Wednesday, November 14, 2018 Last Updated 57 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.19 AM

വീണ്ടും മഴ: ജാഗ്രത വേണം

uploads/news/2018/08/240248/editorial.jpg

കാലവര്‍ഷം വീണ്ടും അതിശക്‌തമായിരിക്കുകയാണ്‌. കേരളത്തിലുടനീളം ജനജീവിതം താറുമാറാകുന്ന വിധം മഴ ദുരിതം വിതയ്‌ക്കുന്നു. ഇത്തരമൊരു അനുഭവം ആദ്യമായതിനാല്‍ കനത്തമഴയെ നേരിടാനുള്ള മുന്‍കരുതല്‍ ജനങ്ങള്‍ എടുത്തിരുന്നില്ല എന്നതാണു സത്യം. ഒരുമാസം മുന്‍പ്‌ ഉണ്ടായ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തില്‍നിന്നു കരകയറി വരുന്നവരെ കൂടുതല്‍ കഷ്‌ടപ്പാടിലാക്കുന്നതായി ഇത്തവണത്തെ മഴ. ഇന്നലെ ഒറ്റ ദിവസം മാത്രം കേരളത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞത്‌ 23 പേരാണ്‌. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വഴിമാറിയൊഴുകിയ പുഴകളുമൊക്കെ മരണകാരണമായി. മുന്‍പുണ്ടായ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയപ്പോള്‍ തന്നെയാണു വീണ്ടും മഴ ആര്‍ത്തലച്ച്‌ എത്തിയതെന്നത്‌ പലതരത്തില്‍ പ്രാധാന്യമുള്ളതാണ്‌. സാധാരണ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ സംഘമെത്തുന്നത്‌ വെള്ളമെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷമായിരിക്കും. അവര്‍ പിന്നീട്‌ ഫോട്ടോയും വീഡിയോയും ഒക്കെ കണ്ടാണു ദുരന്തവും നഷ്‌ടവും ഒക്കെ വിലയിരുത്തുന്നത്‌. ഇത്തവണ അതിനൊപ്പം മഴയുടെ ദുരിതം നേരിട്ട്‌ അനുഭവിക്കാന്‍ കേന്ദ്രസംഘത്തിനു കഴിയും.

കനത്തമഴ ഒന്നുരണ്ടു ദിവസം കൂടിയുണ്ടാവുമെന്നാണു സൂചന. മഴക്കെടുതി ഉണ്ടായ ഇടങ്ങളിലും കുഴപ്പമുണ്ടാകാനിടയുള്ള സ്‌ഥലങ്ങളിലും ജനങ്ങള്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. വെള്ളക്കെട്ടുകള്‍, ജലാശയങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, മഴവെള്ളം ഒഴുകിയെത്താന്‍ ഇടയുള്ള സ്‌ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുക എന്നത്‌ ഇതില്‍ പ്രധാനമാണ്‌. പഴക്കം ചെന്ന കെട്ടിടങ്ങള്‍, മണ്ണൊലിപ്പ്‌ ഉണ്ടാകാനിടയുള്ള സ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ജനങ്ങള്‍ ശ്രദ്ധയോടെ വേണം ജീവിക്കാന്‍. ജാഗ്രത പുലര്‍ത്തുന്നതു സംബന്ധിച്ച്‌ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുക തന്നെ വേണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ സെല്‍ഫിയെടുക്കാനും മറ്റുമായി ശ്രമിക്കരുതെന്ന അധികൃതര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അതു പാലിക്കാത്തവര്‍ അനേകമാണ്‌. ശ്രദ്ധിക്കുക, ഇത്‌ ടൂറിസത്തിന്റെ കാലമല്ല, ദുരന്തകാലമാണ്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞതു പോലെ സ്‌ഥിതി അതീവ ഗുരുതരമാണ്‌.

കഴിഞ്ഞ മഴ ദുരിതം വിതച്ച കുട്ടനാടിനു സാന്ത്വനമായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ദുരിതബാധിതമായി പ്രഖ്യാപിച്ചിട്ടുള്ള വില്ലേജുകളിലെ കാര്‍ഷിക കടങ്ങള്‍ക്ക്‌ ഒരുവര്‍ഷത്തേക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്‌. മഴയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക്‌ ഇതു വളരെ സഹായകമായിരിക്കും. വെള്ളാപ്പൊക്ക കെടുതി ബാധിച്ച കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്ക്‌ സഹായകരമായ വാപകള്‍ ലഭ്യമാക്കുക, വൈദ്യുതി ചാര്‍ജും വെള്ളക്കരവും മറ്റും അടയ്‌ക്കാനുള്ള കാലാവധി നീട്ടുക എന്നിങ്ങനെ വിവിധ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേന്ദ്ര സര്‍ക്കാരിന്റെ ഉദാരമായ സമീപനമുണ്ടായാലേ വെള്ളക്കെടുതിയില്‍നിന്നു ജനങ്ങളെ രക്ഷിക്കാനാകൂ. കാലവര്‍ഷക്കെടുതിയുടെ രൂക്ഷത കേന്ദ്ര സംഘത്തെ ഗൗരവമായി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം.

Ads by Google
Friday 10 Aug 2018 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW