മാതൃത്വം ദൈവം സ്ത്രീക്കു മാത്രം കനിഞ്ഞ് നല്കിയ വരദാനമാണ്. ഈ അസുലഭ ഘട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയയാണു മുലയൂട്ടല്‍. ഒരു മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ അടിസ്ഥാനമിടലാണു മുലയൂട്ടലിലൂടെ നിര്‍വഹിക്കപ്പെടുന്നത്. മറ്റേതൊരു ഭക്ഷ്യവസ്തുവിനെക്കാളും കുഞ്ഞിന്റെ എല്ലാ രീതിയിലുമുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും മുലപ്പാല്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്.
നവജാതശിശുക്കളുടെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ശരിയായ അളവിലും ക്രമത്തിലും മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. ആദ്യം ഊറിവരുന്ന മഞ്ഞപ്പാല് (കൊളസ്ട്രം)അമൃതിന് തുല്യമാണ്. അത് എത്രയും പെട്ടെന്ന് കുഞ്ഞിന് നല്കുന്നുവോ അത്രയും നന്ന്. പ്രതിരോധശേഷി നല്കുന്ന ഇമ്യൂണോ ഗ്ലോബിനുകളും ആന്റിബോഡികളും ഈ കൊളസ്ട്രത്തില്‍ ഉണ്ട്. ഇതിലുള്ള പ്രോട്ടീനെയും ധാതു ജീവകങ്ങളെയും വെല്ലാന്‍ ശേഷിയുള്ള ഒരു ഹെല്‍ത്ത് ഡ്രിങ്കും ഇന്നില്ല.
കുട്ടികളുടെ മുഖപേശികളുടെയും ചുണ്ടിന്റെയും നാവിന്റെ ശരിയായ ചലനങ്ങള്‍ക്കും മുലപ്പാല്‍ വലിച്ചു കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. താരതമ്യേന പെട്ടെന്ന് ദഹിക്കുന്ന ലാക്ടോസ് എന്ന അന്നജം പാലിന് ഒരു ചെറുമധുരം പ്രദാനം ചെയ്യുന്നു. അതിലടങ്ങിയിരിക്കുന്ന കൊഴുപ്പ് ഊര്‍ജം നല്‍കുന്നതോടൊപ്പം തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ അവശ്യ ഫാറ്റി ആസിഡുകളും നല്കുന്നു. പാലിലെ പോഷകങ്ങളും മറ്റ് ഘടകങ്ങളും മുലപ്പാല്‍ കുടിക്കുന്ന ശിശുക്കള്‍ക്ക് ഭാവിയില്‍ പ്രമേഹം, രക്താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയില്‍നിന്നു സംരക്ഷണം നല്‍കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മുലപ്പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളുടെ ബുദ്ധിവികാസവും മറ്റ് കുഞ്ഞുങ്ങളെക്കാള് കൂടുതലാണ്. അതുകൊണ്ട് ആദ്യ ആറുമാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ ആവശ്യമുള്ളൂ. അത് നിര്‍ബന്ധമായും നല്‍കുകയും വേണം.
മുലയൂട്ടുന്ന അമ്മമാര്ക്കൂ പൊതുവെ ഉണ്ടാകുന്ന ഒരു സംശയമാണ് ആവശ്യത്തിന് പാല് കുഞ്ഞിനു ലഭിക്കുന്നുണ്ടോ എന്ന്. കുട്ടി ഒരു ദിവസം 6-7 തവണ മൂത്രമൊഴിക്കുകയും ആനുപാതികമായ തൂക്കക്കൂടുതല്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ടെങ്കില്‍ പാല് ആവശ്യത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പിക്കാം. പാലുല്‍പ്പാദനം കൂട്ടുന്നതിനായി കഴിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് ഉള്ളി, വെളുത്തുള്ളി, ഉലുവ, ചെറുപയര്‍, പശുവിന്പാല് തുടങ്ങിയവ. മുലയൂട്ടുന്ന അമ്മമാര്‍ ദിവസേന രണ്ടര മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. കാല്‍സ്യം കൂടുതലുള്ള പാലും പാലുല്പന്നങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാല്‍സ്യം ഗുളികകള്‍ ആദ്യ ആറുമാസമെങ്കിലും കഴിച്ചിരിക്കണം.
മുലയൂട്ടല്‍ മൂലം അമ്മമാര്‍ക്കും ഗുണഫലങ്ങള്‍ ഏറെയുണ്ട്. സ്തനാര്‍ബുദം പോലെയുള്ള കാന്‍സറുകളെ ചെറുക്കാന്‍ സഹായിക്കുന്നു. പാലുല്പാദനത്തെ സഹായിക്കുന്ന ചില ഹോര്‍മോണുകള്‍ ഗര്‍ഭാശയം പഴയപടി ചുരുങ്ങാന്‍ സഹായിക്കുന്നു. അമ്മയുടെ ശരീരത്തിലെ ഊര്‍ജം പാലുല്പാദിപ്പിക്കാനുപയോഗിക്കുന്നതിനാല് അമിതമായ കൊഴുപ്പിന്റെ അടിഞ്ഞുകൂടലും തടയും. ഈ പ്രാധാന്യം കണക്കിലെടുത്താണ് ഓഗസ്റ്റ് ആദ്യവാരം മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ വിഷയം മുലയൂട്ടല്‍- ജീവന്റെ അടിസ്ഥാനം എന്നതാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ മുലയൂട്ടലിന്റെ പ്രാധാന്യം ഇതു വിളിച്ചോതുന്നു.
സൂര്യ എം.കൊട്ടാരം
ലേഖിക എറണാകുളം സെന്റ് തെരേസാസ് കോളജ് ഡയറ്ററ്റിക്സ് വിഭാഗം അസി.പ്രഫസറാണ്.