Thursday, November 08, 2018 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 12.04 PM

സഭാ വിശ്വാസിയുടെ മൃതസംസ്‌കാര ശുശ്രൂഷ തടഞ്ഞു; മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്‌ക്കെതിരെ വക്കീല്‍നോട്ടീസ്; മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങി ബന്ധുക്കള്‍

മരണാനന്തരം മാന്യമായ സംസ്‌കാരം എന്നത് ഏതൊരാളുടെയും അവകാശമായിരിക്കേ മൃതദേഹത്തെ അവഹേളിക്കുന്ന വിധത്തിലുള്ള പെരുമാറ്റമാണ് സഭാ അധികൃതരില്‍ നിന്നുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
joseph marthoma metrapolitha

കോട്ടയം: മാര്‍ത്തോമ്മാ സഭാ വിശ്വാസിയുടെ മൃതസംസ്‌കാരം അന്യായമായി തടഞ്ഞുവെന്ന് ആരോപിച്ച് സഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയ്ക്കും വൈദികര്‍ക്കുമെതിരെ മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ വക്കീല്‍ നോട്ടീസ് അയച്ചു. കുടുംബത്തിന് മാനക്കേടും വേദനയും വരുത്തിവച്ച സംഭവത്തില്‍ ഉത്തരവാദികള്‍ പരസ്യമായി മാപ്പുപറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം ഇന്ത്യന്‍ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം മമെത്രാപ്പോലീത്തയ്ക്കും ഉത്തരവാദികളായ സഭയിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

കല്ലുവാതുക്കല്‍ ഇടവകാംഗമായ പരേതനായ ജേക്കബ് ഡാനിയേലിന്റെ മകള്‍ എലിസബത്ത് അരുണ്‍ ആണ് സുപ്രീം കോടതി അഭിഭാഷകനായ എം.പി സിന്‍ഹ വഴി വക്കീല്‍നോട്ടീസ് അയച്ചത്. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കല്ലുവാതുക്കല്‍ പള്ളി വികാരി ജോണ്‍ സി. ഏബ്രഹാം, മാര്‍ത്തോമ്മ സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസന സെക്രട്ടറി റവ.ജേവിഡ് ഡാനിയേല്‍, കരോള്‍ബാഗ് മാര്‍ത്തോമ്മ പള്ളി വികാരി റവ.റോബി മാത്യൂ എന്നിവര്‍ക്കെതിരെയാണ് ഈ മാസം ഒന്നിന് നോട്ടീസ് അയച്ചത്.

joseph marthoma metrapolitha

കാന്‍സര്‍ രോഗബാധിതനായിരുന്ന കൊല്ലം ചാത്തന്നൂര്‍ തട്ടാരുകോണം ശാന്തി ഭവനില്‍ ജേക്കബ് ഡാനിയേല്‍ (67) ജൂണ്‍ 24നാണ് ഡല്‍ഹിയില്‍ ചികിത്സയിലിരിക്കേ മരണമടയുന്നത്. കുടുംബത്തിന്റെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടില്‍ നടത്താന്‍ നിശ്ചയിച്ചു. ഇതിനായി നിയമാനുസൃതമായ എല്ലാ രേഖകളുമായി മൃതദേഹവും വഹിച്ച് കുടുംബം നാട്ടിലെത്തി. ഡല്‍ഹിയില്‍ നിന്നും മരണസര്‍ട്ടിഫിക്കറ്റും കരോള്‍ബാഗ് സെന്റ് തോമസ് മാര്‍ത്തോമ്മ ഇടവകയിലെ അംഗത്വ സര്‍ട്ടിഫിക്കറ്റുമായി കുടുംബ ഇടവകയായ കല്ലുവാതുക്കല്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളി അധികൃതരെ സമീപിച്ചു.

രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ട പള്ളി വികാരി ഇടവക ഉള്‍പ്പെടുന്ന തിരുവനന്തപുരം ഭദ്രാസനത്തില്‍ രേഖകള്‍ കാണിച്ച് അനുമതി നേടിവരാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ബന്ധുക്കള്‍ ഭദ്രാസന ഓഫീസിലെത്തിയ വീട്ടുകാര്‍ അധികൃതരെ രേഖകള്‍ കാണിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ശവസംസ്‌കാര ശുശ്രൂഷയ്ക്ക് അനുമതി നേടി ജൂണ്‍ 27ന് ചടങ്ങുകള്‍ നടത്തുന്നതിന് സമയവും നിശ്ചയിച്ചു.

joseph marthoma metrapolitha

എന്നാല്‍ തലേന്ന് രാത്രി (ജൂണ്‍ 26) പതിനൊന്ന് മണിയോടെ സഭാ അധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മ മെത്രോപ്പോലീത്ത ഇടവക വികാരിയെ ഫോണില്‍ വിളിച്ച് സംസ്‌കാരം നടത്താന്‍ കഴിയില്ലെന്നും തന്നെ നേരില്‍ കണ്ടിട്ട് മാത്രം സംസ്‌കാര ശുശ്രൂഷ നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ രേഖകളും അനുമതികളും ഉണ്ടായിട്ടും സഭാ അധ്യക്ഷന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നിര്‍ദേശത്തിന്റെ കാരണമെന്താണെന്ന് വീട്ടുകാര്‍ ചോദിച്ചിട്ട് അധികൃതര്‍ക്ക് മറുപടി ഉണ്ടായില്ല. നിശ്ചയിച്ചതിലും ഒരു ദിവസം വൈകി ജൂണ്‍ 28നാണ് സംസ്‌കാരം നടത്താന്‍ അനുമതി ലഭിച്ചത്.

മെത്രാപ്പോലീത്തയുടെ ഇടപെടല്‍ കൊണ്ട്മാത്രമാണ് സംസ്‌കാരം വൈകിയത്. സംസ്‌കാരം തടഞ്ഞിന്റെ കാരണം തേടി മെത്രാപ്പോലീത്തയെ കാണാന്‍ ശ്രമിച്ചിട്ട് അനുവാദം നല്‍കിയില്ല. തിരുവല്ലയിലെ ഓഫീസില്‍ വൈദികനൊപ്പം വന്ന് കാണാനാണ് പറഞ്ഞത്. എന്നാല്‍ തിരുമേനി കൊട്ടാരക്കരയില്‍ വന്നപ്പോള്‍ ഒരു പ്രദേശിക നേതാവിനൊപ്പംചെന്ന് അനുവാദമില്ലാതെ കയറി കാണുകയായിരുന്നുവെന്നും എലിസബത്തിന്റെ ഭര്‍ത്താവ് അരുണ്‍ മാത്യു പറഞ്ഞു. രേഖകള്‍ എല്ലാം പരിശോധിച്ച ശേഷം സംസ്‌കാരത്തിനുള്ള അനുമതി തിരുവല്ലയിലെ ഓഫീസില്‍ നിന്ന് വാങ്ങാനും നിര്‍ദേശിക്കുകയായിരുന്നു. തങ്ങള്‍ക്ക് സഭയില്‍ നിന്ന് ഒരു വിശദീകരണവും കിട്ടിയില്ല. സഭയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച് തിരുമേനി പറഞ്ഞതാകട്ടെ കള്ളവുമാണെന്നും അരുണ്‍ മാത്യൂ പറഞ്ഞു.

മരണാനന്തരം മാന്യമായ സംസ്‌കാരം എന്നത് ഏതൊരാളുടെയും അവകാശമായിരിക്കേ മൃതദേഹത്തെ അവഹേളിക്കുന്ന വിധത്തിലുള്ള പെരുമാറ്റമാണ് സഭാ അധികൃതരില്‍ നിന്നുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ക്രൈസ്തവ വിശ്വാസപ്രകാരം ജീവിക്കുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ നിഷേധിക്കാനോ അവരെ സെമിത്തേരിയില്‍ അടക്കുന്നത് നിഷേധിക്കാനോ സഭാ മേലധികാരികള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കുന്ന വിധി ഹൈക്കോടതിയില്‍ നിന്നടക്കം വന്നിട്ടുണ്ട്. ഇതെല്ലാം ലംഘിച്ച് ക്രൈസ്തവ വിശ്വാസാചാരങ്ങളുടെ പരമമായ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന വിധത്തിലാണ് സഭാനേതൃത്വം പെരുമാറിയതെന്ന് എലിസബത്ത് അരുണ്‍ വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ കുടുംബത്തിനുണ്ടായ അപരിഹാര്യമായ മാനഹാനിയും അപമാനവും പരിഹരിക്കാന്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും നോട്ടീസില്‍ പറയുന്നു. 30 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്‌കാരം തടയുന്നതിന് പ്രത്യേക കാരണമൊന്നുമില്ലായെന്നും മെത്രാപ്പോലീത്തായുടെ ധാര്‍ഷ്ട്യം മാത്രമാണെന്നാണ് കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സഭാനേതൃത്വവുമായി സംസാരിച്ച ശേഷമാണ് ജൂണ്‍ 27ന് രാവിലെ 11 മണിക്ക് സംസ്‌കാരത്തിന് സമയം നിശ്ചയിച്ചത്. അതുപ്രകാരം ചരമ അറിയിപ്പ് പത്രങ്ങളിലും നല്‍കി. എന്നാല്‍ മെത്രാപ്പോലീത്തായുടെ ഭാഗത്തുനിന്നുണ്ടായ നടപടിമൂലം മൃതദേഹം സംസ്‌കാരശുശ്രൂഷ നടക്കാതെ വരികയും മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കേണ്ടിയും വന്നു. സഭാവിശ്വാസിയും കല്ലുവാതുക്കല്‍ ഇടവകാംഗവുമായ ജേക്കബ് ഡാനിയേലിനോടുള്ള സഭാ നേതൃത്വത്തിന്റെ വിവേചനത്തിന്റെ കാരണം എന്താണെന്നാണ് വീട്ടുകാരും ചോദിക്കുന്നത്.

Ads by Google
Monday 06 Aug 2018 12.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW