ത്രിഗുണാത്മകമായ പ്രകൃതിയുടെയും മനസ്സിന്റെയും ചര്‍ച്ചയാണ് രാമായണത്തില്‍ പ്രധാനം. സത്വരജസ്തമോഗുണങ്ങള്‍ രാമായണ സങ്കല്‍പ്പത്തിലെ അടിസ്ഥാന ഘടകങ്ങളാണ്.
ശാന്തം, വീരം, രൗദ്രം, കരുണം, ബീഭത്സം,അത്ഭുതം, ശൃംഗാരം, ഹാസ്യം, ഭയാനകം, എന്നീ നവരസങ്ങളും, രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്സ, വിസ്മയം, ശമം എന്നീ സ്ഥായീ ഭാവങ്ങളും രാമായണ രസാവിഷ്കാരത്തിന് മാറ്റുരക്കുന്നു. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, എന്നീ ഷഡ്വികാരങ്ങള്‍ രാമയണ സങ്കല്‍പ്പത്തില്‍ ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്.
ഷഡ്വികാരങ്ങളും ഢംഭവും അസൂയയും ചേര്‍ന്നുളള അഷ്ടകങ്ങള്‍ രാമായണത്തിലെ സാധാരണ ജീവിത വീക്ഷണത്തെ സജീവമാക്കുന്നു. ഭൂതദയ, ക്ഷമ, അനസൂയ, ശൗചം, അനായാസത്യം, മംഗളം, അകര്പ്പണ്യം, അസ്ഹൃഹ എന്നിങ്ങനെ ഉത്തമപുരുഷനുണ്ടായിരിക്കേണ്ട അഷ്ടഗുണങ്ങള്‍ രാമായണത്തിലെ അനശ്വര ദീപങ്ങളാണ്.
ശുശ്രൂഷ ശ്രവണം, ഗ്രസണം, ധാരണം, ഊഹം, തത്ത്വജ്ഞാനം, ഇങ്ങനെയുളള അഷ്ടബുദ്ധിഗുണങ്ങള്, രാമായണ സങ്കല്‍പ്പത്തിലെ മാനസിക പഠനത്തിന് പ്രയോജനപ്പെടുന്നു. അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, എന്നീ അഷ്ടൈശ്യര്യങ്ങളും രാമായണത്തിലെ ഒളിഞ്ഞും തെളിഞ്ഞുമുളള ധര്മ്മസരണിയില് പ്രായോഗികമായിക്കാണുന്നു.
അശോകം, അര്‍ജുനം നാഗം, പുന്നാഗം, ഏരണ്ടം തുടങ്ങിയവയും സാലങ്ങള്‍, പഞ്ചവൃക്ഷങ്ങള്‍ തുടങ്ങിയ മഹാവൃക്ഷങ്ങളും സന്ധാനകരണി, സുവര്‍ണകരണി, വിശല്യകരണി, മൃതസജ്ഞീവനി തുടങ്ങിയ ഔഷധങ്ങളും പൂമരങ്ങളും പൂവല്ലികളും ഇടകലര്‍ന്ന നികുജ്ഞങ്ങളും, മഹാകാനനങ്ങളും കാട്ടാറുകളും നിറഞ്ഞ രാമായണ സങ്കല്‍പ്പത്തിലെ വൈവിധ്യങ്ങള്‍ വര്‍ണ്ണനാതീതമാണ്. അര്ത്ഥകല്പ്പറയും ഔചിത്യവും നഷ്ടപ്പെട്ട ഒറ്റ സങ്കല്‍പ്പവും രാമായണ ശരീരത്തില്‍ ഉണ്ടായിട്ടില്ല.
*** (ഹരിപ്പാട് സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )