Monday, November 12, 2018 Last Updated 18 Min 4 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Monday 06 Aug 2018 02.08 AM

രാമായണത്തിലെ ലോകങ്ങളും കഥാപാത്രങ്ങളും

uploads/news/2018/08/239307/re4.jpg

വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ കഥാപാത്രങ്ങളാണു രാമായണത്തിലുള്ളത്‌. രാമായണത്തിലെ വ്യക്‌തി-കുടുംബ ബന്ധം, സമൂഹ-രാജ്യ ബന്ധം, ഗുരുശിഷ്യ ബന്ധം, സഹോദരീ-സഹോദര ബന്ധം, പിതൃ-പുത്ര ബന്ധം, രാജാ-പ്രജാ ബന്ധം തുടങ്ങിയവ ഓരോ കാലഘട്ടത്തിലുമുള്ള ജീവിതത്തിനു മാതൃകകളാകുന്നു.

തികച്ചും വിരുദ്ധമായ മനുഷ്യബന്ധങ്ങളും രാമായണം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. രാമനും രാമസാഹോദര്യവും മാതൃകാപരമായ ജീവിതത്തിനു മകുടം ചാര്‍ത്തുന്ന ഉദാഹരണങ്ങളാണ്‌. തികച്ചും വിരുദ്ധങ്ങളാണു രാവണനും രാവണസാഹോദര്യവും. ത്യാഗവും സ്‌നേഹവും ധര്‍മ്മത്തിനു കാണിക്കയിടുന്ന ഉന്നത സംസ്‌കാരം രാമനിലും രാമസാഹോദര്യത്തിലും പ്രത്യക്ഷമാണ്‌.

ആശയും അഹന്തയും സ്വാര്‍ത്ഥതയ്‌ക്കു മുതല്‍ക്കൂട്ടാക്കുന്ന രാവണനും രാവണസാഹോദര്യവും മറുഭാഗത്തുണ്ട്‌. ത്യാഗത്തിലധിഷ്‌ഠിതമായ സാമ്രാജ്യതത്ത്വം ഒരു ഭാഗത്തും സ്വാര്‍ത്ഥതയില്‍ അരക്കിട്ടുറപ്പിച്ച രാജ്യമോഹം മറുഭാഗത്തുമുണ്ട്‌. പുരുഷാര്‍ത്ഥങ്ങളെ പുലര്‍ത്തുന്ന വ്യക്‌തിത്വം രാമസഹോദരന്മാര്‍ കാഴ്‌ച വയ്‌ക്കുന്നു. പുരുഷാര്‍ത്ഥങ്ങളെ ലംഘിക്കുന്ന അധമത്വം രാവണസാഹോദര്യം വ്യക്‌തമാക്കുന്നു.

രാമന്‍ പിതൃ-പുത്ര ബന്ധത്തിന്റെ മഹത്വം പ്രബലമാക്കുന്നു. രാവണന്‍ അതു പലപ്പോഴും ശിഥിലമാക്കുന്നു. രാജ്യവും സംഭരണങ്ങളും പരിവാരങ്ങളും ജനങ്ങളും രാമന്‍ ധര്‍മോപാധിയാക്കുന്നു. രാവണന്‌ അതെല്ലാം സ്വാര്‍ത്ഥോപാധികളാണ്‌. കൊട്ടാരവും കാനനവും മുനിവൃന്ദവും രാമന്റെ ധര്‍മ്മനീതിക്കു പൂരകങ്ങളാണ്‌.

മാനവലോകം, ദാനവലോകം, പിതൃലോകം, വാനവലോകം, വാനര ലോകം, തപോലോകം, അധോലോകം എന്നിങ്ങനെ വിവിധ ലോകങ്ങള്‍ രാമായണത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌. ജീവന്റെ വിവിധ സംസ്‌കാരമണ്ഡലങ്ങളും അതിലൂടെ പ്രകടമാകുന്ന വിശകലനങ്ങളുമാണ്‌ രാമായണത്തിലെ വിവിധ ലോകങ്ങളില്‍നിന്ന്‌ നമുക്കു ലഭിക്കുന്നത്‌.

ജീവനില്‍ മാനവപ്രകൃതിയും വാനരപ്രകൃതിയുമുണ്ട്‌. രണ്ടിനും ശിക്ഷാര്‍ഹങ്ങളായ അധാര്‍മിക വികാരങ്ങളുമുണ്ട്‌. മാനവനും വാനരനും ശിക്ഷിക്കപ്പെടുന്ന രാമായണ സങ്കല്‍പം ധര്‍മ്മരക്ഷയ്‌ക്കായി പ്രയോജനപ്പെടുന്നു. ദാനവനെ ശിക്ഷിക്കാനും അതേസമയം രക്ഷിക്കാനും മടിക്കാത്ത രാമായണ സങ്കല്‍പം വൈരുധ്യങ്ങളെ സമന്വയിപ്പിച്ചും സമജ്‌ഞസമായ സമ്മേളിപ്പിച്ചും ധര്‍മ്മരക്ഷ നിര്‍വഹിക്കുന്നു.

അച്‌ഛനും മകനുമായുള്ള ഇഹലോക ബന്ധം സാധാരണനിലയില്‍ വൈകാരികമാണ്‌. ധര്‍മ്മ സങ്കല്‍പം കൊണ്ടു വേണം അതിനു പരിഹാരം കാണാന്‍. പിതൃലോകത്തു നിന്നെത്തുന്ന ദശരഥന്‍ രാവണവധം കഴിച്ച രാമനെ ദര്‍ശിക്കുന്ന രംഗം സ്‌മരണീയമാണ്‌. മാനവന്‍ വാനവനേക്കാള്‍ വളരുന്ന ഉദാത്ത സന്ദേശമാണ്‌ രാമായണം വിളംബരം ചെയ്യുന്നത്‌.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍ )

Ads by Google
Ads by Google
Loading...
TRENDING NOW