തിരുവനന്തപുരം : അഴിമതിയില്‍ മുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് കോളജുകളിലെ കോമേഴ്സ് അധ്യാപക നിയമനത്തിനു കോഴയായി ചിലര്‍ ലക്ഷങ്ങള്‍ കൈപ്പറ്റി. എല്‍.ഡി. ക്ലാര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ ഇടനിലക്കാര്‍ ഉദ്യോഗാര്‍ഥികളെ സമീപിച്ചതോടെ മുന്നറിയിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ട് രംഗത്തെത്തി.
കോമേഴ്സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ വന്‍തിരിമറി നടന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ആവശ്യപ്പെട്ട പണം നല്കാനാവാതെ വന്നതോടെ അഭിമുഖത്തില്‍ പങ്കെടുത്ത മൂന്നു പി.എച്ച്ഡി. യോഗ്യതയുള്ളവരും ലിസ്റ്റില്‍നിന്ന് പുറത്തായി.
അവശേഷിക്കുന്ന ഒന്‍പതു പേര്‍ക്കും പി.എച്ച്ഡി. യോഗ്യതയില്ല. അഭിമുഖത്തില്‍ പങ്കെടുത്ത സബ്ജറ്റ് എക്സ്പേര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ മേയ് 31 ന് അവസാനിച്ചെന്നും ആക്ഷേപമുണ്ട്.
അഴിമതി ലക്ഷ്യമിട്ട് ഇവരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ കാര്യവട്ടം കാമ്പസില്‍നിന്നു കൊണ്ടു വന്ന് അഭിമുഖം നടത്തുകയായിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ ഒരാള്‍ കോളജ് പ്രിന്‍സിപ്പലിന്റെ സഹോദരനാണ്. ദേവസ്വം ഭരണസമിതിയിലെ ഒരംഗം പ്രിന്‍സിപ്പലിന്റെ അടുപ്പക്കാരനാണ്. ഇതില്‍ ഇടനിലക്കാരനായത് കോളജിന്റെ കാര്യങ്ങള്‍ നോക്കുന്ന ബോര്‍ഡിലെ ഉദ്യോഗസ്ഥനാണെന്നാണ് വിവരം.
ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലാര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് രണ്ടു ലക്ഷത്തോളം അപേക്ഷകര്‍ ഉണ്ടാകുമെന്നാണു സൂചന. അപേക്ഷകരെ നേരില്‍കണ്ട് ഇടനിലക്കാര്‍ ഇടപാട് ഉറപ്പിക്കുകയാണ്. അഞ്ചു ലക്ഷം രൂപ മുതലാണ് ഇതിനായി ആവശ്യപ്പെടുന്നത്. തുക ലഭിച്ചാല്‍ പരീക്ഷയിലും അഭിമുഖത്തിലും വിജയിപ്പിച്ച് ജോലി വാങ്ങിക്കൊടുക്കുമെന്നാണ് വാഗ്ദാനം. ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പ്രതിനിധകള്‍ എന്നാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി തട്ടിപ്പ് തടയാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചു.
തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു മന്ത്രി തന്നെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിര്‍ദേശിച്ചു. തട്ടിപ്പുകാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെയും നിയമനങ്ങളുടെ ചുമതല കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനാണ്.
ദേവജാലിക എന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് സോഫ്റ്റ് വെയര്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ റാങ്ക് പട്ടിക തയ്യാറാക്കുന്നത് വരെ. പി.എസ്.സി. മാതൃകയിലുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യമായ ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിട്ടില്ല. ചോദ്യപേപ്പര്‍ മുന്‍കൂര്‍ നല്‍കാമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഉദ്യോഗാര്‍ഥികളില്‍നിന്നു പണം വാങ്ങുന്നുവെന്ന വിവരത്തെത്തുടര്‍ന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് അഡ്വ. എം.രാജഗോപാലന്‍ നായര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
അഴിമതിക്ക് ഇടയില്ലാത്ത വിധമുള്ള സംവിധാനമാണ് ദേവസ്വം നിയമനത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു. പരാതിയുള്ളവര്‍ തന്റെ ഇ മെയില്‍ വിലാസത്തില്‍ ( kadakampallysurendran99gmail.com ) അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.