Thursday, June 13, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.57 AM

കേഡി സി.ഐ.ഡികളും യു.ജി. സഖാക്കളും!

uploads/news/2018/08/239091/bft2.jpg

കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ നിരോധിച്ചിരുന്ന കാലം. നാട്ടിലെ ഒരു ചായക്കടയാണു രംഗം. അലമാര നിറയെ പരിപ്പുവടയും ദോശയും പഞ്ഞിപോലുള്ള ഇഡ്‌ഡലിയും. സ്‌ഥലത്തെ പ്രധാന ദിവ്യന്‍മാര്‍ ബീഡി വലിച്ചും ചായ കുടിച്ചും പത്രം വായിച്ചും രസിക്കുന്നു. അവര്‍ക്കിടയിലേക്ക്‌ ഒരാള്‍ വന്നുകയറി; നടന്നു ക്ഷീണിച്ച ഒരു ചെറുപ്പക്കാരന്‍. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും, കൈയിലൊരു സഞ്ചിയുമുണ്ട്‌.
പോലീസിന്റെ കണ്ണുവെട്ടിച്ചു നടക്കുന്ന കമ്യൂണിസ്‌റ്റുകാരുടെയും അവരെ വലയിലാക്കാന്‍ നടക്കുന്ന സി.ഐ.ഡികളുടെയും കാലമായതിനാല്‍ അപരിചിതരെ നാട്ടുകാര്‍ ഭയാശങ്കകളോടെയാണു വീക്ഷിച്ചിരുന്നത്‌. സി.ഐ.ഡിയേത്‌, കമ്യൂണിസ്‌റ്റേത്‌ എന്നു തിരിച്ചറിയാനാവാത്ത അവസ്‌ഥ. ഇരുകൂട്ടര്‍ക്കും ഹൈവോള്‍ട്ടേജായിരുന്നു. തൊട്ടാല്‍ കറന്റടിക്കും!
സഞ്ചി മേശപ്പുറത്തുവച്ച്‌ ചെറുപ്പക്കാരന്‍ കൈകഴുകാന്‍ പോയി. ആ തക്കത്തിന്‌ കടക്കാരന്‍ സഞ്ചിയിലേക്ക്‌ ഒന്നെത്തിനോക്കി. സഞ്ചിയുടെ കീറിയ ഭാഗത്തുനിന്ന്‌ എന്തോ തള്ളിനില്‍ക്കുന്നു. തോക്കോ ബോംബോ വെട്ടുകത്തിയോ ബദല്‍രേഖയോ?! ചായകുടിച്ചുകൊണ്ടിരുന്ന രണ്ടു സി.ഐ.ഡികളെ കടയുടമ വിവരമറിയിച്ചു. അവര്‍ സഞ്ചി പരിശോധിച്ചു. ഏതാനും കടലാസുകളും ഒരു പഴയ നോട്ട്‌ ബുക്കും ബൈനോക്കുലറും കിട്ടി. സി.ഐ.ഡികള്‍ ബൈനോക്കുലര്‍ എന്ന സംഭവം കണ്ടിട്ടുണ്ടായിരുന്നില്ല. കൈകഴുകി മടങ്ങിവന്ന പയ്യനെ ചോദ്യംചെയ്‌തപ്പോഴാണു കുന്ത്രാണ്ടം ദൂരദര്‍ശിനിയാണെന്നു മനസിലായത്‌. അതോടെ സി.ഐ.ഡികള്‍ക്കു കൗതുകമായി. കുട്ടികളെപ്പോലെ ദൂരക്കാഴ്‌ചകള്‍ കണ്ടുരസിച്ചു. ഇതിനിടെ ആഗതന്‍ സഞ്ചിയുമായി സ്‌ഥലം കാലിയാക്കി! ഉന്നത കമ്യൂണിസ്‌റ്റ്‌ നേതാക്കള്‍ക്കുള്ള കത്തുകളും രഹസ്യരേഖകളും ഒളിയിടങ്ങളുടെ റൂട്ട്‌ മാപ്പുമായിരുന്നു സഞ്ചിയില്‍!
കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെടുകയും നേതാക്കളും മുതിര്‍ന്നപ്രവര്‍ത്തകരും ഒളിവിലാകുകയും ചെയ്‌ത കാലത്താണു നാടിന്റെ മുക്കിലും മൂലയിലും ഒടിയനെയും മാടനെയും മറുതയേയും പോലെ സി.ഐ.ഡികള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്‌. കേരളപ്പിറവിക്കു മുമ്പ്‌ തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ്‌ മലബാര്‍ എന്നീ രാജ്യങ്ങളിലെ സി.ഐ.ഡികള്‍ ദേശാതിര്‍ത്തികള്‍ കടന്ന്‌ ഊരുചുറ്റിയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ "നാടോടിക്കാറ്റി"ലെ ദാസനെയും വിജയനെയും പോലെ! സി.ഐ.ഡി. എന്നാല്‍ ക്രൈം ഇന്‍വെസ്‌റ്റിഗേറ്റിങ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ എന്നേ അര്‍ത്ഥമുള്ളൂ. പക്ഷേ, നാട്ടുകാരുടെ കണ്ണില്‍ പോലീസ്‌ ഓഫീസര്‍മാരും സാദാ പോലീസുകാരുമെല്ലാം സി.ഐ.ഡികളായിരുന്നു. ഈ സി.ഐ.ഡികള്‍ക്കാകട്ടെ ഇടിയും തൊഴിയുമല്ലാതെ മറ്റൊന്നും അറിഞ്ഞുകൂടാതാനും! 'ഇടിയന്‍ നാറാപിള്ള', 'മൂര്‍ഖന്‍ ശങ്കരപ്പിള്ള', 'കടുവാ രാമന്‍ നായര്‍' എന്നൊക്കെയായിരുന്നു ഇവരുടെ സ്‌ഥാനപ്പേരുകള്‍. പേരും പെരുമയുമുള്ള തറവാട്ടില്‍ ജനിച്ച, എഴുതാനും വായിക്കാനും അറിയാവുന്ന, അഞ്ചടി അഞ്ചിഞ്ചു പൊക്കവും 35 ഇഞ്ച്‌ നെഞ്ചളവുമുള്ള, 'മാന്യനായ' ആര്‍ക്കും പണ്ടൊക്കെ പോലീസില്‍ ചേര്‍ന്നു സി.ഐ.ഡിയാകാമായിരുന്നു. ആള്‍ മാന്യനാണെന്ന്‌ ഒരു പൗരമുഖ്യന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി വേണമെന്നു മാത്രം. തിരുവിതാംകൂറിലെയും കൊച്ചിയിലെയും സി.ഐ.ഡികള്‍ നായന്‍മാരായതു വെറുതേയല്ല!
പല സി.ഐ.ഡികള്‍ക്കും നാട്ടിലെ രാഷ്‌ട്രീയമാറ്റങ്ങളെക്കുറിച്ചോ ലോകസംഭവങ്ങളെക്കുറിച്ചോ കമ്യൂണിസത്തെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടായിരുന്നു. ഇത്തരക്കാരായ പാവം സി.ഐ.ഡികളെക്കുറിച്ചു പല കഥകളുമുണ്ട്‌. അമേരിക്കയും ജര്‍മനിയുമൊക്കെ പരസ്‌പരം മത്സരിക്കുന്ന ഗുണ്ടകളാണെന്നു വിശ്വസിച്ചിരുന്നവരും 'ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌' ആദ്യമായി മുഴങ്ങിയകാലത്ത്‌ ഇന്‍ക്വിലാബ്‌ എന്ന 'ദേശദ്രോഹി'യെക്കുറിച്ചു സര്‍ക്കാരിലേക്കു റിപ്പോര്‍ട്ട്‌ അയച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
കമ്യൂണിസ്‌റ്റുകാര്‍ മുണ്ടും ഷര്‍ട്ടുമല്ലാതെ, കോട്ടും ടൈയും മറ്റും ധരിക്കില്ലെന്നായിരുന്നു മറ്റൊരു വിശാസം! ഇതു മനസിലാക്കിയ കമ്യൂണിസ്‌റ്റ്‌ നേതാക്കളില്‍ പലരും പാന്റും കോട്ടും ധരിച്ചു ബസില്‍ സധൈര്യം യാത്ര ചെയ്‌തിട്ടുണ്ട്‌. പിന്തുടര്‍ന്ന സി.ഐ.ഡികളെ പറ്റിക്കാന്‍ (മുന്‍മുഖ്യമന്ത്രി) സി. അച്യുതമേനോന്‍ ഇങ്ങനെ സഞ്ചരിക്കവേയാണു ബസ്‌ അപകടത്തില്‍പ്പെട്ടത്‌. മുന്‍സീറ്റിലായിരുന്ന അദ്ദേഹത്തിനു പോലീസ്‌ സ്‌റ്റേഷനില്‍ സാക്ഷി പറയേണ്ടിവന്നു. എന്നിട്ടും സി.ഐ.ഡികള്‍ക്ക്‌ ആളെ മനസിലായില്ല! സിനിമയും റേഡിയോയുമൊക്കെ വിപ്ലവകാരികള്‍ക്കു നിഷിദ്ധമാണെന്ന ധാരണയും സി.എ.ഡികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കമ്യൂണിസ്‌റ്റുകാര്‍ ചില ഒളിയിടങ്ങളില്‍ റേഡിയോപ്പാട്ടുകള്‍ ഉറക്കെവയ്‌ക്കുകയും സിനിമാ പോസ്‌റ്ററുകള്‍ ഭിത്തികളില്‍ പതിക്കുകയും ചെയ്‌തു!
തീവണ്ടിയിലെ ഒന്നാംക്ലാസ്‌ യാത്രക്കാരായ വി.ഐ.പികളെയും സി.ഐ.ഡികള്‍ പരിശോധിച്ചിരുന്നില്ല. ഒളിവിലായിരുന്ന മുതിര്‍ന്ന വിപ്ലവനേതാക്കള്‍ പലപ്പോഴും ഒന്നാം ക്ലാസില്‍ സുഖയാത്ര ചെയ്യാന്‍ ഇതു കാരണമായി. അഥവാ, രണ്ടാം ക്ലാസ്‌ ടിക്കറ്റെടുത്ത്‌ യാത്ര ചെയ്യേണ്ടിവന്നാല്‍ തീവണ്ടിയിലെ ഓരോ ബോഗിയിലും മാറിക്കയറി സി.ഐഡികളെ പറ്റിച്ചിരുന്നതു മറ്റൊരുകാര്യം! ഒരിക്കല്‍, പാര്‍ട്ടി നേതാക്കളുടെ ഒളിവിടത്തിലേക്കു രഹസ്യരേഖകളുമായിപ്പോയ പ്രവര്‍ത്തകനെ സി.ഐ.ഡികള്‍ സംശയിച്ചു പിടികൂടി. അയാളുടെ ബാഗ്‌ പരിശോധിച്ചു. കടലാസില്‍ പൊതിഞ്ഞ കുറേ പഴങ്ങള്‍ മാത്രമാണു കണ്ടെത്തിയത്‌. പഴങ്ങള്‍ അകത്താക്കി, കടലാസുകള്‍ വലിച്ചെറിഞ്ഞ്‌ പെരുച്ചാഴികള്‍ സ്‌ഥലംവിട്ടു! മറ്റേയാളാകട്ടെ, റോഡില്‍ ചിതറിയ കടലാസുകളുമായി യാത്ര തുടര്‍ന്നു. അവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട രഹസ്യരേഖകള്‍!
വലിയ കമ്യൂണിസ്‌റ്റ്‌ നേതാക്കള്‍ പ്രസംഗിക്കുന്ന സ്‌ഥലങ്ങളില്‍ സി.ഐ.ഡികള്‍ സ്‌റ്റേജിനു പിന്നിലിരുന്നു പ്രസംഗം പകര്‍ത്തുമായിരുന്നു. അര്‍ത്ഥമറിയാത്ത കാര്യങ്ങള്‍ തൊട്ടടുത്തു കാണുന്ന കമ്യൂണിസ്‌റ്റുകാരോടുതന്നെചോദിച്ചു മനസിലാക്കും! തറവാട്ടിലെ കാരണവന്‍മാര്‍ നിഷേധികളായ മരുമക്കളെ പാഠം പഠിപ്പിക്കാനും സി.ഐ.ഡികളെ തന്ത്രപരമായി ഉപയോഗിച്ചിട്ടുണ്ട്‌. സി.ഐ.ഡികളെക്കൊണ്ടു മരുമക്കള്‍ക്കെതിരേ റിപ്പോര്‍ട്ടെഴുതിപ്പിക്കുക എന്നതായിരുന്നു അവരുടെ ബുദ്ധി! 'ടിയാന്‍ ധിക്കാരിയും ദുര്‍നടപ്പുകാരനും അഹങ്കാരിയും സര്‍വോപരി കമ്യൂണിസ്‌റ്റുമാണ്‌' എന്നായിരിക്കും സി.ഐ.ഡി. റിപ്പോര്‍ട്ട്‌! ഈ ചെറുവാല്യക്കാര്‍ക്കു കാരണവന്മാരുടെ മുമ്പാകെ കീഴടങ്ങുകയോ നാടുവിട്ടുപോകുകയോ അല്ലാതെ മറ്റു മാര്‍ഗമില്ല!
നാട്ടിലെങ്ങും പടര്‍ന്നുപിടിച്ച ചെടിക്കു 'കമ്യൂണിസ്‌റ്റ്‌ പച്ച' എന്നു പേരിട്ടതു സരസനായ എതോ സി.ഐ.ഡിയായിരുന്നു എന്നാണു കേട്ടിട്ടുള്ളത്‌. ഒളിവിലുള്ള കമ്യൂണിസ്‌റ്റ്‌ നേതാക്കള്‍ 'യു.ജി'യിലാണ്‌ എന്നാണു പൊതുവേ പറഞ്ഞിരുന്നത്‌. യു.ജി. എന്നാല്‍ അണ്ടര്‍ ഗ്രൗണ്ട്‌! ഒളിവിലുള്ളവരെ മാറ്റിത്താമസിപ്പിക്കാനും രഹസ്യരേഖകള്‍ എത്തിച്ചുകൊടുക്കാനും വിശ്വസ്‌തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ 'മെസഞ്ചര്‍'മാരായി ഉണ്ടായിരുന്നു. ഈ സന്ദേശവാഹകരെയാണു സി.ഐ.ഡികള്‍ ആദ്യം പിടികൂടിയിരുന്നത്‌.
മലബാറിലും മറ്റുമുള്ള ബീഡിത്തൊഴിലാളികളില്‍ പലരും കമ്യൂണിസ്‌റ്റുകാരായ കാലത്ത്‌ അവര്‍ സി.ഐ.ഡികളുടെ നിരീക്ഷണത്തിലായിരുന്നു. അകാരണമായി തൊഴിലാളികള്‍ക്കു മര്‍ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ഒറ്റുകാരും അവരെ നന്നായി പെരുമാറി. അക്കാലത്താണു കമ്യൂണിസ്‌റ്റ്‌ നേതാവ്‌ പി.സി. ജോഷി 'ഒരടിക്കു പത്തടി' എന്ന പ്രഖ്യാപനം നടത്തിയത്‌. ഒരുകണക്കിനു നോക്കിയാല്‍, രാഷ്‌ട്രീയസംഘട്ടനങ്ങളുടെ ആരംഭമായിരുന്നു അത്‌.
കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഒരുഘട്ടത്തില്‍ അംഗീകരിച്ച ഇടതുപക്ഷ സെക്‌ടേറിയന്‍ സമീപനത്തില്‍ ഊന്നിനിന്ന്‌, പ്രവര്‍ത്തകര്‍ തിരിച്ചടിച്ചുതുടങ്ങി. അങ്ങനെയാണ്‌ ഇടപ്പള്ളി പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണവും മറ്റുമുണ്ടായത്‌. പാര്‍ട്ടി പിന്നീട്‌ ഈ സമീപനം മാറ്റി. സി.ഐ.ഡികള്‍ പിടികൂടുന്ന പ്രവര്‍ത്തകരെ സ്‌പെഷല്‍ മര്‍ദനമുറകള്‍ക്ക്‌ ഇരയാക്കിയിരുന്നു. കമ്യൂണിസ്‌റ്റുകാരെ മര്‍ദിച്ചൊതുക്കാന്‍ മലബാര്‍ എം.എസ്‌.പി. ക്യാമ്പില്‍ പ്രത്യേകവകുപ്പുതന്നെ ഉണ്ടായിരുന്നു. അടിയന്തരാവസ്‌ഥക്കാലത്തെ കക്കയം ക്യാമ്പ്‌ പോലെ. കാലുകള്‍ രണ്ടും വരിഞ്ഞുകെട്ടി, തലകീഴായി കെട്ടിത്തൂക്കി, ഗുദത്തില്‍ക്കൂടി ചെളിവെള്ളം പമ്പ്‌ ചെയ്‌ത്‌ മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുത്തുകയായിരുന്നു ഒരു രീതി. കാലില്‍ ബയണറ്റ്‌ (തോക്കില്‍ ഘടിപ്പിച്ച കത്തി) കുത്തിയിറക്കുന്നതാണു മറ്റൊരു പരിപാടി. പൂഞ്ഞാറില്‍നിന്നു പിടികൂടിയ വി.എസ്‌. അച്യുതാനന്ദന്‌ ഇത്‌ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. അടിയന്തരാവസ്‌ഥയിലൂടെ പ്രശസ്‌തമായ 'ഉരുട്ടല്‍' എന്ന മൂന്നാംമുറ ഇന്നും തുടരുന്നു. ഉരുട്ടിക്കൊലയുടെ പേരില്‍ രണ്ടു പോലീസുകാര്‍ക്കു കോടതി വധശിക്ഷ വിധിച്ചത്‌ അടുത്തിടെയാണല്ലോ.
ചരിത്രത്തില്‍ ഇടംനേടിയ പല ചുമതലകളും സി.ഐ.ഡികള്‍ നിര്‍വഹിച്ചിട്ടുണ്ട്‌. ക്ഷേത്രപ്രവേശനമെന്ന വിഖ്യാതവിളംബരത്തിനു തിരുവിതാംകൂര്‍ മഹാരാജാവിനെ പ്രേരിപ്പിച്ച ഒരു കാരണം സി.ഐ.ഡി. റിപ്പോര്‍ട്ടായിരുന്നു. അധഃസ്‌ഥിതര്‍ക്കു ക്ഷേത്രപ്രവേശനം അനുവദിച്ചില്ലെങ്കില്‍ തിരുവിതാംകൂറിലെ ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ക്രൈസ്‌തവരും മുസ്ലിംകളുമായിപ്പോകുമെന്നായിരുന്നു റിപ്പോര്‍ട്ട്‌. കാലം മാറിയപ്പോള്‍ സി.ഐ.ഡികളും മാറി. അവര്‍ക്കു വിപ്ലവകാരികളെ അനേഷിച്ചുപോകേണ്ട കാര്യമില്ലെന്നായി. പഴയ വിപ്ലവകാരികള്‍ ഭരണകര്‍ത്താക്കളുമായി. എന്നാലും ജനമനസുകളില്‍ സി.ഐ.ഡികള്‍ ധീരപരാക്രമികളായി വിഹരിച്ചു. അതോടെയാണു സിനിമകളില്‍ സി.ഐ.ഡികള്‍ നിറഞ്ഞാടാന്‍ തുടങ്ങിയത്‌. സിനിമയിലെ സി.ഐ.ഡികള്‍ കാമലോലുപരും അടി, ഇടി, വെട്ട്‌, കുത്ത്‌, കാറോട്ടം എന്നീയിനങ്ങളില്‍ സമര്‍ത്ഥരുമാണ്‌! പ്രേമിക്കലും പാട്ടുപാടലുമൊക്കെ ഡ്യൂട്ടിക്കിടയില്‍ ചെയ്യണമെന്നുമാത്രം. ഒരു സി.ഐ.ഡി. ചിത്രത്തില്‍ 10 പാട്ടെങ്കിലും ഉണ്ടാകുമായിരുന്നു!
കൊച്ചിന്‍ എക്‌സ്‌പ്രസ്‌, കണ്ണൂര്‍ ഡീലക്‌സ്‌, ലങ്കാദഹനം, മറവില്‍ത്തിരിവ്‌ സൂക്ഷിക്കുക, ഡെയ്‌ഞ്ചര്‍ ബിസ്‌കറ്റ്‌, ഇന്‍സ്‌പെക്‌ടര്‍, പഞ്ചവടി, എറണാകുളം ജംഗ്‌ഷന്‍, പഞ്ചതന്ത്രം, അഗ്‌നിമൃഗം, റസ്‌റ്റ്‌ഹൗസ്‌, പോസ്‌റ്റുമാനെ കാണാനില്ല, കാണാത്ത വേഷങ്ങള്‍, അജ്‌ഞാതവാസം, ലൗ ഇന്‍ കേരള, വനദേവത... അങ്ങനെ എത്രയെത്ര സി.ഐ.ഡി. ചിത്രങ്ങള്‍! നാടോടിക്കാറ്റിലെ മോഹന്‍ലാലിനെയും ശ്രീനിവാസനെയും പോലെ അക്കാലത്തു പ്രേംനസീറും അടൂര്‍ ഭാസിയുമാണു സി.ഐ.ഡികളായി വേഷമിട്ടിരുന്നത്‌. ഒടുവില്‍, പ്രേംനസീറിന്റെ പേരിലും സി.ഐ.ഡി. ചിത്രമിറങ്ങി- 'സി.ഐ.ഡി. നസീര്‍'. സി.ഐ.ഡി. ഉണ്ണിക്കൃഷ്‌ണനെയും ദാസനെയും വിജയനെയുംപോലെയല്ല, ആശ്‌ചര്യകരമായ ഗൗരവം പുലര്‍ത്തിയ കഥാപാത്രമായിരുന്നു സി.ഐ.ഡി. നസീര്‍.

Ads by Google
Sunday 05 Aug 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW