Thursday, September 13, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.41 AM

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ആഗ്രഹം പോലെ അന്ത്യനിദ്ര

uploads/news/2018/08/239946/2.jpg

ചെന്നൈ:
അനുയായികളുടെ ആഗ്രഹം പോലെ അവരുടെ തലൈവര്‍ക്കു മറീനയിലെ കടല്‍ത്തീരത്ത്‌ അന്ത്യനിദ്ര. അണ്ണാദുരൈക്കൊപ്പം കലൈജ്‌ഞര്‍ക്കും അന്ത്യവിശ്രമസ്‌ഥലം ഒരുക്കണമെന്ന മോഹത്തിനു തടസങ്ങളുയര്‍ന്നതോടെ തമിഴ്‌നാട്‌ ഒന്നടങ്കം ആശങ്കയിലായിരുന്നു.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അണികളുടെ മനസു തണുപ്പിച്ചുകൊണ്ട്‌ കോടതി വിധി. എം. കരുണാനിധിക്കു മറീനബീച്ചില്‍ത്തന്നെ സംസ്‌കാരത്തിന്‌ അനുമതി നല്‍കിയ കോടതി വിധി പൊട്ടിക്കരഞ്ഞുകൊണ്ടാണു സ്‌റ്റാലിനും കനിമൊഴിയുമൊക്കെ കേട്ടത്‌. കോടതിയുടെ അനുമതി കിട്ടുന്നതുവരെ പതിനായിരങ്ങള്‍ പ്രാര്‍ഥനയിലായിരുന്നു. കഴിഞ്ഞ ദിവസം വരെ കലൈജ്‌ഞരുടെ ഉയിരിനുവേണ്ടി ആശുപത്രിക്കു മുന്‍പില്‍ കാവലായി കിടന്നവരാണവര്‍.
മറീനയില്‍ അണ്ണാസമാധിക്കു സമീപം തനിക്കും അന്ത്യനിദ്രയൊരുക്കണമെന്ന്‌ കരുണാനിധി ആഗ്രഹിച്ചിരുന്നു. അവസാനനാളുകളില്‍ കുടുംബാംഗങ്ങളോട്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കരുണാനിധിയുടെ മരണം സ്‌ഥിരീകരിച്ചതിനു പിന്നാലെ മകന്‍ സ്‌റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമിയെക്കണ്ട്‌ പിതാവിനെ മറീനയില്‍ സംസ്‌കരിക്കാന്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അണ്ണാ ഡി.എം.കെ ഇതിനെ എതിര്‍ത്തതോടെ രാത്രി തന്നെ വിഷയം മദ്രാസ്‌ ഹൈക്കോടതിയുടെ മുന്നിലെത്തി.
വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ വാദം രാവിലത്തേക്കു മാറ്റി. മണിക്കൂറുകളുടെ അനിശ്‌ചിതത്വം. കണ്ണീരോടെയാണു ഡി.എം.കെ അനുയായികള്‍ കാത്തിരുന്നത്‌. ഇതിനിടെ കടല്‍ക്കരയില്‍ സംസ്‌കാരം അരുതെന്ന മറ്റു ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു. മറീന ബീച്ചില്‍ സംസ്‌കാരം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അണികള്‍ അക്രമാസക്‌തരാകാന്‍ സാധ്യതയുണ്ടെന്ന ക്യൂബ്രാഞ്ച്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പോലീസ്‌ സുരക്ഷയും ശക്‌തമാക്കിയിരുന്നു.രാവിലെ പത്തരയോടെയാണു മൃതദേഹം പൊതുദര്‍ശനത്തിനുവച്ചിരുന്ന രാജാജി ഹാളിലേക്ക്‌ കോടതിവിധി അനുകൂലമായെന്ന വാര്‍ത്തയെത്തിയത്‌. മൃതദേഹത്തിനരികില്‍ നിന്നിരുന്ന സ്‌റ്റാലിന്‍ കൈകള്‍ മുഖത്തുചേര്‍ത്തു പിടിച്ചു പൊട്ടിക്കരഞ്ഞു. വികാരധീനരായാണു തമിഴ്‌ജനതയും വാര്‍ത്ത കേട്ടത്‌. പലരും കരഞ്ഞുകൊണ്ട്‌ കെട്ടിപ്പിടിച്ചു. കരുണാനിധിയുടെ ചിത്രങ്ങള്‍ മുകളിലേക്ക്‌ ഉയര്‍ത്തി അവര്‍ വീണ്ടും വീണ്ടും വിളിച്ചു- "തലൈവര്‍ വാഴ്‌ക."

Ads by Google
Thursday 09 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW