Saturday, July 20, 2019 Last Updated 58 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.30 AM

തീക്കട്ടയിലും സൈബര്‍ ഉറുമ്പുകള്‍; വനിതാ കമ്മിഷനെയും ഇരയാക്കി

uploads/news/2018/08/238415/3.jpg

നിര്‍ബന്ധിതവിവാഹത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടിയും കോളജ്‌ വിദ്യാര്‍ഥിനിയായ ഹനാനുമൊക്കെ സാമൂഹികമാധ്യമങ്ങളില്‍ അവഹേളിക്കപ്പെട്ടപ്പോള്‍ ശക്‌തമായി ഇടപെട്ടതു സംസ്‌ഥാന വനിതാ കമ്മിഷനാണ്‌. എന്നാല്‍, അതേ വനിതാ കമ്മിഷന്‍തന്നെ സാമൂഹികമാധ്യമങ്ങളുടെ ഇരയായാലോ? സൈബര്‍ ലോകത്ത്‌ അങ്ങനെയാണ്‌; തീക്കട്ടയായാലും ഉറുമ്പരിക്കും!
ഓര്‍ത്തഡോക്‌സ്‌ സഭാ പീഡനവിവാദത്തേത്തുടര്‍ന്ന്‌, കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ ശിപാര്‍ശയ്‌ക്കെതിരേ സംസ്‌ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പ്രതികരിച്ചതാണു സൈബര്‍ സംഘികളെ പ്രകോപിപ്പിച്ചത്‌. ശബരിമലയിലെ സ്‌ത്രീപ്രവേശനവിഷയത്തിലും കുമ്പസാരവിഷയത്തിലും സംസ്‌ഥാന വനിതാ കമ്മിഷന്റെ ഇരട്ടത്താപ്പ്‌ ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. ഹനാന്റെ കേസില്‍ ഇടപെട്ട വനിതാ കമ്മിഷന്‍, അതിനു മുമ്പു മഹിളാമോര്‍ച്ച നേതാവ്‌ ലസിതാ പാലയ്‌ക്കല്‍ അപമാനിക്കപ്പെട്ടപ്പോള്‍ ഇടപെട്ടില്ലെന്ന ആക്ഷേപവും സൈബര്‍ സംഘികള്‍ ഉന്നയിച്ചു. നിയമാധിഷ്‌ഠിത സ്‌ഥാപനങ്ങളാണെങ്കിലും ദേശീയ വനിതാ കമ്മിഷനും സംസ്‌ഥാന വനിതാ കമ്മിഷനുമൊക്കെ രാഷ്‌ട്രീയനിയമനങ്ങളാണെന്നിരിക്കേ അവര്‍ വിമര്‍ശനാതീതരല്ല. എന്നാല്‍, മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള അശ്ലീലപരാമര്‍ശങ്ങളും കമന്റുകളുമാണു സംസ്‌ഥാന വനിതാ കമ്മിഷനെതിരേ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞത്‌. ഇതിനെതിരേ പി.കെ. ശ്രീമതി എം.പിയും രംഗത്തെത്തി. അമ്മ പെറ്റ മക്കള്‍തന്നെയാണോ ഇതൊക്കെ എഴുതിയതെന്നായിരുന്നു ശ്രീമതിയുടെ ചോദ്യം. സ്‌മാര്‍ട്ട്‌ ഫോണും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ എന്തുമാകാമെന്നു കരുതുന്നവരെ നിലയ്‌ക്കുനിര്‍ത്തണമെന്നും സൈബര്‍ അസുരവിത്തുക്കള്‍ക്കെതിരേ ശക്‌തമായ നടപടിയുണ്ടാകണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. പ്രശ്‌നം രൂക്ഷമായതോടെ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ഇടപെട്ടു. വനിതാ കമ്മിഷനെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചവരുടെ വിവരങ്ങള്‍ പോലീസ്‌ ശേഖരിച്ചുവരുകയാണ്‌.
യുവതിയെ നാടുകടത്തിച്ച്‌
സൈബര്‍ ബ്ലേഡ്‌ ലോബി

സാമൂഹികമാധ്യമങ്ങളിലൂടെ ബ്ലാക്‌മെയിലിങ്ങിന്‌ ഇരയായ തൃശൂര്‍ സ്വദേശിനിക്ക്‌ ഒടുവില്‍ നഗരത്തിലെ സ്വന്തം വ്യാപാരസ്‌ഥാപനം പൂട്ടി, ഭര്‍ത്താവിനൊപ്പം വിദേശത്തേക്കു രക്ഷപ്പെടേണ്ടിവന്നു. സൈബര്‍ വേട്ടക്കാര്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനാലാണ്‌ ഇവര്‍ക്കു നാട്ടില്‍നിന്നു പലായനം ചെയ്യേണ്ടിവന്നത്‌. തട്ടിപ്പുസംഘം സമീപിച്ചതു മുതലുള്ള കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചിരുന്നതിനാല്‍ കുടുംബം കലങ്ങിയില്ലെന്നു മാത്രം.
ബ്ലേഡ്‌ പലിശക്കാരുള്‍പ്പെട്ട തട്ടിപ്പുസംഘമാണു യുവതിയെ വലവീശിയത്‌. സംഘത്തിലൊരാള്‍ വ്യാജപേരില്‍ യുവതിയുടെ ഫ്രണ്ട്‌സ് ലിസ്‌റ്റില്‍ കയറിപ്പറ്റി. വ്യാപാരം വിപുലീകരിക്കാന്‍ പണം നല്‍കി സഹായിക്കാമെന്ന വാഗ്‌ദാനമായിരുന്നു ആദ്യം. യുവതി അതു നിഷേധിച്ചതോടെ തെറിയഭിഷേകമായി. തുടര്‍ന്ന്‌ സാമൂഹികമാധ്യമങ്ങളില്‍ യുവതിയുടെ സ്‌ഥാപനത്തെ പരോക്ഷമായി സൂചിപ്പിച്ച്‌ അപവാദപ്രചാരണങ്ങളായി. ഇതോടെ ഒരു സുഹൃത്ത്‌ ഇടപെട്ടു. പണം കൊടുത്താല്‍ സാമൂഹികമാധ്യമങ്ങളിലെ ഇത്തരം പോസ്‌റ്റുകള്‍ പിന്‍വലിപ്പിക്കാമെന്നായിരുന്നു ഉപദേശം. പറ്റില്ലെന്നു പറഞ്ഞതോടെ സുഹൃത്തിന്റെയും നിറം മാറി. സാമൂഹികമാധ്യമങ്ങളിലെ ആക്ഷേപത്തിനു ലൈക്കും കമന്റുമിടാന്‍ വാടകയ്‌ക്ക്‌ ആളെ ഏര്‍പ്പാടാക്കിയാണ്‌ ഇത്തരം ബ്ലാക്‌മെയിലിങ്‌ സംഘങ്ങളുടെ പ്രവര്‍ത്തനം. തുടക്കത്തില്‍ ധൈര്യമായി പിടിച്ചുനിന്ന യുവതി ഒടുവില്‍ മാനസികമായി തളര്‍ന്നു. ഇതോടെ ഭര്‍ത്താവെത്തി വിദേശത്തേക്കു കൂട്ടിക്കൊണ്ടുപോയി; സ്‌ഥാപനം മറ്റൊരാള്‍ക്കു കൈമാറി. വന്‍സാമ്പത്തിക നഷ്‌ടമുണ്ടായെങ്കിലും ഭര്‍ത്താവിനെ തുടക്കം മുതല്‍ വിവരങ്ങള്‍ അറിയിച്ചിരുന്നതിനാല്‍ കുടുംബപ്രശ്‌നങ്ങളുണ്ടായില്ല.
സൈബര്‍ ക്വട്ടേഷന്‍

ക്വട്ടേഷന്‍ സംഘങ്ങള്‍ കൊലപാതകങ്ങളാണു നടപ്പാക്കുന്നതെങ്കില്‍, സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നടപ്പാക്കുന്നതു സാമൂഹികമാധ്യമങ്ങളിലൂടെയുള്ള കൊല്ലാക്കൊലയാണ്‌. മാനസികമായി ഇരയെ ഉന്മൂലനം ചെയ്യുകയാണു സൈബര്‍ ഗുണ്ടകളുടെ ദൗത്യം. യഥാര്‍ത്ഥ ക്വട്ടേഷനെന്നപോലെ, സൈബര്‍ ക്വട്ടേഷനുകളും തുകപറഞ്ഞാണ്‌ ഉറപ്പിക്കുന്നത്‌.
വിദേശത്ത്‌ ആരോപണവിധേയയായ ഒരു സ്‌ത്രീക്കെതിരേ വന്ന മാധ്യമവാര്‍ത്തയ്‌ക്കു പിന്നില്‍ ആലപ്പുഴ സ്വദേശിനിയാണെന്ന ധാരണയില്‍ പ്രതികാരത്തിനു നിയോഗിച്ചത്‌ ഇത്തരമൊരു സൈബര്‍ ക്വട്ടേഷന്‍ സംഘത്തെയാണ്‌. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആക്രമണം സഹിക്കാനാകാതെ ഒടുവില്‍ വീടുവരെ മാറേണ്ടിവന്നെന്നു യുവതി കണ്ണീരോടെ പറയുന്നു. പുനര്‍വിവാഹിതയായ യുവതിയുടെ കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണമാണു നവമാധ്യമങ്ങളിലൂടെ വ്യാപകമായി നടന്നത്‌. സ്‌ത്രീകളടക്കമുള്ള സൈബര്‍ ക്വട്ടേഷന്‍ സംഘം ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വരെ ചേര്‍ത്ത്‌ അപവാദപ്രചാരണങ്ങള്‍ നടത്തിയെന്നു യുവതി പറയുന്നു. മോര്‍ഫ്‌ ചെയ്‌ത അശ്ലീലചിത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു പോസ്‌റ്റുകള്‍. ഇതിനെതിരേ യുവതി പോലീസില്‍ പരാതിപ്പെട്ടെങ്കിലും പതിവുപോലെ, പരിഹാരമുണ്ടായില്ല.
'കസബ'യും മെഗാ
സൈബര്‍ ഗുണ്ടകളും

അപര്‍ണ പ്രശാന്തിക്കെതിരേ വാളെടുത്തതു തെലുങ്ക്‌ നടന്‍ അല്ലു അര്‍ജുന്റെ ഫാന്‍സുകാരാണെങ്കില്‍, ദേശീയപുരസ്‌കാരജേതാവായ നടി പാര്‍വതിക്കെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ടതു മമ്മൂട്ടി ഫാന്‍സ്‌ എന്നവകാശപ്പെടുന്ന സൈബര്‍ തെമ്മാടികളാണ്‌. ഈ കേസില്‍ ആദ്യം അറസ്‌റ്റിലായതു തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എല്‍. പ്രിന്റോയാണ്‌. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ഇയാള്‍ പെയിന്റിങ്‌ തൊഴിലാളിയാണ്‌. മമ്മൂട്ടി ചിത്രമായ "കസബ"യിലെ പോലീസ്‌ കഥാപാത്രം, മേലുദ്യോഗസ്‌ഥയുടെ ബെല്‍റ്റില്‍ പിടിച്ചടുപ്പിച്ച്‌, നടത്തിയ സ്‌ത്രീവിരുദ്ധസംഭാഷണത്തിനെതിരേ പ്രതികരിച്ചതിനാണു പാര്‍വതിയെ സാമൂഹികമാധ്യമങ്ങള്‍ വേട്ടയാടിയത്‌. "നിന്റെയൊക്കെ ഫെമിനിസമൊന്നും ഇങ്ങോട്ടുവേണ്ടാ..." എന്നു തുടങ്ങിയ ഫെയ്‌സ്‌ബുക്‌ പോസ്‌റ്റ്‌ പക്ഷേ പ്രിന്റോയെ കുടുക്കി. ഫെയ്‌സ്‌ബുക്കിലെ അശ്ലീലവര്‍ഷത്തില്‍ സഹികെട്ട പാര്‍വതി എറണാകുളം സൗത്ത്‌ പോലീസില്‍ പരാതിപ്പെട്ടതോടെയാണു പ്രിന്റോയും തുടര്‍ന്നു കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനും അറസ്‌റ്റിലായത്‌. കേസില്‍ നൂറോളം പേര്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌. രണ്ടുപേര്‍ അറസ്‌റ്റിലായതോടെതന്നെ ഒട്ടുമിക്ക സൈബര്‍ വിഷപ്പാമ്പുകളും മാളത്തിലൊളിച്ചു. ദിലീപ്‌ വിഷയത്തില്‍ അടുത്തിടെ പത്രസമ്മേളനം നടത്തിയ "അമ്മ" പ്രസിഡന്റ്‌ മോഹന്‍ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു.
ഊതിയാല്‍ കെടില്ല ദീപ

സമീപകാലത്ത്‌ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന്‌ ഇരയായവരില്‍ ഒരാളാണു തൃശൂര്‍ ശ്രീകേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്‌. ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ഫോട്ടോ സഹിതമായിരുന്നു ദുഷ്‌പ്രചാരണങ്ങള്‍. ബീഫ്‌ നിരോധനത്തിനെതിരേ നിലപാടെടുത്തതും എം.എഫ്‌. ഹുസൈന്റെ നഗ്നസരസ്വതി ചിത്രം എസ്‌.എഫ്‌.ഐക്കാര്‍ പുനരാവിഷ്‌കരിച്ചതിനെ അനുകൂലിച്ചതുമെല്ലാം ദീപയെ സൈബര്‍ സംഘികളുടെ നോട്ടപ്പുള്ളിയാക്കി. സരസ്വതിയെന്ന പേരില്‍ ദീപയുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌തായിരുന്നു വെറുപ്പിന്റെ പ്രചാരണം. ഇതു തങ്ങളുടെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ്‌ എന്നായിരുന്നു ന്യായീകരണം. സംഘപരിവാര്‍ അനുകൂല വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളില്‍ ദീപയുടെ ഫോണ്‍ നമ്പറും പ്രചരിച്ചതോടെ ചീത്തവിളികള്‍ നേരിട്ടായി. വിളിച്ചവരുടെ പേരുവിവരങ്ങള്‍ സഹിതം ദീപ പരാതിപ്പെട്ടതോടെ മാള പുത്തന്‍ചിറ സ്വദേശി അനൂപ്‌ (20), ബാലുശേരി സ്വദേശി ലാലു (20), നെടുപുഴ സ്വദേശി ആഷിക്‌ (19) എന്നിവരെ തൃശൂര്‍ വെസ്‌റ്റ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ മറ്റു സൈബര്‍ ഗുണ്ടകളും ഏറെക്കുറെ ഒതുങ്ങി.
(തുടരും)

തയാറാക്കിയത്‌: ജി. ഹരികൃഷ്‌ണന്‍, ജേക്കബ്‌ ബെഞ്ചമിന്‍,
ഷൈനി ജോണ്‍
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Friday 03 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW