Sunday, August 12, 2018 Last Updated 18 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.02 AM

ഇന്ത്യ - ഇംഗ്ലണ്ട്‌ ടെസ്‌റ്റ് ക്രിക്കറ്റ്‌ പരമ്പര : ലോര്‍ഡ്‌സിലും 'കര്‍ക്കിടകം'

uploads/news/2018/08/240229/s1.jpg

ലണ്ടന്‍: ഇംഗ്ലണ്ടിലെ 'കര്‍ക്കിടക'പ്പെയ്‌ത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ് മുടങ്ങി. ഇന്നലെ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ആരംഭിച്ച മത്സരത്തിന്റെ ആദ്യ ദിനം കനത്ത മഴയെത്തുടര്‍ന്ന്‌ ഒരു പന്തു പോലും എറിയാനാകാതെ ഉപേക്ഷിച്ചു.
രാവിലെ മുതല്‍ ആരംഭിച്ച മഴ വൈകുന്നേരം വരെ നിര്‍ത്താതെ പെയ്‌തതോടെ ടോസ്‌ പോലും ഇടാനായില്ല. ഇന്നു രാവിലെ മത്സരം അര മണിക്കൂര്‍ നേരത്തെ ആരംഭിക്കും.
അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരം 31 റണ്‍സിനു തോറ്റ ഇന്ത്യ 1-0ന്‌ പിന്നിട്ടു നില്‍ക്കുകയാണ്‌.
ബിര്‍മിങാമില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ജയത്തോടടുത്ത ഇന്ത്യ 31 റണ്ണിനാണു തോറ്റത്‌്്. രണ്ടാം ടെസ്‌റ്റിലും ജയിച്ച്‌ പരമ്പരയില്‍ മേല്‍ക്കൈ നേടാനുറച്ചാണ്‌ ഇംഗ്ലണ്ട്‌ കളിക്കാനിറങ്ങുക. ലോഡ്‌സിലെ പിച്ചില്‍ പച്ചപ്പ്‌ ഏറെയുള്ളത്‌ പേസ്‌ ബൗളിങ്ങിന്‌ പ്രതീക്ഷ നല്‍കുന്നു. മഴയും കൂടിയെത്തിയതോടെ പിച്ച്‌ പേസ്‌ ബൗളര്‍മാരെ കാര്യമായി സഹായിക്കുമെന്നു കരുതുന്നു.
മത്സരം പുരോഗമിക്കുമ്പോള്‍ സ്‌പിന്നിനെ പിന്തുണയ്‌ക്കുമെന്ന ലോര്‍ഡ്‌സ് പിച്ചിന്റെ സ്വഭാവം മാറാനും സാധ്യതയുണ്ട്‌. ഇത്‌ ഇന്ത്യക്ക്‌ തിരിച്ചടിയായേക്കും. നേരത്തെ പിച്ചിന്റെ ഈ സ്വഭാവം മുന്നില്‍ക്കണ്ട്‌ രണ്ടാം സ്‌പിന്നറെ കളിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇന്ത്യ. പേസര്‍ ഉമേഷ്‌ യാദവിനെ ഒഴിവാക്കി ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ്‌ യാദവിനു അവസരം നല്‍കാനായിരുന്നു തീരുമാനം.
അതേസമയം ആദ്യ ദിനം ഉപേക്ഷിച്ചെങ്കിലും രണ്ടാം ടെസ്‌റ്റിനുള്ള ഇന്ത്യന്‍ ടീമിനെക്കുറിച്ച്‌ അവ്യക്‌തത തുടരുകയാണ്‌.
ബാറ്റിങ്‌ ലൈനപ്പാണ്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയെ അലട്ടുന്നത്‌. ടെസ്‌റ്റ് സ്‌പെഷലിസ്‌റ്റ് ചേതേശ്വര്‍ പൂജാരയെ കളിപ്പിക്കാതിരുന്നതു വിമര്‍ശിക്കപ്പെട്ടിരുന്നു. ലോകേഷ്‌ രാഹുലാണു പകരം കളിച്ചത്‌.
പൂജാര മൂന്നാം നമ്പര്‍ സ്‌ഥാനത്തേക്കു തിരിച്ചുവരുമെന്നാണു കരുതുന്നത്‌. 2015 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ പൂജാര മൂന്നാമനായിരുന്നു. ഒന്നാം ടെസ്‌റ്റില്‍ ശിഖര്‍ ധവാന്‍ 26, 13 റണ്ണും ലോകേഷ്‌ രാഹുല്‍ നാല്‌, 13 റണ്ണുമായി നിറംമങ്ങിയതും പൂജാരയുടെ സാധ്യത വര്‍ധിപ്പിച്ചു. അതേ സമയം തല്‍സ്‌ഥിതി തുടരാനും ആലോചനയുണ്ട്‌.
ഡേവിഡ്‌ മാലാനെയും ബെന്‍ സ്‌റ്റോക്‌സിനെയും ഒഴിവാക്കിയാണ്‌ ഇംഗ്ലണ്ട്‌ കളിക്കാനിറങ്ങുന്നത്‌. 20 വയസുകാരനായ ഒലിവര്‍ പോപി ഇന്ന്‌ അരങ്ങേറ്റം കുറിക്കുമെന്നാണു സൂചന.
ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌, സാം കുറാന്‍ എന്നിവരാണു പേസര്‍മാര്‍. ലോഡ്‌സില്‍ നടന്ന കഴിഞ്ഞ ഒന്‍പത്‌ ടെസ്‌റ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ്‌ ഇംഗ്ലണ്ടിനു ജയിക്കാനായത്‌.
ടീം: ഇന്ത്യ- വിരാട്‌ കോഹ്ലി (നായകന്‍), ശിഖര്‍ ധവാന്‍, മുരളി വിജയ്‌, ലോകേഷ്‌ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ദിനേഷ്‌ കാര്‍ത്തിക്‌, ഋഷഭ്‌ പന്ത്‌, കരുണ്‍ നായര്‍, ഹാര്‍ദിക്‌ പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുംറ.
ടീം: ഇംഗ്ലണ്ട്‌ - ജോ റൂട്ട്‌ (നായകന്‍), അലിസ്‌റ്റര്‍ കുക്ക്‌, കെയ്‌റ്റണ്‍ ജെന്നിങ്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ്‌ ബട്ട്‌ലര്‍, ഒലിവര്‍ പോപ്‌, മൊയിന്‍ അലി, ആദില്‍ റഷീദ്‌, ജാമി പോര്‍ട്ടര്‍, സാം കുറാന്‍, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌, ക്രിസ്‌ വോക്‌സ്.

Ads by Google
Friday 10 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW