Sunday, March 24, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.52 AM

ഓര്‍മപ്പൂക്കളുമായി കലൈജ്‌ഞര്‍ക്കു മുമ്പില്‍ ആയിരങ്ങള്‍

uploads/news/2018/08/240165/d5.jpg

ചെന്നൈയില്‍നിന്ന്‌ : സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും 2 എ ബസില്‍ കയറിയിരുന്നപ്പോള്‍ കണ്ടക്‌ടര്‍ ഒന്നേ ചോദിച്ചുള്ളൂ. "അണ്ണാ ടിക്കറ്റ്‌ സമാധിയിലേക്ക്‌ താനാ" (ടിക്കറ്റ്‌ സമാധിയിലേക്ക്‌ തന്നെയല്ലേ). ആ ചോദ്യത്തിനര്‍ത്ഥം പിന്നെയാണു മനസിലായത്‌. മുന്നിലും പിന്നിലും ഇരുന്നവര്‍ക്കെല്ലാം പോകേണ്ടത്‌ അങ്ങോട്ടുതന്നെ. കടലിരമ്പങ്ങള്‍ ആഞ്ഞടിക്കുന്ന തീരത്ത്‌ ശാന്തമായി ഉറങ്ങുന്ന കലൈജ്‌ഞറുടെ സമാധിയിലേക്ക്‌.
ആറ്‌ രൂപ ടിക്കറ്റും വാങ്ങിയിരുന്നപ്പോള്‍ ബസ്‌ നീങ്ങിയത്‌ കഴിഞ്ഞദിവസം പതിനായിരങ്ങളെക്കൊണ്ട്‌ വീര്‍പ്പുമുട്ടിയ വഴിയിലൂടെയാണ്‌. രണ്ട്‌ സ്‌റ്റോപ്പുകള്‍ക്കപ്പുറത്ത്‌ രാജാജി ഹാള്‍.
കഴിഞ്ഞദിവസം തമിഴ്‌ മക്കളുടെ തലൈവരുടെ സംസ്‌കാരത്തിനു മുമ്പുള്ള വിടപറയല്‍ വേദി. ലക്ഷങ്ങളാണ്‌ പോലീസിന്റെ സകല നിയന്ത്രണങ്ങളെയും മറികടന്ന്‌ കഴിഞ്ഞദിവസം അവിടേക്ക്‌ ഇരമ്പിയാര്‍ന്നെത്തിയത്‌. തിരക്കിനിടയില്‍ നഷ്‌ടപ്പെട്ടത്‌ ജീവനുകള്‍. പരുക്കേറ്റ്‌ ആശുപത്രിയില്‍ കിടക്കുന്നത്‌ നിരവധിപേര്‍. അതിന്റെ ബാക്കിപത്രമെന്നോണം ചിതറിക്കിടക്കുന്ന ചെരുപ്പുകള്‍. തകര്‍ന്ന പോലീസ്‌ ബാരിക്കേഡുകള്‍. തലൈവരുടെ വിലാപയാത്ര നടന്ന വഴിയിലൂടെ ബസ്‌ മുന്നോട്ടുപോയപ്പോള്‍ കണ്ടക്‌ടറുടെ അറിയിപ്പ്‌ അണ്ണ ഇങ്കെ വരെ സര്‍വീസ്‌. അവിടെനിന്ന്‌ ഇറങ്ങി അണ്ണാ സമാധിയിലേക്ക്‌. കഴിഞ്ഞദിവസത്തെ ക്ഷോഭത്തിന്റെ ആലസ്യത്തിലായിരുന്നു മറീന ബീച്ച്‌. അവിടെ കടല്‍ക്കരയില്‍ ജനങ്ങളുടെ നടുവില്‍ ആദ്യം എം.ജി.ആര്‍. അരികില്‍ ജയലളിത. അതിനപ്പുറം അണ്ണാദുരൈ. അതിനോട്‌ ചേര്‍ന്ന്‌ തലയുയര്‍ത്തിപ്പിടിച്ചിരിക്കുന്ന കരുണാനിധിയുടെ ചിത്രം. തൊട്ടുതാഴെ പൂക്കള്‍നിറഞ്ഞ ശവകുടീരം.
തലൈവരുടെ സമാധിയിലേക്ക്‌ കയറും മുമ്പേ പൂക്കളുമായി മാരിയമ്മ എത്തി. "സര്‍ തലൈവരുടെ പാദങ്ങളില്‍ പൂവിടുങ്കെ സര്‍". പൂക്കളുടെ പണം ചോദിച്ചപ്പോള്‍ "വേണ്ട സര്‍" എന്നു മറുപടി. "അങ്കെ ഉറങ്കത്‌ തലൈവര്‍ താനെ" എന്നു പറഞ്ഞ്‌ മാരിയമ്മ അടുത്തയാളുടെ അടുത്തേക്കു നടന്നകന്നു. പൂക്കച്ചവടക്കാരിയായ മാരിയമ്മ തന്റെ കൈവശമുള്ള പൂക്കളെല്ലാം ആളുകള്‍ക്ക്‌ നല്‍കിവിടുകയാണ്‌.
തലൈവര്‍ക്ക്‌ ഇന്നും അവരുടെ മനസില്‍ ദൈവങ്ങള്‍ക്കൊപ്പമാണ്‌ സ്‌ഥാനം. ആയിരങ്ങളാണ്‌ ഓര്‍മ്മപ്പൂക്കളുമായി തലൈവരുടെ ശവകുടീരത്തിലേക്ക്‌ ഇന്നലെ പുലര്‍ച്ചേ മുതല്‍ എത്തിയത്‌. ശവകുടീരത്തില്‍ കുന്നുകൂടിയ പൂക്കള്‍ പ്രവര്‍ത്തകര്‍ മാറ്റിക്കൊണ്ടേയിരിക്കുന്നു. ഇന്നലെ പുലര്‍ച്ചേ നാലുമണിമുതല്‍ ആളുകള്‍ ശവകുടീരത്തിലേക്ക്‌ പ്രാര്‍ത്ഥനകളുമായി എത്തിക്കൊണ്ടിരുന്നു. പോലീസ്‌ പലപ്പോഴും വടംകെട്ടിയാണ്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്‌ തുടരുകയാണ്‌. വൈകുന്നേരം പെയ്‌ത കനത്ത മഴയിലും ആളുകള്‍ പിരിഞ്ഞുപോകാന്‍ തയാറായിട്ടില്ല. കനത്ത പോലീസ്‌ സുരക്ഷ തുടരുകയാണ്‌.
ഗോപാലപുരത്തെ കരുണാനിധിയുടെ വസതി ഇന്നലെയും ശോകമൂകമായിരുന്നു. പ്രധാന നേതാക്കള്‍ക്ക്‌ മാത്രമാണു സന്ദര്‍ശനം അനുവദിച്ചത്‌. സ്‌റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി മടങ്ങി.
കലൈജ്‌ഞറുടെ ഗോപാലപുരത്തെ വസതി ഇനി നിര്‍ധന രോഗികളുടെ ആശ്രയകേന്ദ്രമാണ്‌. നിര്‍ധന രോഗികള്‍ക്ക്‌ ചികില്‍സ നല്‍കുന്ന കേന്ദ്രമായി ഗോപാലപുരത്തെ വസതിയെ മാറ്റണമെന്ന്‌ കരുണാനിധി മുമ്പേ എഴുതിവച്ചിരുന്നു. തമിഴ്‌നാട്‌ പഴയ രീതിയിലേക്ക്‌ എത്തിത്തുടങ്ങി. എന്നാലും അവര്‍ക്കുള്ളില്‍ ബാക്കിയാവുന്ന ഒരു നൊമ്പരമുണ്ട്‌. തലൈവര്‍ ഇനി ആശ്രയത്തിനില്ലല്ലോ എന്ന നൊമ്പരം.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല

തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായിരുന്ന മുത്തുവേല്‍ കരുണാനിധിയുടെ സംസ്‌കാരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കരുണാനിധിക്ക്‌ മറീന ബീച്ചില്‍ സമാധി സ്‌ഥലം അനുവദിക്കാത്ത സംസ്‌ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു ഡി.എം.കെ. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാര്‍ട്ടി സ്‌ഥാപക നേതാവും വഴികാട്ടിയുമായ സി.എന്‍. അണ്ണാദുരൈയുടെ സമാധി സ്‌ഥലത്തിനു തൊട്ടടുത്തു സംസ്‌കരിക്കണമെന്നതു പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു എന്ന്‌ ഡി.എം.കെ. വര്‍ക്കിങ്‌ പ്രസിഡന്റ്‌ എം.കെ. സ്‌റ്റാലിന്‍ അണികള്‍ക്കെഴുതിയ തുറന്ന കത്തില്‍ വ്യക്‌തമാക്കി.
ഇതു നിഷേധിക്കാനാണ്‌ അണ്ണാ ഡി.എം.കെ. സര്‍ക്കാര്‍ തുനിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരുണാനിധിയുടെ സംസ്‌കാരത്തിനായി അഡയാറില്‍ രണ്ടര ഏക്കര്‍ നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്‌ദാനം. മദ്രാസ്‌ ഹൈക്കോടതി ഇടപെട്ടാണു കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍ ഉറപ്പാക്കിയത്‌. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ നേരില്‍ കണ്ട്‌ അപേക്ഷിച്ചെങ്കിലും സ്‌ഥലം നല്‍കാന്‍ തയാറായില്ലെന്നും സ്‌റ്റാലിന്‍ കുറ്റപ്പെടുത്തി.
കരുണാനിധിക്ക്‌ ഉചിതമായ സംസ്‌കാരം നല്‍കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്ന്‌ അണ്ണാ ഡി.എം.കെ. വക്‌താവ്‌ ഡി. ജയകുമാര്‍ പറഞ്ഞു. അണ്ണാ ഡി.എം.കെ. സ്‌ഥാപകന്‍ എം.ജി. രാമചന്ദ്രനാണ്‌ കരുണാനിധിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ചതെന്നും ജയകുമാര്‍ പറഞ്ഞു.
1969 ല്‍ സി.എന്‍. അണ്ണാദുരൈയുടെ മരണത്തോടെയാണ്‌ എം.ജി.ആറിന്റെ പിന്തുണയോടെ കരുണാനിധി മുഖ്യമന്ത്രിയായത്‌. കരുണാനിധി മരിച്ചതിനു പിന്നാലെ പൊതു അവധി പ്രഖ്യാപിച്ചത്‌ സ്‌റ്റാലിന്‍ മറന്നതായി ജയകുമാര്‍ കുറ്റപ്പെടുത്തി.

എം.എസ്‌. സന്ദീപ്‌

Ads by Google
Friday 10 Aug 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW