Wednesday, July 17, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 09.36 AM

ബിഷപ്പ് ഫ്രാങ്കോ എത്രമാന്യന്‍! ഞങ്ങളെ ലൈംഗികമായോ മാനസികമായോ പീഡിപ്പിച്ചിട്ടില്ല; കന്യാമഠങ്ങളില്‍ ഫ്രാങ്കോയ്ക്ക് വേണ്ടി ഒപ്പുശേഖരണം, ബിഷപ്പിനു കവചമൊരുക്കി കേരള കാത്തലിക് കമ്മ്യുണിറ്റിയും

Bishop Franko Mulaykkal

കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യലിനായി കേരളത്തില്‍ നിന്നും പോലീസ് സംഘം ജലന്ധറിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ പ്രതിരോധത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് ബിഷപ്പ്. കന്യാമഠങ്ങള്‍ കേന്ദ്രീകരിച്ച് തന്റെ സ്വഭാവശുദ്ധി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് വാങ്ങിയും പോലീസിനെ നേരിടാന്‍ വിശ്വാസികളെ ബിഷപ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയുമാണ് ബിഷപ്പ് ഫ്രാങ്കോ ആത്മബലം കണ്ടെത്തുന്നത്.

തനിക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രൂപതയിലെ കന്യാസ്ത്രീ മഠങ്ങളില്‍ എല്ലാം ഓരോ ഫോറം എത്തിച്ചുകഴിഞ്ഞു. മഠത്തിലുള്ള ഓരോ അംഗങ്ങളും ഫോറം പൂരിപ്പിച്ച് നല്‍കണം. പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ കന്യാസ്ത്രീകള്‍ പേരും ഒപ്പും മറ്റ് വ്യക്തിഗത വിവരങ്ങളും എഴുതിച്ചേര്‍ത്താല്‍ മാത്രം മതി.

Bishop Franko Mulaykkal

''ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വളരെ നല്ല സ്വഭാവമുള്ളയാളാണ്. എന്നെ അദ്ദേഹം ലൈംഗികമായോ മാനസികമായോ ശാരീരികമായോ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. ലൈംഗികോദ്ദേശ്യത്തോടെ ഒരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. ഏറ്റവും മാന്യനായ വ്യക്തിയാണ് അദ്ദേഹം. ഒരു പിതാവിനെ/സഹോദരെനപോലെയാണ് അദ്ദേഹം എന്നെ കണ്ടിട്ടുള്ളത്. കന്യാസ്ത്രീമഠത്തിലെ ജീവിതത്തിനിടെ പല തവണ ബിഷപ്പിനെ കാണേണ്ടിവന്നിട്ടുണ്ട്. മഠത്തിലെ ചട്ടമനുസരിച്ച് ഒരിക്കലും ഒരു പുരുഷനെ ഒറ്റയ്ക്ക് പോയി കണ്ടാന്‍ പറ്റില്ല. ഒരുകന്യാസ്ത്രീയെങ്കിലും ഒപ്പം കാണും. ഏതു ബിഷപ്പിനെയോ വൈദികനേയോ കാണാന്‍ പോയാലും മറ്റൊരു കന്യാസ്ത്രീ കൂടെ വേണം എന്നാണ് രൂപതയിലെ നിയമം. അത് കര്‍ശനമായ തന്നെ പാലിക്കുന്നുണ്ട്.''

''ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ഏറെ ആദരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ബിഷപ്പ് ഫ്രാങ്കോയെ കുറിച്ച് ഒരു പരാതിയുമില്ല. ഇക്കാലത്തിനുള്ളില്‍ ബിഷപ്പില്‍ നിന്നും മോശമായ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല''-എന്ന സത്യവാങ്മൂലമാണ് കന്യാസ്ത്രീകള്‍ ഒപ്പിട്ട് നല്‍കേണ്ടത്.

അതിനിടെ, കടന്നുപോയത് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നുവെന്നാണ് ജലന്ധറില്‍ നിന്നുള്ള വൈദികര്‍ പറയുന്നത്. പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട് പരിചയമുള്ളവര്‍ക്കെല്ലാം വ്യക്തിപരമായി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു രാത്രി വൈകിയും. വിശ്വാസ സമൂഹത്തിന്റെ നേതാക്കളെ എല്ലാം ഫോണിലും വിളിച്ചു. ബിഷപ്പ് ഹൗസിലേക്ക് പരമാവധി ആളുകളുമായി എത്തണമെന്നാണ് ഇടവക വികാരിമാര്‍ക്ക് നല്‍കുന്ന നിര്‍ദേശം.

ആളുകളോട് ബിഷപ്പ് ഹൗസിനു മുന്നില്‍ എത്താന്‍ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ ആവശ്യപ്പെടുന്നത്. എന്നാല്‍ വൈകാരികമായി പ്രതികരിക്കുന്ന പഞ്ചാബി ജനത പെട്ടെന്ന് അക്രമാസക്തരാകുമെന്നും അദ്ദേഹത്തിന് അറിയാം. വെറും സാധാരണക്കാരായ അവര്‍ക്ക് നേതാക്കളി നിന്ന് കിട്ടുന്ന നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമേ കഴിയൂ. എല്ലാം കഴിഞ്ഞിട്ട് മാത്രം ചിന്തിക്കും. അവരുടെ ഈ അവസ്ഥയെ പലരും ഉപയോഗിച്ചേക്കാമെന്നാണ് ഒരു വിഭാഗം വൈദികരുടെ ഭയം.

വിളിച്ചിട്ടും വരാത്ത വേദഉപദേശികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിളിച്ചുവരുത്തുന്നത്. ഇഷ്ടമല്ലാഞ്ഞിട്ടും ജോലി നഷ്ടപ്പെടുന്ന ഭയംകൊണ്ടുമാത്രമാണ് പലരും ബിഷപ്പ് ഹൗസിലേക്ക് പോകാന്‍ തയ്യാറാകുന്നത്.

ബിഷപ്പ് ഹൗസ് ഇടവക കേന്ദ്രീകരിച്ച് രണ്ടുവര്‍ഷം മുന്‍പ് രൂപീകരിച്ച 'കേരള കാത്തലിക് കമ്മ്യുണിറ്റി' എന്ന സംഘടനയാണ് ബിഷപ്പിനു വേണ്ടി രംഗത്തിറങ്ങിയ മറ്റൊരു കൂട്ടര്‍. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന മലയാളികള്‍ എല്ലാം ബിഷപ്പിന്റെ സ്വഭാവം ബോധ്യപ്പെട്ടതോടെ സംഘടനയില്‍ നിന്ന് വിട്ടുപോയി. രണ്ടു-മൂന്നു വര്‍ഷമായി ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഈ സംഘടനയില്‍ സജീവമെന്ന് കാല്‍നൂറ്റാണ്ടിലേറെയായി ജലന്ധറില്‍ താമസിക്കുന്ന ഒരു മലയാളി കുടുംബം പ്രതികരിച്ചു. ദേരാ സച്ച സൗധ നേതാവ് ഗുര്‍മീത് റാം റഹിം സിംഗിനെ പിടിക്കാന്‍ പോലീസ് വന്നപ്പോള്‍ കണ്ട ഒരുക്കങ്ങളാണ് ഇപ്പോള്‍ ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ നടക്കുന്നതെന്നാണ് സമീപത്തു താമസിക്കുന്ന മലയാളികള്‍ പറയുന്നത്.

Ads by Google
Thursday 09 Aug 2018 09.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW