Tuesday, December 11, 2018 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
എ.എസ്‌. അജയ്‌ദേവ്‌
Saturday 11 Aug 2018 01.15 AM

ഏകോപനമില്ലാതെ വകുപ്പുകള്‍ : ചെറുതോണി ഷട്ടറുകള്‍ തുറന്നത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ, ജനങ്ങളെ അറിയിക്കുന്നതില്‍ വീഴ്ച; കടുത്തഭാഷയില്‍ വിമര്‍ശനവുമായി പിണറായി

uploads/news/2018/08/240472/pinarayi-cheru.jpg

തിരുവനന്തപുരം : വകുപ്പുകളുടെ ശീതസമരത്തേത്തുടര്‍ന്ന്‌, കൃത്യമായ മുന്നറിയിപ്പില്ലാതെ ഇടുക്കി, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതില്‍ വന്‍വീഴ്‌ച. അണക്കെട്ട്‌ സുരക്ഷാ അതോറിട്ടിയുടെ പ്രോട്ടോക്കോളും ലംഘിക്കപ്പെട്ടു. റവന്യൂ, ജലസേചനം, കെ.എസ്‌.ഇ.ബി, ദുരന്തനിവാരണ അതോറിട്ടി വകുപ്പുകളുടെ യോജിപ്പില്ലായ്‌മ ആശയക്കുഴപ്പത്തിനിടയാക്കി.

ദുരന്തപ്രതിരോധ മുന്നൊരുക്കങ്ങള്‍ നടത്താത്ത വകുപ്പുകളെ മുഖ്യമന്ത്രി കടുത്തഭാഷയില്‍ വിമര്‍ശിച്ചു. ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ചിരുന്നെങ്കില്‍ ജനത്തിന്‌ ഇത്ര ഭീതിയോ അസാധാരണസംഭവങ്ങളോ ഉണ്ടാകില്ലായിരുന്നെന്നു മുഖ്യമന്ത്രി വകുപ്പുമേധാവികളോടു പറഞ്ഞു. മന്ത്രിമാര്‍ മാതൃകാപരമായി വിഷയങ്ങളില്‍ ഇടപെടാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അണക്കെട്ട്‌ സുരക്ഷാ അതോറിട്ടിയുടെ പ്രോട്ടോക്കോള്‍ പ്രകാരം ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കണം.
തുറന്നുവിടുന്ന വെള്ളത്തിന്റെ ഒഴുക്കനുസരിച്ച്‌ ജനങ്ങളെ സുരക്ഷിതസ്‌ഥാനത്തേക്കു മാറ്റാന്‍ സാവകാശം നല്‍കണം. എന്നാല്‍, ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. മുന്‍കൂട്ടി നിശ്‌ചയിച്ച്‌ അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താനാകില്ലെന്നായിരുന്നു കെ.എസ്‌.ഇ.ബിയുടെ നിലപാട്‌. മൂന്നു ഷട്ടര്‍ എങ്കിലും തുറക്കണമെന്നാണു കെ.എസ്‌.ഇ.ബി. ആവശ്യപ്പെട്ടത്‌. ട്രയല്‍ റണ്ണിന്‌ 24 മണിക്കൂര്‍ മുമ്പ്‌ മുന്നറിയിപ്പു നല്‍കുമെന്നും 50 സെന്റീമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ്‌ വെള്ളമേ ഒഴുക്കൂവെന്നുമാണു ജനങ്ങളെ അറിയിച്ചിരുന്നത്‌. എന്നാല്‍, ആദ്യ ഷട്ടര്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്കു 12.30-നു തുറക്കുന്നതുപോലും ജനമറിഞ്ഞതു രണ്ടുമണിക്കൂര്‍ മുമ്പാണ്‌. ഇതോടെ ജലസേചനവകുപ്പും ദുരന്തനിവാരണ അതോറിട്ടിയും ആശയക്കുഴപ്പത്തിലായി.
അണക്കെട്ടിലേക്കു ക്രമാതീതമായ ഒഴുക്കുണ്ടെന്നും ഉരുള്‍പൊട്ടല്‍കൂടി ഉണ്ടായ സ്‌ഥിതിക്ക്‌ ഷട്ടര്‍ തുറക്കുകയേ മാര്‍ഗമുള്ളൂവെന്നും കെ.എസ്‌.ഇ.ബി. നിലപാടെടുത്തു.

ഇതോടെയാണ്‌ അണക്കെട്ട്‌ തുറക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയത്‌. ഇന്നലെ ഉച്ചയോടെ അഞ്ചു ഷട്ടറും തുറന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കാലതാമസമുണ്ടാകുമെന്നു വ്യക്‌തമായതോടെയാണു സംസ്‌ഥാന ദുരന്തനിവാരണ അതോറിട്ടി ദേശീയ ദുരന്തനിവാരണസേനയുടെ സഹായം തേടിയത്‌. സൈന്യത്തോടും സഹായമാവശ്യപ്പെട്ടു. അണക്കെട്ട്‌ തുറക്കുന്ന കാര്യത്തില്‍ വൈദ്യുതിമന്ത്രി എം.എം. മണിയും ജലവിഭവമന്ത്രി മാത്യു ടി. തോമസും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു.

കസ്‌റ്റോഡിയനായ റവന്യൂ വകുപ്പിന്റെ നിസംഗത മൂലമാണു ദുരന്തനിവാരണ അതോറിട്ടിക്കു സ്വതന്ത്രതീരുമാനമെടുക്കാന്‍ കഴിയാതെപോയത്‌.

Ads by Google
എ.എസ്‌. അജയ്‌ദേവ്‌
Saturday 11 Aug 2018 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW