Friday, April 26, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.04 AM

ആവേശത്തിന്റെ ഓളങ്ങളില്‍...

uploads/news/2018/08/240676/sun5.jpg

വര്‍ഷം 1952. ആഗസ്‌റ്റ് മാസത്തിലെ ഒരു ദിവസം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ കേരളാസന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ നെഹ്രുവിന്‌ കോട്ടയം മുതല്‍ ആലപ്പുഴവരെ ബോട്ടില്‍ കുട്ടനാട്ടിലൂടെ യാത്ര ചെയ്യേണ്ടിവന്നു. ആലപ്പുഴ പട്ടണത്തിന്റെ വടക്കുമാറി ആര്യാട്‌ മണ്ട്രോ ലൈറ്റിനു താഴെ മനോഹരമായി അലങ്കരിച്ച മണ്ഡപവും, അതിനുമുന്നില്‍ പരന്നുകിടക്കുന്ന വേമ്പനാട്‌ കായലും. അവിടുന്ന്‌ തെക്കോട്ട്‌ ഒരുമൈല്‍ നീളത്തില്‍ മുളങ്കാലുകള്‍ ഇട്ട്‌ മുപ്പതുമീറ്റര്‍ വീതിയില്‍ അടയാളപ്പെടുത്തിയ എട്ട്‌ ട്രാക്കുകള്‍. മറ്റു മോട്ടോര്‍ ബോട്ടുകളൊക്കെ ആ ട്രാക്കിനുപുറത്ത്‌ വരിവരിയായിക്കിടക്കുന്നു. അതിലൊക്കെ നിറഞ്ഞുകവിഞ്ഞ്‌ ആഹ്ലാദഭരിതരായ കുട്ടനാടന്‍ ജനത.
സമയം ഉച്ചകഴിഞ്ഞ്‌ 1.40. ജലപ്പരപ്പില്‍ ചെറിയ ഓളങ്ങള്‍. ആ ചെറിയ ഓളങ്ങള്‍ വലിയ ആവേശത്തിന്‌ വഴിമാറിക്കൊണ്ട്‌ ഡോറോത്തി എന്ന വിശേഷാല്‍ ബോട്ട്‌ രാജപ്രൌഢിയോടെ ആ മണ്ഡപത്തിലേക്ക്‌ വന്നടുക്കുന്നു. അതില്‍നിന്ന്‌ പൈജാമയും, കുര്‍ത്തയും ധരിച്ച്‌ ഗാന്ധിതോപ്പി അണിഞ്ഞ്‌ പധാന്‍ ഷൂവിട്ട്‌ ആരാധ്യനായ അതിഥി. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു. കൈകള്‍ വീശി ആയിരങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്‌തു. 63 തവണ ഔദ്യോഗിക വെടിമുഴക്കം. അദ്ദേഹത്തിനപ്പോള്‍ 63 വയസ്സായിരുന്നു. കതിര്‍മണികള്‍ കോര്‍ത്തുണ്ടാക്കിയ ഹാരം അദ്ദേഹത്തെ അണിയിച്ചു. മകള്‍ ഇന്ദിര പ്രിയദര്‍ശിനിക്ക്‌ നെന്മണികള്‍ കൊണ്ടൊരു ചെറിയ ചെപ്പ്‌. കുട്ടികളായ സഞ്‌ജയ്‌, രാജീവ്‌ എന്നിവര്‍ക്ക്‌ കതിര്‍മണികള്‍ കൊണ്ട്‌ ഒരു ബൊക്കെ.
കായലിലെ ട്രാക്കുകളില്‍ എട്ട്‌ വള്ളങ്ങള്‍ അണിനിരന്നു. നടുഭാഗം, പാര്‍ഥസാരഥി, കാവാലം, വലിയ ദിവാന്‍ജി, നെപ്പോളിയന്‍, നേതാജി, ഗിയര്‍ഗോസ്‌ തുടങ്ങിയ രാജപ്രമുഖന്മാര്‍ ട്രാക്കിലൂടെ ചീറിപ്പാഞ്ഞു. ആദ്യം കസേരയില്‍ പുഞ്ചിരിയോടെയിരുന്ന പണ്ഡിറ്റ്‌ജി മെല്ലെ എണീറ്റു. ആവേശംകൊണ്ട്‌ അദ്ദേഹത്തിന്റെ കൈകള്‍ തമ്മില്‍ അറിയാതെ കൂട്ടിയിടിച്ചു. ചെറുമക്കളായ സഞ്‌ജയ്‌നെയും രാജീവിനെയും ചേര്‍ത്തുപിടിച്ചുകൊണ്ട്‌ വള്ളങ്ങള്‍ക്ക്‌ നേരെ കൈചൂണ്ടി. അതാ വരുന്നു...
എട്ട്‌ ജലരാജാക്കന്മാര്‍. കയ്യും, മെയ്യും മറന്ന്‌ തുഴഞ്ഞു. ഒടുവില്‍ ആദ്യം വിജയതീരമണഞ്ഞത്‌ നടുഭാഗം ചുണ്ടന്‍. നടുഭാഗം പണ്ഡിറ്റ്‌ജി ഇരുന്ന വി.ഐ.പി. പവിലിയന്‌ മുന്നിലെത്തിയപ്പോള്‍ സകലസുരക്ഷാസംവിധാനങ്ങളെയും ത്രിണവല്‍ക്കരിച്ച്‌ അദ്ദേഹം അതിലേക്ക്‌ ചാടിക്കയറി. വള്ളത്തില്‍ അദ്ദേഹം ആനന്ദനൃത്തം ചവിട്ടി. ചരിത്രത്തിലെ ആദ്യത്തെ നെഹ്‌റുട്രോഫി വള്ളംകളി അവിടെ പിറവിയെടുത്തു. അവിടുന്നിങ്ങോട്ട്‌ ഈ വര്‍ഷം നടക്കാന്‍പോകുന്ന 66-ാമത്‌ വള്ളംകളിവരെ എത്ര വിജയികള്‍, എത്രയോ ക്ലബ്ബുകള്‍.

യു.ബി.സി കൈനകരി
ഫുട്‌ബോളില്‍ ബ്രസീലോ അര്‍ജന്റീനയോ പോലെ, ക്രിക്കറ്റില്‍ ആസ്‌ട്രേലിയ പോലെയോ, വള്ളംകളിയില്‍ ഏറ്റവുമധികം പറഞ്ഞു കേട്ടുപതിഞ്ഞ പേരാണ്‌ യു.ബി.സി കൈനകരി. വള്ളംകളിയുടെ ചരിത്രത്തിനൊപ്പം തന്നെയാണ്‌ യു.ബി.സിയുടെ ചരിത്രവും എഴുതപ്പെട്ടിരിക്കുന്നത്‌. 1955 ല്‍ കുട്ടമംഗലം എന്ന പ്രദേശം കേന്ദ്രീകരിച്ചാണ്‌ യു.ബി.സി. കൈനകരി രൂപീകൃതമായത്‌. എന്നാല്‍ ആദ്യമായി ചുണ്ടന്‍ വള്ളത്തില്‍ തുഴയെറിഞ്ഞതാകട്ടെ 1963 ലും. പങ്കെടുത്ത ആദ്യമൂന്നു വര്‍ഷവും ഗിയര്‍ഗോസ്‌, സെന്റ്‌ ജോര്‍ജ്‌, പാര്‍ഥസാരഥി എന്നീ ചുണ്ടനുകളില്‍ തുഴഞ്ഞ്‌ ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക്‌ വിജയം അവര്‍ കരസ്‌ഥമാക്കി. കൂടാതെ, 1989, 90, 91 വര്‍ഷങ്ങളില്‍ രണ്ടാമത്തെ ഹാട്രിക്കും ഉള്‍പ്പെടെ 12 കിരീടങ്ങള്‍ സ്വന്തമാക്കി. 1976 ല്‍ യു.ബി.സി. യുടെ നേതൃത്വത്തില്‍ തുടക്കമിട്ട മാസ്‌ഡ്രില്‍ എന്ന മാസ്‌മരിക വിദ്യ (എല്ലാ വള്ളങ്ങളും ഒരേ സ്‌ഥലത്ത്‌ വരിവരിയായി കിടക്കുന്ന രീതി) വള്ളംകളിയുടെ ഏറ്റവും ആകര്‍ഷണീയമായ ഒരു ഏടാണ്‌.

സി.ജി.വിജയന്‍ - സാരഥി
യു.ബി.സി കൈനകരി എന്ന ബോട്ട്‌ ക്ലബ്ബിന്‌ അനേകം സാരഥികള്‍ ഉണ്ടായിട്ടുണ്ട്‌. അവരില്‍ പ്രമുഖനാണ്‌ കൈനകരി മമ്പലത്തുചിറ വീട്ടില്‍ സി. ജി. വിജയന്‍. 1993 ല്‍ യു.ബി.സി ട്രോഫി നേടുമ്പോള്‍ ക്യാപ്‌റ്റന്‍ ആയിരുന്ന വ്യക്‌തി. അതിനുമുന്‍പും, ശേഷവും ക്ലബ്ബിന്റെ സഹയാത്രികന്‍. കൈനകരിയുടെ വള്ളംകളി ചരിത്രത്തില്‍നിന്ന്‌ മാറ്റിനിര്‍ത്താനാവാത്ത വ്യക്‌തിത്വം. അദ്ദേഹത്തെത്തേടി കൈനകരിയിലെ വീട്ടിലെത്തുമ്പോള്‍ ഇത്തവണത്തെ വെള്ളപ്പൊക്കം സകലരൗദ്രഭാവവും പേറി നാടിനെയാകെ മുക്കിക്കളഞ്ഞ അവസരമായിരുന്നു. വെള്ളപ്പൊക്കക്കെടുതിയില്‍ മനസ്സ്‌ മടുത്തിരിക്കുമ്പോളും വള്ളംകളിയെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌ നൂറുനാവ്‌. കാലം മാറ്റം വരുത്തിയ വള്ളംകളിയുടെ പവിത്രമായ ആ പഴയകാലത്തേക്ക്‌ ഓര്‍മ്മകളെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന്‌ തെല്ലും സമയം വേണ്ടിവന്നില്ല.
ഇന്ന്‌ സ്‌പോണ്‍സര്‍മാര്‍ പണമെറിഞ്ഞ്‌ തുഴക്കാരെ വാടകയ്‌ക്കെടുത്ത്‌, സര്‍ക്കാര്‍ നല്‍കുന്ന ബോണസ്‌ വാങ്ങിച്ചെടുത്തു വീതിക്കുന്ന വെറും മത്സരം മാത്രമായി വള്ളംകളി മാറിയിരിക്കുന്നു. പണ്ട്‌ ഇതായിരുന്നില്ല സ്‌ഥിതി. ഒരു നാടിന്റെ പ്രാര്‍ഥനയും, കാരിരുമ്പിന്റെ കരുത്തുമായി തുഴക്കാരും, ആവേശം നിറയ്‌ക്കുന്ന മത്സരവും. ഒടുവില്‍ കപ്പുനേടി തുഴച്ചിലുകാര്‍ നാട്ടിലെ പൊന്നോമനകളാവുന്നു. അങ്ങനെയൊരു കാലമുണ്ടായിരുന്നെന്നു ഇന്നത്തെ തലമുറയ്‌ക്ക് അറിയില്ല.
ചോദ്യങ്ങള്‍ക്ക്‌ വളരെ അവധാനതയോടെ അദ്ദേഹം മറുപടി പറഞ്ഞു.

ഇത്തവണത്തെ വളളംകളിയില്‍ താങ്കളുടെ സാന്നിദ്ധ്യം?
(ചിരിക്കുന്നു). പ്രായമൊക്കെയായില്ലേ. ഇനി പിള്ളേരൊക്കെ ഇറങ്ങട്ടെ. ആയകാലത്ത്‌ മനസ്സും, ശരീരവും മുഴുവനായി സമര്‍പ്പിച്ചിട്ടുണ്ട്‌. ഇന്നും ശരീരംകൊണ്ട്‌ അരക്കൈ നോക്കാന്‍ വയ്യാഞ്ഞിട്ടൊന്നുമല്ല. അതിന്‌ മനസ്സുമുണ്ട്‌. എന്നാലും വേണ്ട. നാട്ടില്‍ നല്ല ചുറുചുറുക്കുള്ള കുട്ടികള്‍ വളര്‍ന്ന്‌ വരുന്നുണ്ട്‌. അവരൊക്കെ മുന്നോട്ടുവരട്ടെ.

എന്നാലും വള്ളംകളി സമയത്ത്‌ താങ്കള്‍ക്ക്‌ എങ്ങനെ വീട്ടില്‍ അടങ്ങിയിരിക്കാന്‍ സാധിച്ചു?
ഒരുകാലത്ത്‌ തകര്‍ത്തുവാരി നടന്നയാളല്ലേ?
അതിന്‌ ആര്‌ ഇരിക്കുന്നു? ഞാനും കൂടെ ശക്‌തിപകര്‍ന്ന ക്ലബ്‌ ആണ്‌ യു.ബി.സി കൈനകരി. ഇന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്‌. വള്ളംകളി ദിനത്തില്‍ ഞങ്ങളുടെയൊക്കെ മനസ്സ്‌ പുന്നമടക്കായലില്‍ തന്നെയാണ്‌. അങ്ങനെ മാറിനില്‍ക്കാന്‍ എനിക്കാകില്ലല്ലോ. വള്ളംകളി ചോരയില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്‌ കുട്ടനാട്ടുകാര്‍ക്ക്‌. അത്‌ അങ്ങനെയൊന്നും മാറില്ല.

വള്ളംകളിയില്‍ വിവിധതരത്തിലുള്ള വള്ളങ്ങള്‍ മത്സരിക്കുന്നുണ്ടല്ലോ. ഒന്ന്‌ വ്യക്‌തമാക്കാമോ?
വിവിധതരത്തിലെ വള്ളങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌. എന്നിരുന്നാലും ചുണ്ടന്‍ വള്ളങ്ങളാണ്‌ മത്സരത്തിലെ ഗ്ലാമര്‍ താരങ്ങള്‍. ഏറ്റവുമധികം ആള്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട്‌ മാത്രമല്ല ഈ ആകര്‍ഷണം. വള്ളത്തിന്റെ സൗന്ദര്യം, വലിപ്പം ഒക്കെ കാരണമാണ്‌. ചുണ്ടനെക്കൂടാതെ ചുരുളന്‍, വെപ്പ്‌, ഇരുട്ടുകുത്തി ഇങ്ങനെ വിവിധതരത്തിലുള്ള വള്ളങ്ങള്‍ അതാതു ക്യാറ്റഗറിയില്‍ മത്സരിക്കുന്നുണ്ട്‌.

ഇന്ന്‌ വള്ളംകളി വെറും മത്സരം മാത്രമാണെന്നും ബിസിനസ്‌ ആണെന്നും തോന്നുന്നുണ്ടോ? എന്തായിരുന്നു താങ്കളുടെ കാലത്തെ പ്രത്യേകത?
അങ്ങനെ പരാതി പറയാന്‍ ഞാനാളല്ല. വള്ളംകളി ഇന്ന്‌ ഏറെ മാറിയിരിക്കുന്നു. അതൊരുപക്ഷേ, കാലഘട്ടത്തിന്റെ അനിവാര്യതയാകാം. പക്ഷേ, ഒന്നുണ്ട്‌. പണ്ട്‌ അത്‌ ഒരു നാടിന്റെ ഉത്സവമായിരുന്നു. വള്ളംകളിക്ക്‌ ഏതാണ്ട്‌ ഒരുമാസം മുമ്പുതന്നെ നാടുമുഴുവന്‍ അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. തുഴയുന്നവര്‍ അതേ നാട്ടിലുള്ളവര്‍ തന്നെ ആയിരുന്നു. പരിശീലനത്തിനും മറ്റുമായി വീട്ടില്‍നിന്ന്‌ ഇറങ്ങിയാല്‍ തിരിച്ചുചെല്ലുന്നത്‌ പാതിരാത്രിയാകുമ്പോള്‍ ആയിരിക്കും. അതൊക്കെ ഒരു ആവേശമായിരുന്നു. ഇന്ന്‌ കഥമാറി. കൃത്രിമമായ ഒരു ചടങ്ങാണ്‌ ഇന്ന്‌ വള്ളംകളി. നാട്ടുകാരില്‍ ഭൂരിഭാഗവും പങ്കെടുക്കാറില്ല. ഏതെങ്കിലും സ്‌പോണ്‍സര്‍മാര്‍ പണം നല്‍കും. കൂടുതല്‍ പണം നല്‍കുന്ന ക്ലബ്ബുകള്‍ക്കായി തുഴയാന്‍പോകുന്ന ആള്‍ക്കാര്‍. ആവേശം പോലുമില്ല. ആ ആവേശം ഞങ്ങളെപ്പോലെയുള്ളവരുടെ മനസ്സില്‍ മാത്രമായി അവശേഷിക്കുന്നു.

പുതിയ തലമുറയുടെ അറിവിലേക്കായി അന്നത്തെ ഒരുക്കങ്ങള്‍ വ്യക്‌തമാക്കാമോ?
ഏതാണ്ട്‌ ഒരുമാസം മുമ്പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങും. ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ്‌ കമ്മറ്റികള്‍ രൂപീകരിക്കുന്നത്‌. ഓരോ വാര്‍ഡിലും ഓരോ കോര്‍ഡിനേറ്റര്‍ ഉണ്ടായിരിക്കും. അയാളാണ്‌ ആ വാര്‍ഡിലെ സെലക്ഷന്‍ കമ്മിറ്റി. അയാള്‍ ആ വാര്‍ഡിലെ കരുത്തരായ തുഴച്ചില്‍ക്കാരെ ക്യാപ്‌റ്റനു ശുപാര്‍ശ ചെയ്യും. കൂടാതെ ആ വാര്‍ഡില്‍നിന്ന്‌ പണം സമാഹരിച്ച്‌ പരിശീലന ദിനങ്ങളില്‍ തുഴച്ചില്‍ക്കാര്‍ക്ക്‌ ആഹാരം തയ്യാറാക്കുന്നതും ഈ കോര്‍ഡിനേറ്ററുടെ നേതൃത്വത്തിലാണ്‌. ഇങ്ങനെ ഓരോരോ വാര്‍ഡുകാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭക്ഷണമാകും അതാതു ദിവസങ്ങളില്‍ കളിക്കാര്‍ക്ക്‌ നല്‍കുന്നത്‌. ചോറും ബീഫും ആയിരിക്കും പ്രധാനമായും. പിന്നെ പരിശീലനം തുടങ്ങി, കളി തീരുന്നതു വരെ മദ്യം, പുകവലി ഇവയൊക്കെ കര്‍ശനമായി നിര്‍ത്തിവയ്‌ക്കും. അത്‌ നിര്‍ബന്ധമാണ്‌. യാതൊരു വിട്ടുവീഴ്‌ചയുമില്ല. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാല്‍ അയാളെ പുറത്താക്കാന്‍ ക്യാപ്‌റ്റനു പൂര്‍ണ്ണ അനുവാദവും ഉണ്ടായിരിക്കും.

വള്ളംകളിയുടെ ദിനം പുലരുന്നതു തന്നെ ആവേശത്തിലായിരിക്കുമല്ലോ?
അന്നത്തെ ദിവസത്തെക്കാള്‍ പ്രധാനമാണ്‌ തലേ ദിവസം. അന്ന്‌ വള്ളത്തെ മത്സരത്തിനായ്‌ ഒരുക്കുകയാണ്‌ ചെയ്യുന്നത്‌. വള്ളം കരയ്‌ക്ക് കയറ്റിവച്ചു, താഴെ പുക കൊള്ളിച്ച്‌ ഉണക്കും. എന്നിട്ട്‌ ഗ്രീസിട്ട്‌ മിനുസപ്പെടുത്തും. വെള്ളവുമായുള്ള ഘര്‍ഷണം കുറയ്‌ക്കാനാണ്‌ അങ്ങനെചെയ്യുന്നത്‌. മാത്രമല്ല, തലേദിവസം തുഴയുന്നവര്‍ക്ക്‌ പൂര്‍ണ്ണവിശ്രമമാണ്‌. മത്സരദിവസം രാവിലെ ഉണര്‍ന്ന്‌ ശുദ്ധമായി രാഹുകാലം നോക്കിയാണ്‌ വള്ളം നീറ്റില്‍ ഇറക്കുന്നത്‌. കൈനകരി പള്ളിയിലും, പനയ്‌ക്കല്‍ അമ്പലത്തിലും പോയി അമരക്കാരന്റെ പങ്കായം പൂജിക്കും. പിന്നെ വള്ളത്തില്‍ പുന്നമടക്കായലിലേക്ക്‌ ആര്‍പ്പുവിളികളോടെ ഒരു യാത്രയാണ്‌. അന്നേദിവസം ഓരോവീട്ടിലും വിളക്കുവച്ച്‌ പ്രാര്‍ഥിച്ചാണ്‌ ഓരോ സ്‌ത്രീകളും വള്ളംകളിയുടെ ആവേശത്തില്‍ പങ്കുകൊള്ളുന്നത്‌.

കപ്പുനേടി തിരികെ നാട്ടിലേക്ക്‌ വരുന്നതോ?
പറഞ്ഞറിയിക്കാനാവാത്ത ആവേശം ആയിരിക്കും. ട്രോഫിയുമായ്‌ വള്ളത്തില്‍ തുഴഞ്ഞുതന്നെയാണ്‌ നാട്ടിലേക്ക്‌ എത്തുന്നത്‌. എത്തുമ്പോള്‍ സന്ധ്യമയങ്ങിയിരിക്കും. കായലിന്റെ ഇരുവശത്തുമുള്ള വീടുകളില്‍നിന്ന്‌ എല്ലാവരും പുറത്തിറങ്ങിനിന്ന്‌ ആര്‍പ്പോ വിളിക്കും. ആ നാടുതന്നെ അക്ഷരാര്‍ഥത്തില്‍ ഇളകിമറിയും. പിന്നെ ദിവസങ്ങള്‍ നീണ്ട സ്വീകരണങ്ങള്‍ ആണ്‌. ഓരോ വാര്‍ഡുകളിലും സ്വീകരണയോഗങ്ങളുണ്ടാവും. തുഴച്ചിലുകാര്‍ നാടിന്റെ ഹീറോ ആയി മാറുകയും ചെയ്യും.

ഇന്ന്‌ ആ പഴയ ആവേശം നഷ്‌ടമായിരിക്കുന്നു. അല്ലെ?
സംശയമില്ല. ആ പഴയ രീതിതന്നെ മാറിയിരിക്കുന്നു. കൂലിക്ക്‌ വിളിക്കുന്ന തുഴച്ചിലുകാര്‍. കൂടുതല്‍ പണം തരുന്ന ക്ലബ്ബുകളിലേക്ക്‌ ഓരോരുത്തരും ചേക്കേറുന്നു. നാട്ടുകാരില്‍ ഭൂരിഭാഗവും ഒന്നിനും വരാറില്ല. യു.ബി.സി ടീമിനുതന്നെ പഴയ പ്രതാപം നഷ്‌ടപ്പെട്ടിരിക്കുന്നു. തിരിച്ചുവരാന്‍ ഇപ്പോഴും ഈ ടീമിന്‌ കരുത്തുണ്ടെന്നത്‌ മറ്റൊരു സത്യം. ഒരു നാടിന്റെ സ്‌പന്ദനം ആയിരുന്ന വള്ളംകളി ഇന്ന്‌ വെറുമൊരു മത്സരമായി ചുരുങ്ങിയിരിക്കുന്നു. ആരെയും കുറ്റം പറയാനാവില്ല. കാലത്തിന്റെ മാറ്റത്തിനൊപ്പം അങ്ങനെയൊക്കെ സംഭവിക്കുന്നു. അത്രതന്നെ.

ഡോ. അബേഷ്‌ രഘുവരന്‍

Ads by Google
Sunday 12 Aug 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW