ഭര്‍ത്താവിന്റെ സ്നേഹം പിടിച്ചു പറ്റാനായി ഭാര്യ നടത്തിയ കള്ളത്തരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. റോസ കാസ്റ്റെല്ലനോസ് ഡയസ് എന്ന യുവതിയാണ് താന്‍ ഇരട്ടകുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുന്നതായി ഭര്‍ത്താവിനെയും ബന്ധുക്കളെയും പറഞ്ഞ് പറ്റിച്ചത്. ഗര്‍ഭിണിയാണെന്ന് പറയുക മാത്രമല്ല, ഒമ്പതുമാസം പൂര്ത്തിയാപ്പോള് താന്‍ പ്രസവിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അവര്‍ ആശുപത്രിയിലേക്ക് പോവുകയും തന്റെ കുട്ടികള്‍ മരിച്ചുപോയെന്നും അവരെ സംസ്കരിച്ചെന്നും ഭര്‍ത്താവ് മെല്വിന് മെന്‍ഡോസയെ ധരിപ്പിക്കുകയും ചെയ്തു.
എന്നാല്‍, റോസയുടെ കഥ വിശ്വസിക്കാതിരുന്ന ചില സുഹൃത്തുക്കള്‍ മെല്വിനുണ്ടായിരുന്നു. അവര്‍ ഇത് നുണയാണോയെന്ന സംശയം പ്രകടിപ്പിച്ചു. അവരുടെ സഹായത്തോടെ പിറ്റേന്ന് ശ്മശാനത്തിലെത്തിയ മെല്വിന് കുഴി തുറന്നുനോക്കിയപ്പോള്‍ കണ്ടത് കുഞ്ഞിന്റെ മൃതദേഹത്തിനു പകരം ഒരു പ്ലാസ്റ്റിക് പാവക്കുട്ടിയെ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ ഒരു ബസ്സില്‍ കയറി തലസ്ഥാന നഗരമായ ടെഗുസിഗല്പയിലേക്ക് പോയ റോസ, അവിടെയുള്ള എസ്ക്യൂല ആശുപത്രിയില്‍ പ്രസവിച്ചുവെന്നും മെല്വിനോടും മറ്റും പറഞ്ഞു. അന്നുരാത്രി ഫോണില്‍ ഭര്‍ത്താവിനെ വിളിച്ച റോസ, കുട്ടികളിലൊന്ന് മരിച്ചുവെന്നും പറഞ്ഞു.
ശനിയാഴ്ച റോസ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി. വരുമ്പോള്‍ ഒരു വെള്ള ശവപ്പെട്ടിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞിനെ മറ്റാര്‍ക്കും കാണാനാവില്ലെന്നും ശവപ്പെട്ടി തുറക്കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. രണ്ടാമത്തെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും റോസ പറഞ്ഞു. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് ധാരാളം പേര് ഇവരുടെ വീട്ടിലെത്തി. അവര്‍ക്കെല്ലാം കാപ്പിയും ബ്രെഡുമുള്പ്പെടെ ഒരുക്കിയിരുന്നു. വൈകിട്ട് കുഞ്ഞിന്റെ മൃതദേഹവുമായി എല്ലാവരും ചേര്‍ന്ന് ശ്മശാനത്തിലെത്തുകയും ആചാരമനുസരിച്ച് അത് സംസ്കരിക്കുകയും ചെയ്തു. സംശയത്തോടെയാണെങ്കിലും മെല്‍വിന്റെ സുഹൃത്തുക്കളാണ് ഇതെല്ലാം ചെയ്തത്. എന്നാല്‍, റോസയുടെ കാര്യത്തില്‍ സംശയം തോന്നിയ അവര്‍ അക്കാര്യം രാത്രി തന്നെ മെല്വിനോടുപറഞ്ഞു. അന്നുരാത്രി തന്നെ അവര്‍ മെല്‍വിനെയും കൂട്ടി ശ്മശാനത്തിലെത്തി കുഴിമാന്തി.
ശവപ്പെട്ടിയില്‍ പ്ലാസ്റ്റിക് പാവയാണെന്നറിഞ്ഞപ്പോള് മെല്വിന് നടുങ്ങിപ്പോയി. ശവപ്പെട്ടിയുമായി മെല്‍വിനും സുഹൃത്തുക്കളും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. ശവപ്പെട്ടിയില്‍ നിന്ന് ലഭിച്ചത് പാവക്കുട്ടിയാണെന്ന വിവരം അവരെ ധരിപ്പിച്ചു. റോസ ഇതെല്ലാം ചെയ്തത് തന്റെ സ്നേഹം പിടിച്ചുപറ്റാനാണെന്ന് മനസ്സിലാക്കിയ മെല്വിന്, അവര്‍ക്കെതിരേ കേസെടുക്കരുതെന്ന അഭ്യര്‍ത്ഥിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ താന്‍ ഗര്‍ഭിണായാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും പറ്റിക്കാന്‍ ഒമ്പതു മാസവും റോസയ്ക്ക് സാധിച്ചുവെന്നതാണ് കൗതുകകരം.