Friday, April 19, 2019 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.34 AM

അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കപ്പുറം തുടര്‍ചികിത്സയെന്ന ബാലികേറാമല

uploads/news/2018/08/240513/bft1.jpg

2012 ഡിസംബറിലെ ഒരു പ്രഭാതം. ചങ്ങനാശേരിയിലെ ഫാ. സെബാസ്‌റ്റ്യന്‍ പുന്നശേരിയുടെ ഓഫീസിലേക്കു കുട്ടനാട്‌ മാമ്പുഴക്കരി സ്വദേശിയായ ഒരു വയോധികന്‍ കടന്നുവന്നു. പുരോഹിതന്റെ മുന്നില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. കുടുംബത്തിന്റെ അത്താണിയായിരുന്ന ഏകമകന്‍ കരള്‍രോഗിയാണ്‌.
കരള്‍ മാറ്റിവയ്‌ക്കാതെ തരമില്ല. 25 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്‌ത്രക്രിയയ്‌ക്കു യാതൊരു മാര്‍ഗവുമില്ല. സഹായമഭ്യര്‍ഥിച്ചെത്തിയ ആ വയോധികന്റെ നിസഹായാവസ്‌ഥ നേരിട്ടു മനസിലാക്കിയ ഫാ. സെബാസ്‌റ്റ്യന്‍, പ്രദേശത്തെ സന്മനസുള്ളവരെ വിളിച്ചുചേര്‍ത്ത്‌ ഒരു സഹായസമിതി രൂപീകരിച്ചു. അച്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍, "വിശുദ്ധ തെണ്ടല്‍സംഘം". സംഘം ആത്മാര്‍ത്ഥമായി പരിശ്രമിച്ച്‌ ആ യുവാവിന്റെ ചികിത്സയ്‌ക്കുള്ള പണം സ്വരൂപിച്ചു. ശസ്‌ത്രക്രിയയേത്തുടര്‍ന്നു പൂര്‍ണ ആരോഗ്യവാനായ യുവാവ്‌ ഇന്നൊരു കരാട്ടെ പരിശീലകന്‍ കൂടിയാണ്‌.
മാമ്പുഴക്കരി ഒരു തുടക്കമായിരുന്നു. തുടര്‍ന്ന്‌, 102 പഞ്ചായത്തുകളില്‍പ്പെട്ട 131 വൃക്കരോഗികള്‍ക്കും കരള്‍രോഗികള്‍ക്കും ജീവിതം വീണ്ടെടുക്കാന്‍ ഇവര്‍ ഇതുവരെ സമാഹരിച്ചത്‌ 29 കോടിയലധികം രൂപയാണ്‌. മനുഷ്യസ്‌നേഹികളുടെ ആ കൂട്ടായ്‌മ ഇന്നു മധ്യതിരുവിതാംകൂറിലെ നിര്‍ധനരോഗികള്‍ക്കു താങ്ങും തണലുമാണ്‌. യാതൊരു പ്രതിഫലേച്‌ഛയും കൂടാതെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സന്നദ്ധപ്രവര്‍ത്തകരാണ്‌ ഈ കൂട്ടായ്‌മയുടെ കരുത്ത്‌. ഇതേ അവസ്‌ഥ നേരിടുന്ന പല രോഗികള്‍ക്കും മുന്നില്‍ ജനപ്രതിനിധിയെന്ന നിലയില്‍ നിസ്സഹായനായി നില്‍ക്കേണ്ടിവന്നപ്പോഴൊക്കെ ചങ്ങനാശേരിയിലെ "പ്രത്യാശ"യിലേക്ക്‌ ഒരു ഫോണ്‍ വിളി ധാരാളമായിരുന്നു.
ഒരഭ്യര്‍ഥനയും പാഴായിപ്പോയിട്ടില്ല. ഇത്തരം കൂട്ടായ്‌മകള്‍ക്കു ജാതി-മത-രാഷ്‌ട്രീയരഹിതമായ അനുഭവക്കരുത്താണു മുതല്‍ക്കൂട്ട്‌. കേവലം അഞ്ചുമണിക്കൂര്‍ കൊണ്ടു കോടികള്‍ സമാഹരിക്കുന്ന ഈ സംവിധാനത്തെ അത്ഭുതമെന്നല്ലാതെ മറ്റെന്താണു വിളിക്കുക? ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചപ്പോഴൊക്കെ, ബൈബിളില്‍ പറയുന്ന വിധവയുടെ ചില്ലിക്കാശിന്റെ വില ഞാനും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇല്ലായ്‌മകള്‍ക്കിടയിലും ഉപജീവനമാര്‍ഗമായ സ്വന്തം ആടിനെ വിറ്റ്‌ പണം നല്‍കിയവരും കൂറ്റന്‍മതില്‍ക്കെട്ടിനുള്ളില്‍ പട്ടിയെ അഴിച്ചുവിട്ടവരും ഇത്തരം സാമൂഹികസന്ദര്‍ഭങ്ങളിലെ നേര്‍ക്കാഴ്‌ചകളാണ്‌.
കേരളം ജീവിതശൈലീരോഗങ്ങളുടെ രാജ്യതലസ്‌ഥാനമാണ്‌. രാജ്യത്ത്‌ സാംക്രമികേതരരോഗങ്ങളാല്‍ മരിക്കുന്നവര്‍ 42 ശതമാനമാണ്‌. കേരളത്തിലാകട്ടെ, 39-59 പ്രായപരിധിയില്‍ മരിക്കുന്ന 52 ശതമാനവും സാംക്രമികേതരരോഗങ്ങള്‍ മൂലമാണ്‌. അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസ്‌ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടതു ഞെട്ടിക്കുന്ന കണക്കുകളാണ്‌. കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ ഒട്ടേറെ ചികിത്സാസഹായപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്‌. "കാരുണ്യ" പദ്ധതി ഉള്‍പ്പെടെ ഈ രംഗത്തെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്‌. ഇതിനൊരു മറുവശവുമുണ്ട്‌. ഇങ്ങനെ ലഭിക്കുന്ന തുക പലപ്പോഴും തുടര്‍ചികിത്സാച്ചെലവുകള്‍ക്ക്‌അപര്യാപ്‌തമാണ്‌ എന്നതാണത്‌. ഹൃദ്രോഗചികിത്സയ്‌ക്കു കാരുണ്യ പദ്ധതിപ്രകാരം പരമാവധി രണ്ടുലക്ഷം രൂപയാണു ലഭിക്കുക. എന്നാല്‍, തുടര്‍ചികിത്സയ്‌ക്കും ദിവസേന വേണ്ടിവരുന്ന മരുന്നുകള്‍ക്കുമുള്ള ചെലവ്‌ വഹിക്കാന്‍ ഒരു സാധാരണ കുടുംബത്തിനു കഴിയില്ല. വൃക്ക മാറ്റിവയ്‌ക്കാന്‍ ശരാശരി 10 ലക്ഷം രൂപയാണു ചെലവ്‌. സര്‍ക്കാര്‍ ധനസഹായമാകട്ടെ പരമാവധി മൂന്നുലക്ഷം രൂപ. ശസ്‌ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കു പ്രതിമാസം 10,000 രൂപയെങ്കിലും തുടര്‍ചികിത്സയ്‌ക്കായി വേണ്ടിവരും. കരള്‍മാറ്റശസ്‌ത്രക്രിയയ്‌ക്ക്‌ 20 ലക്ഷം രൂപയാണ്‌ ഏകദേശചെലവ്‌. പിന്നീട്‌, ആജീവനാന്തം കഴിക്കേണ്ട മരുന്നുകള്‍ക്കു പ്രതിമാസം 15,000 രൂപയോളം കണ്ടെത്തേണ്ടിവരും. നിലവിലുള്ള സര്‍ക്കാര്‍ ധനസഹായം ഇതിനു പര്യാപ്‌തമല്ല. ഇത്തരക്കാര്‍ക്കു തുടര്‍ചികിത്സാസഹായവും ലഭ്യമാക്കിയാലേ പദ്ധതികള്‍ പൂര്‍ണഫലപ്രാപ്‌തിയിലെത്തൂ. നമ്മുടെ ആരോഗ്യനയത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ഏറ്റവും പ്രധാനകാര്യമാണിത്‌. "പ്രത്യാശ" പോലുള്ള കൂട്ടായ്‌മകള്‍ക്കു തുടര്‍ചികിത്സാസഹായം നല്‍കാന്‍ പരിമിതികളുണ്ട്‌. വൃക്കരോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുകയാണ്‌. ഇതിനിടെ, അവയവക്കച്ചവടത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നു. വൃക്കയോ കരളോ ലഭിക്കാന്‍ രജിസ്‌റ്റര്‍ ചെയ്‌തു കാത്തിരിക്കുന്ന രോഗികളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്‌.
കേരളത്തില്‍ കരള്‍മാറ്റശസ്‌ത്രക്രിയയ്‌ക്കു സൗകര്യമുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയുമില്ല. അതുകൊണ്ടുതന്നെ സ്വകാര്യാശുപത്രികള്‍ ആവശ്യപ്പെടുന്ന വന്‍തുക നല്‍കേണ്ടിവരുന്നു. കേരളത്തിലെ മൂന്നു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെങ്കിലും കരള്‍മാറ്റ ശസ്‌ത്രക്രിയാസൗകര്യം ഏര്‍പ്പെടുത്തണം. മെഡിക്കല്‍ കോളജുകളില്‍ പ്രതിമാസം ഒരു വൃക്കമാറ്റല്‍ ശസ്‌ത്രക്രിയ മാത്രമാണു നടത്താന്‍ സാധിക്കുന്നത്‌. കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോ. ജയകുമാറിന്റെ പരിശ്രമത്താല്‍ എണ്ണം വര്‍ധിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആഴ്‌ചയിലൊരു വൃക്ക ശസ്‌ത്രക്രിയയെങ്കിലും നടത്താന്‍ സംവിധാനമൊരുക്കിയാലേ രോഗികള്‍ക്ക്‌ ആശ്വാസമേകാനും സ്വകാര്യാശുപത്രികളുടെ കൊള്ളയ്‌ക്കു തടയിടാനും കഴിയൂ.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രികളിലെ ശസ്‌ത്രക്രിയയ്‌ക്ക്‌ ഉറ്റബന്ധുക്കളില്‍നിന്നേ വൃക്ക സ്വീകരിക്കാവൂ എന്നു നിഷ്‌കര്‍ഷയുണ്ട്‌. സ്വകാര്യാശുപത്രികളില്‍ ഈ നിബന്ധനയില്ല. അതിനായി പ്രത്യേകനിയമം നിലവിലില്ല. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എന്തിനാണ്‌ ഈ വിവേചനമെന്നു മനസിലാകുന്നില്ല. ഇക്കാര്യത്തില്‍ നിയമത്തിന്റെ അഭാവം സ്വകാര്യാശുപത്രികള്‍ക്കു കൊള്ളലാഭം കൊയ്യാനേ സഹായകമാകൂ.
മസ്‌തിഷ്‌കമരണം സംഭവിച്ചവരില്‍നിന്ന്‌ അവയവങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ചില ആശുപത്രികള്‍ അനഭിലഷണീയരീതികള്‍ അവലംബിക്കുന്നതായി പരാതികളുയര്‍ന്നപ്പോള്‍ ഇതുസംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കി. സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘം മണിക്കൂറുകളോളം നിരീക്ഷിച്ചേ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിക്കാവൂ എന്നാണു നിയമം. "കോമാ" അവസ്‌ഥയിലുള്ള രോഗികളുടെ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ച്‌ അവയവങ്ങള്‍ മാറ്റുന്നുവെന്നാണ്‌ പ്രധാന പരാതി. നിലവിലുള്ള കഡാവര്‍ നിയമം കൃത്യമായി പാലിക്കപ്പെടുമ്പോള്‍ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിക്കാനുള്ള സംവിധാനവും കുറേക്കൂടി കൃത്യമാക്കണം. അവയവദാനത്തിന്റെ സുതാര്യത സംരക്ഷിക്കപ്പെടണം.
ഇത്തരം രോഗാവസ്‌ഥകളില്‍ രോഗി മാത്രമല്ല, ആ കുടുംബം തന്നെ വിഷമവൃത്തത്തിലാകുന്നു. സര്‍ക്കാര്‍ ധനസഹായത്തിന്റെ മാനദണ്‌ഡങ്ങള്‍ മാറ്റി, തുടര്‍ചികിത്സയ്‌ക്കും ബാധകമാക്കണം. കാരുണ്യ, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ മുഖേന മരുന്നുകള്‍ സൗജന്യമായി നല്‍കുകയോ മരുന്നുകള്‍ക്കു ചെലവാകുന്ന മുഴുവന്‍ തുകയും തിരികെ നല്‍കുകയോ ചെയ്യാനുള്ള സംവിധാനമുണ്ടാക്കണം. രോഗവിമുക്‌തര്‍ക്കു സ്വയംതൊഴില്‍ കണ്ടെത്താനുള്ള സഹായവും നല്‍കിയാല്‍ ആ "കാരുണ്യ"ത്തിനു പകരം വയ്‌ക്കാന്‍ മറ്റൊന്നില്ല.

Ads by Google
Saturday 11 Aug 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW