Tuesday, July 02, 2019 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 03.43 PM

ലേഡി സൈബര്‍ സ്‌പൈ

''ഇന്ത്യയിലെ ഏക വനിതാ സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേറ്റര്‍ ധന്യ മേനോന്‍ പാട്ടത്തിലിന്റെ ജീവിതവഴികളിലൂടെ... ''
cybercrime

തൃശ്ശൂര്‍അയ്യന്തോളിലെ അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സിലെ തന്റെ മുറിയിലെ കംപ്യൂട്ടറിന് മുമ്പിലാണ് ധന്യ മേനോന്‍. തന്നെ തേടിയെത്തിയ കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ഈ കുറ്റാന്വേഷക. ടെന്‍ഷന്‍ കൂടിയതുകൊണ്ടാവണം മുറിയില്‍ നിന്നിറങ്ങി അവര്‍ നടന്നു.

ചെന്നെത്തിയതോ സ്ഥാപനത്തോടു ചേര്‍ന്നുള്ള സാലഭഞ്ജിക എന്ന നൃത്തവിദ്യാലയത്തിലും. പാട്ടിനൊപ്പമുള്ള ചുവടുകളും ചിലങ്കയുടെ താളവും ആസ്വദിച്ച് നില്‍ക്കുന്നതിനിടയില്‍ ധന്യ പറഞ്ഞു തുടങ്ങി, സുപ്രീംകോടതി അഭിഭാഷകനായിരുന്ന മുത്തച്ഛന്‍ പി.ബി മേനോന്റെ കൈപിടിച്ചു നടന്ന വഴിത്താരകളെക്കുറിച്ച്...

മുത്തച്ഛന്‍ ആഗ്രഹിച്ചത്....


ഞാനൊരു സാധാരണ കുട്ടിയായിരുന്നു. അസാധാരണത്വങ്ങളൊന്നുമില്ലാതെ ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം കടന്നുപോയി. പക്ഷേ ആഗ്രഹിക്കാത്ത മേഖലകളിലൂടെയെല്ലാം ഒരു അപ്പൂപ്പന്‍താടിപോലെ പാറിനടക്കാനായിരുന്നു എന്റെ നിയോഗം. നര്‍ത്തകിയാകണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. നൃത്തം പഠിച്ച് ഒട്ടേറെ വേദികളില്‍ ചിലങ്ക കെട്ടിയാടി. പിന്നീട് ഞാന്‍ പോലും ആഗ്രഹിക്കാതെ മോഡലിംഗ് ചെയ്തു. സിനിമകളില്‍ അഭിനയിച്ചു... ഒട്ടേറെ ആഗ്രഹിച്ചതും ആഗ്രഹിക്കാത്തതുമായ വഴികളിലൂടെയായിരുന്നു പിന്നീട് ഞാന്‍ നടന്നത്.

ഇന്ന് നീ അറിയപ്പെടുന്നത് പി.ബി മേനോന്റെ കൊച്ചുമകള്‍ എന്ന നിലയിലാണെങ്കില്‍ ഒരിക്കല്‍ ഞാന്‍ അറിയപ്പെടുന്നത് നിന്റെ മുത്തച്ഛന്‍ എന്നായിരിക്കും.. ഈ വാക്കുകളാണ് എന്നെ പൊരുതി വിജയിക്കാന്‍ പ്രേരിപ്പിച്ചത്. സുപ്രീകോടതിയിലെ മുന്‍ അഭിഭാഷകനായ മുത്തച്ഛന് എന്നെ അഭിഭാഷകയാക്കാനായിരുന്നു ആഗ്രഹം.

പക്ഷേ എളുപ്പത്തില്‍ ജോലി കിട്ടുമെന്നതുകൊണ്ട് ഞാന്‍ തെരഞ്ഞെടുത്തത് കമ്പ്യൂട്ടറായിരുന്നു. എങ്കിലും ആ ആഗ്രഹം മുത്തച്ഛന്റെ മനസില്‍ മങ്ങാതെ കിടന്നു. നിയമം പഠിക്കാന്‍ എനിക്ക് കഴിയുമെന്ന അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു അതിന് കാരണം. ആ വിശ്വാസമാണ് എന്നെ കുറ്റാന്വേഷകയാക്കിയത്.

തുടക്കത്തില്‍ കുറ്റാന്വേഷണമേഖലയെക്കുറിച്ച് എനിക്ക് യാതൊരറിവുമില്ലായിരുന്നു. മുത്തച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 2003 ല്‍ സൈബര്‍ ലോ പഠിക്കാന്‍ ചേരുന്നത്. ആ പ്രായത്തില്‍ പഠിക്കാന്‍ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.

സത്യത്തില്‍ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ നിമിഷങ്ങളിലൂടെ കടന്നു പോകുകയായിരുന്നു ഞാന്‍. മകനാണെങ്കില്‍ ചെറിയ കുട്ടിയും. എങ്കിലും മുത്തച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി പുനൈ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍നിന്ന് ഡിപ്ലോമയും പി.ജി.യും ചെയ്തു. പിന്നീട് ഏഷ്യന്‍ സ്‌കൂളില്‍ തന്നെ വിസിറ്റിങ് ലക്ചററായി.

2007 ല്‍ കൊച്ചിയില്‍ നടന്ന സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനെക്കുറിച്ചുള്ള സെമിനാറാണ് കുറ്റാന്വേഷണജീവിതത്തിലേക്ക് കടക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയിലെ അധ്യാപിക എന്ന നിലയിലാണ് ഞാനതില്‍ പങ്കെടുത്തത്. മടങ്ങുമ്പോള്‍ നിയോഗ മെന്തെന്ന് ഞാന്‍ തന്നെ തിരിച്ചറിയുകയായിരുന്നു. സെമിനാറില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ മുത്തച്ഛനുമായി പങ്കുവച്ചപ്പോള്‍ കുറ്റാന്വേഷകയായി മാറാന്‍ അദ്ദേഹമെന്നെ പ്രോത്സാഹിപ്പിച്ചു.

അവാന്‍സോ


വയസായ അച്ഛനമ്മമാരേയും ചെറിയ കുട്ടിയായ മകനേയും പിരിഞ്ഞ് അന്യനാട്ടില്‍ ജോലി ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. മകന് കൂട്ടുകുടുംബത്തില്‍ കിട്ടുന്ന സ്നേഹവും സുരക്ഷിതത്വവും നഷ്ടപ്പെടുത്താനും തോന്നിയില്ല. മാത്രമല്ല, മറ്റെവിടെയെങ്കിലും പോയി കഴിവ് തെളിയിക്കുന്നതിനേക്കാള്‍ നല്ലത് നാട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നതാണ് എന്ന തിരിച്ചറിവും കൂടിയായപ്പോള്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 2010ല്‍ അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് തുടങ്ങുന്നത്.
cybercrime
ധന്യ മേനോന്‍ കുടുംബത്തോടൊപ്പം

കൂടുതലായി ഞങ്ങളെത്തേടിയെത്തുന്നത് സോഷ്യല്‍ മീഡിയ കേസുകളാണ്. കോര്‍പ്പറേറ്റുകള്‍ക്ക് സൈബര്‍ സെക്യൂരിറ്റി ഉപദേശം നല്‍കുന്നുമുണ്ട്. ഭൂരിപക്ഷവും ക്രിമിനല്‍ സ്വഭാവമുള്ള പരാതികളാണ്്. ഇത്തരം കേസുകളില്‍ പരാതികളുമായെത്തുന്നവര്‍ക്ക് നിയമോപദേശം നല്‍കുക, പരാതി എങ്ങനെ മുമ്പോട്ട് കൊണ്ടുപോവണമെന്ന നിര്‍ദ്ദേശം നല്‍കുക, തെളിവുകള്‍ കണ്ടെത്തുക എന്നതൊക്കെയാണ് ഞങ്ങളുടെ ഉത്തരവാദിത്തങ്ങള്‍.

കൂടാതെ സൈബര്‍ ലീഗല്‍ ഓഡിറ്റ് (ഐ.ടി. നിയമം), ഐ.എസ് ഓഡിറ്റ് എന്നിവയെക്കുറിച്ച് കോര്‍പ്പറേറ്റുകള്‍ക്കും ഗവ. സ്ഥാപനങ്ങള്‍ക്കും ടെക്നോ ലീഗല്‍ ഉപദേശങ്ങളും നല്‍കുന്നുണ്ട്. സെക്യൂരിറ്റി ഓഡിറ്റ് നടത്തി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന് ശുപാര്‍ശ ചെയ്യുന്നതും ഞങ്ങളു ടെ ചുമതലയാണ്.

കേസുകള്‍ തെളിയിക്കാന്‍ സര്‍ക്കാരിന്റെ സൈബര്‍ കുറ്റാന്വേഷണസംഘവുമായും സഹകരിച്ചിട്ടുണ്ട്. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും കുറയ്ക്കാനും 400 സ്‌കൂളുകളില്‍ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. കോര്‍പ്പറേറ്റ് കമ്പനികളുടെ ഔദ്യോഗികരേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കാറുണ്ട്.

ചാരക്കണ്ണുമായ്...


കേരളത്തിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ അധ്യാപിക തന്റെ പേരില്‍ ആരോ ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി മറ്റുള്ളവര്‍ക്ക് മോശമായ മെസേജയയ്ക്കുന്നു എന്ന പരാതിയുമായി എത്തി. ഞങ്ങള്‍ പ്രതിയെ കണ്ടെത്തി. അവരുടെ ഒരു വിദ്യാര്‍ത്ഥിയാണ് വില്ലന്‍. കാര്യമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണമാണ് ഞങ്ങളെ ഞെട്ടിച്ചത്.

തന്റെ മകന്‍ ഇങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു അവരുടെ വാദം. കുട്ടിയുടെ ഭാവിയെക്കരുതിയും കേസിന് പോയാലുള്ള പൊല്ലാപ്പോര്‍ത്തും അധ്യാപിക പരാതിപ്പെടാന്‍ പോയില്ല. തേടിയെത്തിയ കേസുകളില്‍ ഒന്നുമാത്രമാണിത്.

ക്ലാസിലെ കുട്ടികളുടെ പേരിലും അധ്യാപകരുടെ പേരിലും എന്തിന് സ്വന്തം അമ്മയുടേയും പെങ്ങളുടേയും പേരില്‍പോലും ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ വര്‍ദ്ധിച്ചു വരികയാണ്.

ഒരു അക്കാദമിക് വര്‍ഷം തുടങ്ങി അവസാനിക്കുന്നതുവരെ നൂറുകണക്കിന് കേസുകളാണ് എനിക്ക് മുമ്പിലെത്തുന്നത്. ഒട്ടുമിക്കവയും സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടതായിരിക്കും. 15 വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നു. കേസുകളുടെ സ്വഭാവത്തിലോ എണ്ണത്തിലോ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ആകെയുണ്ടായ ഒരു വ്യത്യാസമെന്താണെന്നുവച്ചാല്‍ ഇപ്പോള്‍ എന്റെ ജോലി എന്താണെന്ന് സാധാരണക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കണ്ട ആവശ്യമില്ല എന്നതുമാത്രമാണ്.

വായനയും യാത്രകളും


എന്റെ തലമുറയില്‍പ്പെട്ടവരുടെ കുട്ടിക്കാലത്ത് ഇന്നത്തേതുപോലുള്ള അവസരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെയൊക്കെ പ്രധാന ഹോബി വായനയായിരുന്നു. അച്ഛന്‍ വായിച്ചിരുന്ന പുസ്തകങ്ങളാണ് ഞാനും വായിച്ചിരുന്നത്.

എങ്കിലും പുസ്തകപ്പുഴുവും പഠിപ്പിസ്റ്റുമൊന്നുമായിരുന്നില്ല. ഹൈപ്പര്‍ ആക്ടീവായിരുന്നു ഞാന്‍. വീട്ടിലും സ്‌കൂളിലുമൊക്കെ എന്നെ മാനേജ് ചെയ്യാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. അച്ഛന്റെ ട്രാന്‍സ്ഫറിനനുസരിച്ച് പല സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആ യാത്രകള്‍ കൊണ്ട് പ്രധാനമായും രണ്ട് നേട്ടങ്ങളുണ്ടായി. ഒന്ന്, എനിക്കൊന്നിനോടും അമിതമായ സ്നേഹവും വിശ്വാസവും ഉണ്ടാകാറില്ല. മറ്റൊന്നാകട്ടെ അഞ്ചോളം ഇന്ത്യന്‍ ഭാഷകള്‍ പഠിച്ചു എന്നതും.

എറണാകുളം സേക്രഡ് ഹേര്‍ട്ട് കോളേജില്‍ പഠിക്കാനെത്തിയത് മറ്റൊരു വഴിത്തിരിവായി. പഠനത്തില്‍ മാത്രമല്ല, ഒരു മേഖലയിലും എന്നെ ആരും മാറ്റി നിര്‍ത്തരുത് എന്നൊരു വാശിയുണ്ടായിരുന്നു. അങ്ങനെയാണ് മോഡലിംഗ് ചെയ്തതും അഭിനയിച്ചതും.

ശിപായി ലഹള, കല്യാണ സൗഗന്ധികം എന്നീ സിനിമകളിലും പല സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സൈബര്‍ ലോ പഠിക്കാന്‍ ചേര്‍ന്നത്. ഇന്നായിരുന്നെങ്കില്‍ ഞാനൊരുപക്ഷേ രണ്ടുവട്ടം ആലോചിച്ചേ ആ തീരുമാനം എടുക്കുമായിരുന്നുള്ളു. പക്ഷേ ഈ ജോലി സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് പിന്നീടൊരിക്കലും തോന്നിയിട്ടേയില്ല.

cybercrime

ജീവവായുപോല്‍ നൃത്തം


എന്നെ എഴുത്തിനിരുത്തിയതുപോലും നൃത്തം പഠിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മൂന്നു വയസു മുതല്‍ നൃത്തം പഠിച്ചു തുടങ്ങിയതാണ്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സുഭദ്ര എന്നിവരായിരുന്നു ആദ്യ ഗുരുക്കന്മാര്‍. ആറാം വയസില്‍ അരങ്ങേറ്റം നടത്തി.

മോഹിനിയാട്ടവും കുച്ചിപ്പുഡിയുമാണ് അഭ്യസിച്ചിട്ടുള്ളത്. ഓര്‍മ്മവച്ച നാള്‍ മുതല്‍ നര്‍ത്തകിയാവണമെന്നായിരുന്നു ആഗ്രഹം. പഠിച്ചൊരു ജോലി നേടിയശേഷം നൃത്തവേദികളില്‍ കൂടുതല്‍ സജീവമാകണമെന്ന് അന്നേ തീരുമാനിച്ചതാണ്.

ഇന്ന് തിരക്കുകളേറെയുണ്ടെങ്കിലും നൃത്തത്തെ ജീവിതത്തോടു ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കാറുണ്ട്. 2011ല്‍ സഹോദരി ദീപ പാട്ടത്തിലിനൊപ്പം സാലഭഞ്ജിക സ്റ്റുഡിയോ ഫോര്‍ ആര്‍ട്സ് ആന്‍ഡ് പെര്‍ഫോമന്‍സ് ആരംഭിച്ചതും അതുകൊണ്ടുതന്നെ. 2013ല്‍ ട്രസ്റ്റ് രൂപീകരിക്കുമ്പോള്‍ നൃത്തവിദ്യാലയത്തെ ഒരു റിസര്‍ച്ച് സെന്ററായി വളര്‍ത്തണമെന്ന വലിയൊരു സ്വപ്നവും മനസിലുണ്ടായിരുന്നു.

ഇപ്പോഴും പതിവായി പ്രാക്ടീസ് ചെയ്യാറുണ്ട്. ഇതിനിടയില്‍ കുച്ചിപ്പുഡിയില്‍ ഡോക്ടറേറ്റും നേടി. വര്‍ഷത്തില്‍ പതിനഞ്ചോളം വേദികളില്‍ നൃത്തം അവതരിപ്പിക്കും.

കുടുംബമെന്ന ശക്തി


സൈബര്‍ ലോ പഠിക്കണമെന്ന് മുത്തച്ഛന്‍ ആവശ്യപ്പെടുമ്പോള്‍ അച്ഛന്‍ വേണുഗോപാലിനും അമ്മ ലക്ഷ്മിക്കും അതിനെക്കുറിച്ച് ഒന്നും തന്നെയറിയില്ലായിരുന്നു. എങ്കിലും എന്റെ നല്ലതിനുവേണ്ടിയാണെന്ന വിശ്വാസത്തില്‍ എനിക്ക് പഠിക്കാനുള്ള അവസരമൊരുക്കിയത് മാതാപിതാക്കളാണ്. മകന്‍ പ്രണവും കട്ട സപ്പോര്‍ട്ടോടെ കൂടെ നിന്നു.

നൃത്തമെന്ന പാഷനുവേണ്ടി കൂടുതല്‍ ത്യാഗം സഹിച്ചത് അമ്മയാണ്. കിലോമീറ്ററുകള്‍ നടന്നാണ് അമ്മ എന്നെ നൃത്തം പഠിപ്പിക്കാന്‍ കൊണ്ടുപോയിരുന്നത്. നൃത്തത്തിനുള്ള ആടയാഭരണങ്ങള്‍ വാങ്ങുന്നത് ഞങ്ങളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമായിരുന്നില്ല. അമ്മയുടെ സാരികള്‍ വെട്ടിത്തുന്നിയ വസ്ത്രങ്ങളാണ് അന്ന് ഉപയോഗിച്ചിരുന്നത്.

സാലഭഞ്ജിക തുടങ്ങിയശേഷമാണ് അച്ഛന്റെ സപ്പോര്‍ട്ട് ഞങ്ങള്‍ മനസിലാക്കുന്നത്. സാലഭഞ്ജിക എന്ന സ്വപ്നത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. 2018 മെയ് 20 ന് ഞങ്ങളെ വിട്ടുപോകുന്നതുവരെ സാലഭഞ്ജികയുടെ ഓരോ മുക്കിലും മൂലയിലും അച്ഛന്റെ സാന്നിധ്യമുണ്ടായിരുന്നു. അച്ഛന്‍ ബാക്കിവച്ച കുറേ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇനിയെന്റെ ഓരോ ചുവടും അതിനുവേണ്ടിയാണ്...

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW