Friday, October 19, 2018 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 01.45 AM

കാലാതീതനായ കലൈജ്‌ഞര്‍

uploads/news/2018/08/239758/editorial.jpg

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ തന്നെ അതികായന്റെ വിയോഗമാണ്‌ കരുണാനിധി കടന്നു പോകുന്നതോടെ ഉണ്ടായിരിക്കുന്നത്‌. പതിറ്റാണ്ടുകളോളം തമിഴ്‌ജനതയുടെ ആശയും ആവേശവുമായിരുന്നു കലൈജ്‌ഞര്‍ എന്ന്‌ അവര്‍ ആദരപൂര്‍വം വിളിച്ച മുത്തുവേല്‍ കരുണാനിധി. ആധുനിക തമിഴ്‌നാടിന്റെ സ്രഷ്‌ടാക്കളില്‍ മുന്നില്‍ നില്‍ക്കുന്ന കരുണാനിധി രാഷ്‌ട്രീയത്തില്‍ മാത്രമല്ല, നോവല്‍, കഥ, കവിത, തിരക്കഥ എന്നിവയുടെ രചയിതാവ്‌ എന്ന നിലയിലും വ്യക്‌തിമുദ്രപതിപ്പിച്ചയാളായിരുന്നു. ലേഖനമെഴുത്തുകാരനായും പത്രാധിപരായും നടനായും അദ്ദേഹം തിളങ്ങി. പാവങ്ങള്‍ക്കും പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിച്ച രാഷ്‌ട്രീയ നേതാവ്‌ എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ തമിഴ്‌ ജനത അദ്ദേഹത്തില്‍ ഒരു രക്ഷകനെയാണ്‌ കണ്ടത്‌. തുടര്‍ച്ചയായി വര്‍ഷങ്ങളോളം നിയമസഭയിലേക്ക്‌ അവര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്ത്‌ അയച്ചത്‌ പാവങ്ങളുടെ ഉന്നമനം എന്ന ആഗ്രഹത്തോടെയായിരുന്നു.

പതിനാലാം വയസ്സിലാണ്‌ കരുണാനിധി രാഷ്‌ട്രീയവിഷയങ്ങളില്‍ താത്‌പര്യം കാട്ടിത്തുടങ്ങിയത്‌. സ്വാതന്ത്ര്യ സമരം രാജ്യമെമ്പാടും ആവേശമായി മാറിയ ആ സമയത്ത്‌ കരുണാനിധിയുടെ ഉജ്വല പ്രസംഗങ്ങള്‍ തമിഴ്‌ ഗ്രാമങ്ങളെ ദേശാഭിമാന പ്രചോദിതമാക്കി. തമിഴ്‌ഭാഷാ ദേശീയതയുടെയും വക്‌താവായി ഇതിനകം അദ്ദേഹം മാറിയിരുന്നു. തമിഴ്‌നാടിന്റെ സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന ഇ.വി. രാമസ്വാമി നായ്‌ക്കരുടെ വലംകൈ ആയി കരുണാനിധി മാറിയതോടെയാണ്‌ അദ്ദേഹം രാഷ്‌ട്രീയത്തില്‍ സജീവമാകുന്നത്‌. ഈ സമയത്താണ്‌ സി.എന്‍. അണ്ണാദുരൈയുമായി അദ്ദേഹം അടുക്കുന്നത്‌. അണ്ണാദുരൈ ഡി.എം.കെ. സ്‌ഥാപിച്ചപ്പോള്‍ കരുണാനിധി നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്നു. അണ്ണാദുരൈയുടെ മരണശേഷം ഡീ.എം.കെയിലും തമിഴ്‌നാട്ടിലും കരുണാനിധിയുടെ യുഗം പിറക്കുകയായിരുന്നു.

കരുണാനിധി സൃഷ്‌ടിച്ച കഥാപാത്രങ്ങളിലൂടെയാണ്‌ എം.ജി.ആറും ശിവാജി ഗണേശനുമൊക്കെ തമിഴ്‌നാട്ടില്‍ സൂപ്പര്‍ സ്‌റ്റാറുകളായി വളര്‍ന്നത്‌. സാഹിത്യവുമായി അടുത്ത ബന്ധം പുലര്‍ത്തി എന്നതാണ്‌ കരുണാനിധിയെ മറ്റുള്ള രാഷ്‌ട്രീയക്കാരില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നത്‌. വിവിധ മേഖലകളിലായി നൂറോളം പുസ്‌തകങ്ങളാണ്‌ അദ്ദേഹം രചിച്ചത്‌. തമിഴ്‌ ഗ്രാമങ്ങളിലെ സാമൂഹികാന്തരീക്ഷം നവീകരിക്കുന്നതു സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങളില്‍ അധികവും. ഇവ ഗ്രാമീണരില്‍ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്‌. കവിതകളാകട്ടെ നാട്ടില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരേയുള്ള പടവാളായി. തമിഴ്‌ പെരുമ എന്നും അദ്ദേഹത്തിന്‌ മനസ്സിന്റെ വികാരമായിരുന്നു. തമിഴ്‌ ഭാഷയ്‌ക്കോ തമിഴ്‌നാടിനോ ഗ്ലാനിയുണ്ടാകുന്ന ഒന്നും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ശ്രീലങ്കയില്‍ അടിച്ചമര്‍ത്തല്‍ നേരിട്ട തമിഴ്‌ വംശജര്‍ക്കു വേണ്ടി അദ്ദേഹം എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ഒരുകാലത്ത്‌ വിശ്വസ്‌തനായിരുന്ന എം.ജി. രാമചന്ദ്രന്‍ ഡി.എം.കെയില്‍ നിന്ന്‌ വിട്ടു പോയി എ.ഡി.എം.കെ രൂപീകരിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ പുതിയ ഒരു ശാക്‌തിക ചേരി രൂപം കൊള്ളുകയായിരുന്നു. പിന്നീട്‌ എക്കാലവും തമിഴ്‌ രാഷ്‌ട്രീയത്തെ നിയന്ത്രിച്ചിരുന്നത്‌ ഈ രണ്ട്‌ പാര്‍ട്ടികള്‍ മാത്രമായിരുന്നു. എതിരാളിയായിരുന്നെങ്കിലും എം.ജി.ആറുമായി സൗഹൃദ ബന്ധം കരുണാനിധിക്ക്‌ തുടരാനായി. എന്നാല്‍, എം.ജി.ആറിന്റെ പിന്‍ഗാമിയായ ജയലളിതയും കരുണാനിധിയും അവസാനകാലം വരെയും ശത്രുതയിലായിരുന്നു. ഇരുവരും മത്സരിച്ച്‌ എതിരാളിയെ ജയിലിലാക്കുകയും ചെയ്‌തു. ജയലളിത വലിയ അഴിമതിക്കേസുകളില്‍ കുടുങ്ങിയപ്പോള്‍ കരുണാനിധിയുടെ പേര്‌ അഴിമതിയുമായി അധികം കൂട്ടിക്കെട്ടപ്പെട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്റെ ബന്ധുക്കളും അനുയായികളായ പ്രധാന നേതാക്കളുമൊക്കെ പലതരം അഴിമതികളില്‍ കുടുങ്ങിയത്‌ പാര്‍ട്ടിക്കും അദ്ദേഹത്തിനും ദുഷ്‌പേര്‌ ഉണ്ടാക്കി. കേന്ദ്ര ഭരണത്തില്‍ പങ്ക്‌ കിട്ടാന്‍ ഡി.എം.കെ. ശ്രമിക്കുന്നത്‌ കാല്‍ നൂറ്റാണ്ടായി കാണുന്ന പ്രതിഭാസമായിരുന്നു. ഇതിനായി മുന്നണികള്‍ മാറുന്നതൊന്നും പാര്‍ട്ടിയോ കരുണാനിധിയോ കുറവായി കണ്ടിരുന്നില്ല. മക്കള്‍ രാഷ്‌ട്രീയത്തിന്റെ വക്‌താവായി അദ്ദേഹം അവസാനകാലത്ത്‌ മാറുകയുമുണ്ടായി. അദ്ദേഹത്തിന്റെ മൂന്നു മക്കള്‍ തമിഴ്‌ രാഷ്‌ട്രീയത്തില്‍ പദവികള്‍ നേടി. പാര്‍ട്ടിയിലെ മേധാവിത്വത്തിനായി രണ്ട്‌ മക്കള്‍ പരസ്യമായി പോരടിക്കുന്നതും അദ്ദേഹത്തിനു കാണേണ്ടി വന്നു. ഏതുവിധേനയും ജയലളിതയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 2016-ല്‍ തൊണ്ണൂറ്റിരണ്ടാം വയസ്സിലും അദ്ദേഹം ജനവിധി തേടിയത്‌. വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും ജയലളിത ഭരണം നിലനിര്‍ത്തുന്നത്‌ അദ്ദേഹത്തിനു കാണേണ്ടി വന്നു. ഒരു പക്ഷേ, കരുണാനിധിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും താഴ്‌ന്ന അവസ്‌ഥ അതായിരുന്നിരിക്കണം.

Ads by Google
Wednesday 08 Aug 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW