Saturday, April 20, 2019 Last Updated 26 Min 28 Sec ago English Edition
Todays E paper
Sunday 12 Aug 2018 02.04 AM

നിര്‍വ്യതി-കവിത

uploads/news/2018/08/240675/sun4.jpg

അമ്മിഞ്ഞപ്പാലിന്റെ
മാധുര്യത്തോടൊത്ത്‌
അമ്മയെന്നക്ഷരപ്പാലാഴി
നുകര്‍ന്നു ഞാന്‍...
തീക്കനലിനുമപ്പുറം
തീക്ഷ്‌ണതയുള്ള ആ
വാക്കിനു മുന്‍പിലായ്‌ ഭാരതം
ചേര്‍ത്തു ഞാന്‍...
ഭാരതാംബതന്‍ മടിയില്‍
കിടന്നുകൊണ്ടമ്മയ്‌ക്കുവേണ്ടി
നൂറാശകള്‍ നെയ്‌തു ഞാന്‍...
മാതാവിന്‍ സ്വപ്‌നാലയത്തിന്‍
പടികളില്‍ കുഞ്ഞിളം
പാദത്താലോടിക്കയറി ഞാന്‍...
മണ്ണപ്പം ചുട്ടു നടക്കുന്ന
പ്രായത്തില്‍ ത്രിവര്‍ണ്ണ പതാകതന്‍
മാറ്റൊലി കൂട്ടി ഞാന്‍....
തിരിച്ചറിവാകുന്ന പ്രായത്തില്‍
പുക തുപ്പും വണ്ടിയില്‍
സ്‌ഥാനമുറപ്പിച്ചിരുന്നു ഞാന്‍...
തീരാത്ത തളരാത്ത
ദാഹത്തോടെയാ അമ്മതന്‍
രക്ഷയ്‌ക്കു കുപ്പായമിട്ടു ഞാന്‍...
നൂറ്റിയമ്പതുകോടിയോളംവരും
സോദരര്‍ക്കൊരു ധൈര്യമായ്‌
അതിര്‍ത്തിയില്‍ നിന്നു ഞാന്‍...
അണയാത്ത രാജ്യസ്‌നേഹത്തിന്‍
ചോരയില്‍ കത്തിപ്പടര്‍ന്നൊരു
തീഗോളമായി ഞാന്‍...
എതിരെ ഉയരുന്ന
വെടിയുണ്ടകള്‍തന്റെ
തോല്‍ക്കാത്ത ധൈര്യത്തില്‍
പകച്ചതു കണ്ടു ഞാന്‍...
വിറയോടെ അമ്മതന്‍ ശിരസ്സിന്‍
മുകളിലായ്‌ പതാകയണിയിച്ചു
കൃതാര്‍ത്ഥനായ്‌ നിന്നു ഞാന്‍...
ഉഷ്‌ണം പുകയും
മരണമഞ്ചത്തിനുള്ളില്‍ ഒരു ചെറു
ചിരിയോടെ നിശ്‌ചലമായി ഞാന്‍...
എന്നുടെ ഹൃദയതന്ത്രിതന്‍
രാഗമാം ത്രിവര്‍ണ്ണപതാകയില്‍
ലയിച്ചുകിടന്നു ഞാന്‍...
വാനിലേക്കുതിര്‍ത്ത
തീനാളമോടൊത്ത്‌ ഒരുനറു
ഓര്‍മ്മയായ്‌ പാറിപ്പറന്നു ഞാന്‍...
ഇനിയൊരു ജന്മമുണ്ടെങ്കില്‍
അതും നീയെന്‍ മകനെന്നു
ചൊല്ലുന്ന അമ്മയെ കണ്ടു ഞാന്‍...

ദേവിക എന്‍. കര്‍ത്താ

Sunday 12 Aug 2018 02.04 AM
YOU MAY BE INTERESTED
Loading...
TRENDING NOW