Monday, April 22, 2019 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 01.43 AM

തമിഴിനു ലഭിച്ച നിധി

uploads/news/2018/08/239757/bft1.jpg

ഇന്ത്യ കണ്ട ഏറ്റവും പ്രായോഗികമതികളായ നേതാക്കളില്‍ ഒരാളായിരുന്നു കരുണാനിധി. 'എന്റെ കൈയില്‍ ഒരു നിധിയേയുള്ളൂ, അതു കരുണാനിധിയാണ്‌'-എന്ന്‌ ഡി.എം.കെ. സ്‌ഥാപകനേതാവ്‌ അണ്ണാദുരൈ എപ്പോഴും പറയുമായിരുന്നു. തമിഴ്‌മക്കള്‍ക്കു ലഭിച്ച നിധിതന്നെയായിരുന്നു കരുണാനിധി. കൈവച്ച മേഖലകളിലെല്ലാം തനതായ വ്യക്‌തിമുദ്ര പതിപ്പിച്ച പ്രതിഭ. കലൈഞ്‌ജര്‍ എന്നാല്‍ തമിഴില്‍ കലാകാരന്‍ എന്നാണര്‍ഥം. കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം സ്‌പര്‍ശിക്കാത്ത മേഖലകളില്ല. നടന്‍, നാടകകൃത്ത്‌, തിരക്കഥ-സംഭാഷണ രചയിതാവ്‌, കവി, നോവലിസ്‌റ്റ്, ഗാനരചയിതാവ്‌, ലേഖകന്‍, കോളമിസ്‌റ്റ്, പത്രാധിപര്‍ എന്നീ മേഖലകളിലെല്ലാം അദ്ദേഹം തിളങ്ങി. കലാകാരന്‍ എന്നതിനപ്പുറം സംസ്‌ഥാനം കണ്ട മികച്ച ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം.
1924 ജൂണ്‍ മൂന്നിന്‌ മദ്രാസ്‌ പ്രസിഡന്‍സിയില്‍പെട്ട നാഗപട്ടണത്തെ തിരുക്കുവലൈയില്‍ മുത്തുവേല്‍-അഞ്‌ജുഗം ദമ്പതികളുടെ മകനായാണു മുത്തുവേല്‍ കരുണാനിധി എന്ന എം. കരിണാനിധിയുടെ ജനനം. എസ്‌.എസ്‌.എല്‍.സിക്കു മൂന്നുതവണ തോറ്റതോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ പൊതുരംഗത്തേക്കിറങ്ങി. പൊതുപ്രവര്‍ത്തനത്തിനായിറങ്ങുമ്പോള്‍ കരുണാനിധിക്ക്‌ കേവലം പതിമൂന്നു വയസു മാത്രമായിരുന്നു പ്രായം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ അദ്ദേഹം സാമൂഹികപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ജസ്‌റ്റീസ്‌ പാര്‍ട്ടിയുടെ ഉജ്വല പ്രാസംഗകരിലൊരാളായ പട്ടുക്കോട്ട അഴഗിരി സ്വാമിയുടെ പ്രസംഗങ്ങള്‍ കേട്ട്‌ ഉത്തേജിതനായാണു കരുണാനിധി പൊതുപ്രവര്‍ത്തനം തുടങ്ങിയത്‌. വിദ്യാര്‍ഥികളെ സംഘടിപ്പിച്ച്‌ തമിഴ്‌മാണവര്‍മണ്‍റം എന്നൊരു സംഘടനയുണ്ടാക്കി. ഈ മണ്‍റത്തിന്റെ ആഭിമുഖ്യത്തിലാണ്‌ പിന്നീട്‌ കലൈന്‍ജറുടെ ജിഹ്വയായി അറിയപ്പെട്ടതും ഡി.എം.കെയുടെ ഔദ്യോഗിക പത്രവുമായ മുരശൊലി ആദ്യമായി തുടങ്ങിയത്‌.
20-ാം വയസിലായിരുന്നു കരുണാനിധിയുടെ ആദ്യ വിവാഹം. പത്മാവധിയെന്നായുരുന്നു വധുവിന്റെ പേര്‌. പെരിയാര്‍ രൂപംകൊടുത്ത ആത്മാഭിമാന വിവാഹപ്രകാരമായിരുന്നു കരുണാനിധിയുടെ വിവാഹം. ജാതിമതാചാരങ്ങളോ പുരോഹിതനോ കെട്ടുതാലിയോ ഇല്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങളാണ്‌ ആത്മാഭിമാന വിവാഹങ്ങള്‍. പത്മാവതിയുമായുള്ള വിവാഹബന്ധത്തില്‍ കരുണാനിധിക്കു പിറന്ന മകനാണ്‌ സിനിമാനടനായ എം.കെ. മുത്തു. എന്നാല്‍ മുത്തു ജനിച്ച്‌ അധികം വൈകുംമുമ്പ്‌ പത്മാവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. പട്ടുക്കോട്ടൈയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന കരുണാനിധിക്ക്‌ അവസാനസമയത്ത്‌ പത്മാവതിയുടെ സമീപമെത്താന്‍ കഴിഞ്ഞില്ല. കരുണാനിധിക്ക്‌ പത്മാവതിയമ്മയിലുണ്ടായ പുത്രനാണ്‌ മുന്‍ സിനിമാ നടന്‍ എം.കെ. മുത്തു.
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 1948 സെപ്‌റ്റംബര്‍ 15 നായിരുന്നു കരുണാനിധിയുടെ രണ്ടാംവിവാഹം. ദയാളു അമ്മയായിരുന്നു വധു. വിവാഹപ്പന്തലില്‍ നവവധുവും ബന്ധുക്കളും നാട്ടുകാരും എത്തിച്ചേര്‍ന്നിട്ടും കരുണാനിധി എത്തിച്ചേര്‍ന്നില്ല. ഹിന്ദിവിരുദ്ധ സമരത്തിന്റെ ഭാഗമായി സമീപത്തൊരു സ്‌കൂളില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. അവസാനം ബന്ധുക്കളെത്തി വരനെ നിര്‍ബന്ധിച്ചാണ്‌ വിവാഹപ്പന്തലിലേക്കു കൊണ്ടുപോയതെന്നാണു കഥ. എം.കെ. അഴഗിരി, എം.കെ. സ്‌റ്റാലിന്‍, എം.കെ. തമിഴരശ്‌, എം.കെ. ശെല്‍വി എന്നിവര്‍ ദയാളുഅമ്മയിലുണ്ടായ മക്കളാണ്‌. കരുണാനിധി മുന്നാമതു വിവാഹം കഴിച്ച രാജാത്തിയമ്മയുടെ മകളാണ്‌ കവയിത്രിയും രാജ്യസഭാംഗവുമായ കനിമൊഴി.
കല്ലക്കുടിയില്‍ നടത്തിയ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിലൂടെയാണു കരുണാനിധി തമിഴ്‌നാട്‌ രാഷ്‌ട്രീയത്തില്‍ സ്‌ഥാനമുറപ്പിച്ചതെന്നു പറയാം. റെയില്‍വേസ്‌റ്റേഷനില്‍ ഹിന്ദിയില്‍ സ്‌ഥാപിച്ച ബോര്‍ഡ്‌ കരുണാനിധിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ വലിച്ചുകീറി. മാത്രവുമല്ല അദ്ദേഹവും മറ്റു ഡി.എം.കെ. പ്രവര്‍ത്തകരും ട്രെയിന്‍ തടയുന്നതിനായി റെയില്‍പാളത്തില്‍ കുറുകെ കിടന്നു. കരുണാനിധിയായിരുന്നു ഏറ്റവും മുമ്പില്‍. സമരക്കാര്‍ പിന്‍മാറുമെന്ന ധാരണയില്‍ ഡ്രൈവര്‍ ട്രെയിന്‍ മുന്നോട്ടു നീക്കി. പക്ഷേ, പ്രക്ഷോഭകര്‍ക്കു യാതൊരു കുലുക്കവുമുണ്ടായില്ല. അവസാനം ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തിലാണു ഡ്രൈവര്‍ ബ്രേക്ക്‌ പിടിച്ച്‌ വണ്ടി നിര്‍ത്തിയത്‌.
1942 ല്‍ പെരിയാറുടെ കുടിയരശ്‌ പത്രത്തില്‍ ജോലിക്കായെത്തിയപ്പോഴാണ്‌ അണ്ണാദുരൈയുമായി കരുണാനിധി പരിചയപ്പെടുന്നത്‌. കേവലം സഹപ്രവര്‍ത്തകര്‍ എന്നതിലുപരിയായൊരു ബന്ധം ഇരുവര്‍ക്കുമിടയില്‍ വളരെവേഗം ഉരുത്തിരിയുകയും ചെയ്‌തു. ദ്രാവിഡ പ്രസ്‌ഥാനത്തിന്റെ അനിഷേധ്യ നേതാവായി അണ്ണാദുരൈ വളര്‍ന്നപ്പോള്‍ ഒപ്പം നിഴല്‍പോലെ കരുണാനിധിയുമുണ്ടായിരുന്നു. മഹാത്മാഗാന്ധിക്കു നെഹ്‌റു എന്നപോലെയായിരുന്നു അണ്ണാദുരൈക്കു കരുണാനിധി. പിന്നീട്‌ അണ്ണാദുരൈയുടെ മരണശേഷം ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃസ്‌ഥാനം ഏറ്റെടുത്തു. തെരഞ്ഞെടുപ്പു ഗോദകളില്‍ പരാജയം എന്താണെന്നറിഞ്ഞിട്ടില്ലാത്ത നേതാവായിരുന്നു കരുണാനിധി.

Ads by Google
Wednesday 08 Aug 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW