Friday, June 21, 2019 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 01.40 AM

തോല്‍ക്കാതെ കലൈജ്‌ഞര്‍

uploads/news/2018/08/239756/bft2.jpg

രാഷ്‌ട്രീയ ജീവിതം ആരംഭിച്ചകാലം മുതല്‍ മത്സരിച്ചപ്പോഴൊന്നും തമിഴ്‌ജനത കലൈഞ്‌ജറെ കൈവെടിഞ്ഞില്ല. അഞ്ചു തവണ മുഖ്യമന്ത്രിപദത്തിലേറിയ വ്യക്‌തിയെന്ന റെക്കോഡും കരുണാനിധിക്കു മാത്രം സ്വന്തം. 1969-71, 1971-76, 1989-91, 1996-2001, 2006- എന്നീ കാലഘട്ടങ്ങളിലാണ്‌ അദ്ദേഹം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചത്‌. 1957 ല്‍ കുളിത്തളൈയില്‍നിന്നാണു കരുണാനിധി ആദ്യമായി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്‌. 1961 ല്‍ ഡി.എം.കെ. ട്രഷററും 1962 ല്‍ തമിഴ്‌നാട്‌ നിയമസഭയില്‍ പ്രതിപക്ഷനേതാവുമായി. 1967 ല്‍ ഡി.എം.കെ. അധികാരത്തില്‍ വന്നപ്പോള്‍ കരുണാനിധിയായിരുന്നു പൊതുമരാമത്തു മന്ത്രി. 1969 ഫെബ്രുവരി രണ്ടിന്‌ അണ്ണാദുരൈ അന്തരിച്ചപ്പോള്‍ മരന്തിസഭയിലെ മുതിര്‍ന്ന മന്ത്രിയായിരുന്ന നെടുഞ്ചെഴിയന്‍ താല്‍കാലിക മുഖ്യമന്ത്രിയായി. നെടുഞ്ചെഴിയനും കരുണാനിധിയും തമ്മില്‍ മുഖ്യമന്ത്രിപദത്തിനുവേണ്ടി പാര്‍ട്ടിക്കുള്ളില്‍ ശക്‌തമായ മത്സരമാണുണ്ടായത്‌. ഒടുവില്‍ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും കൂടുതല്‍ സ്വാധീനമുണ്ടായിരുന്ന കരുണാനിധിയെ തേടിയാണു മുഖ്യമന്ത്രിപദമെത്തിയത്‌. അങ്ങനെ 1969 ഫെബ്രുവരി എട്ടിനു കരുണാനിധി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. പാവപ്പെട്ടവന്റെ വീട്ടിലെ വെളിച്ചം പകരുന്ന വിളക്കായി നിലകൊള്ളുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു കരുണാനിധി മുഖ്യമന്ത്രിപദമേറ്റെടുത്തത്‌. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ മികച്ച ഭരണാധികാരിയും രാഷ്‌ട്രതന്ത്രജ്‌ഞനുമാണെന്നു തെളിയിക്കാന്‍ കരുണാനിധിക്കു കഴിഞ്ഞു.
1971 ലാണ്‌ മുഖ്യമന്ത്രിയെന്ന നിലയില്‍ കരുണാനിധി ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. സംസ്‌ഥാന സ്വയംഭരണത്തിനായി പോരാടുമെന്നതായിരുന്നു ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്‌ മാനിഫെസ്‌റ്റോയിലെ പ്രധാന വാഗ്‌ദാനം. മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടിയാണ്‌ കരുണാനിധി വീണ്ടും മുഖ്യമന്ത്രിയായത്‌. നാടു പങ്കിടാനല്ല, അധികാരം പങ്കിടാനാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ്‌ അദ്ദേഹം ജനങ്ങളെ അറിയിച്ചത്‌. ഡല്‍ഹിയുടെ ഒരു പോസ്‌റ്റ് ബോക്‌സ് മാത്രമായി സംസ്‌ഥാനസര്‍ക്കാരുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വാതന്ത്ര്യദിനത്തില്‍ സംസ്‌ഥാനത്തെ തലസ്‌ഥാനങ്ങളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള അവകാശം മുഖ്യമന്ത്രിമാര്‍ക്കു നേടിക്കൊടുത്തതു കരുണാനിധിയാണ്‌.
കരുണാനിധിയുടെ വലംകൈയും ഏറ്റവും അടുത്ത സുഹൃത്തുമായിരുന്ന എം.ജി.ആര്‍. 1972 ല്‍ ഡി.എം.കെയുമായി പിണങ്ങി 'അണ്ണാദ്രാവിഡ മുന്നേറ്റ കഴകം' എന്ന പാര്‍ട്ടി രൂപീകരിച്ചതു കരുണാനിധിക്കേറ്റ പ്രഹരമായിരുന്നു. കരുണാനിധിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ എം.ജി.ആര്‍. തമിഴ്‌നാട്ടിലെ അനിഷേധ്യ നേതാവായി വളര്‍ന്നു. ഡിണ്ടിഗല്‍ ഉപതെരഞ്ഞെടുപ്പോടെ എം.ജി.ആറും കരുണാനിധിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ മറനീക്കി. പിന്നീട്‌ അണ്ണാദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പേര്‌ എം.ജി.ആര്‍. ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം(എ.ഐ.എ.ഡി.എം.കെ) എന്നാക്കി. എം.ജി.ആര്‍. എന്ന നടന്റെ താരമൂല്യമായിരുന്നു എ.ഐ.എ.ഡി.എം.കെയുടെ കൈമുതല്‍. അതുമായി ഏറ്റുമുട്ടി പിടിച്ചുനില്‍ക്കാന്‍ കരുണാനിധിക്കു കഠിനമായി പരിശ്രമിക്കേണ്ടിവന്നു.
ശ്രീലങ്കയില്‍ തമിഴ്‌മക്കള്‍ പീഡിപ്പിക്കപ്പെട്ടപ്പോഴൊക്കെ അതിനെതിരേ ആദ്യമായി രംഗത്തെത്തിയതു കരുണാനിധിയായിരുന്നു. പിന്നീടാണ്‌ എ.ഐ.എ.ഡി.എം.കെയും കോണ്‍ഗ്രസുമെല്ലാം അതേറ്റുപിടിച്ചത്‌. 1981 സെപ്‌റ്റംബറില്‍ ശ്രീലങ്കയില്‍ തമിഴ്‌വംശജര്‍ക്കെതിരേ സിംഹളര്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ അതിനെതിരേ ചെന്നൈയിലെ ശ്രീലങ്കന്‍ ഹൈക്കമ്മിഷണറുടെ ഓഫീസിനു മുന്നില്‍ കരുണാനിധി സമരം തുടങ്ങി. തുടര്‍ന്ന്‌ കരുണാനിധി അറസ്‌റ്റിലായി. 'കലൈഞ്‌ജറെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി പതിനായിരങ്ങളാണു തെരുവിലിറങ്ങിയത്‌. പത്തോളം പേരാണ്‌ പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്‌തത്‌. ജയിലില്‍നിന്നു പുറത്തിറങ്ങിയ കരുണാനിധി ആദ്യം പോയത്‌ പ്രക്ഷോഭത്തിനിടയില്‍ ആത്മഹത്യ ചെയ്‌ത പ്രവര്‍ത്തകരുടെ വീട്ടിലേക്കായിരുന്നു. ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തിയിരുന്ന ഈ നിലപാടാകാം എന്നും കരുണാനിധിയെ തമിഴ്‌മക്കളുടെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തിയത്‌.

Ads by Google
Wednesday 08 Aug 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW