Tuesday, November 13, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

ജയരാജനു വ്യവസായവകുപ്പ്‌; ജലീലിന്‌ ഉന്നതവിദ്യാഭ്യാസം

uploads/news/2018/08/240496/k4.jpg

തിരുവനന്തപുരം : ഇ.പി. ജയരാജനെ തിരിച്ചെടുത്ത്‌, മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സി.പി.എം. സംസ്‌ഥാനസമിതിയുടെ പച്ചക്കൊടി. ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്‌തനായി മന്ത്രിസഭയില്‍ തിരിച്ചെത്തുന്ന ജയരാജന്‌ മുമ്പു കൈകാര്യം ചെയ്‌തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികവകുപ്പുകള്‍തന്നെ ലഭിക്കും.
ജയരാജന്‍ തിരിച്ചെത്തുന്നതോടെ മന്ത്രിസഭയുടെ അംഗബലം ഇരുപതാകും. സി.പി.എം. മന്ത്രിമാരുടെ എണ്ണം 12-ല്‍നിന്ന്‌ 13 ആകുന്നതോടെ, ആനുപാതികപ്രാതിനിധ്യം അവകാശപ്പെട്ട സി.പി.ഐക്കു ക്യാബിനറ്റ്‌ പദവിയോടെ ചീഫ്‌ വിപ്പ്‌ സ്‌ഥാനം നല്‍കും. മറ്റന്നാള്‍ നടക്കുന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചശേഷം പിറ്റേന്നുതന്നെ ജയരാജന്‍ സത്യപ്രതിജ്‌ഞ ചെയ്‌തേക്കും. സത്യപ്രതിജ്‌ഞാത്തീയതി ഗവര്‍ണറുമായി കൂടിയാലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കുമെന്നു സംസ്‌ഥാനസമിതി യോഗത്തിനുശേഷം സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പുനഃസംഘടനയില്‍ മന്ത്രിമാരായ സി. രവീന്ദ്രനാഥിനും കെ.ടി. ജലീലിനും ചില വകുപ്പുകള്‍ നഷ്‌ടമാകും. രവീന്ദ്രനാഥ്‌ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസവകുപ്പ്‌ വിഭജിക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ്‌ ജലീലിനു കൈമാറും. രവീന്ദ്രനാഥ്‌ പൊതുവിദ്യാഭ്യാസമന്ത്രിയായി തുടരും. ജലീല്‍ കൈകാര്യം ചെയ്യുന്ന തദ്ദേശസ്വയംഭരണവകുപ്പ്‌ എ.സി. മൊയ്‌തീനു നല്‍കും. നിലവില്‍ മൊയ്‌തീനാണു വ്യവസായമന്ത്രി.
രവീന്ദ്രനാഥിനു പൊതുവിദ്യാഭ്യാസത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനാണ്‌ ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതല ജലീലിനു നല്‍കിയതെന്നു കോടിയേരി പറഞ്ഞു. ചീഫ്‌ വിപ്പിനു ക്യാബിനറ്റ്‌ പദവി നല്‍കുന്നതില്‍ സി.പി.എമ്മിന്‌ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. യു.ഡി.എഫ്‌. ഭരണകാലത്തു പി.സി. ജോര്‍ജിനു കാബിനറ്റ്‌ പദവിയോടെ ചീഫ്‌ വിപ്‌ സ്‌ഥാനം നല്‍കിയതിനെ സി.പി.എം. വിമര്‍ശിച്ചിരുന്നു.
ഇതേക്കുറിച്ചു ചോദ്യമുയര്‍ന്നപ്പോള്‍, അന്ന്‌ 21 മന്ത്രിമാരുണ്ടായിരുന്നെന്നു കോടിയേരി ചൂണ്ടിക്കാട്ടി. നിലവില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍, മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ക്കു ക്യാബിനറ്റ്‌ പദവിയുള്ള കാര്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഉന്നതനേതാവായ വി.എസ്‌. അച്യുതാനന്ദന്‌ ഏതു പദവി കൊടുത്താലും ആരും എതിര്‍ക്കില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. ആര്‍. ബാലകൃഷ്‌ണപിള്ളയ്‌ക്കു മുമ്പുണ്ടായിരുന്ന പദവിതന്നെയാണു നല്‍കിയതെന്നും അദ്ദേഹം ന്യായീകരിച്ചു.

പുനഃസംഘടനപ്രകാരമുള്ള വകുപ്പുകള്‍

ഇ.പി. ജയരാജന്‍: വ്യവസായം, വാണിജ്യം, കായികം, യുവജനക്ഷേമം.
എ.സി. മൊയ്‌തീന്‍: പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, ഗ്രാമവികസനം, ടൗണ്‍ പ്ലാനിങ്‌, പ്രാദേശിക വികസന അതോറിട്ടികള്‍, കില.
സി. രവീന്ദ്രനാഥ്‌: പൊതുവിദ്യാഭ്യാസം
കെ.ടി. ജലീല്‍: ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, വഖഫ്‌, ഹജ്‌.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW