Friday, November 16, 2018 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 01.32 AM

ഡ്രോണ്‍ ഉപയോഗിച്ച്‌ മഡൂറോയെ വധിക്കാന്‍ ശ്രമം; കൊളംബിയയ്‌ക്കെതിരേ ആരോപണവുമായി വെനസ്വേല

uploads/news/2018/08/239242/in2.jpg

കരാക്കസ്‌: ഡ്രോണ്‍(പൈലറ്റില്ലാ വിമാനം) ഉപയോഗിച്ചു വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെ വധിക്കാന്‍ ശ്രമം. ശനിയാഴ്‌ച സൈനിക പരേഡില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ആക്രമണം. കരാക്കസില്‍ പരിപാടി നടക്കുന്ന വേദിക്കു സമീപം സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മഡുറോക്ക്‌ പരുക്കില്ല. നാഷനല്‍ ഗാര്‍ഡുമാരായ ഏഴു പേര്‍ക്കു സംഭവത്തില്‍ പരുക്കേറ്റു. ചടങ്ങുവീക്ഷിക്കാനെത്തിയവര്‍ അലറിക്കരഞ്ഞുകൊണ്ട്‌ സ്‌ഥലംവിട്ടു. പരേഡ്‌ നടന്ന സ്‌ഥലത്തിനു സമീപമുള്ള കെട്ടിടങ്ങള്‍ക്കും തകരാറുണ്ട്‌.
ഫ്‌ളോറിഡയും കൊളംബിയയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന "നാഷനല്‍ മൂവ്‌മെന്റ്‌ ഓഫ്‌ സോള്‍ജിയേഴ്‌സ്‌ ഇന്‍ ടിഷര്‍ട്ട്‌സ്‌" എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. എന്നാല്‍, ആക്രമികള്‍ക്കു കൊളംബിയന്‍ പ്രസിഡന്റ്‌ ജുവാന്‍ മാനുവേല്‍ സാന്റോസിന്റെ പിന്തുണയുണ്ടെന്നു വെനസ്വേല ആരോപിച്ചു. ഇതിനെതിരേ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഇടപെടലും മഡൂറോ ആവശ്യപ്പെട്ടു.
വെനസ്വേലയുടെ സാമ്പത്തികസ്‌ഥിതിയെപ്പറ്റി മഡുറോ പ്രസംഗിക്കുന്നതിനിടെ പെട്ടെന്ന്‌ മൈക്ക്‌ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. പിന്നാലെ സ്‌ഫോടന ശബ്‌ദവും ഉയര്‍ന്നു. അമ്പരന്നു നില്‍ക്കുകയായിരുന്ന പ്രസിഡന്റിനും ഭാര്യയ്‌ക്കും ഉടന്‍തന്നെ സൈന്യം സുരക്ഷയൊരുക്കി. പരേഡ്‌ വീക്ഷിക്കാനെത്തിയ ജനങ്ങള്‍ അലറിക്കരഞ്ഞുകൊണ്ട്‌ ഓടിരക്ഷപ്പെട്ടു. പരുക്കേറ്റ സൈനികരുടെ തലയില്‍നിന്നു ചോരയൊലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. രണ്ട്‌ ഡ്രോണ്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഒരെണ്ണം സൈന്യം വെടിവച്ചിട്ടു.സംഭവത്തിനു മൂന്ന്‌ മണിക്കൂറിനുശേഷം വിശദീകരണവുമായി മഡൂറോയെത്തി. തന്നെ കൊല്ലാനായിരുന്നു ശ്രമമെന്ന്‌ അദ്ദേഹം ആരോപിച്ചു.
എന്നാല്‍, മഡൂറോയുടെ ആരോപണം കൊളംബിയ നിഷേധിച്ചു. അതേ സമയം, ആക്രമണം സംബന്ധിച്ച മഡൂറോയുടെ നിലപാടിനെ ചോദ്യംചെയ്‌ത്‌ പ്രതിപക്ഷം രംഗത്തെത്തി. വാതകടാങ്ക്‌ സ്‌ഫോടനത്തെ പ്രസിഡന്റ്‌ വളച്ചൊടിച്ചെന്നാണ്‌ ആരോപണം. സൈനിക പരേഡ്‌ നടന്ന സ്‌ഥലത്തിനു സമീപമുള്ള പാര്‍പ്പിട സമുച്ചയത്തിലാണു വാതക ടാങ്ക്‌ പൊട്ടിത്തെറിച്ചതെന്നു അഗ്നിശമന സേനയെ ഉദ്ധരിച്ചു പ്രതിപക്ഷം അറിയിച്ചു. ഡ്രോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എന്നാല്‍, ഡോണ്‍ എഡ്വുര്‍ഡോ കെട്ടിടത്തിലെ തീപിടിത്തത്തിന്റെ ദൃശ്യവും പ്രതിപക്ഷനേതാക്കള്‍ പുറത്തുവിട്ടു.

Ads by Google
Monday 06 Aug 2018 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW