Wednesday, November 21, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.08 AM

ഉത്‌കണ്‌ഠയുമായി സുപ്രീം കോടതി അഭയകേന്ദ്രങ്ങളിലെ പീഡനം എന്ന്‌ തീരും?

uploads/news/2018/08/240362/1.jpg

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ബിഹാറിലും അഭയകേന്ദ്രങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ സുപ്രീം കോടതി ഉത്‌കണ്‌ഠ പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ എന്നാണ്‌ അവസാനിപ്പിക്കാന്‍ കഴിയുകയെന്നും ജസ്‌റ്റിസുമാരായ മദന്‍ ബി. ലോകുര്‍, എസ്‌. അബ്‌ദുള്‍ നസീര്‍, ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ബെഞ്ച്‌ ചോദിച്ചു. അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുകവേയാണു കോടതിയുടെ പരാമര്‍ശം.
ഉത്തര്‍പ്രദേശിലെ പ്രതാപ്‌ഗഡിലുള്ള അഭയകേന്ദ്രത്തില്‍നിന്ന്‌26 സ്‌ത്രീകളെ കാണാതായ സംഭവം പരാമര്‍ശിച്ച്‌, എന്താണിവിടെ നടക്കുന്നതെന്നു കോടതി ചോദിച്ചു. എങ്ങനെയാണ്‌ ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുക?, എന്നാണ്‌ ഇതിനൊരു അവസാനമുണ്ടാകുക?"- കോടതി ചോദിച്ചു. പ്രതാപ്‌ഗഡിനു പുറമേ യു.പിയിലെതന്നെ ദിയോറിയായിലും ബിഹാറിലെ മുസാഫര്‍പുരിലും സര്‍ക്കാര്‍ ഇതരസംഘടനകള്‍ നടത്തുന്ന അഭയകേന്ദ്രങ്ങളില്‍ അടുത്തിടെ സ്‌ത്രീകളും പെണ്‍കുട്ടികളും പീഡനത്തിനിരയായിരുന്നു.
രാജ്യത്തെ ശിശുസംരക്ഷണകേന്ദ്രങ്ങളുടെ പട്ടികയും അവരുടെ സാമൂഹികാവസ്‌ഥയും സംബന്ധിച്ച റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷയെന്ന്‌ കേസില്‍ കോടതിയെ സഹായിക്കുന്ന അമിക്കസ്‌ ക്യൂറി അഡ്വ. അപര്‍ണാ ഭട്ട്‌ പറഞ്ഞു. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചു. ഇതേത്തുടര്‍ന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി. സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകളുണ്ട്‌. അതിനര്‍ത്ഥം, ഓരോന്നിനും വെവ്വേറെ അഭിഭാഷകര്‍ ഹാജരാകണമെന്നല്ല. ഈ കേസില്‍ വനിതാ-ശിശുക്ഷേമ മന്ത്രാലയം മാത്രമേ കക്ഷിചേരേണ്ടതുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷത്തെ സുപ്രീം കോടതി ഉത്തരവുപ്രകാരം രാജ്യത്തെ ശിശുസംരക്ഷണകേന്ദ്രങ്ങളെക്കുറിച്ചു ദേശീയ ബാലാവകാശ കമ്മിഷന്‍ കണക്കെടുപ്പ്‌ നടത്തിവരുകയാണെന്നും എന്നാല്‍, ബിഹാറും യു.പിയുമടക്കം ചില സംസ്‌ഥാനങ്ങള്‍ ഇതിനോടു സഹകരിക്കുന്നില്ലെന്നും അമിക്കസ്‌ ക്യൂറി ബോധിപ്പിച്ചു. ബിഹാര്‍, യു.പി, മേഘാലയ, അരുണാചല്‍ പ്രദേശ്‌, ത്രിപുര, മിസോറം സംസ്‌ഥാനങ്ങള്‍ കണക്കെടുപ്പു നടത്താന്‍ അനുവദിച്ചില്ലെന്നു കമ്മിഷന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ പീഡനം നടന്ന സ്‌ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ നവംബറില്‍ റദ്ദാക്കിയതാണെങ്കിലും ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു.
ശിശുഭവനുകളുടെയും അഭയകേന്ദ്രങ്ങളുടെയും സാമൂഹിക സര്‍വേ ദ്രുതഗതിയില്‍ നടക്കുകയാണെന്നും ഇതിനകം 3000 സ്‌ഥാപനങ്ങളില്‍ പരിശോധന നടത്തിയെന്നും ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഒരാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കാമെന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. ബിഹാര്‍, തെലങ്കാന, പുതുച്ചേരി തുടങ്ങി ചില സംസ്‌ഥാനങ്ങള്‍ മാത്രമേ ഇനി കേന്ദ്രത്തിനു വിവരങ്ങള്‍ നല്‍കാനുള്ളൂ. എന്നാല്‍, വിവരങ്ങളെല്ലാം കൈമാറിക്കഴിഞ്ഞതായി ഇവയില്‍ ചില സംസ്‌ഥാനങ്ങളുടെ അഭിഭാഷകരും അവകാശപ്പെട്ടു. ഇത്തരം സ്‌ഥാപനങ്ങളിലെ ഫണ്ട്‌ വിനിയോഗം, അന്തേവാസികളുടെ ജീവിതനിലവാരം എന്നിവയുള്‍പ്പെടെ വിശദമായ സോഷ്യല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വനിതാ-ശിശുക്ഷേമ മന്ത്രാലയത്തെ കോടതി ചുമതലപ്പെടുത്തി.
കേസില്‍ 21-നു വീണ്ടും വാദം കേള്‍ക്കും. രാജ്യത്തെ അനാഥാലയങ്ങളുടെയും ശിശുഭവനുകളുടെയും ഡാറ്റാ ബേസ്‌ തയാറാക്കാന്‍ കഴിഞ്ഞവര്‍ഷം മേയിലാണു സുപ്രീം കോടതി ഉത്തരവിട്ടത്‌.

Ads by Google
Saturday 11 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW