Friday, July 19, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 02.01 AM

റബര്‍ കര്‍ഷകരെ തകര്‍ത്തത്‌ ഇറക്കുമതിയുടെ കുത്തൊഴുക്ക്‌

uploads/news/2018/08/239303/bft2.jpg

കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലമായി റബര്‍കര്‍ഷകര്‍ ദുരിതക്കയത്തിലാണ്‌. സര്‍ക്കാര്‍ ഈ കാലയളവില്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്‌തില്ല. അവസാന മുഹൂര്‍ത്തത്തിലെങ്കിലും റബര്‍ കര്‍ഷകരെ സഹായിക്കാന്‍ അവര്‍ തയാറാണെങ്കില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കട്ടെ. പുതിയ റബര്‍നയം രൂപീകരിക്കാന്‍ ചീഫ്‌ സെക്രട്ടറിമാരുടെ വിദഗ്‌ധസമിതിയുണ്ടാക്കിയും മറ്റും സമയം കളയുന്നതിനു പകരം ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൂടേ?
പ്രതിസന്ധിക്കു കാരണം എല്ലാവര്‍ക്കുമറിയാം-ഇറക്കുമതി റബറിന്റെ കുത്തൊഴുക്ക്‌. ഈ ഒഴുക്ക്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ പ്രതിസന്ധി അവസാനിക്കും. ലോകവാണിജ്യക്കരാറും ഇതര ഉദാരവല്‍ക്കരണ നയങ്ങളും നടപ്പില്‍ വന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ റബര്‍ ഇറക്കുമതി പാടേ നിരോധിക്കണമെന്നും റബറിന്റെ വിപണി വില 200 രൂപയാക്കണമെന്നും മറ്റും പറയുന്നതു പ്രായോഗികമല്ല. ലോകവാണിജ്യക്കരാറിലെ വ്യവസ്‌ഥകള്‍തന്നെ ഉപയോഗിച്ച്‌ നമ്മുടെ പ്രശ്‌നത്തിനു പരിഹാരം കാണാം.
വാസ്‌തവത്തില്‍ ഇറക്കുമതി റബറിന്റെ ഒഴുക്ക്‌ നിയന്ത്രിക്കാന്‍ ലോകവാണിജ്യക്കരാറില്‍ത്തന്നെ ഒരു വ്യവസ്‌ഥയുണ്ട്‌. ഇറക്കുമതിയുടെ ഒഴുക്കുമൂലം ഏതെങ്കിലും ഉല്‍പന്നത്തിന്റെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞുപോയാല്‍, പഴയ ഉല്‍പ്പാദനനിരക്ക്‌ വീണ്ടെടുക്കാനായി ഇറക്കുമതിയെ നിയന്ത്രിക്കാം. അതിനുവേണ്ടി ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി നിര്‍ണയിക്കാന്‍ നമ്മുടെ സര്‍ക്കാരിന്‌ അധികാരമുണ്ട്‌. ഉദാഹരണമായി റബറിന്റെ കാര്യം എടുക്കുക. ഇന്ന്‌ റബറിനു നമുക്ക്‌ ചുമത്താന്‍ കഴിയുന്ന ഉയര്‍ന്ന ചുങ്കനിരക്ക്‌ (ബൗണ്ട്‌ റേറ്റ്‌) 25 ശതമാനം ആണ്‌. പക്ഷേ കുറഞ്ഞ ചുങ്കനിരക്കില്‍ ഇറക്കുമതിയുടെ കുത്തൊഴുക്കുണ്ടായി ആഭ്യന്തര വിപണി തകര്‍ന്ന്‌ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞുപോയാല്‍? അപ്പോള്‍ വില്ലനായ ഇറക്കുമതിയെ നിയന്ത്രിക്കാനായി, സംരക്ഷണച്ചുങ്കം (സേഫ്‌ ഗാര്‍ഡ്‌ ഡ്യൂട്ടി) എന്ന പേരില്‍ ചുങ്കനിരക്ക്‌ നാലു കൊല്ലക്കാലത്തേക്ക്‌ ഉയര്‍ത്തി നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ മറ്റാരുടെയും അനുമതി തേടേണ്ടതില്ല.
സംരക്ഷണച്ചുങ്കം 50 ശതമാനമായി നിര്‍ണയിച്ചാല്‍ റബര്‍ ഇറക്കുമതി ചെയ്യുന്നവര്‍ 5025=75 ശതമാനം ചുങ്കം കൊടുക്കേണ്ടിവരും. സര്‍ക്കാരിന്‌ അധിക വരുമാനം ലഭിക്കും. അതോടൊപ്പം ഇറക്കുമതി ചെയ്‌ത റബര്‍ ഇവിടെ എത്തുമ്പോഴേക്ക്‌, ഇറക്കുമതി ഷീറ്റിന്‌ 200 രൂപയും ക്രംബ്‌ റബറിന്‌ 165 രൂപയും അവര്‍ക്ക്‌ മുടക്കേണ്ടിവരും. അപ്പോള്‍ റബര്‍ ഇറക്കുമതി ചെയ്യുന്നതിനുപകരം, നമ്മുടെ വിപണിയില്‍ നിന്ന്‌ ന്യായമായ വിലയ്‌ക്ക്‌ റബര്‍ വാങ്ങാന്‍ വ്യവസായികള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
സംരക്ഷണച്ചുങ്കം ചുമത്താന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ നാം, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്‌ടര്‍ ജനറല്‍, സേഫ്‌ ഗാര്‍ഡ്‌സ്‌ എന്ന ഉദ്യോഗസ്‌ഥന്‌ വിശദമായ കണക്കുകളോടെ അപേക്ഷ സമര്‍പ്പിച്ചത്‌ മൂന്നു കൊല്ലം മുന്‍പാണ്‌. അന്ന്‌ സംരക്ഷണച്ചുങ്കത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ നിയമത്തില്‍ അതിന്‌ വ്യവസ്‌ഥയില്ലെന്ന്‌ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ വാദിച്ചു. റബര്‍, ഇന്ത്യയിലേക്ക്‌ ഇറക്കുന്ന രാജ്യങ്ങളുടെ അനുവാദത്തോടെ മാത്രമേ ഇത്‌ സാധിക്കൂവെന്നു വിദഗ്‌ധന്മാരെന്ന്‌ അവകാശപ്പെടുന്ന ചിലരും അഭിപ്രായപ്പെട്ടു.
ഈ ലേഖകനും സഹപ്രവര്‍ത്തകരും ഡല്‍ഹിയിലെത്തി, ഡയറക്‌ടര്‍ ജനറലിനെയും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്‌ഥരെയും കണ്ട്‌ നമ്മുടെ അപേക്ഷയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്‌തു. കേരളത്തിലെ റബര്‍മേഖല നേരിട്ടു സന്ദര്‍ശിച്ചു തെളിവെടുപ്പ്‌ നടത്തി തീരുമാനമെടുക്കാമെന്നു പറഞ്ഞവര്‍ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ നിലപാട്‌ മാറ്റി. വ്യവസായികളുടെ സ്വാധീനശക്‌തിക്ക്‌ അവര്‍ വശംവദരാകുന്നത്‌ വ്യക്‌തമായിരുന്നു.
കഴിഞ്ഞ മൂന്നു കൊല്ലക്കാലത്ത്‌ ഇക്കാര്യത്തില്‍ നാം തുടര്‍ച്ചയായി നിവേദനങ്ങള്‍ നല്‍കി. ആറുമാസം മുന്‍പ്‌ ഡയറക്‌ടര്‍ ജനറലുമായി വീണ്ടുമൊരു ചര്‍ച്ച. മറ്റനേകം ഉല്‍പന്നങ്ങള്‍ക്ക്‌, ടയറിനും കൃത്രിമ റബറിനുപോലും ഇറക്കുമതിയില്‍നിന്നും സംരക്ഷണം നല്‍കാന്‍ തയാറായ കേന്ദ്ര സര്‍ക്കാര്‍ സ്വാഭാവിക റബറിന്റെ ഉല്‍പാദകരായ ചെറുകിട റബര്‍ കര്‍ഷകര്‍ക്കു സംരക്ഷണം നല്‍കാന്‍ തയാറാകാത്ത ദയനീയസ്‌ഥിതി ചൂണ്ടിക്കാട്ടി വീണ്ടും ചര്‍ച്ചകള്‍.
അവസാനം, ഈയിടെ ഡയറക്‌ടര്‍ ജനറലിന്റെ ഒരു കത്ത്‌ ലഭിച്ചു. റബര്‍ ഉല്‍പാദിപ്പിക്കാന്‍ വേണ്ടി ചെറുകിട കര്‍ഷകര്‍ ചെലവാക്കുന്ന തുകയെത്രയെന്നും അവര്‍ റബര്‍ഷീറ്റ്‌ വിറ്റ്‌ നേടിയെടുക്കുന്ന വരുമാനമെത്രയെന്നും, സംശയാതീതമായി അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കര്‍ഷകന്‌ എത്രമാത്രം നഷ്‌ടമുണ്ടാകുന്നുവെന്നു മനസിലാക്കാന്‍ പറ്റൂവെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്‌. നഷ്‌ടമെത്രയെന്ന്‌ അറിഞ്ഞിട്ടുവേണമല്ലോ, ആ നഷ്‌ടം പരിഹരിക്കാന്‍ വേണ്ടി എത്ര ശതമാനം സംരക്ഷണച്ചുങ്കം ചുമത്തണം എന്ന്‌ തീരുമാനിക്കാന്‍ കഴിയൂ?
നാം സമര്‍പ്പിച്ച ഉല്‍പാദനച്ചെലവിന്റെ കണക്ക്‌ സംശയകരമാണെങ്കില്‍ സര്‍ക്കാര്‍ സ്‌ഥാപനമായ റബര്‍ബോര്‍ഡിനെ സമീപിച്ച്‌ ഡയറക്‌ടര്‍ ജനറലിന്‌ ഉല്‍പാദനച്ചെലവിന്റെ ശരിയായ കണക്കുകള്‍ കരസ്‌ഥമാക്കാമല്ലോ? അതുപോലെതന്നെ, കര്‍ഷകന്‍ ഷീറ്റ്‌ വില്‍ക്കുന്ന വില റബര്‍ബോര്‍ഡ്‌ തന്നെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന പത്രവിലയില്‍നിന്നും 10 ശതമാനം കുറച്ച്‌ കണക്കാക്കാമല്ലോ? റബര്‍ബോര്‍ഡ്‌ തന്നെ നല്‍കുന്ന ഉല്‍പാദനച്ചെലവും, വിപണി വിലയും കണക്കാക്കി, കര്‍ഷകനുണ്ടാകുന്ന നഷ്‌ടം കൃത്യമായി കണക്കുകൂട്ടിയെടുത്ത്‌ ന്യായമായ സംരക്ഷണച്ചുങ്കം നിര്‍ണയിക്കാന്‍ നമ്മള്‍ ആവശ്യപ്പെട്ടു. പക്ഷേ, ഇത്‌ പരിഗണിക്കാതെ, അവര്‍ നമ്മുടെ അപേക്ഷ മടക്കി അയച്ചുതന്നിരിക്കുന്നു!
സംരക്ഷണച്ചുങ്കം നമുക്കു ലഭിക്കാത്തതിനു കാരണം, രാഷ്‌ട്രീയ സ്വാധീനത്തിന്റെ അഭാവമാണെന്നു വ്യക്‌തം. പുതിയ റബര്‍നയത്തെപ്പറ്റിയും വിദഗ്‌ധ സമിതിയെപ്പറ്റിയും പറഞ്ഞു സമയം നഷ്‌ടപ്പെടുത്താതെ, കേന്ദ്ര സര്‍ക്കാര്‍ ഉടനെതന്നെ 50 ശതമാനം സംരക്ഷണച്ചുങ്കം അനുവദിച്ച്‌ റബര്‍ കര്‍ഷകരെ രക്ഷിക്കുകയാണ്‌ വേണ്ടത്‌.

പി.സി. സിറിയക്‌

Ads by Google
Monday 06 Aug 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW