Friday, June 21, 2019 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Sunday 05 Aug 2018 08.42 AM

‘അനുയായികളെ ബലാത്സംഗം ചെയ്യാനും എതിര്‍ക്കുന്നവരെ കൊല്ലാനും പുരോഹിത മേധാവിത്വത്തിന് മടിയില്ലാതായി’, വേണ്ടത് മനസാക്ഷിയുടെ ശുദ്ധീകരണം: സഭയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ഫാ.വര്‍ഗീസ് ആലങ്ങാടന്‍

Varghese Alengadan,  Bishop Franko

കോട്ടയം: ക്രൈസ്തവ സഭയെ ഏറ്റവും പ്രതിസന്ധിയിലാക്കുന്ന പുരോഹിത വര്‍ഗത്തിന്റെ കുറ്റകൃത്യങ്ങളിലും അത്തരക്കാരെ സംരക്ഷിക്കുന്ന സഭയുടെ മനോഭാവത്തേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് ഫാ.വര്‍ഗീസ് ആലങ്ങാടന്‍. സ്വന്തം കുറ്റകൃത്യങ്ങളെ കോടതിയില്‍ ന്യായീകരിക്കാതെ മനസാക്ഷിയുടെ ശബ്ദം ശ്രവിക്കാനുള്ള ധൈര്യവും ആത്മാര്‍ത്ഥതയും പുരോഹിതര്‍ കാണിക്കാന്‍ തയ്യാറാകുമോ എന്നാണ് വൈദികന്‍ ചോദിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കപ്പൂച്ചിന്‍സ് ക്രിസ്തുജ്യോതി പ്രൊവിന്‍സ് പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യന്‍ കറന്റ്‌സ്' എന്ന ആഴ്ചപതിപ്പിലാണ് ഈ വൈദികന്‍ സഭയ്ക്ക് നേരെ വിരല്‍ചൂണ്ടുന്നത്. ഇന്‍ഡോറിലെ യൂണിവേഴ്‌സല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് (യു.എസ്.എം) എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഫാ.വര്‍ഗീസ്.

ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോയുടെ പേരില്‍ ഭാരത കത്തോലിക്കാ ഒന്നടങ്കം അപമാനം നേരിടുന്ന സാഹചര്യത്തില്‍ കൂടെയാണ് വൈദികന്റെ് തുറന്നുപറച്ചില്‍. ബിഷപ്പ് എന്ന വാക്കിനു പകരം 'ഗോഡ്-മെന്‍' എന്നാണ് ഈ വൈദികന്‍ പ്രയോഗിച്ചിരിക്കുന്നതുതന്നെ. ഫ്രാങ്കോ ബിഷപ്പ് സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്നും ഇദ്ദേഹം ലേഖനത്തില്‍ പരോക്ഷമായി സൂചിപ്പിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ എന്തുകുറ്റകൃത്യവും ചെയ്യാന്‍ മടിയില്ലാത്തവരായ പുരോഹിതര്‍ മാറി. സ്വന്തം അനുയായികളെ പോലും ബലാത്സംഗം ചെയ്യാനും എതിര്‍ക്കുന്നവരെ കൊല്ലാനും പോലും പുരോഹിത മേധാവിത്വത്തിന് മടിയില്ലാതായി. വോട്ട് ബാങ്കിനു വേണ്ടി ഭരണകൂടം അവരെ പിന്തുണയ്ക്കുന്നുവെന്ന പച്ചയായ യഥാര്‍ത്ഥ്യവും അദ്ദേഹം തുറന്നുകാണിക്കുന്നു.

Varghese Alengadan,  Bishop Franko

മനസാക്ഷിയുള്ള ഒരു ആത്മീയ നേതാവാണെങ്കില്‍ കോടതിയിലേക്ക് പോകുന്നതുവരെ നോക്കിനില്‍ക്കില്ല. കോടതിയില്‍ പോയി എന്തുവില കൊടുത്തും തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് സാധാരണ ക്രമിനലുകളും കൊള്ളക്കാരും രാഷ്ട്രീയക്കാരുമാണ്. വിവിധ കുറ്റങ്ങളുടെ പേരില്‍ ഇപ്പോള്‍ ആരോപണം നേരിടുന്നതും ജയിലില്‍ പോകുന്നതുമായ 'ഗോഡ്-മെന്‍' പോലും തുടര്‍ച്ചയായി നുണകള്‍ പറയുകയും സ്വന്തം കുറ്റങ്ങള്‍ ഏറ്റുപറയാന്‍ വിസമ്മതിക്കുകയുമാണ്. അവരുടെ പക്കല്‍ ധനമുണ്ട്. നിഷ്‌കളങ്കരായ ജനങ്ങളോട് എന്ത് കുറ്റകൃത്യങ്ങള്‍ ചെയ്താലും മതമെന്ന ലഹരിയില്‍ സാധാരണക്കാരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി സ്വന്തം പദവികള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഇനി അവര്‍ ജയിലിനുള്ളില്‍ ആയാലും അവിടെ വിഐപി പരിഗണന ലഭിക്കാനുള്ള സാഹചര്യമൊരുക്കുന്നു. അവരുടെ അഹങ്കാരമോ സ്വയം നീതികരണമോ ഇല്ലാതാകുന്നില്ല- അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

'കൊലപാതകം, ബലാത്സംഗം, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ കുറ്റം സമ്മതിക്കാന്‍ വിസമ്മതിക്കുന്നു. അവര്‍ തങ്ങളുടെ കുറ്റം നിഷേധിക്കുക മാത്രമല്ല സ്വയം പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. പണത്തിന്റെ കഴിവുകൊണ്ടും അഭിഭാഷകരുടെ മിടുക്കുകൊണ്ടും അവരില്‍ പലര്‍ക്കും നിയമത്തിന്റെ കണ്ണില്‍പൊടിയിട്ട് രക്ഷപെടാന്‍ കഴിയുന്നുണ്ട്. ചിലരാകട്ടെ മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും. ചില ക്രിമിനലുകള്‍ പാര്‍ലമെന്റുകളിലേക്ക് പോലും തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിമാരാകുകയും ചെയ്യുന്നു' എന്നു പറഞ്ഞുകൊണ്ടാണ് ഫാ.വര്‍ഗീസ് ആലങ്ങാടന്‍ തന്റെ ലേഖനം തുടങ്ങുന്നത്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങളും നുണപറയലും ഇത്തരക്കാര്‍ക്ക് ഇടയില്‍ മാത്രമല്ല, ദൈവത്തിന്റെ പ്രതിപുരുഷന്മാരിലുമുണ്ടെന്ന് ജലന്ധര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതുന്നു.

പണത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരും മറ്റും ഇന്നല്ലെങ്കില്‍ നാളെ മറുപടി നല്‍കേണ്ടിവരുന്നുണ്ട്. ചോദ്യംചെയ്യപ്പെടാത്ത അനിഷേധ്യ അധികാരമൊന്നും അവര്‍ക്കില്ല. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് മതനേതാക്കളുടെ കാര്യം. 'ഗോഡ്-മെന്‍' മതനേതൃത്വവും ഒരിക്കലും തന്റെ ജനത്തോട് മറുപടി പറയുന്നില്ല. അവര്‍ക്ക് ചോദ്യംചെയ്യപ്പെടാനാവാത്ത അനിഷേധ്യമായ അധികാരമുണ്ട്. അഴിമതിയിലും കുറ്റകൃത്യങ്ങളിലും കിടന്ന് രസിക്കാന്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ട്. തന്റെ അഭിഷിക്തരെ ആരും ചോദ്യം ചെയ്യരുത് എന്ന് പറഞ്ഞ് അവര്‍ വിശ്വാസികളെ ഭയപ്പെടുത്തുന്നു. ഭൂരിപക്ഷവും അവരെ അന്ധമായി വിശ്വസിച്ച് ഭയന്നു അനുസരിക്കുന്നു. തന്മൂലം തന്റെ ശിഷ്യരെ തന്നെ ബലാത്സംഗം ചെയ്യുന്നു. ശബ്ദമുയര്‍ത്തുന്നവരെ അവര്‍ കൊല്ലന്നു. പണത്തിന്റെ പിന്‍ബലത്തില്‍ തങ്ങളെ പിന്തുണയ്ക്കാന്‍ അവര്‍ രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും വിലയ്‌ക്കെടുക്കുന്നു.

അധികാരത്തിലിരിക്കുന്നവന് മാധ്യമങ്ങളുടെയും നീതിപീഠത്തിന്റെയും ജനങ്ങളുടെ പോലും വായടപ്പിക്കാന്‍ കഴിയുമായിരിക്കും. ഇന്ത്യയില്‍ സാധാരണ വിശ്വാസികള്‍ മതത്തില്‍ മത്തുപിടിച്ചുകിടക്കുകയാണ്. മതനേതാക്കള്‍ക്ക് തങ്ങളുടെ അഴിമതിയും അധാര്‍മ്മികതയും മുടിവയ്ക്കാന്‍ ഇവരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും. 'ഗോഡ്-മെന്‍' എതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടവും മെല്ലെപ്പോക്കാണ്. കാരണം അവര്‍ അന്ധമായ വിശ്വാസികളുെട വോട്ടിനെ കുറിച്ചാണ് ആശങ്കപ്പെടുന്നത്.

മതം വാണിജ്യവത്കരിക്കപ്പെട്ടതാണ് ഈ പ്രശ്‌നങ്ങളുടെ എല്ലാം കാരണം. മതനേതാക്കള്‍ ആത്മീയ പാതയില്‍ നിന്നും വ്യതിചലിച്ചു. അവര്‍ ദൈവത്തിന്റെ പേരില്‍ വമ്പന്‍ വാണിജ്യസാമ്രാജ്യങ്ങളുടെ അധിപന്‍മാരാകുന്നു. സ്വന്തം മനസ്സാക്ഷിയുടെ ശബ്ദത്തെ അടിച്ചമര്‍ത്തി അവര്‍ തങ്ങളുടെ ആത്മാവിനെ കച്ചവടം ചെയ്യുന്നു. സ്വയം ന്യായീകരിക്കാന്‍ അവര്‍ കപടധാരികളാകുന്നു. അവരുടെ ഇത്തരം മുഖം വലിച്ചുകീറുന്നവരെ അവര്‍ പണവും കയ്യൂക്കും ഉപയോഗിച്ച് ഇല്ലാതാക്കുന്നു.

ക്രിസ്തുകേന്ദ്രീകൃത മാര്‍ഗത്തിലേക്ക് തിരിയുകയാണ് സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ഏക പരിഹാരമെന്നും ഫ.വര്‍ഗീസ് ലേഖനത്തില്‍ അടിവരയിട്ടു പറയുന്നു. മനസാക്ഷിയുടെ ശബ്ദം കേള്‍ക്കുകയും അത് അനുസരിക്കുകയാും വേണം. ആത്മീയ നേതാക്കള്‍ തെറ്റുകള്‍ വിനയപൂര്‍വ്വം സമ്മതിക്കണം. കോടതിയുടെ വിധി വരാന്‍ കാത്തിരിക്കുകയും ചെയ്യരുത്. രാജ്യത്തെ പരമോന്നത കോടതി അവരെ കുറ്റവിമുക്തരാക്കിയാലും സ്വന്തം മനസ്സാക്ഷി അവരെ എല്ലാക്കാലവും വിചാരണ ചെയ്ത് ശിക്ഷിച്ചുകൊണ്ടിരിക്കും. ക്രിസ്തുവിന്റെ ശിഷ്യരും സഭയുടെ മതനേതാക്കളും മനസാക്ഷിയുടെ ശബ്ദം ശ്രവിക്കാനുള്ള ധൈര്യവും സത്യസന്ധതയും കാണിക്കുമോ?-ഫാ.വര്‍ഗീസ് ആലങ്ങാടന്‍ ചോദിക്കുന്നു.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Sunday 05 Aug 2018 08.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW