Saturday, July 20, 2019 Last Updated 55 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 02.06 AM

ക്ഷേമപെന്‍ഷനോ ഔദാര്യമോ

uploads/news/2018/08/239305/editorial.jpg

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ കുടിശിക സഹിതം ഈ മാസംതന്നെ കൊടുത്തു തീര്‍ക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം അശരണരായ ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ക്ക്‌ ആശ്വാസകരമാണ്‌. ഈ നാമമാത്രമായ തുകയ്‌ക്കുവേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട്‌ നാലു മാസത്തിലേറെയായി.

സര്‍ക്കാര്‍ കനിയുന്നതു കാത്തിരിക്കുന്നവരില്‍ ഭൂരിപക്ഷവും വയോജനങ്ങളാണ്‌. കൂടാതെ വികലാംഗരുണ്ട്‌, വിധവകളുണ്ട്‌, മാനസികവെല്ലുവിളി നേരിടുന്നവരുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തില്‍ സാമ്പത്തികമായും ആരോഗ്യപരമായും ഏറ്റവുമധികം ദുര്‍ബലരായ ഒരു വിഭാഗമാണ്‌ സാമൂഹികക്ഷേമ പെന്‍ഷന്‍ തുകയ്‌ക്കായി കാത്തിരിക്കുന്നത്‌. മരുന്നുവാങ്ങാനും ഭക്ഷണത്തിനുവേണ്ടിയും ചെലവഴിക്കപ്പെടുന്നതാണ്‌ ഈ തുകയില്‍ ഭൂരിപക്ഷവും. അതിനാല്‍തന്നെ അതു സമയത്തുതന്നെ കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍തുക അതതു മാസം വിതരണം ചെയ്യണമെന്ന ആവശ്യത്തിന്‌ പെന്‍ഷന്‍ വിതരണത്തോളംതന്നെ പഴക്കമുണ്ട്‌. എന്നാല്‍ ഇടതുവലതു ഭേദമെന്യേ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാലങ്ങളായി ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരോട്‌ പുലര്‍ത്തുന്ന അവഗണന തുടരുകയാണ്‌. പെന്‍ഷന്‍ വിതരണസമയത്തിന്റെ മാനദണ്ഡം തങ്ങള്‍ക്കു തോന്നുമ്പോള്‍ എന്നതാണ്‌.

വിലപേശല്‍ ശേഷിയില്ലാത്തവരും അസംഘടിതരുമായതിനാല്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരുടെ ആവശ്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പുല്ലുവിലയാണ്‌ കല്‍പ്പിക്കുന്നത്‌. വര്‍ഷം തോറും ക്ഷേമപെന്‍ഷനില്‍ നൂറുരൂപവീതം വര്‍ധനവരുത്തുമെന്നും അര്‍ഹരായവര്‍ക്കെല്ലാം പെന്‍ഷന്‍ ഉറപ്പാക്കുമെന്നും വാഗ്‌ദാനം ചെയ്‌ത ഇടതു സര്‍ക്കാരിന്റെ ബജറ്റുകള്‍ പലതു കഴിഞ്ഞിട്ടും വാഗ്‌ദാനങ്ങള്‍ പ്രകടനപത്രികയില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. സമൂഹത്തില്‍ അശരണരരും അനാരോഗ്യരുമായിരിക്കുന്നവര്‍ക്കുള്ള കൈത്താങ്ങ്‌ പരിഷ്‌കൃത സമൂഹത്തിലെല്ലാം നടപ്പിലുള്ള ഒരു സംസ്‌കാരമാണ്‌. എന്നാല്‍, നാം നല്‍കുന്ന കൈത്താങ്ങാകട്ടെ ഭിക്ഷ നല്‍കുന്ന രീതിയിലാണ്‌. സര്‍ക്കാരിന്റെ ആവശ്യങ്ങളെല്ലാം കഴിഞ്ഞ്‌ വല്ലപ്പോഴും എറിഞ്ഞുകൊടുക്കുന്ന ഔദാര്യമായിരിക്കുകയാണ്‌ ക്ഷേമപെന്‍ഷന്‍.

ഈ പെന്‍ഷനെ ആശ്രയിച്ച്‌ ആരെങ്കിലും മരുന്നും ഭക്ഷണവും വാങ്ങി ജീവിക്കാമെന്നു വിചാരിച്ചാല്‍ അകാലമരണമായിരിക്കും ഫലമെന്ന്‌ സാമാന്യബോധമുള്ളവര്‍ക്കൊക്കെ അറിയാം. എന്നുകിട്ടുമെന്നോ എപ്പോള്‍ കിട്ടുമെന്നാ അറിയാത്ത ഈ തുകയെ ആശ്രയിച്ചു ജീവിതം ക്രമപ്പെടുത്തുന്ന ലക്ഷങ്ങളുണ്ടെന്നു സര്‍ക്കാര്‍ തിരിച്ചറിയേണ്ട കാലം വൈകി. ഇപ്പോഴത്തെ പെന്‍ഷന്‍ വിതരണത്തിന്‌ ഫെസ്‌റ്റിവല്‍ അലവന്‍സെന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ യോജിക്കുക. വയോജനങ്ങള്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കുന്നത്‌ നാടിന്റെ മാനുഷിക മുഖമാണ്‌ വിളിച്ചോതുന്നത്‌. വികസിതരാജ്യങ്ങളിലൊക്കെ സാമ്പത്തിക, സാമൂഹിക പരിഗണനകള്‍ക്കപ്പുറംവയോജനങ്ങള്‍ക്ക്‌ ജീവിക്കാനുതകുന്ന മാന്യമായ തുക പെന്‍ഷനായി കൃത്യസമയത്തു നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ സഫലമായ ഒരു കര്‍മകാണ്ഡത്തിനപ്പുറം ആനന്ദദായകമായ സായാഹ്‌നം പ്രദാനം ചെയ്യാന്‍ നാടിനു കടപ്പാടുണ്ട്‌.

എന്നാല്‍ നമ്മുടെ സാമ്പത്തിപരിഗണനകള്‍ക്കു പുറത്താണ്‌ വയോജനങ്ങളെന്നു പറയുന്നത്‌ ഖേദകരംതന്നെയാണ്‌. വാര്‍ധക്യകാലപെന്‍ഷന്‍ എത്തിയോ എന്ന്‌ ഓരോ ദിവസവും അന്വേഷിച്ച്‌ അലയുന്നവരെക്കാണാന്‍ അധികൃതര്‍ക്കാവുന്നില്ല. വാര്‍ധക്യമാകുന്നതോടെ ഇന്‍ഷുറന്‍സ്‌ പദ്ധതികളില്‍നിന്നുപോലും അവര്‍ പുറത്താവുന്ന നാടാണ്‌ നമ്മുടേതാണെന്ന്‌ തലകുനിച്ച്‌ സമ്മതിക്കേണ്ടി വരും. ഇത്തരം സ്‌ഥിതിവിശേഷങ്ങളാണു മാറേണ്ടത്‌. അതിനു വേണ്ടത്‌ അധികാരികളുടെ മനോഭാവത്തിലുള്ള മാറ്റമാണ്‌. ആ മാറ്റത്തിനു മുന്‍കൈയെടുക്കാന്‍ സര്‍ക്കാരിനു കഴിയണം.

Ads by Google
Monday 06 Aug 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW