Saturday, September 22, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 08.43 AM

ഒറ്റയാന്‍ പോരാട്ടം തുടരാന്‍ സുധീരന്‍: രാജി ഹൈക്കാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാന്‍, പുറത്തുനില്‍ക്കുന്ന സുധീരന്‍ അപകടകാരി; വെട്ടിലായത് സംസ്ഥാനനേതാക്കള്‍

V.M. Sudheeran

തിരുവനന്തപുരം: വി.എം. സുധീരന്റെ യു.ഡി.എഫ് ഏകോപനസമിതിയില്‍ നിന്നുള്ള രാജി കോണ്‍ഗ്രസിനെ വല്ലാത്ത പ്രതിസന്ധിയിലാക്കും. വളരെ തന്ത്രപരമായ നീക്കങ്ങളാണ് പലപ്പോഴും സുധീരന്‍ നടത്തുക. അതിന്റെ ഭാഗമാണ് ഇതെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍ വ്യക്തമാക്കുന്നത്. രാജിവച്ച് പുറത്തുനില്‍ക്കുന്ന സുധീരന്‍ മുമ്പത്തേതിനെക്കാളും അപകടകാരിയായിരിക്കുമെന്നും അവര്‍ പറയുന്നു.

സുധീരന്‍ പരസ്യപോരുമായി രംഗത്തുവന്നതോടെ പാര്‍ട്ടി പുനഃസംഘടനയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് കൂടി വിലകല്‍പ്പിക്കാതിരിക്കാന്‍ ഹൈക്കമാന്‍ഡിന് കഴിയില്ല. ഉമ്മന്‍ചാണ്ടിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനവും പ്രവര്‍ത്തകസമിതി അംഗത്വവും നല്‍കി പരിഗണിച്ചപ്പോള്‍ സുധീരനെ ഹൈക്കമാന്‍ഡ് പൂര്‍ണ്ണമായും തഴയുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്ന അദ്ദേഹത്തെ മാറ്റി. ഇത് തെറ്റായ സന്ദേശമാണ് പാര്‍ട്ടിക്ക് നല്‍കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ വികാരം. അതുകൊണ്ട് ശക്തമായ പോരാട്ടത്തിന് തന്നെയാണ് സുധീരന്‍ ഒരുങ്ങുന്നത്.

ഒറ്റയാനാണെങ്കിലും ലക്ഷ്യം കാണുന്നതുവരെ തളരാതെ പോരാടാനുള്ള കഴിവ് സുധീരനുണ്ട്. കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ കാലത്ത് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇതേപോലെ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു സുധീരന്‍. അന്ന് മുന്നണിയിലെ ഏറ്റവും ശക്തനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് സുധീരന്‍ ഒറ്റയ്ക്ക് പോരാടിയത്. അന്നും ഇതുപോലെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. പൊതുരംഗത്ത് നിന്നും ഒതുക്കിയാലും അതേ ശക്തിയോടെ തിരിച്ചുവരാനുള്ള കഴിവ് സുധീരന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി തന്നെ ഒതുക്കിയെന്ന വികാരമാണ് സുധീരനുണ്ടായിരുന്നത്. അതിന്റെ ഫലമായാണ് ഏകദേശം പതിമൂന്ന് വര്‍ഷം ഒന്നുമില്ലാതെ സുധീരന് നില്‍ക്കേണ്ടിവന്നതും. എന്നാല്‍ അവിടെ നിന്നും കെ.പി.സി.സി പ്രസിഡന്റ് പദത്തിലേക്കാണ് അദ്ദേഹം മടങ്ങിവന്നത്. അതുപോലെ ഇക്കുറിയും ശക്തമായ പോരിന് തന്നെയാണ് സുധീരന്റെ നീക്കം.

രണ്ടു ഗ്രൂപ്പുകളേയും ഒരുപോലെ നേരിട്ട് തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമമാണ് സുധീരന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. അതിന്റെ ഭാഗമായി തന്റേതായ ഒരു കൂട്ടത്തേയും അദ്ദേഹം തയാറാക്കിയിട്ടുണ്ട്. പുനഃസംഘടനയതും ലോക്‌സഭാതെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സമയത്ത് തന്റെ സാന്നിദ്ധ്യം ശക്തമായി അറിയിച്ച് ഹൈക്കമാന്‍ഡിനെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് നീക്കം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW