Thursday, September 13, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 02.23 AM

നിരത്തിലെ യുദ്ധത്തില്‍ പൊലിയുന്നവര്‍

uploads/news/2018/08/238787/editorial.jpg

കേരളത്തിലെ നിരത്തുകളില്‍ ഓരോദിവസവും പൊലിയുന്ന വിലപ്പെട്ട ജീവനുകളുടെ കണക്ക്‌ ഒരേസമയം ഞെട്ടിപ്പിക്കുന്നതും ദു:ഖമുണ്ടാക്കുന്നതുമാണ്‌. ഗായികയായും നര്‍ത്തകിയായും ശ്രദ്ധനേടിയ മഞ്‌ജുഷ മോഹന്‍ദാസിന്റെ മരണം കേരളത്തിലെ നിരത്തുകളിലെ ചോരക്കളിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്‌. കഴിഞ്ഞ ജൂലൈ 17-ന്‌ കാലടിയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഈ യുവതി ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ മരണമടഞ്ഞത്‌. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കള്ളുംകൊണ്ടു പോയ മിനിലോറി ഇടിച്ചാണ്‌ യുവതിക്ക്‌ ഗുരുതര പരുക്കേറ്റത്‌. മഞ്‌ജുഷയ്‌ക്ക്‌ ഒപ്പമുണ്ടായിരുന്ന യുവതി ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലുമാണ്‌.

എത്ര ബോധവത്‌കരണമുണ്ടായാലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ്‌ മലയാളിയുടെ വാഹനമോടിക്കല്‍. ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുന്നതിലും റോഡ്‌ പൊതുഗതാഗത സംവിധാനമാണെന്ന്‌ മനസ്സിലാക്കി മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഇല്ലാത്ത രീതിയില്‍ വാഹനമോടിക്കുന്നതിലും ഭൂരിപക്ഷം പേരും വിമുഖരാണ്‌. തന്റെ വാഹനം മാത്രം പോയാല്‍ മതി, തനിക്ക്‌ മാത്രം ലക്ഷ്യത്തിലെത്തിയാല്‍ മതി എന്ന്‌ ചിന്തിക്കുന്നവരാണ്‌ ഏറെ പേരും. ഈ കുതിച്ചോട്ടത്തിനിടയില്‍ ഇവര്‍ എല്ലാ ട്രാഫിക്‌ നിയമങ്ങളും മറക്കുന്നു. റോഡില്‍ വാഹനവുമായി സഞ്ചരിക്കുന്ന മറ്റുള്ളവരോട്‌ ശത്രുവിനോടെന്നപോലുള്ള പ്രതികരണമാണ്‌ മിക്കവര്‍ക്കും. മറ്റുള്ളവരോട്‌ കലഹിച്ചും അവരെ ഭര്‍ത്സിച്ചും ഭീതിപരത്തി വാഹനമോടിക്കാന്‍ പലര്‍ക്കും മടിയില്ല. ട്രാഫിക്‌ ബേ്ലാക്കുകളിലോ ജങ്‌ഷനുകളില്‍ സിഗ്‌നല്‍ കാത്തു കിടക്കുമ്പോഴോ മുന്നില്‍ കിടക്കുന്ന വാഹനം അല്‍പം സാവധാനത്തിലാണെന്നു തോന്നിയാല്‍ ഹോണുകള്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന അസഹിഷ്‌ണുക്കളാണ്‌ മിക്കവരും. തിരക്കേറിയതും സൗകര്യം കുറഞ്ഞതുമായ റോഡുകളിലൂടെ അമിതവേഗത്തില്‍ പാഞ്ഞുപോകുന്ന വാഹനങ്ങള്‍ അപകടങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്‌. ഇവയില്‍ ഭൂരിപക്ഷവും ചെറുപ്പക്കാര്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളായിരിക്കും. ഹെല്‍മെറ്റുപോലും ധരിക്കാതെ വളരെ അമിതവേഗത്തില്‍ നാട്ടുകാരെ മുഴുവന്‍ വിറപ്പിച്ച്‌ വാഹനമോടിക്കുന്നത്‌ വലിയ കേമത്തരമാണെന്ന്‌ കരുതുന്ന മണ്ടന്മാരെ ഒരുപക്ഷേ കേരളത്തിലേ ഇത്രയധികം കാണാന്‍ കഴിയൂ.

ഇവരെല്ലാം കൂടി അനേകം അപകടങ്ങളാണ്‌ കേരളത്തില്‍ ഓരോദിവസവും ഉണ്ടാക്കുന്നത്‌. കഴിഞ്ഞവര്‍ഷം കേരളത്തിലുണ്ടായത്‌ 38470 അപകടങ്ങളാണ്‌. അതായത്‌ ദിവസം ശരാശരി നൂറ്‌ അപകടങ്ങള്‍ക്ക്‌ മുകളില്‍. ഇവയില്‍ 4131 പേര്‍ മരിക്കുകയും 42671 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. ഈവര്‍ഷം ജൂണ്‍ വരെയുള്ള കണക്കനുസരിച്ച്‌ 20700 അപകടങ്ങള്‍ ഉണ്ടായി. 2249 പേര്‍ മരിച്ചപ്പോള്‍ 23519 പേര്‍ക്ക്‌ പരിക്കേറ്റു. ഇവയില്‍ നല്ലൊരു പങ്കും അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങളാണ്‌. റോഡുകളുടെ അപര്യാപ്‌തതയും അവയുടെ ദയനീയസ്‌ഥിതിയും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. കേരളത്തിലെ റോഡുകളെല്ലാം നന്നായിട്ട്‌ അപകടം കുറയ്‌ക്കാം എന്നു കരുതുന്നത്‌ മണ്ടത്തരമാണ്‌. ഭീമമായ പണം ചെലവഴിച്ച്‌ നിര്‍മിക്കുന്ന റോഡുകള്‍ പോലും നോക്കിനില്‍ക്കെ തകര്‍ന്നു തരിപ്പണമാകുന്ന കേരളത്തില്‍ അതൊരിക്കലും സാധിച്ചെന്നു വരില്ല. അപ്പോള്‍ പിന്നെ പൊതുജനം നന്നാവുക എന്നതുമാത്രമാണ്‌ കരണീയമായിട്ടുള്ളത്‌. നിയമം പാലിച്ച്‌ വാഹനമോടിക്കുക, വാഹനങ്ങള്‍ക്ക്‌ കൂടി സൗകര്യമാകുന്ന തരത്തില്‍ കാല്‍നടയാത്രക്കാര്‍ റോഡ്‌ ഉപയോഗിക്കുക, വാഹനമോടിക്കുന്നവര്‍ പൊതുതാത്‌പര്യമര്യാദ പാലിക്കുന്നവരും മാനുഷിക ചിന്തയുള്ളവരുമാവുക. അപ്പോള്‍ മാത്രമേ ഈ വിപത്ത്‌ ഒഴിവാക്കാനാവൂ.

Ads by Google
Saturday 04 Aug 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW