Saturday, August 11, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 04.29 PM

ജന്മ നക്ഷത്രങ്ങള്‍

'' നക്ഷത്രങ്ങളെക്കുറിച്ചു പറഞ്ഞാല്‍-നവഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും എല്ലാം ഭൂമിയെയും ഭൂമിയിലുള്ള സകല ചരാചര വസ്തുക്കളെയും ജീവജാലങ്ങളെയും സ്വാധീനിക്കുന്നുണ്ട്. രാശിമണ്ഡലത്തില്‍ അനേക സഹസ്രം നക്ഷത്രങ്ങള്‍ ദൃശ്യാദൃശ്യമായി ഉണ്ടെങ്കിലും അവയില്‍ 27 നക്ഷത്രങ്ങളെ മാത്രമേ ജ്യോതിഷത്തില്‍ സ്വീകരിച്ചിട്ടുള്ളൂ. ''
uploads/news/2018/08/239868/joythi080818a.png

മിക്കവാറും എല്ലാവര്‍ക്കും അവരവരുടെ ജന്മനക്ഷത്രം ഏതാണെന്ന് അറിയാവുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ കൃത്യമായ ജനനസമയം, സ്ഥലം, മാസം, തീയതി, വര്‍ഷം ഇവയെ ആധാരമാക്കി ഗ്രഹനില കുറിക്കുമ്പോള്‍ നക്ഷത്രം മാറുന്നതായി കണ്ടുവരുന്നു. ചിലപ്പോള്‍ വിവാഹത്തിന് ജാതകം ഒത്തുനോക്കുമ്പോള്‍ ആകാം.

അല്ലെങ്കില്‍ പഠനത്തിന്റെ ആവശ്യത്തിലേക്ക് ജാതക വിശകലനത്തിന് തുനിയുമ്പോഴും ആകാം. ഇത് ഒരുപക്ഷേ, ജനനസമയത്ത് കലണ്ടറിനെ മാത്രം ആധാരമാക്കി നാളു കുറിച്ചുവയ്ക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഒരുദാഹരണം പറയട്ടെ 2018 ഏപ്രില്‍ മാസം 4-ാം തീയതി കലണ്ടറില്‍ (ചില) കൊടുത്തിരിക്കുന്നത് വിശാഖം നക്ഷത്രം എന്നാണ്.

എന്നാല്‍ അതിന് നേര്‍ക്ക് 2 നാഴിക 50 വിനാഴിക എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുന്നില്ല. ശ്രദ്ധിച്ചാല്‍ത്തന്നെയും അതെക്കുറിച്ച് അറിയില്ല എന്നുള്ളതും പരമാര്‍ത്ഥമാണെന്ന് പറയാം. എന്നാല്‍ അന്ന് സൂര്യോദയത്തിനുശേഷം 2 നാഴിക 50 വിനാഴികയെന്ന് പറഞ്ഞാല്‍ ഉദിച്ച് 7 മണി 31 മിനിറ്റ് വരെ മാത്രമേ 4-ാം തീയതി വിശാഖം നക്ഷത്രം ഉള്ളൂ. അതിനുശേഷം അനിഴം നക്ഷത്രം തുടങ്ങും. അത് 5-ാം തീയതി 9 മണി 19 മിനിറ്റുവരെ ഉണ്ടുതാനും. അപ്പോള്‍ 7 മണി 31 മിനിറ്റിന് ശേഷം 5-ാം തീയതി 9 മണി 19 മിനിറ്റുവരെ ജനിക്കുന്ന കുട്ടി അനിഴം നക്ഷത്രത്തിലാണ് ജനിച്ചതെന്ന് മനസ്സിലാക്കാം.

ഒരു പ്രത്യേക കാര്യം എടുത്തു പറയാനുള്ളത്, ഇത് കേരളത്തിലെ ഉദയം കണക്കാക്കി പറയുന്നതാണ്. സ്ഥലം വ്യത്യാസപ്പെടുന്നതനുസരിച്ച് ഉദയം മാറുമല്ലോ. ഉദയം മുതല്‍ ഉദയം വരെയാണ് ജ്യോതിഷത്തില്‍ ഒരു ദിവസം കണക്കാക്കുന്നത്.

വിദേശത്ത് ജനിക്കുന്ന കുട്ടിയുടെ ലഗ്നവും നക്ഷത്രവും മറ്റും കാണുന്നതിന് അവിടുത്തെ അക്ഷാംശം, രേഖാംശം ഇവ കണ്ട് ഉദയം കണക്കാക്കിത്തന്നെ ചിട്ടപ്പെടുത്തി എടുക്കേണ്ടതാണ്. അല്ലാതെ വിദേശത്ത് ജനിച്ച സമയത്തെ ഇന്ത്യന്‍ സമയം ആക്കി മാറ്റി ഗ്രഹനില കാണുന്നത് ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല. മറിച്ച് തെറ്റാണെന്ന് തന്നെയാണ് എന്റെ വിശ്വാസവും.

ഈയടുത്ത കാലത്തായി ജാതിമത വ്യത്യാസമില്ലാതെ തന്നെ കുഞ്ഞുങ്ങളുടെ ജനനസമയം കൃത്യമായി പറഞ്ഞ് നക്ഷത്രവും കുറഞ്ഞപക്ഷം ഒരു ഗ്രഹനില എങ്കിലും ഉണ്ടാക്കി സൂക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. അതുമല്ലെങ്കില്‍ കൃത്യമായ സമയം കുറിച്ചുവയ്ക്കുന്ന കാര്യത്തിലും ശുഷ്‌കാന്തി കാണിക്കുന്നുണ്ട്. ജനിച്ച നക്ഷത്രം ഏതാണെന്ന് കൃത്യമായി മനസ്സിലാക്കി വയ്ക്കുന്നത് വളരെ നല്ലകാര്യമാണ്.

നക്ഷത്രങ്ങളെക്കുറിച്ചു പറഞ്ഞാല്‍-നവഗ്രഹങ്ങളും 12 രാശികളും 27 നക്ഷത്രങ്ങളും എല്ലാം ഭൂമിയെയും ഭൂമിയിലുള്ള സകല ചരാചര വസ്തുക്കളെയും ജീവജാലങ്ങളെയും സ്വാധീനിക്കുന്നുണ്ട്. രാശിമണ്ഡലത്തില്‍ അനേക സഹസ്രം നക്ഷത്രങ്ങള്‍ ദൃശ്യാദൃശ്യമായി ഉണ്ടെങ്കിലും അവയില്‍ 27 നക്ഷത്രങ്ങളെ മാത്രമേ ജ്യോതിഷത്തില്‍ സ്വീകരിച്ചിട്ടുള്ളൂ.

12 രാശികളിലായി സ്ഥിതി ചെയ്യുന്ന ഈ നക്ഷത്രങ്ങളെ ചന്ദ്രനുമായി ബന്ധപ്പെടുത്തിയാണ് ജ്യോതിഷം പറയുന്നത്.

അതിന് പുരാണത്തില്‍ ഒരു കഥ പറയുന്നത് ഇപ്രകാരമാണ്. അതായത് ദക്ഷപ്രജാപതിയുടെ പുത്രിമാരായ 27 കന്യകമാര്‍ അശ്വതി, ഭരണി, കാര്‍ത്തിക മുതലായ നാമത്തോടുകൂടിയവരെ ചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തുവെന്ന് പറയുന്നു. ഇവര്‍ 12 രാശികളിലായി 2 1/4 നക്ഷത്രം വീതം സ്ഥിതി ചെയ്യുന്നു.

ചന്ദ്രന്‍ ഓരോ രാശിയിലും കടന്നുപോകുമ്പോള്‍, ഓരോ നക്ഷത്രത്തിലൂടെയും കടന്നുപോകുമ്പോള്‍ ആ ദിവസത്തെ നക്ഷത്രമായി മാറുന്നു. വിശദമായി പറഞ്ഞാല്‍ പന്ത്രണ്ടു രാശികളില്‍ ആദ്യത്തെ രാശിയായ മേടം രാശിയില്‍ അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യപാദം ഇവ സ്ഥിതി ചെയ്യുന്നു.

അശ്വതി ദിവസം ചന്ദ്രന്‍ മേടത്തില്‍ അശ്വതി നക്ഷത്രത്തില്‍ എത്തുന്നു. ചന്ദ്രന്‍ എത്തുന്ന കൂറിനെ അല്ലെങ്കില്‍ രാശിയെ ചന്ദ്രക്കൂറ് എന്ന് പറയുന്നു. ഇനിയും 1/4 നക്ഷത്രപാദം എന്താണെന്ന് പറഞ്ഞാല്‍ ഓരോ നക്ഷത്രത്തിനെയും 4 ഭാഗമായി വിഭജിക്കുന്നു. അത് ആ ദിവസത്തെ നാഴിക വിനാഴിക എത്രയാണോ അതനുസരിച്ചായിരിക്കും. 4 ഭാഗങ്ങളെ 4 പാദങ്ങള്‍ അല്ലെങ്കില്‍ 4 കാലുകള്‍ എന്ന് പറയുന്നു.

27 നക്ഷത്രങ്ങളെ 12 ആയി വിഭജിച്ചാല്‍ മുഴുവന്‍ നക്ഷത്രങ്ങളും മറ്റു നക്ഷത്രങ്ങളുടെ പാദങ്ങളും ചേര്‍ന്ന് 9 പാദങ്ങള്‍ ഒരു രാശിയില്‍ ഉണ്ടാകുന്നു. ഇവിടെ മേടക്കൂറില്‍ അശ്വതിയുടെ 4 പാദങ്ങള്‍ ഭരണിയുടെ 4 പാദങ്ങള്‍ കാര്‍ത്തികയുടെ ആദ്യത്തെ ഒരുപാദം ഇങ്ങനെ 9 പാദങ്ങളുണ്ട്.

അടുത്തത് ഇടവക്കൂര്‍ അതായത് ഇടവം രാശിയില്‍ ചന്ദ്രന്‍ കടന്നുപോകുന്നത് കാര്‍ത്തികയുടെ അവസാന 3 പാദങ്ങളും രോഹിണിയുടെ 4 പാദങ്ങളും മകയിരം ആദ്യ രണ്ടു പാദങ്ങളും ചേര്‍ന്നതിലൂടെയാണ്. ഇവിടെ 2 1/4 നക്ഷത്രം തന്നെ വരുന്നു.

ഇങ്ങനെ തുടര്‍ച്ചയായി മീനക്കൂര്‍ വരെ ചന്ദ്രന്‍ എത്തുന്നത് 27 ദിവസം കൊണ്ടാണ്. ഇതിനെ ഒരു ചന്ദ്രമാസം എന്നു പറയുന്നു. അങ്ങനെ 27 ദിവസംകൊണ്ട് 12 രാശിയും സഞ്ചരിച്ച് ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്ക്കുന്നു. ഭൂമി സൂര്യനെ വലംവയ്ക്കുമ്പോള്‍ ചന്ദ്രന്‍ ഭൂമിയെ വലംവയ്ക്കുന്നുവെന്ന കാര്യം അറിയാവുന്നതാണല്ലോ.

നക്ഷത്ര കൃത്യത വിവാഹപ്പൊരുത്തത്തിന് വളരെ അത്യാവശ്യമായ കാര്യമാണ്. കാരണം വിവാഹപ്പൊരുത്തത്തില്‍ നക്ഷത്രപ്പൊരുത്തം പ്രാധാന്യമുള്ളതാണ്. ദിനപ്പൊരുത്തം, ഗണപ്പൊരുത്തം, രാശിപ്പൊരുത്തം, രാശ്യാധിപപ്പൊരുത്തം, വശ്യപ്പൊരുത്തം, മാഹേന്ദ്രപ്പൊരുത്തം, യോനിപ്പൊരുത്തം വശ്യപ്പൊരുത്തം മാഹേന്ദ്രപ്പൊരുത്തം, സ്ത്രീ ദീര്‍ഘപ്പൊരുത്തം, രജ്ജുപ്പൊരുത്തം, വേധം ഇവയിലെല്ലാം നക്ഷത്രവുമായി ബന്ധപ്പെടുത്തി കണക്കാക്കുന്നതാണ്.

ദശാസന്ധിദോഷം കാണുന്നതിനും നക്ഷത്രകൃത്യത ആവശ്യമാണ്. നക്ഷത്രം മാറിയാല്‍ ജന്മശിഷ്ടം തന്നെ കണക്കാക്കാന്‍ ബുദ്ധിമുട്ടാകും. ഇതെടുത്തു പറയാനുള്ള കാരണം ചിലര്‍ സമയം കൃത്യമായി അറിയില്ലെങ്കില്‍ ഇന്ന വര്‍ഷം ഇന്ന മാസം ഇന്ന നക്ഷത്രം എന്ന് പറയാറുണ്ട്. അവിടെയും കൃത്യത പാലിക്കാന്‍ ജ്യോതിഷം നോക്കുന്ന ആളിന് കഴിയാതെവരും.

അതുകൊണ്ട് ഒരു കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ കലണ്ടര്‍ നോക്കി നക്ഷത്രം നിശ്ചയിക്കാതെ അറിവുള്ളവരെ സമീപിച്ച് കൃത്യമായി നോക്കി മനസ്സിലാക്കി വയ്ക്കുക. ജനനസമയം എഴുതി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുക. വരും തലമുറയ്ക്ക് തീര്‍ച്ചയായും അത് ഉപകാരപ്രദമാകും.

സുധാദേവി കെ.
എറണാകുളം
ഫോണ്‍: 9495778369

Ads by Google
Wednesday 08 Aug 2018 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW