Saturday, August 11, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 04.35 PM

അശ്വസഞ്ചലനാസനം ശരീരത്തിന്റെ ദൃഢതയ്ക്ക്

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, വിവരിക്കുന്നു
uploads/news/2018/08/238570/FitnessPlus030818a.jpg

ശരീരത്തെ കൂടുതല്‍ ദൃഢമാക്കാനും പേശികളേയും സന്ധികളേയും കൂടുതല്‍ ബലപ്പെടുത്താനും ഏറെ അനുയോജ്യമായ ആസനമാണ് അശ്വസഞ്ചലനാസനം.

സംസ്‌കൃത പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്ന പേരാണിത്. അശ്വം എന്നാല്‍ കുതിര. സഞ്ചലന എന്നാല്‍ ചലിക്കുന്നത്. കുതിരയുടെ ചലനത്തിന് സമാനമായ ആസനമാണ് അശ്വസഞ്ചലനാസനം.

ഗുണങ്ങള്‍


1. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും പേശികള്‍ക്കും സന്ധികള്‍ക്കും ഏറെ ഗുണപ്രദമായ ഒരു ആസനമാണിത്.
2. കൈകളിലേയും കാലുകളിലേയും പുറംഭാഗത്തേയും നട്ടെല്ലിന്റേയും പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഈ ആസനം ഏറെ സഹായിക്കും.

3. ദിവസവും അല്പസമയം അശ്വസഞ്ചലനാസനം പരിശീലിച്ചാല്‍ ശരീരത്തിന് മാത്രമല്ല മനസ്സിനും ഉണര്‍വ്വും ഉന്മേഷവും ലഭിക്കും.

4. പേശികള്‍ക്ക് മാത്രമല്ല കരള്‍, വൃക്ക, ഉദരഭാഗത്തെ അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും ഈ ആസനം ഏറെ ഗുണപ്രദമാണ്.
5. ദീര്‍ഘനേരം ഈ ആസനം ചെയ്യേണ്ടതില്ല.

6. കാല്‍മുട്ടിനോ പാദങ്ങള്‍ക്കോ കഴുത്തിനോ വേദനയോ മറ്റ് പ്രശ്‌നങ്ങളോ ഉള്ളവര്‍ ഈ ആസനം ഒഴിവാക്കേണ്ടതാണ്.
7. സ്ഥിരമായി അശ്വസഞ്ചലനാസനം അനുഷ്ഠിച്ചാല്‍ ഏകാഗ്രതയും ആത്മവിശ്വാസവും വര്‍ദ്ധിക്കും.

ചെയ്യേണ്ട രീതി


1. നട്ടെല്ല് നിവര്‍ത്തി പാദങ്ങള്‍ നിലത്തുറപ്പിച്ച് നില്‍ക്കുക.
2. ശേഷം വലതുകാല്‍ സാവകാശം പുറകിലേക്ക് കൊണ്ടുവരിക.
3. അതോടൊപ്പം ഇടതുകാല്‍മുട്ട് മടക്കി പാദം നിലത്ത് കുത്തുക.

4. രണ്ടു കൈകളും ഇടതുകാലിന്റെ രണ്ട് വശങ്ങളിലുമായി വയ്ക്കുക.
5. വലതുകാല്‍ പരമാവധി പുറകിലേക്ക് നീട്ടി പാദം മുകളിലേക്ക് വരത്തക്ക വിധം വയ്ക്കുക. കഴുത്ത് പരമാവധി മുകളിലേക്ക് ഉയര്‍ത്തി നിവര്‍ന്ന് നില്‍ക്കുക. ഇടത് കാല്‍മുട്ട് നെഞ്ചില്‍ തൊട്ടിരിക്കണം. ശേഷം ദീര്‍ഘമായി ശ്വാസമെടുക്കുക.

6. ഈ നില്‍പ്പ് 30 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ തുടരാവുന്നതാണ്.
7. വലതുകാല്‍ കൊണ്ട് ചെയ്തത് അതേ രീതിയില്‍ ഇടതുകാല്‍ കൊണ്ടും ചെയ്യുക. ശേഷം ഇടതുകാല്‍ പുറകിലേക്ക് നീട്ടി പാദങ്ങള്‍ക്ക് മുകളിലേക്ക് വരുന്ന രീതിയില്‍ കാലുകള്‍ പരമാവധി നീട്ടി മുട്ട് നിലത്ത് കുത്തുക. അതേ സമയം തന്നെ വലതുകാല്‍ മുന്‍വശത്ത് മടക്കി തറയില്‍ കുത്തി വയ്ക്കുക. ഇരുകൈകളും വലതുകാലിന്റെ വശങ്ങളിലായി വയ്ക്കുക. ശേഷം ശവാസനത്തില്‍ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഈ ആസനം വജ്രാസനത്തില്‍ ഇരുന്ന് രണ്ടു കാല്‍മുട്ടും നിലത്ത് കുത്തി നിന്ന് ബാലന്‍സ് നേടിയ ശേഷം ചെയ്യണം. ബാലന്‍സ് കിട്ടിയ ശേഷം ഒരു കാല്‍ സാവകാശം മുന്നോട്ട് നീട്ടി വച്ച് ആരംഭിക്കാവുന്നതാണ്. കൈകളുടെ സഹായത്തോടെ ബാലന്‍സ് കൈവരിച്ചതിന് ശേഷം ഈ ആസനം ചെയ്ത് തുടങ്ങാം.

-----ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW