Friday, April 19, 2019 Last Updated 34 Min 56 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 03 Aug 2018 12.30 AM

ആനന്ദമാര്‍ഗികള്‍

പഴയ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിയുടെ അഭിഭാഷകന്റെ ഭാര്യയ്‌ക്കു ജോലിക്കു പോകേണ്ട സ്‌ഥലത്തേക്കുമാത്രം തുടങ്ങിയ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ ഇന്നുമുണ്ടെന്നു ടോമിന്‍ തച്ചങ്കരി. ആ മുന്‍മന്ത്രി ഇപ്പോള്‍ കട്ടപ്പുറത്തെ പഴയ സൂപ്പര്‍ഫാസ്‌റ്റാണോ
uploads/news/2018/08/238410/2.jpg

കേരളീയരെ സ്വന്തം നാട്ടുകാര്‍ എങ്ങനെ കൊള്ളയടിക്കുന്നു എന്നു കാണണോ? കെ.എസ്‌.ആര്‍.ടി.സിയുടെ കണക്കുകള്‍ നോക്കുക. നാല്‍പ്പത്തയ്യായിരം കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്കുവേണ്ടി പൊതുഖജനാവ്‌ കൊള്ളചെയ്യപ്പെടുന്നു. അയ്യായിരത്തോളം ബസുകള്‍ ഉരുട്ടി ഒരുദിവസം 5 കോടി നഷ്‌ടം വരുത്തി ഭാരിച്ച ശമ്പളവും പെന്‍ഷനും അടിച്ചുമാറ്റി, മേലങ്ങാത്ത അയ്യായിരം അധിക ജീവനക്കാരെ കുത്തിനിറച്ച്‌ കെ.എസ്‌.ആര്‍.ടി.സി. യാത്ര തുടരുന്നു.
കെ.എസ്‌.ആര്‍.ടി.സിയുടെ പകല്‍കൊള്ളയ്‌ക്ക്‌ താഴെപറയുന്ന കണക്കുകള്‍ നോക്കുക.

ആകെ ബസുകള്‍ - 5800
ഇപ്പോഴുള്ള ജീവനക്കാര്‍ - 45,000
പെന്‍ഷന്‍കാര്‍ - 45,000
അധികമുള്ള/ആവശ്യമില്ലാത്ത ജീവനക്കാര്‍ - 5000
ഒരു ബസിനുള്ള ജീവനക്കാര്‍ - 9
യഥാര്‍ത്ഥത്തില്‍ വേണ്ടത്‌- 5
ഒരു ദിവസത്തെ വരവ്‌ - 6 കോടി
ഒരു ദിവസത്തെ ചെലവ്‌ - 11 കോടി
ഒരു മാസം ശമ്പളത്തിനുമാത്രം - 94 കോടി
ഒരു മാസം പെന്‍ഷനുമാത്രം - 60 കോടി
ജീവനക്കാര്‍ ദിവസ വരുമാനത്തില്‍നിന്ന്‌ സ്വയം ബാറ്റ എടുക്കുന്നതിനാല്‍ ഒരു ദിവസം നഷ്‌ടം - 50 ലക്ഷം

കെ.എസ്‌.ആര്‍.ടി.സിയെ ആരെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ തൊഴിലാളി വിരുദ്ധനാകും. എം.ഡി. ടോമിന്‍ തച്ചങ്കരിയും ഇപ്പോള്‍ തൊഴിലാളി വിരുദ്ധനായി ആക്ഷേപിക്കപ്പെടുന്നു. സ്‌ഥാപനം നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്ന തൊഴിലാളികളും നാട്ടുകാരുമല്ല ടോമിന്‍ തച്ചങ്കരിയെ ആക്ഷേപിക്കുന്നത്‌. ഒരു വിഭാഗം യൂണിയന്‍ നേതാക്കള്‍.

ഈ ട്രേഡ്‌ യൂണിയന്‍ ഭീകരവാദികള്‍ കെ.എസ്‌.ആര്‍.ടി.സിയെ ഹൈജാക്ക്‌ ചെയ്‌തിരിക്കുന്നു. പെന്‍ഷന്‍കാരും ജീവനക്കാരുമായി ഒരു ലക്ഷത്തോളംപേര്‍; ഇതില്‍നിന്നു പിരിക്കുന്ന വരിസംഖ്യ എത്ര ലക്ഷം. യൂണിയന്‍ തടിച്ചുകൊഴുക്കാന്‍ കാരണം ഇതുതന്നെ. ഈ വരിസംഖ്യ ഒഴുക്കിന്‌ ഇടിവുപറ്റുമോ എന്നുമാത്രമാണ്‌ യൂണിയന്‍ നേതാക്കളുടെ ഉത്‌കണ്‌ഠ.

അലസന്മാരും പണിയില്ലാത്തവരുമായ അയ്യായിരത്തോളം പേര്‍ സ്‌ഥാപനത്തിനാവശ്യമില്ലെന്ന കണക്ക്‌ ടോമിന്‍ തച്ചങ്കരി ശേഖരിച്ചതോടെ യൂണിയന്‍ നേതാക്കള്‍ ഇളകി. ആനത്തലവട്ടം ആനന്ദന്‍, ടോമിന്‍ തച്ചങ്കരിയെ വ്യക്‌തിപരമായി അധിക്ഷേപിച്ചു. ചെത്തു തൊഴിലാളി ക്ഷേമബോര്‍ഡിന്റെ എം.ഡിയായിരുന്നുവെങ്കില്‍ ടോമിന്‍ തച്ചങ്കരി തെങ്ങില്‍ ചെത്താന്‍ കയറുമായിരുന്നുവെന്നാണ്‌ ആനത്തലവട്ടം ആനന്ദന്റെ ആക്ഷേപം. ആനത്തലവട്ടത്തെ മറ്റൊരാള്‍ ഇങ്ങനെ ആക്ഷേപിച്ചിരുന്നുവെങ്കില്‍ ജാതിപറഞ്ഞുവെന്ന പരാതിയില്‍ കേസുണ്ടാകുമായിരുന്നു.

ജീവനക്കാരുടെ സൗകര്യത്തിനല്ല, യാത്രക്കാരുടെ സൗകര്യത്തിനു വണ്ടിയോടിക്കണമെന്നു പറഞ്ഞു ടോമിന്‍ തച്ചങ്കരി. അതെങ്ങനെ ശരിയാകുമെന്നായി ആനത്തലവട്ടം ഫാന്‍സ്‌ അസോസിയേഷന്‍. പണി ചെയ്യാതെ ആനന്ദിച്ചിരുന്നവര്‍ക്ക്‌ പണി കിട്ടുമെന്നായപ്പോള്‍ പിണങ്ങി. ജോലി ചെയ്‌തിട്ട്‌ ശമ്പളം വാങ്ങൂ എന്നും എം.ഡി. പറഞ്ഞു. എങ്കില്‍ കാണിച്ചുതരാമെന്നായി ആനന്ദമാര്‍ഗികള്‍. ജോലി ചെയ്യാന്‍ പറയുന്നത്‌ നവലിബറല്‍, കോര്‍പ്പറേറ്റ്‌ രീതിയാണ്‌.

പണി ചെയ്യാതിരിക്കുക എന്നതാണ്‌ വര്‍ഗബോധം; ഇപ്പോള്‍ ദിനംപ്രതിയുള്ള 5 കോടി രൂപ നഷ്‌ടം ഞങ്ങള്‍ പത്തുകോടിയായി പടിപടിയായി ഉയര്‍ത്തും. എം.ഡിയെ പുച്‌ഛിച്ച്‌ ആനന്ദമാര്‍ഗികള്‍ അര്‍മാദിക്കുന്നു. 45000 ജീവനക്കാര്‍ ഒരു മനസോടെ പ്രവര്‍ത്തിച്ച്‌ ഒരു മാസം 1500 കോടി നഷ്‌ടം വരുത്തുന്നു. എന്നിട്ട്‌ നാണമില്ലാതെ ഡി.എ. കുടിശിഖ, ആശ്രിത നിയമനം, ശമ്പളവര്‍ദ്ധന എന്നിങ്ങനെ ഭീഷണിപ്പെടുത്തി നേടുന്നു.

ഓരോ മലയാളിയെയും കടക്കെണിയിലാക്കുന്ന ക്രമിനല്‍ കുറ്റമാണ്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ ചെയ്യുന്നത്‌. കണ്ണടയ്‌ക്കൂ എന്നാണ്‌ നേതാക്കളുടെ ആവശ്യം. കണ്ണ്‌ തുറന്നുവയ്‌ക്കുന്നു എന്നതാണ്‌ ടോമിന്‍ തച്ചങ്കരിയുടെ നിര്‍ഭയത്വം.

ആനത്തലവട്ടം ആനന്ദന്‍ അഞ്ചു ബസുള്ള മുതലാളിയാണെന്നു സങ്കല്‍പ്പിക്കുക. അതില്‍ മൂന്നും സ്‌ഥിരം കട്ടപ്പുറത്തിരിക്കണമെന്നു വാശിപിടിക്കുന്നവരാണ്‌ തന്റെ തൊഴിലാളികളെങ്കില്‍ അവരെ ഉമ്മവച്ച്‌ ആനന്ദിപ്പിക്കും; ഒരു ബസ്‌ നോക്കാന്‍ 5 പേര്‍ മതിയെന്നിരിക്കെ 9 പേര്‍ നോക്കാന്‍ വന്നാല്‍ ബാക്കിയുള്ളവര്‍ക്കു നോക്കുകൂലി കൊടുക്കും. പണിയെടുക്കാന്‍ പറയുമ്പോള്‍ പാടുനോക്കൂ എന്നു തിരിച്ചുപറയുന്ന തൊഴിലാളിയെ മാറോടണച്ച്‌ മൂലധനത്തിന്റെ ഒരു ഇംഗ്ലീഷ്‌ കോപ്പി സമ്മാനിക്കും.

പഴയ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിയുടെ അഭിഭാഷകന്റെ ഭാര്യയ്‌ക്കു ജോലിക്കുപോകേണ്ട സ്‌ഥലത്തേക്കുമാത്രം തുടങ്ങിയ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ ഇന്നുമുണ്ടെന്നു ടോമിന്‍ തച്ചങ്കരി. ആ മുന്‍മന്ത്രി ഇപ്പോള്‍ കട്ടപ്പുറത്തെ പഴയ സൂപ്പര്‍ഫാസ്‌റ്റാണോ? അല്ലെങ്കില്‍ സ്വന്തം മകന്റെ വാഹനത്തെ മറികടക്കാന്‍ മത്സരിച്ചു തോറ്റുപോയ പെന്‍ഷന്‍ പറ്റിയ ഡ്രൈവര്‍?

ഇദ്ദേഹവും സ്വന്തം നിലയ്‌ക്ക്‌ ഒരു ആനന്ദമാര്‍ഗിയായിരുന്നു.

Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 03 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW