Tuesday, April 23, 2019 Last Updated 43 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 01.50 AM

രാജാവ്‌ അറിയേണ്ടത്‌

uploads/news/2018/08/239088/re5.jpg

ഒരിക്കല്‍ ഉമര്‍ ഖലീഫ തന്റെ മന്ത്രിയോടൊപ്പം നഗരം ചുറ്റി നടന്ന്‌ പരിശോധിക്കുകയായിരുന്നു. അല്‌പം അകലെയായി ദരിദ്രയായ ഒരു സ്‌ത്രീ ഒരു മണ്‍കലം അടുപ്പില്‍ വച്ച്‌ തീ കൂട്ടിക്കൊണ്ടിരുന്നു. അവളുടെ രണ്ടു കൊച്ചുകുഞ്ഞുങ്ങള്‍ വിശപ്പു മൂലം കരഞ്ഞുകൊണ്ടിരുന്നു. ഇതു കണ്ട രാജാവ്‌ അവളുടെ അരികില്‍ ചെന്ന്‌, ''സഹോദരീ, നീയെന്താണ്‌ ചെയ്യുന്നത്‌?'' എന്നു ചോദിച്ചു. മറുപടിയായി രാജാവിനെ വണങ്ങിക്കൊണ്ട്‌ ആ മഹിള പറഞ്ഞു.
''രാജന്‍, എന്റെ കുഞ്ഞുങ്ങള്‍ വിശപ്പും തണുപ്പും കൊണ്ട്‌ വിഷമിക്കുന്നു. അവര്‍ക്കു നല്‍കാനായി കുറച്ചു കഞ്ഞി പാകമാക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ പാതകത്തിന്‌ താങ്കള്‍ ഒരിക്കല്‍ അല്ലാഹുവിനോട്‌ ഉത്തരം പറയേണ്ടി വരും'' എന്നു പറഞ്ഞു.
ഇതു കേട്ട്‌ രാജാവ്‌ ആകുലതയോടെ, ''നീ കഷ്‌ടപ്പെടുന്നത്‌ ഞാനെങ്ങനെയാണ്‌ അറിയുക? ഞാന്‍ അറിഞ്ഞുകൊണ്ട്‌ നിന്നെ സഹായിക്കുന്നില്ല എന്നാണല്ലോ നീ എന്നെ കുറ്റപ്പെടുത്തുന്നത്‌. ഇത്‌ എങ്ങനെയാണ്‌ ന്യായമാകുക?'' എന്ന്‌ ആരാഞ്ഞു. അതിനു മറുപടിയായി ആ മഹിള പറഞ്ഞു.
''തന്റെ രാജ്യത്തെ പ്രജകള്‍ ഓരോരുത്തരുടെയും സ്‌ഥിതിയെക്കുറിച്ച്‌ രാജാവ്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. അങ്ങനെ അല്ലാത്ത ഒരു രാജാവ്‌ ആ പദവിക്കു തന്നെ യോഗ്യനല്ലാത്ത ഒരാളാണ്‌.'' ഇതുകേട്ട രാജാവ്‌ ലജ്‌ജിച്ചു. ആ വാക്കുകള്‍ അദ്ദേഹത്തെ ചിന്തിപ്പിച്ചു. താന്‍ അവരെ വെറുതെ വിമര്‍ശിച്ചുവല്ലോ എന്നോര്‍ത്തു. രാജാവ്‌ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം എത്ര വലുതെന്നു മനസ്സിലാക്കിയാണ്‌ അദ്ദേഹം മടങ്ങിയത്‌.
വിമര്‍ശനവും കുറ്റപ്പെടുത്തലുമല്ല ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റുകയാണ്‌ ഏറ്റവും ആവശ്യം. മറ്റുള്ളവരുമായി സമാധാനത്തില്‍ ജീവിക്കുവാന്‍ നാം ഒഴിവാക്കേണ്ട ഒരു പ്രധാന കാര്യമാണ്‌ വിമര്‍ശനം. മറ്റുള്ളവരെ കുറ്റം പറയുന്നതുകൊണ്ടോ, താഴ്‌ത്തിക്കെട്ടുന്നതു കൊണ്ടോ നമുക്ക്‌ ഒന്നും നേടാനില്ല. നമ്മുടെ മക്കളുടെ കാര്യം തന്നെ എടുക്കുക. അവര്‍ക്ക്‌ ദൈവം തമ്പുരാന്‍ കൊടുത്ത ബുദ്ധി അനുസരിച്ച്‌ അവര്‍ പഠിക്കുന്നുണ്ട്‌. അതോടൊപ്പം നാം മനസിലാക്കേണ്ടതായ മറ്റൊരു കാര്യം ഈ ഭൂമിയില്‍ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ ദൈവം ബുദ്ധിയും ജ്‌ഞാനവും കഴിവും സാഹചര്യവും അവസരവും നല്‍കിയിട്ടില്ല. നിങ്ങളുടെ വീട്ടില്‍ മൂന്നു കുട്ടികള്‍ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും ഒരു പോലെ ബുദ്ധിയോ, കഴിവോ ഇല്ല. ഒരാള്‍ക്ക്‌ കൂടുതല്‍ ബുദ്ധിയുണ്ട്‌, മറ്റേ ആള്‍ക്ക്‌ കുറവാണ്‌. മാത്രമല്ല, എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ മാത്രം കഴിവോ, ബുദ്ധിയോ ഉണ്ടാകില്ല. ഒരാള്‍ കണക്കിന്‌ മിടുക്കന്‍; വേറൊരാള്‍ ഇംഗ്ലീഷിന്‌; ഒരാള്‍ക്ക്‌ സയന്‍സിനാണെങ്കില്‍ മറ്റെ ആള്‍ക്ക്‌ സ്‌കൂളില്‍ പോകാനേ ഇഷ്‌ടമില്ല. പക്ഷേ, കൈത്തൊഴിലുകള്‍ ചെയ്യാന്‍ ബഹു സമര്‍ഥന്‍!.
ഈ ലോകത്തില്‍ വലിയ കാര്യങ്ങള്‍ കണ്ടുപിടിച്ച ചില ശാസ്‌ത്രജ്‌ഞന്മാര്‍ കോളജില്‍ പോയി ഡിഗ്രി എടുത്തിട്ടുള്ളവരല്ല. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മരമണ്ടന്‍, ഇവനെ ഇവിടെ വേണ്ടാ എന്നു പറഞ്ഞ്‌ വിട്ട സംഭവമുണ്ട്‌. ഉദാഹരണത്തിന്‌ ഐന്‍സ്‌റ്റൈന്‍! ആരോ പറഞ്ഞു, കുറ്റം പറയുവാന്‍ ഏതു വിഡ്‌ഢിക്കും കഴിയും; വിഡ്‌ഢികള്‍ അതു ചെയ്യുകയും ചെയ്യുന്നു. ഒരു ആര്‍ട്ടിസ്‌റ്റ് അതിമനോഹരമായ ഒരു ചിത്രം പെയിന്റു ചെയ്യുന്നു. ഇതു കണ്ടിട്ട്‌, പെയിന്റും ബ്രഷും എന്തെന്നു അറിയാന്‍ വയ്യാത്ത ഒരു പരമ വിഡ്‌ഢി അതിനെ വിമര്‍ശിക്കുന്നു. ഡോക്‌ടറോ, വക്കീലോ, അധ്യാപകനോ, അധ്യാപികയോ, ഉപദേശിയോ, അച്ചനോ ആരായാലും സമൂഹത്തിനു വേണ്ടി കഷ്‌ടപ്പെടുകയും അദ്ധ്വാനിക്കുകയും വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇവരെ കണ്ടിട്ട്‌ വിമര്‍ശിക്കുവാന്‍ ഇഷ്‌ടംപോലെ ആളുകളുണ്ട്‌.
എന്താണ്‌ ഇവര്‍ സംസാരിക്കുന്നത്‌? രാഷ്ര്‌ടീയ നേതാക്കന്മാരെപ്പറ്റിയും അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമാണ്‌. അവന്മാര്‍ അങ്ങനെയാണ്‌, എന്തൊക്കെയാണ്‌ അവര്‍ തട്ടിവിടുന്നത്‌... ചുരുക്കം പറഞ്ഞാല്‍ അവരുടെ സംസാരം കേട്ടാല്‍ തോന്നുന്നത്‌ അവരെ അതൊക്കെ ഏല്‌പിച്ചാല്‍ എല്ലാം ഭംഗിയായിപ്പോകും, രാജ്യം നന്നാകും എന്നാണ്‌. ഇങ്ങനെ വിമര്‍ശിക്കാന്‍ മാത്രം മാറിയിരിക്കുന്ന ഒരു കൂട്ടം ആളുകളുമുണ്ട്‌.
ഞാന്‍ ചോദിക്കട്ടെ, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ എങ്ങനെയുള്ള വ്യക്‌തിയാണ്‌? നിങ്ങള്‍ ജോലി ചെയ്യുന്ന സ്‌ഥലത്ത്‌, ആ പ്രസ്‌ഥാനത്തില്‍, വീട്ടില്‍ നിങ്ങളുടെ സംസാരം എങ്ങനെയുള്ളതാണ്‌? രഹസ്യമായോ, പരസ്യമായോ നിങ്ങള്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തെ വിമര്‍ശിക്കുന്ന വ്യക്‌തിയാണോ? ഇതുകൊണ്ടല്ലേ, നിങ്ങള്‍ക്ക്‌ അവിടെ അംഗീകാരം ഇല്ലാത്തത്‌? ഇതുകൊണ്ടല്ലേ, പ്രമോഷന്‍ ലഭിക്കാത്തത്‌? ശമ്പളം കൂട്ടാത്തത്‌? നിങ്ങള്‍ കൈപ്പിലും വൈരാഗ്യത്തിലും വിമര്‍ശിക്കാന്‍ മാത്രം നോക്കിയിരിക്കുന്ന വ്യക്‌തിയാണോ? കടമകളെപ്പറ്റി ബോധവാനാകുക. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശ്വസ്‌തതയോടെ ചെയ്യുക. കുടുംബത്തിലും സമൂഹത്തിലും അതാണാവശ്യം.
ഒരു രാജ്യം ഭരിക്കുന്നതു പോലെയാണ്‌ കുടുംബകാര്യങ്ങള്‍ നോക്കുന്നതിന്റെ ഉത്തരവാദിത്തം. സമൂഹത്തില്‍ ജീവിക്കുന്ന ഓരോ വ്യക്‌തിയും രാജാവിനെപ്പോലെ ഉത്തരവാദിത്തമുള്ളവനാണ്‌. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയാണ്‌ വിമര്‍ശിക്കുന്നതിനു പകരം ചെയ്യേണ്ടത്‌.

Ads by Google
Sunday 05 Aug 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW