Wednesday, November 21, 2018 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 03 Aug 2018 12.29 AM

ദളിത്‌ ജനതയ്‌ക്ക്‌ ആശ്വാസമേകുന്ന നടപടി

uploads/news/2018/08/238405/1.jpg

പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം മാറ്റുന്നില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ കോടിക്കണക്കിന്‌ ദളിത്‌ ജനതയ്‌ക്ക്‌ നിയമപരമായി നല്‍കുന്ന പരിരക്ഷ വളരെ വലുതാണ്‌. നിയമത്തിലെ വ്യവസ്‌ഥകള്‍ ലഘൂകരിച്ചു കൊണ്ട്‌ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്നു വന്ന പ്രതിഷേധം തന്നെ അതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. പട്ടികജാതി-വര്‍ഗ അതിക്രമം തടയാനുള്ള നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നിയമത്തിലെ ചില വ്യവസ്‌ഥകള്‍ സുപ്രിംകോടതി ലഘൂകരിച്ചത്‌. പരാതിയുണ്ടായാല്‍ കുറ്റക്കാരെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്ന വ്യവസ്‌ഥയ്‌ക്ക്‌ പകരം, പ്രാഥമിക അന്വേഷണത്തിനുശേഷമേ അറസ്‌റ്റ്‌ പാടുള്ളുവെന്ന്‌ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇത്‌ മറികടക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ബില്ല്‌ കൊണ്ടുവരുന്നത്‌.
ഇന്ത്യയിലെ 132 കോടി ജനങ്ങളില്‍ 20 കോടിയിലേറെ ദളിത്‌ ജനതയാണ്‌. സമൂഹത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ട ഈ ജനവിഭാഗത്തെ ചൂഷണത്തില്‍ നിന്നും പീഡനത്തില്‍ നിന്നും കരകയറ്റാനായി കൊണ്ടുവന്നതായിരുന്നു നിയമം. പല ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലും ദളിത്‌ ജനത പീഡനം നേരിടുന്ന സാഹചര്യത്തിലായിരുന്നു ഈ നിയമം അവതരിപ്പിക്കപ്പെട്ടത്‌. എന്നാല്‍, സുപ്രിം കോടതിയുടെ ഉത്തരവോടെ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന അവസ്‌ഥയുണ്ടായി. കുറ്റവാളികളെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍ കാലതാമസമായിരുന്നു പ്രധാനം. ദളിത്‌ പീഡനത്തിന്റെ പേരിലുണ്ടാകുന്ന പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്‌ തെളിഞ്ഞാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നായിരുന്നു വിധിയിലെ ഒരു വ്യവസ്‌ഥ. ഇതിനെതിരേ വ്യാപകമായ എതിര്‍പ്പുണ്ടായി. വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ കിട്ടിയില്ല. ദളിത്‌ സംഘടനകള്‍ കഴിഞ്ഞ ഏപ്രില്‍ രണ്ടിന്‌ സുപ്രിം കോടതി ഉത്തരവിനെതിരേ രാജ്യവ്യാപകമായി നടത്തിയ ഹര്‍ത്താലില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്ക്‌ സംഘടനകള്‍ ഒരുങ്ങുമ്പോഴാണ്‌ സര്‍ക്കാര്‍ മാറിചിന്തിക്കുന്നത്‌.
പലവിധത്തിലുള്ള പീഡനങ്ങള്‍ നേരിടുന്ന വലിയൊരുപങ്ക്‌ ദളിത്‌ ജനതയ്‌ക്ക്‌ ആശ്വാസകരമായിരിക്കും സര്‍ക്കാര്‍ നടപടി. ദളിതരെ ആക്രമിച്ചാല്‍ ഇനി ഉടന്‍ അറസ്‌റ്റ്‌ ഉണ്ടാവും. ഇത്തരം പരാതികളില്‍ അറസ്‌റ്റ്‌ വേണമെന്ന്‌ തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‌ പുതിയ ബില്ല്‌ അധികാരം നല്‍കുന്നു. കേസുകളില്‍ പ്രാഥമികാന്വേഷണമില്ലാതെ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്യാം. അറസ്‌റ്റിനും അനുമതി തേടേണ്ടതില്ല. തീരെ നിസ്സഹായാവസ്‌ഥയിലുള്ള ദളിത്‌ ജനതയ്‌ക്കു നേരേ കൊടിയ അക്രമം അഴിച്ചുവിടാന്‍ ഒരുമടിയുമില്ലാത്ത മേല്‍ജാതിക്കാരാണ്‌ പല ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലുമുള്ളത്‌. കേരളത്തിലേതു പോലെ സുശക്‌തമായ നിയമസംവിധാനം ഇവിടങ്ങളില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവരെ സഹായിക്കാനില്ലാത്തതിനാല്‍ എന്തുമാകാമെന്ന ചിന്തയില്‍ ആക്രമണം അഴിച്ചുവിടുന്നതാണ്‌ കണ്ടുവരുന്നത്‌. ഇതിനു തടയിടാന്‍ ഈ നീക്കത്തിലൂടെ സാധിക്കും. സുപ്രിംകോടതി ചൂണ്ടിക്കാട്ടിയതുപോലെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്താനും നടപടിയുണ്ടാവണം.

Ads by Google
Friday 03 Aug 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW