശസ്‌തനായ മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ ആദ്യ സിനിമയ്‌ക്കു വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്‌ മധു അമ്പാട്ടാണെന്നത്‌ അധികമാര്‍ക്കും അറിയാത്ത കാര്യമാണ്‌. അദ്ദേഹം മനസു തുറക്കുന്നു...

ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്‌.........
കഥ കേള്‍ക്കുമ്പോള്‍ ഇതു ചെയ്‌താല്‍ കൊള്ളാമെന്നു തോന്നും. അങ്ങനെയാണ്‌ പുതിയ സിനിമകള്‍ക്കായി എത്തുന്നത്‌. എന്തെങ്കിലും ചെയ്‌തിട്ട്‌ തിരിച്ച്‌ വീട്ടിലെത്തിയാല്‍ ഇതെന്തിനാ ചെയ്‌തതെന്ന്‌ എന്നോടു തന്നെ ചോദിക്കാന്‍ ഇടവരരുത്‌. കഥ കേള്‍ക്കുമ്പോള്‍ തന്നെ ദൃശ്യങ്ങള്‍ മനസില്‍ വരും. എന്നെ സഹകരിപ്പിക്കുന്നവര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.
അത്തരമൊരു കഥയുമായാണ്‌ സന്തോഷ്‌ എത്തിയത്‌. സന്തോഷിന്റ കഥ ഇഷ്‌ടപ്പെട്ടു. സന്തോഷ്‌ മണ്ടൂര്‍ സംവിധാനം ചെയ്യുന്ന പനി എന്ന സിനിമയാണ്‌ എന്റെ 250 ാമത്തെ ചിത്രം. ചിത്രീകരണം പൂര്‍ത്തിയായി. തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തില്‍ നടക്കുന്ന ആചാരം, സമൂഹത്തെഎങ്ങനെ ബാധിക്കുന്നുവെന്നതാണു ചിത്രത്തിന്റെ കഥ. ജയരാജ്‌, സഞ്‌ജീവ്‌ ശിവന്‍, എം.ജി ശശി, അശോക്‌ ആര്‍. നാഥ്‌ എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷിന്റെ ആദ്യസ്വതന്ത്ര സംവിധാനമാണ്‌ പനി. അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രമേയവും അവതരണവുമാണ്‌ ഇതിലുള്ളത്‌.

വികാരങ്ങളുടെ നിറങ്ങള്‍.....
ഓരോ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും ഓരോ കളര്‍ടോണ്‍ ഉണ്ടാകും. നിറങ്ങളും പ്രകാശവുമാണ്‌ ദൃശ്യങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. ആ ദൃശ്യങ്ങളാണ്‌ കഥ പറച്ചില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്‌. കെ.ആര്‍ മോഹനന്‍ സംവിധാനംചെയ്‌ത സ്വരൂപത്തിലെ ശേഖരന്റെ മാനസിക വ്യതിയാനങ്ങള്‍ നിറവ്യത്യാസങ്ങളായി മാറിയത്‌ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ്‌. അതുപോലെ തന്നെയായിരുന്നു ഭരതന്റെ വൈശാലിയും. അംഗരാജ്യത്തിലെ വറ്റിവരണ്ട ഭൂപ്രദേശങ്ങള്‍ ദൃശ്യങ്ങള്‍ ആകുമ്പോള്‍ അതു ചുവപ്പു നിറത്തിന്റെ പശ്‌ചാത്തലത്തിലാകാതെ പറ്റില്ല. എന്നാല്‍, മഴ പെയ്യിക്കാനായി ഋഷ്യശൃംഗന്‍ എത്തുമ്പോള്‍ ഓരോ ദൃശ്യങ്ങളും പച്ചയുടെയും നീലയുടെയും അകമ്പടി ഏറ്റുവാങ്ങുന്നു.
സാധാരണ ഫ്‌ളാഷ്‌ ബാക്ക്‌ സീനുകള്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലാണ്‌ കാണിക്കുക. അതിനു വിപരീതമായിരുന്നു സലീം അഹമ്മദിന്റെ പത്തേമാരി. ആ കഥ പറഞ്ഞത്‌ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ്‌. അവിടെ വര്‍ത്തമാനകാലം സുഖകരമല്ല. പഴയ ഓര്‍മ്മകളാണ്‌ സുഖപ്രദം. അതിനാല്‍, ആ സിനിമയില്‍ ഫ്‌ളാഷ്‌ ബാക്ക്‌, കളറിലും വര്‍ത്തമാനകാലം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലുമായി. സംവിധായകന്‍ കഥ പറയുമ്പോള്‍, എന്റെ മനസിലും ദൃശ്യങ്ങളുടെ പരമ്പര വിരിയും. അതങ്ങനെയാണ്‌. കഥാപാത്രങ്ങള്‍ക്ക്‌ അനുയോജ്യമായി കാമറ ചലിപ്പിക്കുന്നതില്‍ വെല്ലുവിളി നേരിട്ട ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല. 250 ചിത്രങ്ങളായില്ലേ? അതുകൊണ്ടാകും.

സംതൃപ്‌തിയും കലാമൂല്യമുള്ള ചിത്രങ്ങളും.....
ഇതുവരെയുള്ള ജീവിതം നോക്കുമ്പോള്‍ ഞാന്‍ സംതൃപ്‌തനാണ്‌. എന്നാല്‍ മറ്റൊരു തലത്തില്‍ ഒട്ടും സംതൃപ്‌തനല്ല. ഇനിയും എന്തെങ്കിലും എനിക്ക്‌ ചെയ്യാനുണ്ടെന്നു തോന്നുന്നതിലാണ്‌ ജീവിതവും പ്ര?ഫഷണല്‍ കരിയറും മുന്നോട്ടുപോകുന്നത്‌. പുതിയത്‌ എന്തെങ്കിലും ഇനിയും എനിക്കു ചെയ്യാനാവുമെന്നു പ്രതീക്ഷയുണ്ട്‌. അവസാനം സ്വയം കത്തി ചാമ്പലാകുമ്പോള്‍ പൂര്‍ണ്ണസംതൃപ്‌തി ഉണ്ടാകുമെന്നു തോന്നുന്നു.
കെ.എസ്‌.സേതുമാധവനൊപ്പവും ഇപ്പോഴുള്ള സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍, സിനിമയുടെ കലാമൂല്യം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. നടീനടന്‍മാരും സാങ്കേതികതയും ഇതിലൊന്നും ഒരു വിഷയമേ അല്ല. അവരുടെ സമീപനവും സിനിമാസാങ്കേതികതയും പരസ്‌പരം ബന്ധിക്കപ്പെട്ടിട്ടില്ല. സാങ്കേതിക മികവ്‌ കലാമൂല്യമുള്ള സിനിമകള്‍ക്ക്‌ ഗുണകരമാണ്‌. അതു കലാമൂല്യം കൂട്ടാന്‍ മാത്രമേ സഹായിക്കൂ.

പത്തു ഭാഷകളില്‍ സിനിമകള്‍
ലൈറ്റ്‌ ഓഫ്‌ ഫീലിംഗ്‌ ഓരോ ഭാഷയിലും വ്യത്യസ്‌തമാണ്‌. വ്യത്യസ്‌ത സാഹചര്യങ്ങളില്‍ കഴിയുന്നവര്‍ ജീവിതത്തെ കാണുന്നതും വ്യത്യസ്‌തമായാണ്‌. തമിഴ്‌നാട്ടിലെ വികാരപ്രകടനമാകില്ല കേരളത്തില്‍ നടക്കുന്നത്‌. അപ്പോള്‍ അതു ചിത്രീകരിക്കുന്നതിലും വ്യത്യസ്‌തയുണ്ടാകും. മലയാളത്തിലെ ചെറുവികാരങ്ങള്‍ തമിഴിലെത്തുമ്പോള്‍ ഉച്ചത്തിലായിരിക്കും.

മനോജ്‌ നൈറ്റ്‌ ശ്യാമളനോടൊപ്പം
അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പ്രേയിംഗ്‌ വിത്ത്‌ ആംഗറിലാണ്‌ ഞാന്‍ കാമറ ചലിപ്പിച്ചത്‌. അതില്‍ അമേരിക്കയിലെ ഒരു ശൈത്യകാലം ചിത്രീകരിക്കേണ്ടിവന്നത്‌ ശ്രമകരമായിരുന്നു. സ്‌നോമെഷീന്‍ ഉപയോഗിച്ച്‌ കൃത്രിമ മഞ്ഞുമഴ പെയ്യിച്ചത്‌ കണ്ടപ്പോള്‍ എല്ലാവരും അമേരിക്ക തന്നെയെന്ന്‌ ഉറപ്പിക്കുകയായിരുന്നു. മനോജ്‌ ഇപ്പോള്‍ ഹോളിവുഡിലെ അതികായനായി മാറി. സ്‌റ്റുഡിയോ ബേസ്‌ഡ് സിനിമകളാണ്‌ ഇപ്പോള്‍ മനോജ്‌ കൂടുതലായും ചെയ്യുന്നത്‌. ക്ഷണിച്ചാല്‍ വീണ്ടും ഒപ്പം പ്രവര്‍ത്തിക്കും.

മെന്റല്‍ ബ്ലോക്കും മലയാളത്തില്‍ നിന്നുള്ള നീണ്ട ഇടവേളയും
ഭരതന്‍ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്‌തു. ചുരം കഴിഞ്ഞ്‌ 12 വര്‍ഷം മലയാള സിനിമയില്‍ നിന്നും വിട്ടുനിന്നു. ഭരതന്‍മരിച്ചതു കൊണ്ടുള്ള മെന്റല്‍ ബ്ലോക്കായിരുന്നു കാരണം. മറ്റു ഭാഷകളില്‍ സിനിമ ചെയ്‌തെങ്കിലും മലയാളത്തിലേക്കു വന്നില്ല. വരാന്‍ തോന്നിയില്ല എന്നതാണു സത്യം. ഭരതനും ഞാനും തമ്മില്‍ അത്രയേറെ ബന്ധമായിരുന്നു. ഏറ്റവും ഇഷ്‌ടമുള്ള സംവിധായകരില്‍ ഒരാളായിരുന്നു അദ്ദേഹം. സലീം അഹമ്മദ്‌ സംവിധാനം ചെയ്‌ത ആദാമിന്റെ മകന്‍ അബുവിലൂടെയാണു വീണ്ടും തിരിച്ചുവന്നത്‌.

ദത്തെടുത്ത മകള്‍.....
മാളവികയെന്ന പെണ്‍കുട്ടിയെ നിയമപരമായി ദത്തെടുത്തതല്ല. മാനസികമായി ദത്തെടുത്തതാണ്‌. മാളവികയുടെ മാതാപിതാക്കള്‍ എന്നോടു ചോദിക്കാതെ ഒന്നും ചെയ്യില്ലായിരുന്നു. നിരവധി കന്നഡ, തമിഴ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മാളവിക ദൈവത്തിന്റെ വികൃതികള്‍, ജനം എന്നീ മലയാള സിനിമകളില്‍ മുഖ്യവേഷത്തിലായിരുന്നു. ഇപ്പോള്‍ ബംഗളൂരൂവില്‍ വലിയ ബി.ജെ.പി നേതാവാണ്‌. പെണ്‍മക്കള്‍ ഇല്ലാതിരുന്നതുകൊണ്ടാകാം അങ്ങനെ തോന്നിയത്‌.
സി.എഫ്‌.ടി.ആര്‍.എയില്‍ ടീച്ചറായിരുന്ന ലതയാണു എന്റെ ഭാര്യ. ഇപ്പോള്‍ അവര്‍ മലയാള സിനിമകള്‍ക്കു സബ്‌ടൈറ്റില്‍ എഴുതുന്നുണ്ട്‌. ദര്‍ശന്‍, റിത്വിന്‍ എന്നിവരാണു മക്കള്‍.

ഗ്രാഫിക്‌സിന്റെ അതിപ്രസരം...
ഒരു സിനിമയില്‍ നല്ല ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഗ്രാഫിക്‌സ് സഹായകമാകുമെങ്കില്‍ അതും നല്ലതാണ്‌. അതിന്റെ അതിപ്രസരം നാച്യൂറല്‍ ദൃശ്യങ്ങളെ തകര്‍ക്കുകയാണെന്ന വാദഗതിയൊന്നും എനിക്കില്ല. കാരണം ഭാവനയിലെ ഓരോ ദൃശ്യങ്ങളും ചിത്രീകരിക്കേണ്ടതുണ്ട്‌. നമ്മള്‍ സൃഷ്‌ടിക്കുന്ന കഥാപാത്രങ്ങളുടെ മനസിലൂടെയാണ്‌ ദൃശ്യങ്ങള്‍ പോകുന്നത്‌. അപ്പോള്‍ സിനിമ കൃത്രിമമാണ്‌... കള്ളത്തരമാണ്‌. അത്‌ ഒറിജിനല്‍ അല്ലല്ലോ? അതുപോലെയാണ്‌ ഇതും കാണേണ്ടത്‌. മാനിപുലേഷന്‍ ഓഫ്‌ റിയാലിറ്റി ഈസ്‌ റിയലിസം.

പുതിയ പ്രോജക്‌ടുകള്‍...
ഓഡ്‌ ടു ലവ്‌ എന്ന ഒരു ചിത്രം മാത്രമേ സംവിധാനം ചെയ്‌തിട്ടുള്ളൂ. വളരെ ആസ്വദിച്ച്‌ ചെയ്‌ത സിനിമയാണ്‌. ഇനി രണ്ടു പ്രോജക്‌ടുകള്‍ മനസിലുണ്ട്‌. അതുകൂടി ചെയ്യണം. സലീം അഹമ്മദിന്റെ ആന്‍ഡ്‌ ദി ഓസ്‌കാര്‍ ഗോസ്‌ ടു, ധനുഷിന്റെ അച്‌ഛന്‍ കസ്‌തൂരിരാജയുടെ പാണ്ടിമുനി, ഒരു ഹിന്ദി ചിത്രം എന്നിവയ്‌ക്കു വേണ്ടിയാകും ഇനി കാമറ ചലിപ്പിക്കുക.
(അലസമായി വീണു കിടക്കുന്ന വെളുത്ത തലമുടിയാണിപ്പോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യം. വായനയിലുടെ തോല്‍പ്പിച്ചെങ്കിലും ഇപ്പോഴും വിടാതെ പിന്തുടരുന്ന വിക്കില്‍പ്പെട്ടു വാക്കുകളിടറുന്നുണ്ട്‌ മധു അമ്പാട്ടിന്‌. നിറവും നിഴലും വെളിച്ചവും സമരസപ്പെടുന്ന അഭ്രകാവ്യങ്ങള്‍ രചിക്കാന്‍ അദ്ദേഹം ഇനിയും എത്തുമെന്നുറപ്പാണ്‌. അവശതകള്‍ വകവയ്‌ക്കാതെ...)

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

Ads by Google
Sunday 12 Aug 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW