Sunday, June 30, 2019 Last Updated 32 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 06.59 PM

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരേയൊരു കലൈഞ്ജര്‍; പ്രായോഗിക രാഷ്ട്രീയം കലയാക്കിയ നേതാവ്

M Karunanidhi

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ഒരേയൊരു കലൈഞ്ജറാണ് മുത്തുവേല്‍ കരുണാനിധി എന്ന എം. കരുണാനി. കലൈഞ്ജര്‍ എന്നാല്‍ തമിഴില്‍ കലാകാരന്‍ എന്നാണ് അര്‍ത്ഥം. പ്രായോഗിക രാഷ്ട്രീയത്തിന്റെ കല നന്നായി വഴങ്ങിയിരുന്ന നേതാവാണ് അദ്ദേഹം. സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍ പരാജയപ്പെട്ടുവെങ്കിലും അനുഭവജ്ഞാനവും ജീവിത പരിചയവും പ്രായോഗിക രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തിയില്ല. മൂന്ന് വട്ടം പത്താം €ാസ് പരീക്ഷ പരാജയപ്പെട്ട വ്യക്തിയാണ് പിന്നീട് അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത്. പ്രായോഗിക രാഷ്ട്രീയമെന്ന കല നന്നായി വഴങ്ങുന്നത് കൊണ്ടാണ് കലൈഞ്ജര്‍ക്ക് അത് സാധ്യമായത്.

പതിമൂന്നാം വയസില്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുരംഗത്ത് എത്തുന്നത്. ജസ്റ്റിസ് പാര്‍ട്ടി നേതാവ് പുതുക്കോട്ടെ അഴഗിരി സ്വാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹം പൊതുരംഗത്തേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിന് ഇളൈഞ്ചര്‍ മറുമലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു. ഇത് പിന്നീട് സംസ്ഥാന വ്യാപകമായി സ്വാന്നിധ്യമുള്ള വിദ്യാര്‍ത്ഥി സംഘടനയായി മാറി. പിന്നീട് പെരിയോറുമായി അടുക്കുകയും തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയായി മാറുകയും ചെയ്തു. റെയില്‍വേസ്‌റ്റേഷനില്‍ ഹിന്ദിയില്‍ സ്ഥാപിച്ച ബോര്‍ഡ് കരുണാനിധിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ വലിച്ചുകീറി.

ആദ്യ ഭാര്യ പത്മാവതി ന്യുമോണി ബാധയെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് 1948 സെപ്റ്റംബര്‍ 15ന് കരുണാനിധി രണ്ടാമതും വിവാഹിതനായി. വിവാഹത്തിന്റെ മുഹൂര്‍ത്ത സമയത്തും കരുണാനിധി ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ നില്‍ക്കുകയായിരുന്നു. ഒടുവില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ സമരവേദിയില്‍ നിന്നുമാണ് വിവാഹ മണ്ഡപത്തില്‍ എത്തിച്ചത്. അറുപതുകളുടെ അവസാനത്തില്‍ അണ്ണാദുരൈയുടെ മരണത്തോടെ കരുണാനിധി ഡി.എം.കെ അധ്യക്ഷ സ്ഥാനത്ത് എത്തിയ കരുണാനിധി മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.

M Karunanidhi
എംജിആറിനൊപ്പം കരുണാനിധി

1957ല്‍ 33-ാം വയസില്‍ കുളിത്തലൈ സീറ്റില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. തുടര്‍ന്ന് 1961ല്‍ ഡി.എം.കെ ട്രഷററും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി ഉപാധ്യക്ഷനുമായി. 1967ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ കരുണാനിധി പി.ഡബ്ല്യു.ഡി മന്ത്രിയായി. 1969ല്‍ അണ്ണാദുരൈയുടെ മരണം കരുണാനിധിക്ക് മുഖ്യമന്ത്രി പദവിയിലേക്ക് വഴി തുറന്നു. അണ്ണാദുരൈയുടെ മരണത്തെ തുടര്‍ന്ന് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ നെടുഞ്ചെഴിയന്‍ താല്‍ക്കാലിക മുഖ്യമന്ത്രിയായെങ്കിലും പാര്‍ട്ടിയിലെ പൊതുജനങ്ങള്‍ക്കിടയിലെ ജനപ്രീതി കരുണാനിധിയെ മുഖ്യമന്ത്രി പദവിയില്‍ എത്തിച്ചു. പിന്നീട് അഞ്ച് തവണ മുഖ്യമന്ത്രിയായപ്പോഴും ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേഹത്തിലെ ഭരണാധികാരിയുടെ തിളക്കം കുറച്ചില്ല.

M Karunanidhi
മകന്‍ സ്റ്റാലിനൊപ്പം

ഭരണ തുടര്‍ച്ചയ്ക്ക് ശ്രമിച്ച പല പ്രമുഖരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയം രുചിച്ചപ്പോഴും മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നേരിട്ട 1971ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി കരുണാനിധി അധികാരത്തില്‍ തിരിച്ചുവന്നു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 കലയളവിലാണ് അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നത്. കേന്ദ്രസര്‍ക്കാരുകളുടെ അടിയാളരായി ഇരിക്കാന്‍ കഴിയില്ലെന്ന് വാദിച്ച കരുണാനിധിയാണ് സംസ്ഥാന തലസ്ഥാനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള അവകാശം മുഖ്യമന്ത്രിമാര്‍ക്ക് നേടിക്കൊടുത്തത്. 1957 മുതല്‍ 2016 വരെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കരുണാനിധിക്ക് ഒപ്പം നിന്നു.

സിനിമയിലും രാഷ്ട്രീയത്തിലും തന്റെ സമകാലീനനും നാല് പതിറ്റാണ്ടത്തെ സുഹൃത്തുമായിരുന്ന എം.ജി.ആര്‍ ഇടയ്ക്ക് വച്ച് വഴി പിരിഞ്ഞത് കരുണാനിധിയെ ഏറെ വേദനിപ്പിച്ചിരുന്നു. 1972ലാണ് എം.ജി.ആര്‍ ഡി.എം.കെയുമായി പിണങ്ങി എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത്. സിനിമാ താരമെന്ന പ്രതിച്ഛായ എം.ജി.ആറിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചു. അപ്പോഴും കരുണാനിധി എം.ജി.ആറിനൊപ്പം തമിഴ് രാഷ്ട്രീയത്തില്‍ പയറ്റി നിന്നു. പിന്നീട് എം.ജി.ആറിന്റെ നിര്യാണത്തിന് ശേഷം ജയലളിതയായിരുന്നു നേരിട്ടുള്ള എതിരാളി. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും 1987ല്‍ കരുണാനിധി അന്തരിച്ചപ്പോള്‍ ഒരു നോക്ക് കാണാന്‍ സാധിക്കാതെ വന്നതും അവസാന കാലം വരെ കരുണാനിധിയെ ദുഃഖിപ്പിച്ചിരുന്നു.

87 ഡിസംബര്‍ 24ന് എം.ജി.ആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രാമാവരത്തെ വസതിയില്‍ എത്തി എം.ജി.ആറിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ചെന്നൈയിലെ രാജാജി ഹാളില്‍ എത്തി കാണാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ആ ദുഃഖവും പേറിയാണ് കരുണാനിധിയും യാത്രയാകുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW