Wednesday, July 10, 2019 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 04 Aug 2018 02.21 AM

കീഴാറ്റൂരില്‍ വീണ്ടും പ്രതീക്ഷയുടെ കിളിനാദം , വയല്‍ക്കിളികള്‍ക്ക്‌ ആശ്വാസം; സമരത്തിനു പുതുജീവന്‍

uploads/news/2018/08/238784/bft3.jpg

ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള ബൈപ്പാസിനായി ബദല്‍ സാധ്യതകള്‍ പരിശോധിക്കുമെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ ഉറപ്പ്‌ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്കു പുതിയ പ്രതീക്ഷയായി.
സമരത്തില്‍ ബി.ജെ.പി.യുടെ സാന്നിധ്യത്തിന്റെ പേരില്‍ പഴി കേട്ട വയല്‍ക്കിളികള്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ കേന്ദ്രത്തിന്റെ അനുകൂല നിലപാടുകള്‍. സമരക്കാരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയതിനെതിരേ സര്‍ക്കാരും സി.പി.എമ്മും പരസ്യ നിലപാടെടുത്തതോടെ കീഴാറ്റൂര്‍ വിഷയം വീണ്ടും സി.പി.എം- ബി.ജെ.പി. ഏറ്റുമുട്ടലിനുള്ള വേദിയുമായി. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക്‌ തുരങ്കം വയ്‌ക്കാനുള്ള ബി.ജെ.പി. ശ്രമമാണിതിനു പിന്നിലെന്നാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാട്‌.
സമരത്തിലെ ബി.ജെ.പി. സാന്നിധ്യത്തിന്റെ പേരില്‍ സമ്മര്‍ദമുയര്‍ന്നപ്പോള്‍ സംഘപരിവാര്‍ നേതാക്കളുമായി കൈകോര്‍ത്തത്‌ ശരിയായില്ലെന്നും ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ്‌ സംഭവിച്ചെന്നും വയല്‍ക്കിളി സമര നേതാവ്‌ സുരേഷ്‌ കീഴാറ്റൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ സമരത്തിന്‌ താല്‍ക്കാലിക വിജയമൊരുക്കാന്‍ കഴിഞ്ഞതിലൂടെ സി.പി.എമ്മിന്റെ ഉരുക്കു കോട്ടയില്‍ വലിയ രാഷ്‌ട്രീയ നേട്ടമാണ്‌ ബി.ജെ.പി. സ്വന്തമാക്കിയിരിക്കുന്നത്‌. ഏതാനും മാസങ്ങളായി എവിടെയുമെത്താതെ നിന്നിരുന്ന കീഴാറ്റൂര്‍ പരിസ്‌ഥിതി പോരാട്ടത്തിനും ഇതോടെ ജീവന്‍വച്ചിരിക്കുകയാണ്‌. സമരം ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന കാര്യത്തില്‍ സമരക്കാര്‍ ആശയക്കുഴപ്പത്തിലായിരുന്നു വയല്‍ക്കിളികള്‍.
അവസാനിച്ചെന്നു കരുതിയ കീഴാറ്റൂര്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്പ്പയെടുന്നതു സി.പി.എമ്മിനു ക്ഷീണമാകും. നേരത്തേ കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്‌മയുടെ സമരപ്പന്തല്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. വയല്‍ക്കിളി സമരത്തിന്‌ മറുപടി നല്‍കാന്‍ "സമാധാനം, വികസനം" എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ടു ജാഥകളാണ്‌ സി.പി.എം. കണ്ണൂരില്‍ നടത്തിയത്‌.
"കീഴടങ്ങില്ല കീഴാറ്റൂര്‍" എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി. റാലികളും നടത്തി. കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടിക്ക്‌ വെല്ലുവിളിയുമായി ശാസ്‌ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ പരിഷത്ത്‌ നേതൃത്വം പാര്‍ട്ടിയില്‍ നിന്ന്‌ കടുത്ത ശകാരമേറ്റുവാങ്ങിയിരുന്നു. ബദല്‍ പാതക്കുള്ള നിര്‍ദേശമാണ്‌ പരിഷത്ത്‌ മുന്നോട്ടു വച്ചിരുന്നത്‌. ഇപ്പോള്‍ ഏറ്റവും ഒടുവിലായി കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്‌ ആ വഴിക്കാണ്‌.

നേതാക്കള്‍ക്കിടയില്‍ അങ്കത്തട്ടായി കീഴാറ്റൂര്‍

രണ്ടു ലക്ഷം പേര്‍ കുടിവെള്ളത്തിന്‌ ആശ്രയിക്കുന്ന പ്രധാന സ്രോതസ്‌ നികത്തി റോഡ്‌ നിര്‍മിക്കുന്നത്‌ തടയണെമന്നാണു സമരക്കാരുടെ ആവശ്യം.
ഇക്കാര്യം പരിഗണിച്ചാണ്‌ ബദല്‍ മാര്‍ഗം പരിശോധിക്കുന്നതിന്‌ വിദഗ്‌ധ സംഘത്തെ നിയോഗിക്കുന്നത്‌. ദേശീയ പാതാ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘത്തിന്റെ പരിശോധനയില്‍ നിലവിലെ അലൈമെന്റ്‌ പുനഃപരിശോധിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കും.

അല്‍ഫോണ്‍സ്‌ കണ്ണന്താനം

കേരളത്തില്‍ റോഡ്‌ വികസനം തടയണമെന്ന ഉദ്ദേശ്യത്തോടെ ആര്‍.എസ്‌.എസ്‌. നടത്തിയ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചത്‌. നേരത്തെ ഇക്കാര്യം ചര്‍ച്ചചെയ്‌തപ്പോള്‍ സംസ്‌ഥാന സര്‍ക്കാറിന്റെ നിലപാടിന്‌ അനുകൂലമായാണ്‌ ഗഡ്‌കരി പ്രതികരിച്ചിരുന്നത്‌. കേരളത്തില്‍ നടക്കില്ലെന്ന്‌ കരുതിയ ദേശീയ പാതാ വികസനം പൂര്‍ണമായും നടക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ്‌ പാര വന്നരിക്കുന്നത്‌. ആ പാരയും കൊണ്ടുനടക്കാന്‍ കേരളക്കാരനാണെന്നു പറയുന്ന ഒരു മന്ത്രിയുമുണ്ടായി. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട്‌ കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നതിന്‌ പകരം ഇത്തരമൊരു നിലപാട്‌ സ്വീകരിച്ചത്‌ ഫെഡറലിസത്തിന്‌ എതിരാണ്‌.

പിണറായി വിജയന്‍

കേരളത്തില്‍ ഗവര്‍ണര്‍ ഭരണമല്ലെന്ന്‌ കേന്ദ്രം മനസിലാക്കണം. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുള്ളപ്പോള്‍ സംസ്‌ഥാനത്ത്‌ നടക്കുന്ന ഒരു വിഷയത്തില്‍ കേന്ദ്രം നേരിട്ടിടപെടുന്നത്‌ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്‌. വികസനവിരുദ്ധ സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്‌ കേന്ദ്രത്തിന്റേത്‌. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ബി.ജെ.പിയുടെ ഈ ഇടപെടലിന്‌ പിന്നില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ "രണ്ട്‌ കിളികളെ" പിടിക്കാന്‍ കഴിയുമോയെന്ന നോട്ടമാണെന്നും കോടിയേരി പരിഹസിച്ചു.

കോടിയേരി ബാലകൃഷ്‌ണന്‍

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്‌ധ സംഘത്തെ നിയോഗിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ സംതൃപ്‌തിയുണ്ട്‌. ഇത്‌ സമരപ്രവര്‍ത്തനങ്ങളുടെ വിജയമാണ്‌. സമരം നടത്തുന്നവരെ ഒറ്റപ്പെടുത്തിയും അവഗണിച്ചും ഏകപക്ഷീയ തീരുമാനം കൈകൊള്ളുന്ന രീതിയായിരുന്നു സംസ്‌ഥാന സര്‍ക്കാറിന്റേത്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാവുകയും കാര്യങ്ങള്‍ പരിശോധിക്കാനും പഠിക്കാനും തയാറാവുകയും ചെയ്‌തു. കേന്ദ്ര നടപടിയെ സ്വാഗതം ചെയ്യുന്നു.

സുരേഷ്‌ കീഴാറ്റൂര്‍

Ads by Google
Saturday 04 Aug 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW