Wednesday, October 17, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.17 AM

നന്മയുടെ മാര്‍ഗത്തിലേക്ക്‌ ജീവിതം തിരിച്ചുവിടണം

അല്ലാഹു കാരുണ്യവാനാണ്‌. എപ്പോഴും അവന്‍ കാരുണ്യം ചെയ്‌ത്‌ കൊണ്ടിരിക്കുന്നു. നന്മ ചെയ്യുന്നവര്‍ക്കും തിന്മ ചെയ്യുന്നവര്‍ക്കും ജീവിക്കാനുള്ള ചുറ്റുപാടുകള്‍ ഒരുക്കിത്തരുന്നത്‌ അവന്റെ കാരുണ്യത്തിന്റെ പ്രകടനമാണ്‌. നമുക്ക്‌ കിട്ടുന്നതൊക്കെ അവന്റെ കാരുണ്യത്തില്‍ നിന്നാണെന്ന തിരിച്ചറിവ്‌ ഉണ്ടാവലാണ്‌ ഒരു ബുദ്ധിമാന്‌ ആദ്യം വേണ്ടത്‌. അതിലൂടെ നന്മയുടെ മാര്‍ഗത്തിലേക്ക്‌ ജീവിതം തിരിച്ചുവിടാന്‍ കഴിയണം. ഞാന്‍ തെറ്റു ചെയ്‌തിട്ടും എനിക്ക്‌ ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന്‌ പറഞ്ഞ്‌ അഹങ്കാരിയായി മാറരുത്‌ നാം. അല്ലാഹുവിന്റെ കാരുണ്യത്തിനായി കൊതിക്കുന്ന നാമും കാരുണ്യവാന്മാരാകാന്‍ ശ്രമിക്കണം. ഭൂമിയിലുള്ളവരോട്‌ കാരുണ്യം ചെയ്യാത്തവന്‌ ആകാശത്തിലുള്ളവര്‍ കാരുണ്യം ചെയ്യില്ലെന്ന നബി(സ)തങ്ങളുടെ വചനം നാം മനസിരുത്തി വായിക്കേണ്ടതുണ്ട്‌.
നന്മയുടെ വഴിയിലേക്ക്‌ ഒരാളെ നയിക്കാനാകുക എന്നതാണ്‌ ഒരാള്‍ക്ക്‌ ചെയ്‌ത്‌ കൊടുക്കാനാകുന്ന ഏറ്റവും വലിയ കാരുണ്യം. നരകത്തിന്റെ ഭയാനകതകളില്‍ നിന്ന്‌ ഒരു സഹോദരന്‌ മോചനമാകാന്‍ നാം കാരണമായാല്‍ അതാകും അയാള്‍ക്ക്‌ ചെയ്‌ത്‌ കൊടുക്കാനാകുന്ന ഏറ്റവും വലിയകാരുണ്യം.
അല്ലാഹുവിന്റെ കാരുണത്തില്‍ ഏറ്റവും വലുത്‌ പുണ്യ തിരുമേനി(സ) തങ്ങളാണ്‌. നരകത്തിന്റെ അടിത്തട്ടിലേക്ക്‌ നിപതിക്കുമായിരുന്ന ഒരു സമൂഹത്തിന്‌ തിരുനബി(സ)യിലൂടെ അല്ലാഹു കാരുണ്യത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്തു. അവിടുത്തെ യഥാര്‍ത്ഥ അനന്തരാവകാശികളായ മഹത്തുക്കളും ഇതേ കാരുണ്യത്തിന്റെ വക്‌താക്കളാണ്‌. സ്വഹാബികള്‍ തിരുനബി(സ) തങ്ങളിലൂടെ അല്ലാഹുവിന്റെ കാരുണ്യത്തെ അനുഭവിച്ചെങ്കില്‍ പില്‍ക്കാലക്കാര്‍ക്ക്‌ നബി(സ)തങ്ങളുടെ അനന്തരാവകാശികളിലൂടെ മാത്രമേ ഈ കാരുണ്യം അനുഭവിക്കാന്‍ കഴിയുകയുള്ളു എന്ന തിരിച്ചറിവ്‌ നമുക്കുണ്ടാകണം. അവരിലൂടെ അല്ലാഹുവിന്റെ യഥാര്‍ത്ഥ കാരുണ്യം ആസ്വദിക്കാനുള്ള അവസരമാണ്‌ നാം നേടിയെടുക്കേണ്ടത്‌.
അതിനായുള്ള പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും നമ്മില്‍ നിന്ന്‌ ഉണ്ടാകണം.
അല്ലാഹു പ്രാര്‍ത്ഥനകള്‍ക്ക്‌ ഉത്തരം ചെയ്യാന്‍ കാത്തിരിക്കുന്ന സമയങ്ങളില്‍ അതിനായി നാം മടികൂടാതെ അവന്റെ മുന്നില്‍ കൈനീട്ടുക. അവന്‍ തന്റെ കാരുണ്യത്തിന്റെ കേന്ദ്രങ്ങളായ മഹത്തുക്കളിലേക്ക്‌ നമ്മെ എത്തിക്കുക തന്നെചെയ്യും.

Ads by Google
Friday 10 Aug 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW