Saturday, July 06, 2019 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 10.29 PM

പിന്നോട്ടു വലിക്കുന്ന മൂഢ ചിന്തകള്‍

uploads/news/2018/08/239564/editorial.jpg

വിദ്യാഭ്യാസത്തില്‍ മുന്നിലെന്ന പോലെ പൊതുവായുള്ള അവബോധത്തിലും മുന്നിലാണെന്ന്‌ കരുതപ്പെടുന്ന നാടാണ്‌ കേരളം. കേരളത്തിനു പുറത്തുള്ള പലരും നമ്മെ നോക്കുന്നത്‌ അസൂയയോടെയാണു താനും. വിദ്യാഭ്യാസത്തിനൊപ്പം ജീവിത നിലവാരത്തിലും ആരോഗ്യ നിലവാരത്തിലും ഒക്കെയും മുന്നിലെത്തുമ്പോഴും പിന്നോട്ടു വലിക്കുന്ന ധാരാളം ഘടകങ്ങള്‍ കേരള സമൂഹത്തിലുണ്ട്‌ എന്നതു സമ്മതിച്ചേ മതിയാവൂ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വച്ചു പുലര്‍ത്തുന്നവരും അതില്‍ വിശ്വസിക്കുന്നവരും ഈ നാട്ടിലുണ്ട്‌ എന്നത്‌ ഒട്ടും അഭിമാനിക്കാവുന്ന കാര്യമല്ല. തീര്‍ത്തും അസംഭ്യവമെന്ന്‌ ഭൂരിപക്ഷം പേരും മനസ്സിലാക്കുന്ന കാര്യങ്ങള്‍ക്ക്‌ പോലും ഇറങ്ങിത്തിരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അനേകം പേരെ നമുക്കിടയില്‍ കാണാം. അതിലേക്കുള്ള മാര്‍ഗം കാപട്യത്തിന്റേതാണെങ്കിലും ഇത്തരക്കാര്‍ മടികാണിക്കുന്നില്ല. തങ്ങള്‍ക്കു മാത്രമല്ല, സമൂഹത്തിനൊന്നാകെയും ദോഷം ചെയ്യുമെന്ന്‌ ഉറപ്പുള്ള കാര്യങ്ങള്‍ക്കും ദുഷ്‌ടലാക്കോടെ ഇറങ്ങിത്തിരിക്കുന്നവരും ഈ കേരളത്തിലുണ്ട്‌.

ഇത്തരം ഒരു സംഭവമാണ്‌ ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്ത്‌ കമ്പക്കാനത്ത്‌ ഇക്കഴിഞ്ഞ ആഴ്‌ചയുണ്ടായത്‌. ഇവിടെ ഒരു കുടുംബത്തിലെ നാലു പേരാണ്‌ അരും കൊലയ്‌ക്കിരയായത്‌. പുറം ലോകവുമായി വലിയ ബന്ധം പുലര്‍ത്താതിരുന്ന വീട്ടില്‍ ഏതാനും ദിവസമായി ആള്‍പെരുമാറ്റം കാണാതായതോടെ അയല്‍വാസികളും ബന്ധുക്കളും അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ പരിശോധന നടത്തിയപ്പോള്‍ നാലംഗ കുടുംബം കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. നാലു പേരെയും ഒരേ കുഴിയില്‍ തന്നെ ഒരുമിച്ച്‌ കുഴിച്ചു മൂടിയ കൊലപാതകികള്‍ അതില്‍ ഒരു ബാലനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സമൂഹമന:സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായി ഇത്‌. കൊല്ലപ്പെട്ടവരില്‍ കുടുംബനാഥന്‍ മന്ത്രവാദം ചെയ്യുന്നയാളായിരുന്നു എന്നാണ്‌ പോലീസ്‌ അറിയിക്കുന്നത്‌. നിധി എടുത്തു കൊടുക്കാമെന്നു പറഞ്ഞ്‌ ഇദ്ദേഹം മറ്റു പലരുമായും മന്ത്രവാദ ഇടപാടുകള്‍ നടത്തിയിരുന്നതായി പോലീസ്‌ പറയുന്നു. കൂടാതെ ധനം പെരുപ്പിക്കുന്ന റൈസ്‌ പുള്ളര്‍ എന്ന്‌ ഉപകരണത്തിന്റെ പേരിലുള്ള തട്ടിപ്പുകാരും ഇയാളുമായി ബന്ധപ്പെട്ടിരുന്നതായി പോലീസ്‌ പറയുന്നു. ഇതിന്റെ പേരില്‍ വലിയ തുകയ്‌ക്കുള്ള പണ, സ്വര്‍ണ ഇടപാടുകള്‍ നടന്നിരുന്നു. ശാസ്‌ത്രം ഇത്രയധികം പുരോഗമിച്ച ഈ നൂറ്റാണ്ടിലും മന്ത്രവാദമെന്നു പറഞ്ഞു നടക്കുന്നവരും അതു വിശ്വസിക്കുന്നവരും ഉണ്ട്‌ എന്നത്‌ പുരോഗമന സംസ്‌ഥാനമെന്ന്‌ അഭിമാനിക്കുന്ന കേരളത്തിനു യോജിച്ചതല്ല.

ഈ സംഭവത്തില്‍ പ്രധാനികളെന്നു കരുതുന്ന രണ്ടു പേരില്‍ ഒരാള്‍ ഇന്നലെ അറസ്‌റ്റിലായി. ഇയാള്‍ പറഞ്ഞ കഥ ആരെയും ഞെട്ടിക്കുന്നതാണ്‌. കൊല്ലപ്പെട്ടയാളുടെ സഹായിയായ ഒരാളാണ്‌ മുഖ്യപ്രതി. ഇയാള്‍ ഗുരുവിനെ വധിക്കാനുള്ള കാരണം കേട്ടാല്‍ ആരും മൂക്കത്തു വിരല്‍ വയ്‌ക്കും. തന്റെ മന്ത്രവാദ സിദ്ധി ഗുരു ഇല്ലാതാക്കിയെന്ന ചിന്തയാണ്‌ അയാളെ ഈ കടും കൈക്ക്‌ പ്രേരിപ്പിച്ചത്‌. രണ്ടു ദിവസം കൊണ്ടാണ്‌ ഇവര്‍ കൊലപാതകം നടത്തിയത്‌. ആദ്യ ദിവസം ആക്രമിച്ച്‌ രണ്ടാം ദിവസം തിരിച്ചെത്തിയപ്പോള്‍ ആക്രമിക്കപ്പെട്ടവരില്‍ ഒരാള്‍ക്ക്‌ ജീവനുണ്ടെന്ന്‌ കണ്ട്‌ ക്രൂരമായി വധിക്കുകയായിരുന്നുവെന്ന്‌ പ്രതി പറയുന്നു. തന്റെ മന്ത്രസിദ്ധി മറ്റൊരാള്‍ കവര്‍ന്നു എന്ന്‌ വിശ്വസിക്കുന്ന ആളുകള്‍ ഇപ്പോഴുമുണ്ടെങ്കില്‍ നിശ്‌ചയമായും പറയാം, കേരളീയര്‍ ഇനിയും ഏറെ മാറാനുണ്ട്‌.

Ads by Google
Monday 06 Aug 2018 10.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW