Monday, November 19, 2018 Last Updated 27 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.35 AM

പ്രവാസിവോട്ട്‌: ഏറെ ശ്രദ്ധ വേണം

uploads/news/2018/08/240514/editorial.jpg

പ്രവാസികളായ ഇന്ത്യക്കാര്‍ നിരവധി വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണ്‌ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട്‌ ചെയ്യാന്‍ അവസരം നല്‍കണമെന്നത്‌. പ്രവാസികള്‍ക്ക്‌ മുക്‌ത്യാര്‍ വോട്ടിന്‌ അവസരം നല്‍കുന്ന ബില്ല്‌ ലോക്‌സഭയുടെ അംഗീകാരം നേടിയതോടെ ഈ ലക്ഷ്യത്തിലേക്ക്‌ ഒരു പടി കൂടി അടുത്തിരിക്കുകയാണ്‌. വോട്ടര്‍ പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട്‌ വോട്ട്‌ ചെയ്യാനാകുന്നില്ലെങ്കില്‍ പകരക്കാരനെ വച്ച്‌ വോട്ട്‌ ചെയ്യാന്‍ പ്രവാസികള്‍ക്ക്‌ അനുമതി നല്‍കുന്നതാണ്‌ ബില്ല്‌. ഇത്തരം വോട്ട്‌ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക്‌ നിയമപരമായ എല്ലാ പരിഹാരവും കണ്ടെത്തിയിട്ടുണ്ടെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. പകരം വോട്ട്‌ ചെയ്യുന്ന ആളും ഇതേ മണ്ഡലത്തിലുള്ള ആളായിരിക്കണം. പകരം വോട്ടര്‍ ആരെന്ന്‌ വ്യക്‌തമാക്കി ആറുമാസം മുന്‍പ്‌ റിട്ടേണിങ്‌ ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കണം. ഇതേയാള്‍ക്ക്‌ തുടര്‍ തെരഞ്ഞെടുപ്പുകളിലും പ്രവാസിക്കു വേണ്ടി വോട്ട്‌ ചെയ്യാമെന്നും വ്യവസ്‌ഥയുണ്ട്‌.

പ്രവാസികള്‍ക്ക്‌ വോട്ടു ചെയ്യുന്നതിന്‌ വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ച ശേഷമാണ്‌ മുക്‌ത്യാര്‍ വോട്ടിങ്ങിലേക്ക്‌ എത്തിയിരിക്കുന്നത്‌. സാങ്കേതികവിദ്യ ഏറെ വളര്‍ന്നിരിക്കുന്ന ഇക്കാലത്ത്‌ ഇ-വോട്ടിങ്‌ സാധിക്കുമോ എന്നു പഠനം നടത്തി. അത്‌ പൂര്‍ണമായും സുരക്ഷിതവും സുതാര്യവുമായിരിക്കില്ല എന്നതാണ്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍. താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ട്‌ ചെയ്യാന്‍ സൗകര്യം നല്‍കാന്‍ ആലോചിച്ചു. അതും വേണ്ടെന്നു വയ്‌ക്കുകയായിരുന്നു. പല രാജ്യങ്ങളും വിദേശത്തുള്ള തങ്ങളുടെ വോട്ടര്‍മാര്‍ക്ക്‌ അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ട്‌ ചെയ്യാന്‍ അവസരം നല്‍കാറുണ്ട്‌. അവരുടെ എണ്ണം കുറവായതുകൊണ്ടാണ്‌ അതു സാധിക്കുന്നത്‌. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ വിദേശത്തുള്ള ഇന്ത്യക്കാര്‍ മൂന്നു കോടിയിലധികമാണ്‌. ഇത്രയധികം പേര്‍ക്ക്‌ വിദേശത്ത്‌ വോട്ട്‌ ചെയ്യാന്‍ അവസരമൊരുക്കുക അതീവ ബുദ്ധിമുട്ടായിരിക്കും. പ്രവാസികള്‍ക്ക്‌ തപാല്‍ വോട്ട്‌ ഏര്‍പെടുത്തുന്നതും പ്രായോഗികമല്ല. എല്ലാ ഇന്ത്യക്കാര്‍ക്കും ആധാര്‍ നമ്പര്‍ ആയിക്കഴിഞ്ഞാല്‍ ഇ-വോട്ടിങ്‌ ഏര്‍പെടുത്തുന്ന കാര്യം ആലോചിക്കേണ്ടതാണ്‌.

ഇനി രാജ്യസഭയുടെ അംഗീകാരം നേടിക്കഴിഞ്ഞാലേ ബില്ല്‌ നിയമമാവുകയുള്ളു. അതീവ ജാഗ്രതയും തയാറെടുപ്പും വേണ്ട പ്രക്രിയയാണ്‌ മുക്‌ത്യാര്‍ വോട്ട്‌. ഇത്‌ ഒരു കാരണവശാലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന്‌ ഉറപ്പു വരുത്തേണ്ടത്‌ ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്‌. പിറന്ന നാടും ബന്ധുക്കളെയും വിട്ട്‌ ദൂരെ ജീവിക്കുന്നവര്‍ക്ക്‌ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തില്‍ പങ്കാളിത്തം ഉണ്ടാകുന്നുവെന്നത്‌ കാതലായ മാറ്റം തന്നെയാണ്‌. എന്നാല്‍, വോട്ട്‌ ജനാധിപത്യത്തിന്റെ വിജയത്തിനേക്കാള്‍ വോട്ട്‌ രാഷ്‌ട്രീയത്തിന്‌ പ്രാധാന്യം നല്‍കുന്നവരാണ്‌ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നതിനാല്‍ ഈ സംവിധാനം നിക്ഷിപ്‌ത താല്‍പര്യത്തിന്റെ പേരില്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്‌. അത്‌ സംഭവിക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്താന്‍ ഓരോ ജനാധിപത്യ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ട്‌.

Ads by Google
Saturday 11 Aug 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW