Monday, November 19, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Friday 03 Aug 2018 08.33 AM

ബിഷപ്പിന്റെ പീഡനം: പോലീസ് ഇന്ന് ഡല്‍ഹിയിലേക്ക്; പോലീസിനെ നേരിടാന്‍ ബിഷപ്പ് ഫ്രാങ്കോയും ഒരുങ്ങി; കന്യാസ്ത്രീക്കെതിരായ പരാതിക്കാരിയുടെ മൊഴി നിര്‍ണായകം

Jalandhar Bishop

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണ സംഘം ഇന്ന് ഡല്‍ഹിയിലേക്ക്. കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക മൊഴികളെടുക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറില്‍ എത്തി ചോദ്യം ചെയ്യാനുമാണ് വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘത്തിന്റെ നീക്കം.

പരാതിക്കാരിയായ കന്യാസ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സഭാതലത്തില്‍ പരാതി നല്‍കിയ ബന്ധുവായ യുവതിയില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഡല്‍ഹിയിലാണ് ഇവരിപ്പോഴുള്ളത്. ഇവരുടെ പരാതിയാണ് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ പ്രധാന ആയുധമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഇവര്‍ രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ സഭാതലത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്ന് മാത്രമല്ല, ഒരുനടപടിയും അതിന്റെ പേരില്‍ എടുത്തിട്ടുമില്ല. കന്യാസ്ത്രീയെ ഭീഷണിപ്പെടുത്താന്‍ സഭയിലെ ചിലര്‍ ഇത് ഉപയോഗിച്ചു എന്നുമാത്രം. ഈ പരാതിയുടെ പിന്നിലുള്ള വസ്തുതയാണ് പോലീസിന് പരിശോധിക്കേണ്ടിവരിക. യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുമോ എന്നതും നിര്‍ണായകമാണ്.

കന്യാസ്ത്രീയുടെ സഹോദരിസ്ഥാനത്തുള്ള ബന്ധുവാണ് ഈ യുവതി. ചില തെറ്റിദ്ധാരണയുടെ പുറത്താണ് ഇവര്‍ കന്യാസ്ത്രീക്കു പരാതി നല്‍കിയതെന്നും അതിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മില്‍ അകന്നതായും പറയപ്പെടുന്നു. അത് ഞങ്ങളുടെ കുടുംബപ്രശ്‌നം മാത്രമാണെന്ന് കന്യാസ്ത്രീയുടെ സഹോദരി മദര്‍ ജനറാളിന് അയച്ച കത്തിലും വ്യക്തമാക്കുന്നുണ്ട്.

അതേസമയം, ഈ കത്തിന് പിന്നില്‍ ഗൂഢാലോചനയ്ക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ചില വൈദികര്‍ പറയുന്നത്. ബിഷപ്പിന്റെ പീഡനത്തിന് എതിരെ കന്യാസ്ത്രീ സഭയുടെ വിവിധ തലങ്ങളില്‍ പരാതിയുമായി കയറിയിറങ്ങുമ്പോഴാണ് ഈ ബന്ധുവിന്റെ കത്ത് മേലധികാരിക്ക് ലഭിക്കുന്നത്. ഇതിനുപിന്നില്‍ ബിഷപ്പ് ഫ്രാങ്കോയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ആണെന്നാണ് ഇവരുടെ ആരോപണം.

വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്നും മൊഴിയെടുക്കാനും പോലീസ് ശ്രമിച്ചേക്കും. എന്നാല്‍ വത്തിക്കാന്റെ അംബാസഡര്‍ എന്ന നിലയില്‍ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് അപ്പസ്‌തോലിക് നൂണ്‍ഷ്യോ. അദ്ദേഹത്തില്‍ നിന്നോ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരില്‍ നിന്നോ മൊഴിയെടുക്കണമെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. അന്വേഷണസംഘം ആ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മൊഴിയെടുപ്പ് നടക്കൂ. മാത്രമല്ല, കന്യാസ്ത്രീ പരാതിപ്പെടുന്ന സമയത്തുണ്ടായിരുന്ന നൂണ്‍ഷ്യോയുടെ ഫസ്റ്റ് സെക്രട്ടറി മാറിയതായും പുതിയ സെക്രട്ടറി അടുത്തനാളുകളിലാണ് എത്തിയതെന്നും വിവരമുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും പോലീസ് സംഘം ജലന്ധറില്‍ എത്തുക. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനൊപ്പം കന്യാസ്ത്രീയുടെ ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നു മൊഴിയും എടുത്തേക്കും. 'എത്രയും വേഗം ഉദ്യോഗസ്ഥര്‍ ഇവിടേക്ക് വരണമേ' എന്ന പ്രാര്‍ത്ഥനയിലാണ് തങ്ങളെന്നാണ് ജലന്ധറില്‍ നിന്നുള്ള കുറച്ച് വൈദികരും കന്യാസ്ത്രീകളും പറയുന്നത്. മനസ്സിലുള്ള കുറെ ഭാരങ്ങള്‍ പോലീസിനു മുന്നില്‍ ഇറക്കിവയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍.

അതേസമയം, അന്വേഷണ സംഘത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ബിഷപ്പ് ഫ്രാങ്കോയും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും ചെയ്തുവരുന്നു. ബിഷപ്പ് ഹൗസില്‍ ഈ ദിവസങ്ങളില്‍ പോലീസുകാരും അഭിഭാഷകരും രാഷ്ട്രീയക്കാരും തുടങ്ങി ഇതുവരെ കണ്ടിട്ടില്ലാത്ത പലരും കയറിയിറങ്ങുന്നുണ്ടെന്നാണ് വൈദികര്‍ പറയുന്നത്. രൂപതയുടെ 'പ്രാര്‍ത്ഥനാ ഭവന്‍' ചാനല്‍ വഴി വിശ്വാസികളെ ഇളക്കിവിടാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം വേണ്ടപോലെ വിജയിച്ചിട്ടില്ല. പോലീസ് എത്തുന്നതില്‍ ഇവിടെ ഒരു ക്രമസമാധാനപ്രശ്‌നവും ഇല്ലെന്നും മറിച്ചുള്ളതെല്ലാം ഫ്രാങ്കോയും സംഘവും പറഞ്ഞുപരത്തിയതാണെന്നുമാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, കേരള പോലീസിന് എന്തുസഹായവും ചെയ്തുനല്‍കാന്‍ തയ്യാറാണ് ജലന്ധര്‍ പോലീസും.

ജലന്ധര്‍ സര്‍ക്കാരില്‍ കാര്യമായ പിടിയില്ലാത്ത ബിഷപ്പ് ഫ്രാങ്കോയുടെ പ്രതീക്ഷ കേരള, കേന്ദ്ര സര്‍ക്കാരുകളിലാണ്. തന്റെകൂടി സഹായം ലഭിച്ച് ഉന്നത പദവിയില്‍ എത്തിയ ഇവര്‍ കൈവിടില്ലെന്നാണ് ഫ്രാങ്കോയുടെ വിശ്വാസം. അന്വേഷണം ജലന്ധറില്‍ എത്താതെ ഇത്രയും നാള്‍ വലിച്ചുനീട്ടിയതിനു പിന്നിലും ഇവരുടെ പങ്ക് സംശയാസ്പദമാണ്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനുള്ള ചോദ്യാവലി തയ്യാറാക്കി കഴിഞ്ഞ മാസം അവസാനത്തോടെ ജലന്ധറിലേക്ക് പോകാന്‍ തലപ്പത്തുനിന്നുള്ള അനുമതിക്കായി കാത്തിരുന്ന അന്വേഷണസംഘത്തിന്റെ യാത്ര വൈകിപ്പിച്ചതിനു പിന്നിലൂം ചില ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഫ്രാങ്കോയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം വന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള എല്ലാ നടപടികളും കൊച്ചി കേന്ദ്രീകരിച്ച് സ്വീകരിച്ചുകഴിഞ്ഞതായും സൂചനയുണ്ട്. അറസ്റ്റ് പരമാവധി വൈകിപ്പിച്ച് കോടതിയെ സമീപിക്കാനുള്ള അവസരം നല്‍കണമെന്നാണ് ഉന്നതത്തില്‍ നിന്നുള്ള നിര്‍ദേശം. ജൂണ്‍ 29നായിരുന്നു കന്യാസ്ത്രീ പരാതി നല്‍കിയത്. 35 ദിവസം പിന്നിട്ടിട്ടാണ് ഒരു ബലാത്സംഗകേസിലെ പ്രതിയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല എന്നതു പോലീസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

അതിനിടെ, സാക്ഷിയായ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്‍കൂര്‍ ജാമ്യം നേടിയ ഫാ.ഡോ.ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ ചികിത്സയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാമെന്നും ഇദ്ദേഹം കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് വ്യാഴാഴ്ച ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് കൊടുക്കുംമുന്‍പേ ഇദ്ദേഹം ആശുപത്രിയിലായി. വെള്ളിയാഴ്ച അന്വേഷണസംഘം ഡല്‍ഹിയിലേക്ക് പോകുന്നതിനാല്‍ തിരിച്ചെത്തുന്നത് വരെയുള്ള ഒരാഴ്ചയെങ്കിലും ഇദ്ദേഹത്തിനും ആശ്വസിക്കാം.

Ads by Google
ബീനാ സെബാസ്റ്റ്യന്‍
Friday 03 Aug 2018 08.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW