Wednesday, June 12, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 11.39 AM

ഇഷ്ടമാണ് നാടിന്റെ നന്മ: മാനസ രാധാകൃഷ്ണന്റെ സൗന്ദര്യത്തിനു പിന്നില്‍

''കൗതുകം നിറഞ്ഞ ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മാനസ രാധാകൃഷ്ണന്‍ ആരോഗ്യസംരക്ഷണത്തിലും ഏറെ ശ്രദ്ധ നല്‍കാറുണ്ട്. അഭിനയവും നൃത്തവും ഇഷ്ടപ്പെടുന്ന മാനസയുടെ ആരോഗ്യവിശേഷങ്ങള്‍...''
uploads/news/2018/08/240280/StarHealthmanasa100818.jpg

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഏഴുവയസുകാരിയുടെ അതേ നിഷ്‌കളങ്ക ഭാവവും ശാലീനതയും മാനസയുടെ മുഖത്ത് തെളിഞ്ഞു നില്‍ക്കുന്നു.

'വികടകുമാരനി'ലൂടെ നായികയായി അരങ്ങേറ്റം കുറച്ച മാനസ രാധാകൃഷ്ണന്‍ ആരോഗ്യസൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധനല്‍കാറുണ്ട്. ടിയാന്‍, കാറ്റ്, വികടകുമാരന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാനസ രാധാകൃഷ്ണന്റെ ആരോഗ്യവിശേഷങ്ങള്‍.

തുടക്കം ബാലതാരമായി


പത്താം ക്ലാസ് വരെ ദുബായില്‍ ആയിരുന്നു പഠിച്ചത്. വെക്കേഷനു മാത്രമേ നാട്ടില്‍ വരുമായിരുന്നുള്ളൂ. ഒരുപ്രാവശ്യം വെക്കേഷനു നാട്ടില്‍ വന്നപ്പോഴാണ് 'കണ്ണുനീരിനു മധുരം' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചത്. അന്നെനിക്ക് ഏഴ് വയസേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു തുടക്കം. പിന്നീട് 'കടാക്ഷം' എന്ന ചിത്രം ചെയ്തു. അതിനുശേഷമാണ് 'വില്ലാളിവീരനില്‍' അഭിനയിച്ചത്.

'ടിയാനി'ല്‍ ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചു. ടിയാന്റെ സെറ്റില്‍ വച്ചാണ് 'കാറ്റ്' എന്ന ചിത്രത്തെക്കുറിച്ച് മുരളി ചേട്ടന്‍ (മുരളി ഗോപി) സൂചിപ്പിക്കുന്നത്. അതിനു ശേഷമാണ് 'വികടകുമാരന്‍' ചെയ്യുന്നത്. വീട്ടില്‍ അമ്മമ്മയ്ക്കും പപ്പയ്ക്കുമാണ് സിനിമ കൂടുതല്‍ താല്‍പര്യം. അമ്മൂമ്മയെ ഞാന്‍ അമ്മമ്മ എന്നാണ് വിളിക്കുന്നത്. എന്റെ അമ്മയുടെ അമ്മയാണ്.

മമ്മയ്ക്ക് പഠനം കൃത്യമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്റെ ഇഷ്ടങ്ങള്‍ക്ക് എതിര്‍പ്പു പറയാറില്ല. പപ്പയും അമ്മമ്മയും നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട്. ചെയ്ത സിനിമകളൊക്കെ അവര്‍ നന്നായി ആസ്വദിക്കാറുമുണ്ട്. വീട്ടില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്.

നാട്ടിലെ അന്തരീക്ഷം ഇഷ്ടമാണ്


പ്ലസ് വണ്‍ മുതല്‍ നാട്ടിലാണ് പഠിച്ചത്. ഇപ്പോള്‍ എന്‍ജിനീയറിങ് ഒന്നാം വര്‍ഷം കഴിഞ്ഞു. ചെറുപ്പത്തില്‍ വെക്കേഷന്‍ സമയത്ത് നാട്ടില്‍ വരാന്‍ ഇഷ്ടമായിരുന്നു. വെക്കേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ വിഷമമായിരുന്നു. ദുബായില്‍ എല്ലാവരുമായി ഇടപെടാനൊന്നും സമയം കിട്ടാറില്ല. ഫ്‌ളാറ്റില്‍ ആയതുകൊണ്ട് ഒരുപാട് ആളുകളുമായി സംസാരിക്കാന്‍ സാധിക്കില്ല. എനിക്ക് എല്ലാവരോടും സംസാരിച്ച് നടക്കാന്‍ ഇഷ്ടമാണ്.
uploads/news/2018/08/240280/StarHealthmanasa100818a.jpg

വെക്കേഷന്‍ സമയത്ത് നാട്ടില്‍ വരുമ്പോള്‍ ബന്ധുക്കളും ഉണ്ടാകും. ഓണം നാട്ടില്‍ ആഘോഷിച്ചിട്ടാണ് തിരിച്ച് പോകുക. അതുകൊണ്ട് നാട്ടില്‍ വരുന്നത് സന്തോഷമായിരുന്നു. ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയതു കൊണ്ട് ബന്ധുക്കളെയൊക്കെ എപ്പോഴും
കാണാം.

പഠനവും നാട്ടില്‍ തന്നെയായതുകൊണ്ട് ഒരുപാട് സുഹൃത്തുക്കളെ കിട്ടി. സിനിമ റിലീസ് ആകുമ്പോള്‍ എന്നെക്കാള്‍ ആകാംഷ കൂട്ടുകാര്‍ക്കാണ്. നാട്ടിലെ അന്തരീക്ഷം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ദുബായും കേരളവും ഒരുപോലെ പ്രിയപ്പെട്ടതാണ്. പക്ഷേ നാട്ടിലെ രീതികളും കാലാവസ്ഥയുമൊക്കെയായി ഞാന്‍ കുറച്ചു കൂടി വേഗം പൊരുത്തപ്പെട്ടു.

മമ്മയും അമ്മമ്മയും അഭിപ്രായം പറയാറുണ്ട്


സിനിമയില്‍ എത്തിയതിനു ശേഷം ജീവിതശൈലിയില്‍ പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. കഥാപാത്രം മികച്ചതാക്കാന്‍ നന്നായി പ്രയത്‌നിക്കണമെന്നു മനസിലാക്കി. അതുമാത്രമാണ് ഗൗരവമായി വന്ന മാറ്റം. മുന്‍പ് ഇത്രയും പേരുടെ കഷ്ടപ്പാട് ഒരു സിനിമയ്ക്ക് പിന്നില്‍ ഉണ്ടെന്ന് വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു.

ഷൂട്ടിനു പോകുമ്പോള്‍ അമ്മമ്മയും മമ്മയും എനിക്കൊപ്പം വരാറുണ്ട്. ഞങ്ങള്‍ മൂന്നുപേരും കൂടിയാണ് പോകുക. മമ്മ എനിക്ക് അത്യാവശ്യം ഫ്രീഡം നല്‍കാറുണ്ട്. ഷൂട്ട് കണ്ടിട്ട് ഒരുപാട് നിര്‍ദേശങ്ങളൊന്നും പറയാറില്ല.

വീട്ടില്‍ വന്നതിനു ശേഷം ചില ഷോട്ടുകള്‍ അല്‍പം കൂടി നന്നാക്കാമായിരുന്നു എന്നു പറയാറുണ്ട്. ഓരോ സീനും മമ്മ കാണുന്നത് എനിക്കൊരു സമാധാനമാണ്. എങ്ങനെയുണ്ടായിരുന്നു എന്നു മമ്മ പറയുമ്പോഴാണ് ഒരു ആശ്വാസം. അമ്മമ്മ പക്ഷേ അങ്ങനെയല്ല. അപ്പോള്‍ തന്നെ കുറച്ചുകൂടി ശരിയാകാനുണ്ടെന്നു പറയും. അമ്മമ്മയും മമ്മയും പറയുന്ന അഭിപ്രായം പോസിറ്റീവോ നെഗറ്റീവോ ആയാലും സ്വീകരിക്കാറുണ്ട്.

ഭക്ഷണപ്രിയയാണ്


ചെറുപ്പത്തില്‍ നല്ല വണ്ണമുണ്ടായിരുന്നു. നന്നായി ഭക്ഷണം കഴിക്കാറുണ്ട്. എല്ലാതരം ഭക്ഷണങ്ങളും പരീക്ഷിക്കാറുണ്ട്. ഭക്ഷണം കഴിക്കാന്‍ അത്രയ്ക്ക് ഇഷ്ടമാണ്. ഇടയ്ക്ക് അല്‍പം മെലിഞ്ഞു. ഇപ്പോള്‍ വീണ്ടും അല്‍പം വണ്ണം വച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ശരീരഭാരം കൂടുന്ന ശരീരപ്രകൃതമാണ്.
രണ്ടുമൂന്ന് ദിവസം ബിരിയാണി കഴിക്കുകയാണെങ്കില്‍ നന്നായി വണ്ണം വയ്ക്കും.

അങ്ങനെ വണ്ണം കൂടിയാല്‍ പിന്നീടുള്ള ഒരാഴ്ച ശരീരഭാരം നിയന്ത്രിക്കാന്‍ തണ്ണിമത്തന്‍ കഴിക്കും. ധാരാളം വെള്ളവും കുടിക്കും. ചോറ് വേണമെന്നു നിര്‍ബന്ധമില്ല. രസം, അവിയല്‍, മുട്ടയും ഉണ്ടെങ്കില്‍ ചോറ് കഴിക്കും. ഈ കറികളൊക്കെ ചേര്‍ന്ന കോംബിനേഷന്‍ എനിക്ക് ഇഷ്ടമാണ്. അല്ലാത്ത ദിവസങ്ങളില്‍ ചപ്പാത്തി കഴിക്കും.

വെജിറ്റേറിയനും നോണ്‍വെജും കഴിക്കും. വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ സാമാധാനത്തോടെ കഴിക്കാല്ലോ. ശരീരഭാരം കൂടുമെന്ന ഭയം വേണ്ട. പിന്നെ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ഹെല്‍ത്തിയായിട്ടുള്ള വിഭവങ്ങള്‍ കഴിക്കാറുണ്ട്. നോണ്‍വെജില്‍ ചിക്കന്‍ മാത്രമേ കഴിക്കാറുള്ളൂ. ഫ്രൂട്ട്‌സും ജ്യൂസും കഴിക്കാറുണ്ട്. എന്റെ ഇഷ്ടഭക്ഷണം ചപ്പാത്തിയും പനീര്‍ കറിയുമാണ്.

uploads/news/2018/08/240280/StarHealthmanasa100818b.jpg

മമ്മ ഇടയ്‌ക്കൊക്കെ നെയ്യ് ചോറും ചിക്കന്‍കറിയും ഉണ്ടാക്കി തരും. അതും എന്റെ ഇഷ്ടഭക്ഷണങ്ങളില്‍ ഉള്‍പ്പെടും. അമ്മമ്മ ഉണ്ടാക്കുന്ന രസം, അവിയല്‍, മീന്‍കറി ഇതു മൂന്നുമുണ്ടെങ്കില്‍ മറ്റു കറികളൊന്നും വേണ്ട. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് പ്രിയം.

പുറത്തൊക്കെ പോയി കഴിക്കുമ്പോഴാണ് വീട്ടിലെ ഭക്ഷണത്തിന്റെ രുചിയറിയുന്നത്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം സമാധാനത്തോടെ കഴിക്കാം. വൃത്തിയെക്കുറിച്ചും ടെന്‍ഷന്‍ വേണ്ട. മമ്മ സ്‌നേഹത്തോടെ ഉണ്ടാക്കി തരുന്ന ഭക്ഷണമല്ലേ. അതിനു സ്വാദ് കൂടും.

ഡാന്‍സും ഗിറ്റാറും


ദുബായില്‍ ആയിരുന്നപ്പോള്‍ ആശാ ശരത്തിന്റെ ഇന്‍സ്റ്റിറ്റിയൂറ്റിലാണ് ഭരതനാട്യം പഠിച്ചത്. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ നൃത്തം പഠിച്ചു. നാട്ടില്‍ വന്നതിനുശേഷം ഗിറ്റാര്‍ പഠിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ഓരോ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ ഡാന്‍സ് ചെയ്യുമായിരുന്നു. അങ്ങനെയാണ് പപ്പയും മമ്മയും ഡാന്‍സ് പഠിക്കാന്‍ വിട്ടത്.

പക്ഷേ, എനിക്ക് കുറച്ചു കൂടി താല്‍പര്യം സിനിമാറ്റിക് ഡാന്‍സായിരുന്നു. മമ്മയ്ക്ക് ക്ലാസിക്കല്‍ ഡാന്‍സായിരുന്നു ഇഷ്ടം. പഠിച്ചു തുടങ്ങിയപ്പോള്‍ ഭരതനാട്യം എനിക്ക് ഇഷ്ടമായി. മെയ്‌വഴക്കത്തിനൊക്കെ ക്ലാസിക്കല്‍ ഡാന്‍സ് ഒരുപാട് സഹായിച്ചിട്ടുണ്ട്.

ദുബായില്‍ നമ്മുടെ നാട്ടിലുള്ളതുപോലെ യൂത്ത് ഫെസ്റ്റിവല്‍ ഇല്ല. ടാലന്റ്‌സ് ഡേ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനൊക്കെ പങ്കെടുത്തിട്ടുണ്ട്. ഒഴിവു സമയം വീട്ടില്‍ തന്നെ ചെലവഴിക്കാനാണ് താല്‍പര്യം. ഡാന്‍സ് പ്രാക്ടീസ് ചെയ്യും.

വര്‍ക്കൗട്ട് ചെയ്യാറുണ്ട്


ക്ലാസുള്ള ദിവസം വൈകുന്നേരമാണ് ജിമ്മില്‍ പോകുക. ഫ്‌ളോര്‍ എക്‌സര്‍സൈസ്, ട്രെഡ്മില്‍, വെയറ്റ് ലിഫ്റ്റിങ് ഇവയൊക്കെ ചെയ്യാറുണ്ട്. ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. സൈക്ലിങ് പോകാറുണ്ട്. പിന്നെ ഞാനും കസിനും കൂടി ഡാന്‍സ് ചെയ്യാറുണ്ട്.

ഓരോ പാട്ട് സെലക്ട് ചെയ്ത് ഡാന്‍സ് ചെയ്യും. അതും നല്ലൊരു വ്യായാമമാണ്. ഡാന്‍സ് ചെയ്തു കഴിയുമ്പോള്‍ നന്നായി വിയര്‍ക്കും. ശരീരഘടനയും ലഭിക്കും. സമയം കിട്ടുമ്പോള്‍ ബാറ്റ്മിന്റണ്‍ കളിക്കാറുണ്ട്.

സൗന്ദര്യസംരക്ഷണങ്ങളൊന്നും കാര്യമായിട്ടില്ല. മുഖക്കുരു വരുമ്പോള്‍ സ്‌കിന്‍ ശ്രദ്ധിക്കാറുണ്ട്. മുഖക്കുരു വരാതിരിക്കാന്‍ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കും. എണ്ണ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കും. മുട്ട കഴിക്കുന്നതു ഒഴിവാക്കും. അമ്മമ്മ കടലമാവ് മുഖത്ത് പുരട്ടാന്‍ തയാറാക്കി തരും.
സൗന്ദര്യസംരക്ഷണമെന്നു പറയാന്‍ അതു മാത്രമാണ് ചെയ്യുന്നത്. ചെറുപ്പം മുതല്‍തന്നെ നീളമുള്ള മുടിയുണ്ട്.

uploads/news/2018/08/240280/StarHealthmanasa100818c.jpg

ചെറുപ്പത്തിലൊന്നും മുടിയുടെ സംരക്ഷണത്തിനു ഒന്നും തന്നെ ചെയ്തിരുന്നില്ല. ഈയിടെയായി മുടി അല്‍പം കൊഴിഞ്ഞുതുടങ്ങി. അതുകൊണ്ട് മുടിയുടെ സംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. ഷാംപൂ ചെയ്യുന്നതു കുറച്ചു.

ഫംങ്ഷനുണ്ടെങ്കിലോ അല്ലെങ്കില്‍ പുറത്തുപോകേണ്ട അവസരങ്ങളില്‍ മാത്രമേ ഷാംപൂ ചെയ്യാറുള്ളൂ. വീട്ടില്‍ തന്നെ തയാറാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നത്.

ഇടയ്ക്ക് തേങ്ങാപ്പാല്‍ മുടിയില്‍ പുരട്ടാറുണ്ട്. ആല്‍മണ്ടും ഒലിവ് ഓയിലും ചേര്‍ത്ത് മുടിയില്‍ പുരട്ടും. മമ്മയാണ് മുടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. മുടികൊഴിയുന്നുണ്ടെന്ന് ഞാന്‍ ശ്രദ്ധിക്കുന്നതിനു മുന്‍പ് മമ്മ മനസിലാക്കി. മമ്മ തന്നെ എണ്ണ തയാറാക്കി പുരട്ടി തരും.

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW