Sunday, April 21, 2019 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 02 Aug 2018 03.49 PM

കുട്ടികളിലെ അപസ്മാരം മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്

''ആറ് വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വീണ്ടും അപസ്മാര ലക്ഷണം കണ്ടു തുടങ്ങിയാല്‍ അതിനെ രോഗമായി കണ്ട് വിദഗ്ധ ചികിത്സ ആവശ്യമായി വരും''
uploads/news/2018/08/238293/Apasmaramkids020818.jpg

ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് കുട്ടികളിലെ അപസ്മാരം. അതുപോലെ ഏറെ തെറ്റിദ്ധാരണയും അപസ്മാര രോഗത്തെക്കുറിച്ച് സാധാരണക്കാര്‍ക്കിടയിലുണ്ട്. കുഞ്ഞ് ഒന്നുറക്കെ കരഞ്ഞാല്‍, കുറുമ്പുകാട്ടി നിലത്തുകിടന്ന് ഉരുണ്ടാല്‍ മാതാപിതാക്കള്‍ അപസ്മാരമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടിയുമായി ആശുപത്രിയിലേക്ക് ഓടും.

കുട്ടികളില്‍ അപൂര്‍വമായി കാണുന്ന ഒരു രോഗമാണ് അപസ്മാരം. കുട്ടിക്കാലത്തു മാത്രം കാണുന്ന ചിലയിനം അപസ്മാരങ്ങളുണ്ടെങ്കിലും ഇതു കുട്ടി ഒരു പ്രായത്തിലെത്തുന്നതോടെ മാറും. അതേസമയം ചില തരം അപസ്മാരങ്ങള്‍ കുട്ടിക്കാലത്ത് ഉണ്ടാവുകയും പ്രായമെത്തിയതിനുശേഷവും തുടരുകയും ചെയ്യും.

സാധാരണ കുട്ടിക്ക് ആറ് മാസത്തിനും ആറ് വയസിനുമിടയില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ അപസ്മാരമാണെന്ന് കരുതാനാവില്ല. ആറ് വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വീണ്ടും അപസ്മാര ലക്ഷണം കണ്ടു തുടങ്ങിയാല്‍ അതിനെ രോഗമായി കണ്ട് വിദഗ്ധ ചികിത്സ ആവശ്യമായി വരും.

എന്താണ് അപസ്മാരം.


തലച്ചോറിലുണ്ടാകുന്ന പ്രത്യേകതരം വൈദ്യുത സ്പന്ദനങ്ങളാണ് അപസ്മാര രോഗത്തിന് കാരണം. ശരീരത്തില്‍ അസ്വഭാവികമായുണ്ടാകുന്ന ഈ വൈദ്യുത സ്പന്ദനത്തിന് സന്നി അഥവാ 'സീഷര്‍' എന്നുപറയുന്നു. ഒന്നിലേറെ തവണ സന്നിയുണ്ടാകുന്നതാണ് അപസ്മാരം എന്നറിയപ്പെടുന്നത്.

തലച്ചോറില്‍ സന്നിയുണ്ടാകുമ്പോള്‍ അത് ശരീരത്തെ ബാധിക്കും. ഇതിന്റെ ഫലമായി അവയവങ്ങള്‍ കോച്ചിപ്പിടിക്കുകയും വിറയ്ക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. തലച്ചോറിലുണ്ടാകുന്ന വൈദ്യുത സ്പന്ദനങ്ങളുടെ തീവ്രതയനുസരിച്ച് ശാരീരിക ചേഷ്ടകള്‍ക്കും വ്യത്യാസമുണ്ടായിരിക്കും.

യഥാര്‍ഥ അപസ്മാര ലക്ഷണം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ചില രോഗികളില്‍ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടേക്കാം. അകാരണമായ ഭയം, അസ്വസ്തത, പേടിപ്പെടുത്തുന്ന ശബ്ദംകേള്‍ക്കുക, രൂപങ്ങള്‍ മനസിലേക്ക് കടന്നുവരിക തുടങ്ങിയവയാണ് അപസ്മാരത്തിന്റെ ആദ്യലക്ഷണങ്ങള്‍ അതുകൊണ്ടു തന്നെ അപസ്മാരം ഉള്ള ഒരു ആള്‍ക്ക്, തനിക്ക് എപ്പോള്‍ അപസ്മാരം ഉണ്ടാകുമെന്ന് മുന്‍കൂട്ടിപ്പറയാനാകും. കൈകാലുകളുടെ ആവര്‍ത്തിച്ചുള്ള സങ്കോചവും തളര്‍ച്ചയുമാണ് അപസ്മാരത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം.

ശേഷം ബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. വായില്‍ നിന്നും നുരയും പതയും വരിക, അറിയാതെ മലമൂത്ര വിസര്‍ജനം ചെയ്യുക, എന്നിവയും അപസ്മാരത്തിന്റെ ലക്ഷണങ്ങളാണ്. ബോധക്ഷയം ഏതാനും നിമിഷങ്ങള്‍ നീണ്ടു നില്‍ക്കും. ബോധം തിരികെ വന്നാല്‍ തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് രോഗികള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

പനിയും അപസ്മാരവും


പനിയോട് ചേര്‍ന്നാണ് കുട്ടികളില്‍ സാധാരണ അപസ്മാര ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. കടുത്ത പനിവരുമ്പോള്‍ ശരീരം വിറയ്ക്കുകയും കണ്ണുകള്‍ മുകളിലേക്ക് മറിഞ്ഞുപോവുകയും ചെയ്യുന്നത് കുട്ടികളില്‍ കണ്ടുവരുന്നു. അതോടൊപ്പം അവരുടെ ശരീരം വാടിതളരുകയും ചെയ്യുന്നു. മിക്കപ്പോഴും ഇത് അപസ്മാരമാകണമെന്നില്ല. കുട്ടികള്‍ക്ക് പനിവരുമ്പോള്‍ മാത്രം വരുന്ന ചിലയിനം സന്നികളുണ്ട്. ഇവ അത്ര ഗുരുതരമല്ലെങ്കിലും ചികിത്സ വേണ്ടിവരും.

കാരണം പനിയോടൊപ്പം യഥാര്‍ഥ സന്നി ഉണ്ടായെന്നും വരും. എന്നാല്‍ ഒറ്റത്തവണ സന്നിയുണ്ടായാല്‍ അത് അപസ്മാരാകണമെന്നില്ല. അതേസമയം ഓരോ തവണ പനി വരുമ്പോഴും സന്നി ഉണ്ടായാല്‍ അപസ്മാരത്തിന് സാധ്യതയുണ്ട്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുക, ചില വിറ്റാമിനുകളുടെ കുറവ് അനുഭവപ്പെടുക, ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ തകരാറുണ്ടാവുക, ചിലതരം മരുന്നുകള്‍ കഴിക്കുക തുടങ്ങി പല കാരണങ്ങളും സന്നിക്ക് വഴിതെളിക്കാം.

ആദ്യലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ പരിശോധനകള്‍ നടത്തണം. ഇ.ഇ.ജി പോലുള്ള പരിശോധനകള്‍ നടത്തുന്നത് നന്നായിരിക്കും. സന്നിയുടെ കാരണവും സ്വഭാവവും അറിയാനാണ് പരിശോധനകള്‍. തലയ്ക്ക് ഏതെങ്കിലും തരത്തില്‍ ക്ഷതമേല്‍ക്കുക, തലയടിച്ചു വീഴുക, മെനിഞ്ചൈറ്റിസ്, എന്‍സഫലൈറ്റിസ്, തുടങ്ങിയ രോഗങ്ങള്‍കൊണ്ടും സന്നിയുണ്ടാകാന്‍ സാധ്യതയുണ്ട്.

അഭാവസന്നി


കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് അഭാവസന്നി. ഇതിനെ 'ആപ്‌സന്‍സ് സീഷര്‍' എന്നു പറയുന്നു. എന്നാല്‍ ഇതൊരു ഗുരുതരമായ പ്രശ്‌നമായി കണക്കാക്കേണ്ടതില്ല. കുട്ടികള്‍ ക്ലാസിലിരിക്കുമ്പോള്‍, ഊണുകഴിക്കുമ്പോള്‍, ടി.വി കാണുമ്പോള്‍ ഒക്കെ അല്‍പസമയത്തേക്ക് അന്തംവിട്ട് മിഴിച്ചിരുന്നുപോകുന്ന അവസ്ഥയാണ് അഭാവസന്നി എന്നു പറയുന്നുത്. കുട്ടികളുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

കുട്ടികളുടെ ബുദ്ധിശക്തി, ഓര്‍മശക്തി, സാമൂഹിക ബന്ധങ്ങള്‍, ആശയവിനിമയ പാടവം തുടങ്ങിയവയിലൊക്കെ ഇതു ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇത് അപസ്മാരമാണെന്ന് തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാം. കുട്ടികളുടെ അപസ്മാരത്തില്‍ പത്തു ശതമാനം പേരും ഇത്തരം പ്രശ്‌നങ്ങളില്‍ കഴിയുന്നവരാണ്.

മരുന്ന് മുടങ്ങരുത്


അപസ്മാരം തടയാന്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് യതൊരു മുടക്കവും കൂടാതെ കഴിക്കണം. മൂന്നു വര്‍ഷം വരെ മരുന്ന് കഴിക്കേണ്ടിവരും. മരുന്ന് മുടങ്ങിയാല്‍ വീണ്ടും ആദ്യം മുതല്‍ മരുന്ന് കഴിക്കേണ്ടിവരും.

അതിനെല്ലാമുപരി കൃത്യമായ രോഗനിര്‍ണയമാണ് ഇതില്‍ പ്രധാനം. രണ്ടുതവണയില്‍ അധികം സന്നിയുണ്ടായാല്‍ ഉടന്‍തന്നെ ചികിത്സ തേടുക. മരുന്നു കഴിക്കാന്‍ തുടങ്ങിയാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അല്ലാതെ മരുന്നോ മരുന്നിന്റെ കമ്പനിയോ മാറ്റരുത്.

ഒരേ മരുന്ന് തന്നെയാണെങ്കിലും കമ്പനിവ്യത്യാസപ്പെടുന്നതിനനുസരിച്ച് അതില്‍ അടങ്ങിയിരിക്കുന്ന രാസ ഔഷധങ്ങള്‍ക്ക് വ്യത്യാസം ഉണ്ടാകും. അപസ്മാരത്തിന്റെ ദൃക്‌സാക്ഷിയാണ് ചികിത്സയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. ദൃക്‌സാക്ഷിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സപോലും നിശ്ചയിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. അപസ്മാരരോഗമുള്ള കുട്ടിയോട് സ്‌കൂളിലായാലും വീട്ടിലായാലും ഒരു അസുഖക്കാരന്‍ എന്ന പ്രത്യേകതയോടെ പെരുമാറരുത്.
2. അപസ്മാരചികിത്സ പാതിവഴിയില്‍ നിര്‍ത്തിക്കളയരുത്.
3. അപസ്മാരരോഗി ഉറക്കമിളയ്ക്കരുത്
4. കുട്ടികളുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കുക. ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കണം.
5. അപസ്മാരമുള്ള കുഞ്ഞിന്റെ ചേഷ്ടകള്‍ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കണം. അവ വിശദമായി തന്നെ എഴുതി സൂക്ഷിക്കണം. ഡോക്ടര്‍ക്ക് ഈ വിവരങ്ങള്‍ നല്‍കുന്നത് രോഗ നിര്‍ണയത്തിന് ഏറ്റവും സഹായകരമാണ്.
6. അപസ്മാരമുള്ള കുട്ടികളെ വെള്ളം, തീ, യന്ത്രങ്ങള്‍ എന്നിവയുടെ സമീപത്തുനിന്നും മാറ്റി നിര്‍ത്തണം.
7. അപസ്മാരമുള്ള കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്ക് ഇരുത്താനോ ഒറ്റയ്ക്ക് ദീര്‍ഘ യാത്രചെയ്യാനോ അനുവദിക്കരുത്.
8. ആദ്യം സന്നി ഉണ്ടാകുമ്പോള്‍ തന്നെ വിശദമായി പരിശോധിക്കുക
പനിയോടൊപ്പം സന്നിയുണ്ടാകുന്നു എങ്കില്‍ വിശദമായ പരിശോധന ആവശ്യമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട:്
ഡോ. സുരേഷ് എസ് വടക്കേടം
സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക്‌സ്
ഐ.സി.എച്ച് മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Thursday 02 Aug 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW