Thursday, June 27, 2019 Last Updated 50 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 03.50 PM

ജന്മപാപങ്ങളും മോക്ഷങ്ങളും

uploads/news/2018/08/240323/joythi100818a.jpg

ആര്യ ദ്രാവിഡ സംസ്‌കാരങ്ങള്‍ മുതല്‍ മനുഷ്യര്‍ പാപമോക്ഷഗതിക്കായി പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. മരിച്ച പിതൃക്കള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ? അവര്‍ നമുക്ക് അനുകൂലമാണോ? എല്ലാ മരണങ്ങള്‍ക്കും പാപങ്ങള്‍ക്കും ബലികര്‍മ്മങ്ങള്‍ മാത്രമാണോ പരിഹാരങ്ങള്‍?

ശരീരത്തില്‍ ആത്മാവ് അല്ലെങ്കില്‍ ജീവന്‍ വിട്ടുപോകുമ്പോള്‍ ഹിന്ദു സംസ്‌കാരമനുസരിച്ച് ശേഷക്രിയകള്‍ പലവിധം അനുഷ്ഠിക്കുന്നു. വര്‍ഗ്ഗങ്ങള്‍ക്കും ദേശങ്ങള്‍ക്കും അനുസൃതമായി ചില വ്യത്യാസങ്ങള്‍ വരുന്നുവെന്ന് മാത്രം. മനുഷ്യായുസ്സ് 120 വര്‍ഷമാണെന്നിരിക്കെ പ്രായാധിക്യത്താലുള്ള മരണങ്ങള്‍ക്ക് നാം വലിയ ഗൗരവം കാണിക്കുന്നില്ല.

പക്ഷേ, ആയുധം, വിഷം, അഗ്നി, ജലം, മൃഗം, വൈദ്യുതി, കയറ്, തുണി മുതലായ ദോഷകരമായ രീതിയില്‍ ജീവനെ വേര്‍പെടുത്തുന്ന മരണങ്ങള്‍ ദോഷമാണെന്ന് വിധിക്കുന്നു. പക്ഷേ, മരിച്ച ദിവസം, നക്ഷത്രം, സമയം, തീയതി ഇവ ശ്രദ്ധിക്കാറുമില്ല. ജനിച്ച സമയം എല്ലാവരും ശ്രദ്ധിക്കും. പക്ഷേ, മരിച്ച സമയം ആരും ഓര്‍ത്തുവയ്ക്കാറില്ല. മക്കളുടെ അവധിയനുസരിച്ച് എപ്പോഴെങ്കിലും അടക്കം ചെയ്യുന്നു. അടക്കം ചെയ്യുന്നതിനുള്ള സമയം മരിച്ച സമയമാണെന്ന് ആരും ചിന്തിക്കുന്നുമില്ല.

വസുപഞ്ചകദോഷം, പിണ്ഡനൂല്‍, ബലിനക്ഷത്രം, കരിനാള്‍, അന്തിക്കുളള മരണം തുടങ്ങിയ സാധാരണ ദോഷങ്ങള്‍ക്ക് പൊതുവായി ഒരു കര്‍മ്മം ചെയ്യുന്നു. ഇവിടെ മരണകാരണം അല്ലെങ്കില്‍ പ്രേതത്തിന്റെ അവസ്ഥ ധര്‍മ്മദൈവങ്ങളുടെ കോപം, തന്റെ കര്‍മ്മദോഷം ഇവയൊക്കെ പ്രശ്‌ന ചിന്തയിലൂടെ കണ്ടെത്തി പരിഹാരങ്ങള്‍ ചെയ്യാതെ അടക്കപ്പെടുന്നു.

ഉദാഹരണമായി മലമൂര്‍ത്തി ബന്ധനത്തില്‍ നില്‍ക്കുന്ന കണക്കു തെറ്റിയ ഗൃഹം, സ്ഥാനപ്പിഴവ്, ദിക്കിനി, അനുയോജ്യമായ കണക്കില്‍പ്പെടുത്താത്ത ഗൃഹം, അലാഹപ്പെട്ട ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്ത ഭൂമി ഇവിടൊക്കെ താമസിച്ചാല്‍ മുകളില്‍ പറഞ്ഞ പ്രകാരമുള്ള സംഭവങ്ങള്‍ ഉണ്ടാകാം. ഇവയുടെയൊക്കെ മോക്ഷങ്ങള്‍ക്കായി ഒരു കര്‍ക്കടകബലി മതിയാകുമോ? ജന്മാന്തരങ്ങളായി മാതാപിതാക്കളും അവരുടെ തലമുറയും ആരാധിച്ചിരുന്ന മൂര്‍ത്തികള്‍, ദേവീദേവന്മാര്‍.

യോഗീശ്വരമന്ത്രാ കിന്നരമൂര്‍ത്തികള്‍ ഇവരൊക്കെയും പൂജാദികള്‍ ഇല്ലെങ്കില്‍ നാശങ്ങള്‍ തന്നെ നമുക്ക് സമ്മാനിക്കും. അപ്പോള്‍ നമ്മള്‍ മറ്റു വിശ്വാസങ്ങളിലേക്കു പോകയും രണ്ടുംകൂടി യോജിക്കാതെ വീണ്ടും ആശയക്കുഴപ്പങ്ങളിലകപ്പെടുകയും ചെയ്യുന്നു.

പാപമോക്ഷഗതിക്കായി പിതൃക്കള്‍ മാത്രം തൃപ്തരായാല്‍ തീരുന്നില്ല. ധര്‍മ്മദൈവം ബാധസ്ഥാനത്ത് നില്‍ക്കയാണെങ്കില്‍ അതിനുള്ള പരിഹാരം ആദ്യം ചെയ്യണം. ആരൂഢസ്ഥാനമാണെങ്കില്‍ ഉത്തമനായ ആചാര്യനാല്‍ ചെയ്യുക.

പിതൃദോഷങ്ങള്‍ മാത്രം കൊണ്ട് ഒരു കുടുംബം നശിക്കില്ല. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് തന്നാല്‍ കഴിയുംവിധം ജീവിതസുഖവും സമാധാനവും നല്‍കുക, ജന്മത്തെ പഴിചാരി സ്വന്തം ഉത്തരവാദിത്തങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കാതിരിക്കുക. ഒരു കുട്ടി ജനിച്ചു 12 വയസ്സുവരെ മാത്രമല്ല അതിനു ശേഷവും മാതാപിതാക്കള്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം അനുഭവപ്പെടും.

മണ്‍മറഞ്ഞവരെ അവരുടെ പ്രവൃത്തിദോഷം പറഞ്ഞ് പ്രാകി സ്വന്തം ഉത്തരവാദിത്വത്തിലും കര്‍മ്മങ്ങളില്‍നിന്നും രക്ഷപ്പെടുന്ന കുടുംബങ്ങള്‍ ഉണ്ട്. അവരൊക്കെ വീണ്ടും പടുകുഴിയിലേക്കാണെന്ന് അവരറിയുന്നില്ല.

കുലദൈവങ്ങളേയും പിതൃക്കളേയും സംരക്ഷിക്കാനും ആചരണങ്ങളില്‍ വിശ്വസിക്കാനും ആധുനിക തലമുറ ഇന്നു തയ്യാറല്ല. കാരണം വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും അവര്‍ക്ക് മുത്തശ്ശിക്കഥകളാണ്.

ഇവിടെയൊക്കെയും വര്‍ഷങ്ങളായി അനുഷ്ഠിച്ചിരുന്ന ആചാരങ്ങള്‍ തകരുകയാണ്; ഒപ്പം കുടുംബവും- എന്തിനുവേണ്ടി? സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കോ, പാശ്ചാത്യ സംസ്‌കാരങ്ങള്‍ക്ക് വേണ്ടിയോ? ഉത്തരം കിട്ടാതെ ചോദ്യമായി അവശേഷിക്കുന്നു.

പാപികളായി ആരും ജനിക്കുന്നില്ല, വിധിച്ച കര്‍മ്മങ്ങളില്‍ പിഴവുപറ്റുന്നത് മഹാപാപമായിത്തീരുകയാണ്. മുന്‍ തലമുറകള്‍ ചെയ്ത പിഴവുകള്‍ ഒരു പരിധിവരെ നമ്മെയും വേട്ടയാടും. അപ്പോള്‍ നാം ജന്മംതന്ന മാതാപിതാക്കളെ പഴിക്കുന്നു. തന്റെ കര്‍മ്മത്തെ മാത്രം പഴിക്കുന്നില്ല. വൈരാഗ്യബുദ്ധിയാല്‍ ശേഷക്രിയകള്‍ ചെയ്യാത്ത എത്രയോ കുടുംബങ്ങള്‍ ഉണ്ട് ഓര്‍ക്കുക. നീ അളന്ന കോലിനാല്‍ ഒരുനാള്‍ നീയും അളക്കപ്പെടും.

മക്കള്‍ നശിപ്പിക്കുന്ന ഗൃഹങ്ങള്‍ ഉണ്ട്, ഇവരെല്ലാം കൂടി ഭ്രാന്താലയമാകുന്ന ഗൃഹങ്ങള്‍ ഉണ്ട്. ഇവിടെയെല്ലാം മക്കളും മാതാപിതാക്കളും അവരുടെ തലമുറയെ പഴിക്കുന്നു. ഒരിക്കലെങ്കിലും താന്‍ ചെയ്യേണ്ടത് താന്‍ ചെയ്തുവെന്ന് ചിന്തിക്കുന്നില്ല.

അവനവന്റെ പ്രവൃത്തികളും കടമകളും യഥാസമയം പൂര്‍ത്തീകരിക്കാതെ ജീവിതത്തിന്റെ നല്ലഭാഗങ്ങള്‍ അല്പസുഖഭോഗങ്ങള്‍ക്കായി മാറ്റുകയും മദ്ധ്യപ്രായമാകുമ്പോള്‍ ജീവിതവും കുടുംബവും കൈവിട്ടുപോവുകയും അവസാനം മദ്യത്തില്‍ അഭയം പ്രാപിക്കുകയും ചെയ്യുന്നു. ഇവയൊക്കെ പിത്യദോഷങ്ങളാണോ? ഇവര്‍ക്കൊക്കെ മരണശേഷം എങ്ങനെ ശാന്തി നേടാന്‍ കഴിയും.

ഭവനം ഒരു ദേവാലയമായി കാണുക. നമ്മള്‍ നേടിയതെല്ലാം അവരില്‍നിന്നുമാണെന്ന് വിശ്വസിക്കുക. മുറജപങ്ങള്‍ മുടങ്ങാതെ ചെയ്യുക പിതൃക്കളെയും കുലദൈവങ്ങളെയും വിധിയനുസരിച്ച് ആചരിക്കുക. പ്രാര്‍ത്ഥനയോടെ വരും തലമുറയ്ക്കായി ജീവിക്കുക.

മുരളി വാസു ആചാര്യ
ശ്രീ ശങ്കരാചാര്യ പീഠം
മൊ: 9744046143

Ads by Google
Friday 10 Aug 2018 03.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW