Thursday, September 13, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.41 AM

അഭിമാനാര്‍ഹമായ ഇന്ത്യന്‍ വിജയം

uploads/news/2018/08/239945/1.jpg

ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്രനിമിഷങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ഇന്ത്യയുടെ 20 വയസ്സില്‍ താഴെയുള്ളവരുടെ ടീം അര്‍ജന്റീന അണ്ടര്‍-20 ടീമിനെ തോല്‍പിച്ചത്‌.
സ്‌പെയിനില്‍ നടക്കുന്ന കോര്‍ട്ടിഫ്‌ കപ്പിലാണ്‌ ഇന്ത്യ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടു ഗോളിനു വീഴ്‌ത്തി ജേതാക്കളായത്‌. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ തോറ്റ്‌ പുറത്തായ ഇന്ത്യക്ക്‌ പക്ഷേ, ഏറെ ആത്മവിശ്വാസം നല്‍കുന്ന വിജയമായിരുന്നു അത്‌. രണ്ടാം പകുതിയില്‍ ഒരാള്‍ നഷ്‌ടപ്പെട്ട്‌ പത്തു പേരുമായി കളിക്കേണ്ടിവന്നിട്ടും ഇന്ത്യ പതറാതെ പോരാടി. നാലാം മിനിറ്റില്‍ ദീപക്‌ താന്‍ഗ്രിയും 68-ാം മിനിറ്റില്‍ അന്‍വര്‍ അലിയും ഇന്ത്യയുടെ ഗോള്‍ നേടി. ആറു തവണ അണ്ടര്‍-20 ലോക ജേതാക്കളാണ്‌ അര്‍ജന്റീന. നിലവില്‍ അര്‍ജന്റീനയുടെ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ലിയോണല്‍ ഷാലോനിയാണ്‌ ഈ ടീമിന്റെയും പരിശീലകന്‍. അധികം താമസിക്കാതെ അവരുടെ ഏറെ പ്രശസ്‌തമായ ദേശീയ ടീമില്‍ കളിക്കാനുള്ളവരാണ്‌ ഈ ടീമിലെ പലരും. അവര്‍ക്കെതിരേയാണ്‌ ഇന്ത്യന്‍ കുട്ടികള്‍ വിജയം കൊയ്‌തതെന്നത്‌ ഏറെ അഭിമാനാര്‍ഹമാണ്‌.
അര്‍ജന്റീനയെ അണ്ടര്‍-20 ടീം തോല്‍പിച്ചതിന്റെ സന്തോഷവാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെയാണ്‌ ജോര്‍ദാനിലെ അമ്മാനില്‍ വെസ്‌റ്റ്‌ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഡബ്യു.എ.എ.എഫ്‌.) ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ അണ്ടര്‍-16 ടീം ഏഷ്യന്‍ ചാമ്പ്യനായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിനും യെമനെ എതിരില്ലാത്ത മൂന്നു ഗോളിനും തോല്‍പിച്ചത്‌. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ്‌ ഇന്ത്യന്‍ ടീം കാഴ്‌ചവച്ചിരിക്കുന്നത്‌. ആദ്യ മത്സരത്തില്‍ ജോര്‍ദാനെ എതിരില്ലാത്ത നാലു ഗോളിനു തോല്‍പിച്ച ഇന്ത്യക്ക്‌ കരുത്തരായ ജപ്പാനെതിരേ തോറ്റെങ്കിലും മികച്ച കളി കാഴ്‌ചവയ്‌ക്കാനായി. തങ്ങളേക്കാള്‍ ശാരീരികക്ഷമത ഏറെയുള്ള ഇറാഖിനെ തോല്‍പിക്കാന്‍ സാധിച്ചുവെന്നത്‌ ഇന്ത്യന്‍ ടീമിന്‌ ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്‌.
ഭാവിയില്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ടീമുകളില്‍ പ്രതീക്ഷ വയ്‌ക്കാമെന്നു തെളിയിക്കുന്നതാണ്‌ ഈ വിജയങ്ങള്‍. രണ്ടു വിജയങ്ങള്‍ നേടുമ്പോഴേക്കും അതില്‍ സന്തോഷിക്കേണ്ടിവരുന്നു എന്നതാണ്‌ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇന്നത്തെ അവസ്‌ഥ എന്നത്‌ ഒട്ടും അഭിമാനിക്കത്തക്കതല്ല. ഈ മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫുട്‌ബോള്‍ ടീമിനെ അയയ്‌ക്കുന്നു പോലുമില്ല. 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിന്റെ സെമിഫൈനല്‍ വരെ എത്തിയ രാജ്യമായ ഇന്ത്യ ആ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നെങ്കില്‍ ഇന്ന്‌ ലോകഫുട്‌ബോളില്‍ ഏറെ മുന്നിലെത്തിയേനേ. പക്ഷേ, എപ്പോഴോ ഇന്ത്യക്ക്‌ ചുവടു പിഴച്ചു. മികച്ച ധാരാളം കളിക്കാരുണ്ടായിരുന്നിട്ടും ഇന്ത്യക്ക്‌ അധികം മുന്നേറാനായില്ല. മികച്ച പരിശീലനത്തിന്റെയും സൗകര്യങ്ങളുടെയും അഭാവമായിരുന്നു പ്രധാനം.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തു വന്നവരില്‍ നല്ലൊരു പങ്കിനും അധികാരം ആസ്വദിക്കാനുള്ള ഒരു മാര്‍ഗം എന്നതില്‍ കവിഞ്ഞ്‌ ഫുട്‌ബോളിനെ വളര്‍ത്താനുള്ളതാണ്‌ പദവി എന്ന ചിന്ത ഉണ്ടായിരുന്നില്ല. ക്രിക്കറ്റിന്‌ കിട്ടിയ അമിത പ്രാധാന്യവും ഫുട്‌ബോളിനു വിനയായി. ഫുട്‌ബോള്‍ പരിശീലനത്തിനു വേണ്ടി വലിയ തുക ചെലവഴിക്കാനുള്ള അവസ്‌ഥയിലായിരുന്നില്ല ഇന്ത്യന്‍ ക്ലബ്ബുകള്‍. ലോകമെമ്പാടും ഫുട്‌ബോള്‍ വലിയ വരുമാനം നല്‍കുന്ന കായിക ഇനമായിരുന്നപ്പോള്‍ ഇന്ത്യയില്‍ നേരേ തിരിച്ചായിരുന്നു അവസ്‌ഥ. എന്നാല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കടന്നു വരവോടെ കാര്യങ്ങള്‍ മാറിയിട്ടുണ്ട്‌. ഇന്ന്‌ പ്രധാന ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക്‌ സ്വന്തമായ നിലനില്‍പുണ്ട്‌. പ്രീ-സീസണ്‍ ടൂര്‍ണമെന്റ്‌ പോലൂം ഇന്ത്യന്‍ മണ്ണില്‍ നടന്നു. ഇന്ത്യയില്‍ ഫുട്‌ബോളിന്‌ കിട്ടിക്കൊണ്ടിരിക്കുന്ന പ്രാധാന്യം മനസ്സിലാക്കി വിദേശ ക്ലബ്ബുകള്‍ ഇവിടത്തെ ക്ലബ്ബുകളില്‍ മുതല്‍ മുടക്കാന്‍ വരുന്നതായും സൂചനയുണ്ട്‌. ആ നല്ല കാലത്തിന്റെ കേളികൊട്ടാകട്ടെ ഇന്ത്യന്‍ ജൂനിയര്‍ ടീമുകളുടെ വിജയം.

Ads by Google
Thursday 09 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW